തേയ്‌മാനം വന്ന് ഉപയോഗശൂന്യമായി എന്ന് തോന്നുന്ന നേരത്താവും നമ്മൾ ഏതൊരു വസ്‌തവിന്റെയും സാധ്യതകളെക്കുറിച്ച് ആരായുക. ഒരുപാട് നേരത്തെ ബൗദ്ധിക ഊർജ്ജം ഇതിനൊക്കെ ചെലവഴിക്കാൻ നിൽക്കാതെ വല്ല ഒഴിഞ്ഞ മൂലയിലോ ചപ്പുകൂനകളിലോ എടുത്തെറിയുകയോ മറ്റും ആയിരിക്കും ചിലർ ചെയ്യുക.
എന്നാൽ അലോക് സെബാസ്‌റ്റ്യൻ കാതറീനയുമായി അങ്ങനെ ഒഴിവാക്കാൻ പറ്റുന്ന ഉപാധിരഹിത കരാറിലായിരുന്നില്ല സന്ധി ചെയ്‌തിരുന്നത്. അഥവാ അങ്ങനെയൊന്നിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും ഈ പ്രതിസന്ധിയിൽ അവളെ ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്ന് അയാൾക്ക് തോന്നി.
കുറെ കാലത്തെ അന്വേഷണങ്ങൾക്ക് ശേഷമോ ആലോചനകൾക്ക് ശേഷമോ ആയിരുന്നില്ല അവർ ഒന്നു ചേർന്നത്. തകർന്നുവീഴുന്ന കൂറ്റൻ ഇരുനിലകെട്ടിടത്തിന്റെ താഴത്തെ നിലയിൽനിന്ന് ഓടിപ്പോരുമ്പോൾ കൈയ്യിൽ തടഞ്ഞ കൈ ഭീതിയോടെ തട്ടിമാറ്റാൻ ഒരുങ്ങുമ്പോൾ കാതറീനയ്‌ക്ക് തന്നെ മൂടുന്ന കുളിരലയുടെ സുഗന്ധമേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പതിനേഴാം നിലയിൽനിന്നും വൺ സീറോ ഗ്രൂപ്പിന്റെ ഔദ്യോഗിക ചർച്ച കഴിഞ്ഞ് ഇറങ്ങി വരുമ്പോഴാണ് അത് സംഭവിച്ചതെന്ന് ആവർത്തിച്ചു കണ്ട കമ്പ്യൂട്ടർ ചിത്രം അയാളെ ഓർമ്മപ്പെടുത്തി.
“ഇതിയാൻ എന്നതാ ഇടിവെട്ടേറ്റ പോലെ. ഒന്ന് പോയി കടയടച്ചേച്ച് ഓടി വാ. നമ്മക്കൊന്ന് കുരിശ്‌പളളിപോയി കൊറച്ച് മെഴുകുതിരി കത്തിക്കാം. അല്ലേൽ ഒന്ന് ഓർത്തേ മനുഷ്യാ എന്തൊര് പരീക്ഷണമാണെന്ന്. ന്റെ പൊന്നും കുരിശ് മുത്തപ്പാ. ഒക്കെയും ഇടിഞ്ഞുവീണപ്പോ മുടന്തൻ കുഞ്ഞാടിനെയെന്നപോലെ ആ ഇടിനാശത്തീന്നും എന്റെ കുഞ്ഞിനെ താങ്ങിയെടുത്തത്.”
ഏലിയാമ്മയുടെ പ്രാർത്ഥനയും കണ്ണീരും കലർന്ന പരിഭവങ്ങൾ കേട്ടിരിക്കെ കുഞ്ഞുവറീതിനും ടിവിയിൽ കണ്ടത് ഓർമ്മ വന്നു. ഗ്ലാസ് നിറഞ്ഞ വെളളം ഒരിറക്ക് കുടിച്ച് അയാൾ വാതിൽപ്പടിയിലിരുന്ന് കൈകാലുകളും ശരീരവും തുടച്ചു വെടിപ്പാക്കുകയായിരുന്ന നടാഷയെ നോക്കി. എത്ര മിനുക്കിയിട്ടും പോരെന്ന് തോന്നിയിട്ടാവണം നടാഷ വീണ്ടും വീണ്ടും മുഖവും ഉടലും തുടച്ച് നക്കിക്കൊണ്ടിരുന്നു.
‘ദാണ്ടെ മനുഷ്യാ. പോക്കണക്കേട് കാണിക്കാതെ വേഗം…ഇങ്ങനെ…’
ഒന്ന് മൂളി കാൽവിരലമ്മല് ഉരസി. നടാഷ ഡൈനിംഗ് ടേബിളിന് കീഴെപോയി കിടന്നു. വെളളം കുടിക്കുന്നത് കണ്ടിട്ടാവണം വല്ലതും കഴിക്കാൻ കിട്ടുമെന്ന് അത് കരുതിക്കാണും.
ഒറ്റപ്പെടലിന്റെ തുരുത്തെന്നപോലെ ഒറ്റപ്പെട്ടപ്പോൾ ഒരാശ്വാസത്തിന്, നേരമ്പോക്കിന് ഇതാ ഞങ്ങളുടെ എളിയ സമ്മാനമെന്നായിരുന്നു സവിശേഷ പാക്കറ്റിൽ കടൽകടന്നുവന്ന പാഴ്‌സലിൽ എഴുതിയിരുന്നത്. അതിന് പേരിട്ടതും മറ്റും കാതറീനയാണെന്നും നടാഷയെന്നുതന്നെ അതിനെ വിളിക്കണമെന്നും അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞതുമാണ്.
കുരിശ് പളളിയിൽ മെഴുകുതിരി കത്തിച്ചുവന്ന ഓട്ടോയിൽ തന്നെ ഏലിയാമ്മയെ വീട്ടിലേക്ക് വിട്ടു. കട അടച്ച് പതിവിലും നേരത്തെ എത്താമെന്ന ഉറപ്പ് കുഞ്ഞുവറീത് അവൾക്ക് കൊടുത്തു. ഈ ഉപ്പും മുളകും വിറ്റ് ജീവിക്കണമെന്നില്ല. എന്നാലും പാരമ്പര്യമായി നടത്തിവരുന്ന ജീവിതത്തെ ഒഴിവാക്കാനാവില്ലെന്ന് കുഞ്ഞുവറീന് ആയിരംവട്ടം ഫോണി പറഞ്ഞതാണ്. ‘എന്നാത്തിനാ അപ്പച്ചാ ഈ വയ്യാത്തകാലത്ത് – ഓ ശരി ശരി ഞാനെതിർക്കുന്നില്ല. അപ്പന്റെ ഇഷ്‌ടംപോലെ. ഇതാ കാതറീനയ്‌ക്ക് അപ്പച്ചനോട് എന്തോ പറയാനൊണ്ടെന്ന്. വല്ല്യപ്പച്ചാ… നമ്മൾ വരുന്നു. കാണാൻ. എല്ലാം അങ്ങനെ നേച്വറലായിരിക്കട്ടെ.’
‘മക്കളെ ആ….കുഞ്ഞിന്റെ കാര്യത്തിലെന്തായി…’
‘നടാഷ അതിനെയൊന്നിനെ തിന്നു.’ കുഞ്ഞുവറീതിന് കോപം വന്നു. ‘എടീ ഏലിയാമ്മേ നിന്റെ ഒരു വർത്തമാനം. ഛെ ഫോൺ കട്ടുമായി.’ കാര്യം മുഴുമിപ്പിക്കാനാവാത്തതിൽ വ്യസനിച്ച് തൊണ്ടയിൽ കുരുങ്ങിയ കഫം നീട്ടിത്തുപ്പി. ഡിജിറ്റൽ ടേപ്പിൽ അവന്റെ ശബ്‌ദം വീണ്ടും “അനുസരിക്കില്ല അല്ലേ അപ്പച്ചാ. എത്ര വെലപിടിച്ചതാ ഞാനയച്ച മരുന്ന്. കഫോം വലിവും എല്ലാം പരുമല പാലം കടക്കും. എന്താ അപ്പച്ചാ.‘ അയാൾ കണ്ണടച്ചു. മതി ഇനി മതി. ഏലിയാമ്മയെങ്ങാലും കേട്ടാപിന്നെ അതിന്റെ വാലേപിടിച്ച് ആടും. പക്ഷെ അവൾ നടാഷ പെറ്റിട്ട ബാക്കി പൂച്ചക്കുഞ്ഞുങ്ങളുടെ എണ്ണമെടുക്കുകയായിരുന്നു.
അവരിരുന്ന കേബിൻ ഒന്ന് ആടിയുലഞ്ഞു. സെൻട്രൽ പാർക്കിൽ നിന്നും മൗണ്ടയിൻ വ്യൂവിലേക്കുളള റോപ്‌വേയിലെ കാബിനിലിരുന്ന് അയാളുടെ ചുമലിൽ തലചായ്‌ച് കിടക്കുന്ന കാതറിന അയാളെ തീവ്രമായ അനുരാഗത്തോടെ നോക്കി. പേഴ്‌സണൽ കമ്പ്യൂട്ടർ മോണിറ്ററിന്റെ ശൂന്യാകാശങ്ങളിൽ നൂലേണികളിലൂടെ കയറ്റിറക്കം നടത്തുകയായിരുന്നു അയാൾ.
തൊട്ട് മുമ്പ് ഏദൻ ഓക്‌സിജൻ പാർലറിൽ ഇരിക്കുമ്പോഴും കാതറീനയുടെ മനസ്സ് അയാളുടെ ഈ റസ്‌റ്റില്ലാത്ത മൈൻഡിനെ പിന്തുടരുകയായിരുന്നു. ട്യൂബും മാസ്‌കുമെടുത്ത് മുഖത്തുവെച്ച് കണ്ണാടിയിൽ നോക്കിയപ്പോ പെട്ടെന്നെന്തോ ചിരി വന്നുപോയി. ടിഷ്യൂ പേപ്പറെടുത്ത് മുഖം പൊത്തി. അയാൾ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ആദ്യമായി കാണുന്നതുപോലെ. അല്ലെങ്കിൽ വിത്ത് മുളച്ചുവരുന്ന മണ്ണ് എന്നപോലെ എന്നതാവും ഇവിടെ യോജിച്ച ഉപമയുടെ സിമിലി സെബാസ്‌റ്റ്യൻ ഓർത്തു.
’ഏതൊരു മണ്ണിന്റെയും മൂലാവസ്ഥ പാറയാണ്. പാറ കാലാവസ്ഥയുടെ ആഘാതംകൊണ്ട് ജീർണ്ണിക്കുന്നു. ഈ ജീർണ്ണിച്ച പാറയിൽ സസ്യജന്തുജാലങ്ങളുടെ പ്രവർത്തനവും വായുവും ജലവും ഒന്നിച്ച് ഭൂമിശാസ്‌ത്രമായ പ്രത്യേകതകൾക്ക് അനുസൃതമായി കാലംകൊണ്ട് മണ്ണ് ഉണ്ടാവുന്നു. ഒരു ഇഞ്ച് മേൽമണ്ണുണ്ടാവാൻ 200 വർഷങ്ങൾ വേണം. മൃതസ്ഥിതിയ്‌ക്കുളള പാറയ്‌ക്ക് ജീവൻ വെക്കുമ്പോഴാണ് മണ്ണുണ്ടാവുന്നത് – ഇനി അടുത്ത ചൊവ്വാഴ്‌ച ഇതേ നേരം ആകാശവാണി ദേവികുളം അവതരിപ്പിക്കുന്ന കൃഷിപാഠം കേൾക്കാം. പൊന്ന് വിളയുന്ന മണ്ണ്. റേഡിയോ ഓഫ് ചെയ്‌ത് തിരിഞ്ഞപ്പോ ഏലിയാമ്മ വേദപുസ്‌തകം മറിക്കുന്നതാണ് കുഞ്ഞുവറീത് കണ്ടത്.
‘കർത്താവായ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചപ്പോൾ ഭൂമിയിലെ വയലുകളിൽ യാതൊരു ചെടിയുമുണ്ടായിരുന്നില്ല. വയലിൽ യാതൊരു സസ്യവും മുളച്ചിരുന്നില്ല. കാരണം കർത്താവായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. എന്നാൽ ഭൂമിയിൽ നിന്ന് ഒരു പെരുവെളളം ഉയർന്ന് ഭൂതലം മുഴുവൻ നനച്ചുപോന്നു. കർത്താവായ ദൈവം ഭൂമിയിലെ പൊടികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി. അനന്തരം കർത്താവായ ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി. തന്റെ സൃഷ്‌ടിയായ മനുഷ്യനെ…”
ഏദൻ ഓക്‌സിജൻ പാർലറിൽ നിന്ന് ഇറങ്ങി വരുമ്പോൾ അവിടെ എഴുതപ്പെട്ട ആശംസാവാചകത്തിലാണ് അലോകിന്റെ ശ്രദ്ധ പതിഞ്ഞത്. കാതറിനയുടെ കണ്ണുകൾ അത് കവർന്നു-മനുഷ്യാ, നീ മണ്ണാകുന്നു…“
പിന്നെ അവൻ അവളുടെ പതുത്ത വയറ്റിൽ തലവെച്ച് കിടക്കുമ്പോൾ പറഞ്ഞുഃ ”കാതറിനാ…എന്റെ മുഖം നീരോട്ടമുളള പഴയ ഏതോ പുഴയുടെ പൂഴിപ്പരപ്പിലാണുളളതെന്ന് തോന്നുന്നു. ആകാശത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുകയും വെളളം പെരുകി പേടകം വെളളത്തിന് മുകളിൽ തെന്നി നീങ്ങുന്നതായും.“ പച്ചരോമങ്ങൾ പതുക്കെ കിളിർക്കുന്ന അവന്റെ മുഖം നോക്കി കാതറീന, കുലുങ്ങി ചിരിച്ചു. ’ഹൊ. എനിക്ക് ഇക്കിളിയാവുന്നു.‘ അലോകിന് അവിശ്വാസം തോന്നി. മലനാട്ടിലെവിടെയോ എത്തപ്പെട്ടതുപോലെ. അഗാധത്തിലെ ഉറവകളും ആകാശത്തിന്റെ വാതായനങ്ങളും അടഞ്ഞപോലെ….തികഞ്ഞ ശാന്തതയിൽ അവൻ അവളെ തഴുകി.
’ഇരിക്കൂ മിസ്.‘ കാതറിനയെ വളരെ ഉപചാരപൂർവ്വം ക്ഷണിച്ചുകൊണ്ട് കമ്പ്യൂട്ടറിൽ വിരലുകളോടിച്ചുകൊണ്ടിരുന്ന പെൺകുട്ടി പറഞ്ഞു. ആകർഷകത്വവും വിനയവും അവളെ കൂടുതൽ ശ്രദ്ധേയയാക്കുന്നുവെന്ന് കാതറീനയ്‌ക്ക് തോന്നി. തണുപ്പിന്റെ ശബ്‌ദം ചെവികളിൽ മന്ത്രിക്കുന്നതായും മധുരമുളള ഏതോ മെലഡിയുടെ തീരത്താണെന്നും ആർക്കും തോന്നിപ്പോകും.
വൃത്തിയോടെ വളരെ വെടിപ്പായി ചിരിച്ചുകൊണ്ട് ഒരു യുവാവ് അവരെ സ്വീകരിക്കാനെത്തി. ചുവരുകളിൽ കണ്ണാടിച്ചീളുകൾ കൊണ്ടാണ് ഇന്റീരിയർ ചെയ്‌തിരിക്കുന്നത്. പിന്നെ മരുഭൂമിയിലെ കണ്ണുകൊണ്ട് മോൾഡ് ചെയ്‌ത് തീർത്ത ശില്‌പങ്ങളും മറ്റും.
’സർ ഇവിടെ രഹസ്യ അറകളിലിരുന്ന് ലോകത്തിന്റെ ഏത് മൂലയിലേക്കും-പ്രത്യേകം പണയണ്ടല്ലോ എല്ലാം കച്ചവടം ചെയ്യാം. ക്ലിക്ക് ചെയ്‌തെടുക്കുന്ന ഒന്നും വെറുതെയുളളതാണെന്ന് കരുതേണ്ട. എന്തെങ്കിലുമൊക്കെ കണ്ടെത്താം. വാങ്ങിക്കാം… ഒന്നുമില്ലെങ്കിലും ഞങ്ങളുടെ ഈ ഡിവൈൻ സൂപ്പർമാർക്കറ്റിലേക്ക് വാം വെൽക്കം.
നിങ്ങൾക്ക് നിങ്ങളുടെ കാറിനെ പുതുക്കാം-റിപ്പയർ ചെയ്യാം-വിൽക്കാം. പക്ഷെ സ്വപ്‌നങ്ങളെയോ? യെസ് സാർ. ഓൾഡായ ഇത്തരം പരസ്യവാചകങ്ങളെ കാലത്തിന്റെ വെയ്‌സ്‌റ്റ്‌ബാസ്‌ക്കറ്റിൽ തളളിക്കൊണ്ട് ഞങ്ങൾ എന്തും സാധ്യമാക്കിത്തരും.
ങ്‌ഹാ…ആദ്യമായി കടന്നുവരുന്ന ഞങ്ങളുടെ കസ്‌റ്റമേഴ്‌സിന് ഞങ്ങൾ ചില സഹായങ്ങൾ-‘സോറി നിങ്ങൾക്കാവശ്യമെങ്കിൽ ചെയ്‌തു തരാം. ഞങ്ങൾ ഞങ്ങളുടെ സേവനങ്ങൾക്ക് മതിയായ പണമേ ഈടാക്കൂ..
കാതറിന പറഞ്ഞു ഃ യെസ് (ഈ വാക്ക്വത്തിനകത്ത്) ഐ വാണ്ട് യുവർ ഹെൽപ്പ്.
വിവസ്‌ത്രയാക്കപ്പെട്ടപോലെ തോന്നി കാതറിനയ്‌ക്ക്. അവൾ സ്‌കാൻ മിഷനിൽ കയറിക്കിടന്നു. അമ്മച്ചിയുടെ മടിത്തട്ടുപോലെയെന്ന് അവൾക്ക് വിചാരമുണ്ടായി. അവളുടെ അടിവയറ്റിലും പൊക്കിൾകുഴിയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പലതരത്തിലുളള കേബിളുകൾ വലിച്ച് ചേർത്തുവെച്ചു. സ്വപ്‌നങ്ങൾ തൂവലുകൾ പോലെ തന്നെ പൊതിയുന്നതായി അവൾക്ക് തോന്നി. ഭാരം കുറഞ്ഞ് കുറഞ്ഞ് ഒരു പഞ്ഞിക്കെട്ടുപോലെ മേഘമാലകളിലൂടെ ഒഴുകുന്നതായി അവളറിഞ്ഞു. ശലഭങ്ങൾ നെയ്‌തെടുക്കുന്ന കൂടാരംപോലെ പൂവുകൾ പിറവികൊളളുന്ന ജാലകങ്ങൾ അവൾക്കുമുന്നിൽ. അപ്പോൾ മേഘങ്ങളിൽ തീയെന്നപോലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും അജ്ഞാതമായ ഉറവയിൽ നിന്നെന്നപോലെ അശരീരിയും അവളെ അൽപ്പം നടുക്കി.
’യെസ് നിങ്ങൾ ചെയ്യേണ്ടത് വളരെ സിംപിൾ. മനസ്സിൽ നിങ്ങളുടെ പ്രതിനിധിയെ കാണുക. നിങ്ങളുടെ സങ്കൽപ്പങ്ങൾ പറയുക. ഞങ്ങളുടെ ഡിവൈൻ മാർക്കറ്റ് നിങ്ങളുടെ സ്വപ്‌നങ്ങളെ സാക്ഷാത്‌കരിക്കുന്നു. നിങ്ങളുടെ സമയമോ പണമോ സ്വപ്‌നസായൂജ്യത്തിന് പകരമാവില്ലെന്ന് അപ്പോഴറിയും.‘
ആകാശം കീഴ്‌മേൽ മറിയുന്നതും നക്ഷത്രങ്ങൾ കൺചിമ്മുന്നതും അവൾ കണ്ടു. ”മാഡം. നിങ്ങളിപ്പോൾ ഞങ്ങളുടെ ലബോറട്ടറിയിലാണ്. ലോകത്തിലെ എല്ലാ ഗർഭപാത്രങ്ങളിലേക്കും സുതാര്യമായ ഒരു നീർക്കുമിളയിലേക്കെന്നപോലെ നിങ്ങൾക്ക് നോക്കാം. ഒപ്പം നിങ്ങളുടെ വയറ്റിൽ രൂപം കൊളളുന്ന ജീവനിലേയ്‌ക്കും. സൃഷ്‌ടിലോകത്തിന്റെ ഈ സൂപ്പർമാർക്കറ്റിൽ നിങ്ങൾക്കിഷ്‌ടമുളള ജൈവരൂപത്തെ നിങ്ങളുടെ ഗർഭത്തിലേക്ക് ക്ഷണിക്കാം. ഡിസൈൻ ചെയ്യാം. അങ്ങനെ നിങ്ങൾക്കഭിമാനിക്കാം. സ്വന്തം കുഞ്ഞിന്റെ രൂപകല്‌പനയുടെ പേറ്റന്റ് സ്വന്തമാക്കാം. ഇതാ ഡിവൈൻ മാർക്കറ്റ്…
അവൾ പിന്നെ കമ്പ്യൂട്ടറിനോട് പറഞ്ഞുഃ പറയാതെയറിയില്ലേ. അവളുടെ വിരലുകൾ നീണ്ടതും മെലിഞ്ഞതുമാവണം. അവളുടെ നിശ്വാസത്തിന് ജാസ്‌മിൻ സ്‌മെല്ലുണ്ടാവണം. അവൾ നന്നായി പാടുകയും ചുവടുകൾ വെച്ച് ഡാൻസ് ചെയ്യുകയും വേണം. ഒരു ബട്ടർഫ്ലൈസിന്റെ ഭംഗിവേണം. കാറ്റുപോലെയാവണം. അവളുടെ മുടിയിഴകൾ അരുവിപോലെ ഒഴുകണം. കമ്പ്യൂട്ടറിന്റെ ആക്യുറസിയും കൃത്യതയും വേണം.
ഇടയ്‌ക്കെന്തോ ഓർത്തിട്ടെന്നപോലെ അവൾ മിണ്ടാതെ കിടന്നു. കമ്പ്യൂട്ടർ മോണിട്ടറിൽ ഒരു കുലുക്കമുണ്ടാവുകയും-തുടരാം എന്ന് എഴുതിക്കാണിക്കുകയും ചെയ്‌തു. പിന്നെയെന്ത്- അവൾ ആലോചിച്ചു.
’അതെ. അവൾ എല്ലാവരെയും സ്‌നേഹിക്കണം. വേദനകൾ മനസ്സിലാക്കണം. നിറയെ സ്വപ്‌നങ്ങൾ കാണണം. അല്ലേ അലോക് എന്ന് മനസ്സിൽ പറഞ്ഞു. മോണിട്ടറിൽ ‘എറർ മാർക്ക് ചെയ്‌തു. ’യുവർ എൻട്രി ഈസ് നോട്ട് കറക്‌ട്. ചെക്ക് ദ സെയിം.‘
പക്ഷെ ശരിയായില്ല.
മോണിട്ടർ ബ്ലിങ്ക് ചെയ്‌തു. “സോറി എൻട്രി ട്രെബിൾ” മുന്നറിയിപ്പ് വീണ്ടും ഉണ്ടായി. അല്‌പം കഴിഞ്ഞ് ഒന്നുകൂടി ട്രൈ ചെയ്യൂ.
’സോറി മാം. നിങ്ങളുടെ ഒടുവിലത്തെ എൻട്രിയിലാണ് കുഴപ്പം. കാല്‌പനികമാവാതെ പ്രാക്‌ടിക്കലാവുക. നിങ്ങൾക്ക് സ്വപ്‌നങ്ങൾ കാണാം. പക്ഷെ വരും ജനറേഷന് അത് വേണ്ട. മറ്റൊന്നുമല്ല മാഡം കുഞ്ഞിന്റെ പേറ്റന്റ് നിങ്ങൾക്കാണെങ്കിലും ഈ പ്രൊഡക്‌ടിൽ ഞങ്ങൾക്കും ചെറിയൊരു അവകാശം വേണ്ടേ. അതുകൊണ്ട് തന്നെ അതിനൊക്കെ വേണ്ട മൈക്രോചിപ്പും സോഫ്‌റ്റ് വെയറും ഞങ്ങളുടെ കമ്പനി ഡിസൈൻ ചെയ്‌തിട്ടുണ്ട്. ഓകെ. റിലാക്‌സ്. വീ കാൻ ട്രൈ ആഫ്‌റ്റർ സം ടൈം.‘
കാതറീനയ്‌ക്ക് ഉറക്കം വരുന്നപോലെ തോന്നി. അവൾ തനിക്കരികിൽ നിൽക്കുന്ന അലോകിനെ മഞ്ഞിൻപുകയിലെന്നവണ്ണം കണ്ടു. അലോക് അവളുടെ വിരലുകളിൽ കൈ അമർത്തി. “കാതറിന…എങ്ങനെയുണ്ട് നിന്റെ സ്വപ്‌നാടനം.” അവൾ മറ്റൊരു ഫയലിൽ പോയി ക്ലിക്ക് ചെയ്‌തു. ഇ കൊമേഴ്‌സിന്റെ ആകാശവാതായനങ്ങൾ അവർക്ക് മുന്നിൽ മലർക്കെ തുറന്നിടപ്പെട്ടു. അവൾ നിശ്വസിച്ചു.
മോണിട്ടർ പറഞ്ഞു. ദാ ഒരു വാർത്ത. ചൂടുളള തലച്ചോർ നിങ്ങൾക്ക് ഭക്ഷിക്കാം. സ്വിറ്റ്‌സർലണ്ടിലെ അന്നകരനീന പറയുന്നുഃ ഞാൻ രണ്ടുമാസം പ്രായമുളള ഒരു ഭ്രൂണത്തിനുടമയാണ്. അനുഭവസ്ഥർ പറയുന്നതു കേൾക്കൂ. ഇത്രയും ഫ്രഷായ ഒരു ഭക്ഷണം കഴിച്ചു കാണില്ലെന്ന്. ഞാൻ ഉറപ്പു തരാം. തീരെ പൊലൂഷനില്ലാത്തത്. നിങ്ങൾക്ക് ബുക്ക് ചെയ്യാം. ക്ലിക് ദ നമ്പർ. പിന്നെ തലച്ചോറിന്റെ ചിത്രങ്ങളും, തലച്ചോറുകൊണ്ട് പാകം ചെയ്യാവുന്ന പ്രത്യേക ഡിഷും…മറ്റും.
നടാഷ രണ്ട് കുഞ്ഞുങ്ങളുടെ കഴുത്ത് കടിച്ച് തട്ടിന്മേൽ നിന്ന് ഇറയത്തേക്ക് ചാടി. പിന്നെ ഒന്നിനെ രണ്ട് കാലുകളിൽ ഇറുക്കിപ്പിടിച്ച് മറ്റേതിനെ വായ്‌ക്കകത്തേക്ക് പതുക്കെ തിരുകി. നൊട്ടിനുണയുമ്പോൾ താഴെ വീഴാതിരിക്കാനുളള സൂക്ഷ്‌മതയോടെ…. പൂച്ചക്കണ്ണുകൾ ഉരുണ്ടു. മീശരോമങ്ങൾ വിറപ്പിക്കുകയും വാലിളക്കുകയും ചെയ്‌തു. രോമങ്ങൾ നക്കിത്തുടച്ച് ക്രമമാക്കുകയും സുഖകരമായി നിശ്വാസം കൊളളുകയും ചെയ്‌തു.
ഏഴാം കടലിനക്കരെനിന്നും ഫോൺ വിളികളോ വാർത്തകളോ വരാതിരുന്ന വിഷമത്തിലായിരുന്നു കുഞ്ഞുവറീതും ഏലിയാമ്മയും. പിന്നെ നടാഷ എന്ന തളളപ്പൂച്ച ഒറ്റക്കുഞ്ഞിനെപ്പോലും ബാക്കിവെക്കാത്ത വിഷമത്തിലും.
അലറിവിളിച്ചുകൊണ്ട് ഏതൊക്കെയോ കെട്ടുകൾ പൊട്ടിക്കുന്നതായും ഏതൊക്കെയോ വാതിലുകൾ തളളിത്തുറക്കുന്നതായും ഭാവിച്ച് കിതപ്പിന്റെ ശയ്യയിൽ നിന്നും കണ്ണു തുറിച്ച് കാതറിന അലറി. ഡിവൈൻ മാർക്കറ്റിന്റെ വിസ്‌മയങ്ങളിൽ നിന്ന് വന്നതിനുശേഷം പതിവു സന്തോഷങ്ങളോ തമാശകളോ ഇല്ലാതെ ഉപയോഗശൂന്യമായ കളിപ്പാട്ടങ്ങൾപോലെ ജീവിതത്തിന്റെ ഫ്രീസിങ്ങ് പോയിന്റിലായിരുന്നു രണ്ടുപേരും. അലോകിന് വൺസീറോ ഗ്രൂപ്പിന്റെ ഡിസ്‌കഷനുകളും ടൂറുകളും. കാതറിനയ്‌ക്ക് ഫാഷൻ ഡിസൈനിംഗിന്റെ വർക്ക്‌ഷോപ്പ്. ഇടയ്‌ക്കെപ്പോഴോ കണ്ടു കേട്ടു എന്നുമാത്രം.
ഒരു വൈകുന്നേരം അലോകിന്റെ മേൽവീണ് തികച്ചും യാന്ത്രികമായി അവൾ ചോദിച്ചു. “അലോക്…ലോകത്തിലേയ്‌ക്കും നിനക്കിഷ്‌ടപ്പെട്ട വിഭവമെന്താണ്.” കമ്പ്യൂട്ടർ മോണിട്ടറിന്റെ ശൂന്യാകാശങ്ങളിലായിരുന്ന അലോക് പക്ഷെ മറുപടി പറഞ്ഞത് ഇങ്ങനെയാണ് “നമ്മുടെ കുഞ്ഞിന്റെ തലച്ചോർ.”
ഉറക്കത്തിലായിരുന്ന അലോക് ബസ്സിൽ നിന്നും തെറിച്ചു വീണു. കൺതുറന്ന് നോക്കിയപ്പോൾ കാതറിനയെ കാണാനില്ല. ’ക്ഷീണം തോന്നുന്നു‘വെന്ന് പറഞ്ഞ അവൾ ഉറങ്ങിയതിനുശേഷമാണ് വർക്ക്‌ചാർട്ടുകളിൽ നിന്നിറങ്ങി വന്ന താൻ കിടന്നതെന്ന് അയാൾ ഓർത്തു.
ഭൂഗർഭത്തിലെ 127-ാം നമ്പർ നിലയുടെ കോറിഡോറിൽ ലിഫ്‌റ്റിൽ നിന്നും തെറിച്ചുവീണ് കിടക്കുന്ന കാതറീനയെ എടുത്ത് അലോക് സെബാസ്‌റ്റ്യൻ അയാളുടെ ഫ്ലാറ്റിലേക്ക് ഉയർന്നുപൊങ്ങി. മണ്ണിന്റെ ആഴങ്ങളിൽ നിന്ന് മണ്ണിന്റെ വിതാനത്തിലേയ്‌ക്ക് കടന്നപ്പോൾ ലിഫ്‌റ്റ് വല്ലാതെ കുലുങ്ങുന്നതായും മുരളുന്നതായും അയാൾക്ക് തോന്നി.
Generated from archived content: story-sept16.html Author: santhosh-panayal
Click this button or press Ctrl+G to toggle between Malayalam and English