‘രണ്ടാത്മാക്കൾ’

വാതിലുകൾ പൊളിഞ്ഞിരുന്നു. വീട്ടുപാത്രങ്ങളും ചൂരൽകസേരകളും മുറ്റത്ത്‌ തലകീഴായി കിടന്നു.

അകത്തു കയറുവാൻ മോഹനചന്ദ്രന്‌ ഭയമുണ്ടായിരുന്നു. നളിനിയുടെ മുഖത്ത്‌ നോക്കുവാൻ വല്ലാത്തൊരു വിഷമം. അവൾക്ക്‌ എന്തുതോന്നും.? അവളോട്‌ എന്തുപറയും?

നളിനി അകത്ത്‌ ഏതോ മൂലയിലിരുന്ന്‌ കരയുന്നുണ്ടായിരുന്നു. അവളുടെ കുപ്പിവളകൾ തറയിൽ വീണ്‌ ഉടഞ്ഞിരുന്നു. കുതറിയോടാൻ ശ്രമിച്ചപ്പോൾ നെറ്റി ചുമരിൽ ഇടിച്ച്‌ മുറിഞ്ഞു. പിന്നെ ബോധം നഷ്‌ടപ്പെട്ടതും….സാരിവലിച്ചഴിച്ചതും…ചുണ്ടുകൾ കടിച്ചുപൊട്ടിച്ചതും…ഒന്നും അവൾ അറിഞ്ഞിരുന്നില്ല.

അപ്പോൾ പട്ടണത്തിലെ സകല തെരുവിലും തീ പടർന്നിരുന്നു. വീടുകളും കടകമ്പോളങ്ങളും കത്തി അമരുന്നുണ്ടായിരുന്നു.

നളിനി നിലവിളിച്ചു കരഞ്ഞു. അയൽവക്കത്തെ വീടുകളിൽനിന്ന്‌ ആരും പുറത്തിറങ്ങിയില്ല. എല്ലാവരും അക്രമികളെ കണ്ട്‌ ഭയന്നിരുന്നു.

നളിനിക്ക്‌ ആലസ്യമുണ്ടായിരുന്നു. വിശപ്പും ദാഹവും സഹിച്ച്‌ ഒരു പകൽ മുഴുവൻ വെറും തറയിൽ അവൾ കിടന്നു. തൊട്ടിലിൽ ഉറക്കികിടത്തിയ മകൾ കുറെനേരം കരഞ്ഞു. ഒന്നെഴുന്നേറ്റ്‌ അതിനെയെടുക്കുവാനോ പതുക്കെ താരാട്ടുപാടി ഉറക്കുവാനോ ഒന്നിനും കഴിഞ്ഞില്ല.

നെറ്റി ചുമരിൽ ഇടിച്ചപ്പോൾ ആഴത്തിൽ മുറിവുണ്ടായി. ചോര കുറെ വാർന്നു. അക്രമികൾ മുറിക്കുളളിലെ സകലതും തകർക്കുന്ന ശബ്ദം കേട്ടപ്പോൾ നളിനി തടയാൻ ശ്രമിച്ചു. അപ്പോൾ തഴമ്പിച്ച കുറെ കൈപത്തികൾ സാരിത്തുമ്പിലേക്ക്‌ ഇഴഞ്ഞു.

പല്ലും നഖവും നീട്ടി അവൾ ആവുന്നതും പ്രതിഷേധിച്ചു. അവരുടെ ശക്തിക്ക്‌ മുന്നിൽ നളിനിക്ക്‌ ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല.

മോഹനചന്ദ്രനെ കണ്ടപ്പോൾ അവൾ മുഖം മറച്ചു. വല്ലാത്തൊരു നീറ്റലായിരുന്നു അവൾക്ക്‌. ആത്മാവിലെ മുറിവുകൾ പഴുത്തൊലിക്കുന്നതുപോലെ..ഇനി എങ്ങിനെ ആളുകളുടെ മുന്നിലിറങ്ങും. സ്വസ്ഥമായി ഇനി ഒരു ജീവിതമുണ്ടോ?

ഒന്നും പറയുവാൻ കഴിയാതെ അയാൾ പരുങ്ങിനിന്നു. മനസ്സുനിറയെ നളിനിയെ രക്ഷിക്കുവാൻ കഴിയാത്തതിലുളള കുറ്റബോധമായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോൾ അയാൾ നളിനിയുടെ ചോരവാർന്നൊഴുകിയ നെറ്റിയിൽ തടവി. അപ്പോൾ നളിനി കരയുന്നുണ്ടായിരുന്നു.

അവൾ തണുത്തു മരവിച്ചിരുന്നു. കട്ടപിടിച്ച ചോരത്തുളളികൾക്ക്‌ ഈച്ചകൾ മൽസരിക്കുന്നു. മുറിയിലെങ്ങും വല്ലാത്തൊരു നാറ്റം….

അയാൾ പകച്ചുനിന്നു. എന്നിട്ട്‌ ശൂന്യത നിറഞ്ഞ തെരുവിലേക്കുനോക്കി. തെരുവിൽ കത്തി അമർന്ന കടകളുടെ ചാരകൂമ്പാരങ്ങളായിരുന്നു. അവ വേവാത്ത മനുഷ്യമാംസം പോലെ പുകഞ്ഞുകൊണ്ടിരുന്നു.

നളിനിയെ കിടത്തുവാൻ മുറിക്കുളളിൽ ഒന്നുമുണ്ടായിരുന്നില്ല. കിടക്കവിരികൾ കീറിപറഞ്ഞിരുന്നു. കട്ടിലിൽ അവളെ വാരിയെടുത്തപ്പോൾ അയാൾക്ക്‌ ഒരു കാര്യം ബോധ്യമായി. നളിനിക്ക്‌ എഴുന്നേറ്റു നിൽക്കുവാൻ കഴിയാതെ വന്നിരിക്കുന്നു.

അയാൾ വേദനയോടെ നളിനിയോട്‌ എന്തോ ചോദിച്ചു. അവൾക്കതിന്‌ ഉത്തരമുണ്ടായിരുന്നില്ല. കട്ടിലിൽ മുഖമമർത്തി അവൾ തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.

വീട്ടുമുറ്റത്ത്‌ ആളനക്കം കേട്ടു. ജനലഴിയിൽ പിടിച്ച്‌ മുറിയിൽ വലിഞ്ഞുനോക്കുന്ന പരിചയമില്ലാത്ത ചിലമുഖങ്ങളെ മോഹനചന്ദ്രൻ കാണുന്നുണ്ടായിരുന്നു.

നളിനി തേങ്ങലടക്കി ചുമരോട്‌ ചേർന്ന്‌ കിടന്നു. അവൾ വല്ലാതെ ഭയന്നിരുന്നു.

മുറിക്കുളളിൽ തകർന്ന രണ്ടാത്മാക്കളെ കണ്ണുനിറയെ കണ്ടിരിക്കുവാൻ ആളുകൾ ബഹളംകൂട്ടി. പീഢിപ്പിക്കപ്പെട്ട സ്‌ത്രീയുടെ വ്യത്യസ്ഥ പോസുകൾ ക്യാമറകളിൽ പകർത്തി.

ഇനി പുറംലോകത്തിന്‌ നളിനിയും മോഹനചന്ദ്രനുമില്ല. പീഢിപ്പിക്കപ്പെട്ട സ്‌ത്രീയും, പീഢിപ്പിക്കപ്പെട്ട സ്‌ത്രീയുടെ…..

Generated from archived content: randathmakkal.html Author: santhosh_kavinmula

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English