പതിനഞ്ചാം വയസില്‍ ഡ്രൈവിംഗ് തുടങ്ങിയയാളാണ്‍ ഞാന്‍ അതുകൊണ്ടാവാം ഡ്രൈവിംഗില്‍ ഞാനൊരു എക്സ്പെര്‍ട്ടാണെന്ന് തരക്കേടില്ലാത്ത അഹങ്കാരവുമുണ്ടായിരുന്നു. ടയര്‍ മാറുമ്പോഴും ബ്രേക്ക് ചവിട്ടുമ്പോഴും ഗിയര്‍ മാറുമ്പോഴും എന്നു വേണ്ട ,വാഹനം കഴുകുമ്പോള്‍ വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എന്റെ ഡ്രൈവര്‍ക്ക് ഈ പാണ്ഡ്യത്യം ഞാന്‍ എപ്പോഴും പകര്‍ന്നുകൊണ്ടിരുന്നു. ഇക്കാര്യത്തിലുള്ള എന്റെ അറിവുകള്‍ ഏറെക്കുറെ പൂര്‍ണ്ണമാണെന്നുതന്നെ സ്വയം വിശ്വസിച്ചു.
ബൈജു എന്‍ നായരുടെ ‘കാര്‍ പരിചരണം’ എന്ന് പുസ്തകം കൈയില്‍ കിട്ടുമ്പോള്‍, ഈ വിഷയത്തില്‍ ഇനി കൂടുലെന്തറിയാന്‍ എന്ന് ചിന്തയായിരുന്നു. പക്ഷെ, ആദ്യ അധ്യായം വായിച്ചപ്പോള്‍ തന്നെ മുന്‍ ധാരണകളൊക്കെ ഒന്നൊന്നായി മാറാന്‍ തുടങ്ങി. വാഹനകാര്യത്തില്‍ നിസ്സാരമെന്ന് ഞാന്‍ കരുതിയ പലതിനെക്കുറിച്ചും ഇനിയും മനസിലാക്കാനുണ്ട് പറഞ്ഞു തന്നത് ഈ പുസ്തകമാണ്‍.
ഓട്ടോ മൊബൈല്‍ ജേര്‍ണലിസ്റ്റുകള്‍ അല്പം ഉയര്‍ന്ന ജനുസ്സിലുള്ള പത്രക്കാരാണെന്നാണ്‍ സാധാരണക്കാര്‍ക്ക് തോന്നുന്നുക സാങ്കേതികപദങ്ങള്‍ ധാരാളമുപയോഗിച്ച് സംസാരിക്കുകയും എഴുതുകയുമുള്ളു. ടോര്‍ക്ക്, ആര്‍.എം. പി എം സ്പോയ്ലര്‍, എ.ബീ എസ്. എന്നൊക്കെ പറഞ്ഞ് അവര്‍ ശ്രോതാവിനേയും വായനക്കാരനേയും ഭയപ്പെടുത്തും .പക്ഷെ ബൈജു എന്‍ നായരുടെ ശൈലി തികച്ചും വ്യത്യസ്തമാണ്‍. ഓട്ടോമൊബൈല്‍ വിഷയത്തില്‍ ഒരറിവുമില്ലാത്ത വീട്ടമ്മക്കു പോലും ആസ്വദിച്ച് വായിച്ചു മനസിലാക്കാവുന്ന സരസഭാഷയിലാണ്‍ ഈ പുസ്തകം
ടയറില്‍ കാണുന്ന എഴുത്തുകല്‍ ആ ടയറിന്റെ തലയിലെഴുത്തും ജാതകവുമാണെന്നും എയര്‍പ്രഷര്‍ പരിശോധിക്കുന്നതൊഴിച്ചാല്‍ ടയര്‍ എന്നും രണ്ടാം കെട്ടിലെ കുട്ടി തന്നെ എന്നുമൊക്കെ ബൈജു എഴുതുമ്പോള്‍ പ്രാധാന്യമേറിയ ഒരു വിഷയം സരസമായി വായനക്കാരന്റെ മനസ്സില്‍ പതിയുന്നു. ഇത്തരമൊരു പുസ്തകമെഴുതുന്നയാള്‍ നേരിടുന്ന വെല്ലുവിളികളെ ഭാഷയുടെ ലാളിത്യത്തിലൂടെ മറികടക്കുകയാന്‍ ഈ എഴുത്തുകാരന്‍. നര്‍മ്മ ബൈജു എന്‍ നായരുടെ എഴുത്തിന്റെ മുഖമുദ്രയാണ്‍ . സ്വന്തമ്മരനത്തെ മുഖാമുഖം കണ്ടുകിടന്ന നാളുകളെക്കുറിച്ച് എഴുതിന്നിടത്തുപോലും ഹൃദ്യമായ നര്‍മ്മബോധം സൂക്ഷിക്കുന്നയാളാണ്‍ ബൈജു. സാങ്കേതികകാര്യങ്ങള്‍ വിവരിക്കുന്ന പുസ്തകമായാലും രചനാശൈലിയുടെ ആകര്‍ഷകത്വം അതിനെ മികച്ചൊരു വായനാനുഭവമാക്കിതീര്‍ക്കും. ‘കാര്‍ പരിചരണം’ അക്കാര്യത്തില്‍ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു.
ചെളിയില്‍ പുതഞ്ഞ കാര്‍ എങ്ങനെ പുറത്തെടുക്കാം എന്നതുപോലെ നിത്യജീവിതത്തില്‍ വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങല്‍ക്കും ശാസ്തീയമായ പരിഹാര മാര്‍ഗങ്ങള്‍ ഈ പുസ്തകം നിര്‍ദ്ദേശിക്കുന്നു. ഒരു കാര്യം വ്യക്തം .അടുത്ത കാലത്ത് പുറത്തിറങ്ങിയതില്‍ സാധാരണക്കാരന്‍ ഏറ്റവും ഉപകാരപ്രദമായ ഒരു പുസ്തകമാണ്‍ ‘കാര്‍ പരിചരണം’
ഇനി ഒരു സ്വകാര്യം .ഈ പുസ്തകം പുറത്തിറങ്ങുമ്പോള്‍ ഇതിന്റെ കോപ്പി എന്റെ ഡ്രൈവറുടെ പക്കല്‍ എത്താതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. കാരണം ,ഇതുവരെ ഞാന്‍ കൊടുത്ത് ഉപദേശങ്ങളൊക്കെ അപൂര്‍ണ്ണമായിരുന്നെന്ന് അയാല്‍ തിരിച്ചറിയരുതല്ലോ മാത്രമല്ല,ഈ പുസ്തകത്തില്‍ നിന്നുള്ള പുതിയ അറിവിന്റെ വെളിച്ചത്തില്‍ ആധികാരികമായി അയാളെ ഉപദേശിക്കുന്നത് നിര്‍ബാധം തുടരുകയും ചെയ്യാം.
കാര്‍ പരിചരണം – ബൈജു എന്‍ നായര്‍ പ്രസാധനം – മാതൃഭൂമി ബുക്സ് വില – 50/-, പേജ് – 78
Generated from archived content: vayanayute41.html Author: santhosh_jorgekulangara