ആദ്യസീൻ, അവസാനത്തെയും.
മദിരാശിയിലെ ഒരു ഹോട്ടൽ
നിലാശുക്ലം വീണ് നരച്ച മുറി.
‘സ്‌റ്റാർട്ട്’, ‘ആക്‌ഷൻ’
സീലിംഗ് ഫാനിൽ കെട്ടിയ
സിൽക്ക് സാരിയിലൂടെ
ക്യാമറ പതുക്കെപതുക്കെ
താഴേക്ക് ഫോക്കസ് ചെയ്യുന്നു…..
‘അല്പം ചെരിഞ്ഞ കഴുത്ത്
മദാലസമായി പിടയുന്ന കണ്ണുകൾ,
നാവ് പുറത്ത് നീട്ടി
രതിലോലമായ് കടിച്ച്,
ചുവന്ന മുന്തിരിച്ചുണ്ടിൽ
മന്ദ’സ്മിത‘ത്തിന്നാലസ്യം….
നിറഞ്ഞ യൗവ്വനാഹങ്കാരം
പുളഞ്ഞൊഴുകുന്ന മാറിൽ
ഉലഞ്ഞ വസ്‌ത്രം’
നീ ഇളകിയാടുമ്പോൾ
പരിരംഭണത്തിന്റെ
പരമാനന്ദരസം!…
നിന്റെ ലാസ്‌റ്റ് സീൻ
മദഭരിതം!….
ഇറക്കമില്ലാത്ത കാമത്തിന്റെ
വേലിയേറ്റം വിജൃംഭിക്കുന്നു
നിന്റെയിളകിയാട്ടം
ആയിരത്തൊന്ന് (സ്‌ഖലിത)രാവുകൾക്ക്
(ഫിലിം റീലുകൾ
ഓർമ്മയിലേക്ക് കറങ്ങുന്നു….)
എഃ-
“പാപം ചെയ്യാത്തവർ
കല്ലെറിയട്ടെ”യെന്ന്
നീയുറക്കെ പറഞ്ഞപ്പോൾ
കല്ലുകൾ നിന്നെ ചോരയിൽ
‘ജ്ഞാനസ്നാനം’ ചെയ്യിച്ചു.
നിന്നെയെറിഞ്ഞവർ
രഹസ്യമായി
പാപത്തിന്റെ അപ്പക്കഷണങ്ങൾ തിന്ന്
വയർ നിറച്ചു.
നീയോ
‘അരവയർ’ നിറക്കാൻ
നാട്യത്തിന്റെ അഭ്രപാളികൾക്ക്
ജന്മം തീറെഴുതിയവൾ!…
റീലുകളുടെ
സിരകളിലഗ്നി പടർത്തി
നിമിഷങ്ങളെ
ഉഷ്ണഭൂമധ്യരേഖയിലൂടെ
അതിശൈത്യധ്രുവങ്ങളിലേക്ക്
കൂട്ടിക്കൊണ്ടു പോയവൾ…
കേളീ‘ലയന’രാവുകളിൽ
നഗ്നചന്ദ്രോത്സവങ്ങളാടിത്തിമിർത്തവൾ!…
ബിഃ-
വീണ്ടും നരച്ച മുറിയിലേക്ക്….
ആ ഉടൽ ഇപ്പോൾ
ഉരുകിത്തീർന്ന ഒരു മെഴുകുതിരിപോലെയുണ്ട്…!!
ഇളകിയാടുന്നവളിൽ നിന്ന്
ക്യാമറ
ഒറ്റിൽ ക്രൂശിതനായവന്റെ
ചുവർച്ചിത്രത്തിലേക്ക്
കണ്ണ് മാറ്റുന്നു…
മുൾക്കിരീടം ചാർത്തി
ചോരയൊലിക്കുന്ന നിശ്ശബ്‌ദതയിൽ
ഇരുളിലെവിടെ നിന്നോ
മൂന്നുവട്ടം പളളിമണി
പിടഞ്ഞിടറുന്നു…!
Generated from archived content: poem_silksmitha.html Author: santhosh_koramangalam