മനുഷ്യൻഃ
മനസ്സിന്റെ മണ്ണിലെ
ഭ്രംശപാളികളുടെ സ്ഥാനചലനത്താൽ
നീളെ വിളളലുകൾ വീണ്
തീരെ ദുർബലമായ
ഒരു ബഹുനിലകെട്ടിടം
ജീവിതംഃ
നിയോഗങ്ങളുടെ ആദികാവ്യം
കാലമിനിയും എഴുതിത്തീരാത്ത
ദുരിത രാമായണം
ഭ്രാന്ത്‌ഃ
മൗനത്തിന്റെ കുന്നിൽനിന്ന്
ചിന്തകളുടെ കല്ലുരുട്ടിയിടുന്ന
ഒറ്റയാന്റെ അട്ടഹാസം.
സ്‌നേഹംഃ
ആത്മദാഹം തീർത്ത്
ജീവചൈതന്യമേകുമ്പോൾ
സ്വാർത്ഥതയുടെ ചതുപ്പിടുക്കിലേക്ക്
പെട്ടെന്ന് താഴ്‌ന്നുപോയ
മണിക്കിണർ.
സ്വപ്നംഃ
ഭവസാഗരത്തിൽ പെട്ടുഴലുന്നവന്റെ
അവസാനത്തെ വൈക്കോൽത്തുരുമ്പ്
നേരിന്റെ തീയ്യിൽ
പൂംചിറക് കരിഞ്ഞുപിടയും
ഒരു ‘പൂമ്പാറ്റ’.
ചിതയും കല്ലറയുംഃ
മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കാതിരിക്കാൻ
ഓർമ്മയുടെ ഒരു നാമ്പുപോലും
തളിർക്കാതിരിക്കാൻ വേണ്ടി
ജീവിച്ചിരിക്കുന്നവർ മെനഞ്ഞ
ചാണക്യതന്ത്രം!
യുഗങ്ങളുടെ അച്ചുതണ്ടിൽ
‘സ്വയം ഭ്രമണം’ ചെയ്യുന്ന
അഭയസത്രത്തിലെ
രക്തം പടർന്ന
ഈ വ്രണിതസന്ധ്യയിൽ
ആസുരതാളത്തിൽ
മുറുകുന്ന കലിത്തോറ്റം!
ആർത്തലച്ചലറിയടുക്കുന്ന
കുരുതിക്കാറ്റിൽ
പ്രളയ സംക്രമണം!…..
Generated from archived content: poem_june5.html Author: santhosh_koramangalam