പാവകളെ ദത്തെടുത്തവർ

“ശരത്തെ ആ ക്രെഡിറ്റ്‌ കാർഡൊന്ന് തര്വോ ? ഒരു പശുനെ വാങ്ങാനാ “

“പശൂനെ, ക്രെഡിറ്റ്‌ കാർഡ്‌ കൊടുത്തു വാങ്ങയോ? എൻറെ രൂപേ നിൻറെ തലേല് നമുക്കൊരു നെല്ലിക്കാതളം വച്ചാലോ ?” ഉണ്ടോണ്ടിരുന്ന ചോറ് നെറുകയിൽ കയറി വരുത്തിവച്ച ചുമക്കിടയിലൂടെ അയാൾ ചോദിച്ചൊപ്പിച്ചു.

“ഉം………ഇതേ ഫാം വില്ലയിലെ പശുവാ” അവൾ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുക്കാതെ, പറഞ്ഞു. പിന്നെ “ഒരു തൈ നടാം നമുക്ക് അമ്മക്ക് വേണ്ടി, ഒരു തൈ നടാം കൊച്ച്മക്കൾക്ക് വേണ്ടി ” എന്ന് തുടങ്ങുന്ന കവിതപാടി ലാപ്ടോപ് സ്ക്രീനിൽ തന്നെ കണ്ണ് നട്ടിരുന്നു.

ഈയിടെയായി അവളെപ്പോഴും ഫാം വില്ലയിലാണ്. ഫെയ്സ്ബുക്കിലെയൊരു കളിയാണത്. അവിടെ നമുക്ക് പശൂനേം, കോഴിയേം പന്നിയേം ചെമ്മരിയാടിനേം ഒക്കെ വളർത്താം. പിന്നെ മത്തങ്ങേം, തക്കാളിയും പൂവും, നെല്ലും ഗോതമ്പും കൃഷി ചെയ്യാം. മരങ്ങൾ നടാം. ഒക്കെ വളര്‍ന്നു കഴിയുമ്പോൾ വിറ്റു പോയന്റ്സ് ആക്കാം ആ പോയന്റ്സ് കൊടുത്തു വിത്തു വാങ്ങാം, വിതയ്ക്കാം. ഇനി പോയന്റ്സ് ഇല്ലേൽ ക്രെഡിറ്റ്‌ കാർഡിന്നു പണം കൊടുത്തും ഇതൊക്കെ വാങ്ങാം.നോക്കിയിരിക്കുമ്പോൾ പൂക്കളും ചെടികളും വളരും, പശുവിന്റെ അകിടിൽ പാൽ നിറയും. ഇടയ്ക്കു കോഴികളെ പിടിക്കാൻ മരങ്ങൾക്കിടയിലൂടെ പതുങ്ങി പതുങ്ങി കുറുക്കൻ വരും. അതിനെ ഓടിക്കണം, കൂടോരുക്കണം, വേലികെട്ടണം, പൂവ് പറിക്കണം. കണ്ണിനും മനസ്സിനും ആനന്തം തരുന്ന ഒരു കളി. അല്ലാതെ ആ മത്തങ്ങ എടുത്തു ഉച്ചക്ക് ഒരു എരിശ്ശേരി ഉണ്ടാക്കനൊന്നും പറ്റില്ല.

“നീ കിടക്കാൻ വരുന്നുണ്ടോ?” കയ്യ് കഴുകി തിരിഞ്ഞു നടക്കുന്നതിനിടയിൽ ശരത് അവളോട്‌ ചോദിച്ചു.

“ഇല്ല ഞാൻ കുറച്ചു ക്വോളി ഫ്ലവർ നട്ടിട്ടുണ്ട് അരമണിക്കൂർ കൂടി കഴിഞ്ഞാൽ എനിക്കത് പിച്ചാം, 10000 പോയന്റ്സ് ആക്കിയിട്ടു വേണം പുള്ളി പശൂനെ വാങ്ങാൻ, ക്രെഡിറ്റ്‌ കാർഡ്‌ ചോദിച്ചിട്ട് തന്നില്ലല്ലോ, ഞാൻ അധ്വാനിച്ചുണ്ടാക്കിക്കോളം”

ഫോം ബെഡിലെക്ക് അയാളമരുമ്പോൾ അവൾ വിളിച്ചു പറഞ്ഞു “3 മണിക്കൊരു അലാറം വച്ചേക്കണേ എനിക്കീ ഷീപ്പിന്റെ രോമം എടുക്കാനുള്ളതാ”

“ആ വച്ചേക്കാം” അയാളുടെ ശബ്ദം കമ്പിളി പുതപ്പു തലവഴിയെ മൂടുന്നതിനിടയിൽ മുങ്ങിപ്പോയി.

11 – ആം നിലയിലെ വണ്‍ ബെഡ് റൂം ഫ്ലാറ്റിൽ, പിന്നീട് പല രാത്രികളിലും ലാപ്ടോപ് സ്ക്രീനിൽ നിന്ന് പശുക്കളും ടർക്കി കോഴികളും, ചെമ്മരിയാടുകളും ഇറങ്ങി നടക്കുന്നതായി അയാൾക്ക്‌ തോന്നി.

ശരത് ഓഫീസിൽ പോയിക്കഴിഞ്ഞാൽ രൂപ തന്നെ ഉള്ളു ആ വീട്ടിൽ. ഗ്ലാസ്‌ ജനലിൽ കൂടി താഴേക്ക്‌ നോക്കിയാൽ കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ നിര നിരയായി കിടക്കുന്ന കാറുകൾ കാണാം പിന്നെ ഒരിത്തിരി സ്ഥലത്ത് രണ്ടു ഈന്ത പനകളും. നോക്കിനിന്നാൽ അധികനേരം ഒന്നും വേണ്ടായീമരുഭൂമി നഗരത്തിൻറെ കാഴ്ചകൾ മടുക്കാൻ.

ശരത്തിനു അവളുണ്ടാക്കുന്ന ഭക്ഷണത്തിലും വലിയ താല്പര്യം ഇല്ലാത്തതിനാൽ അടുക്കളയിലും അധികം ജോലി ഒന്നും ഇല്ല. വല്ല രണ്ടു മിനിട്ട് നൂടിൽസോ ഇൻസ്റ്റന്റ് ഇടിയപ്പമോ ഉണ്ടാക്കി വേഗം ലാപ്ടോപ്പിന് മുന്നിലേക്കെത്തും അവൾ. ഒരു ദിവസം നൂഡിൽസ് കരിഞ്ഞു പുകയും മണവും പരന്നപ്പോൾ അടുത്ത ഫ്ലാറ്റിലെ തടിച്ചി പലസ്തീനിയൻ അമ്മായി അവളെ ചീത്ത വിളിക്കാൻ വന്നതൊഴിച്ചാൽ ആ വീട്ടിൽ അതിഥികളാരും വന്നിട്ടേ ഇല്ല.

ലാപ്ടോപ്പിലെ ഫാമിൽ തെളിയുന്ന പച്ചപ്പു, പിന്നെ അതിൽ നിന്ന് വരുന്ന കിളികളുടെ ശബ്ധം പശുവിൻറെയോ ഷീപ്പിന്റെയൊ കരച്ചിൽ ആകെ ആശ്വാസം ഇപ്പോഴതൊക്കെയുള്ളൂ. എന്തിനധികം ഉറക്കത്തിലും ഫാം വില്ല തന്നെ അതുകൊണ്ടാണല്ലോ ഒരിക്കൽ ശരത് കേട്ടിപിടിച്ചപ്പോൾ അയ്യോ കുറുക്കൻ വന്നേ എന്ന് പറഞ്ഞവൾ നിലവിളിച്ചത്.

പക്ഷെ മാസത്തിലെ ചില ദിവസങ്ങളിൽ രൂപയ്ക്ക് ഫാംവില്ല ആശ്വാസം ഒന്നും അല്ല, അന്നവൾക്കു വയറു വേദനിയ്ക്കും, ഒറ്റപെടൽ, തനിക്കിതുവരെയും ഒരു കുട്ടി ആയില്ല എന്നസങ്കടങ്ങൾ. കണ്ണീരു കലർന്ന, സങ്കടങ്ങളുടെ ആവർത്തനം കൊണ്ട് മൂടികെട്ടിയ അത്തരം ആർത്തവ ദിവസങ്ങളിൽ ഒന്നിലാണ് അവൾക്ക് ഫാം വില്ല മടുക്കുന്നതും സൈബെറിന്റെ സാങ്കല്പികതയിലെവിടെയെങ്കിലും ഫാം വില്ലയിലെ പശുക്കളെ പോലെ കുറെ കുട്ടികളുണ്ടായിരുന്നെങ്കിൽ, അവരിലോന്നിനെ തന്റെ മകളാക്കി, തനിക്കു ഈ ലാപ്ടോപ് സ്ക്രീനില്‍നിലെങ്കിലും ഓമനിക്കാൻ കഴിഞ്ഞെങ്കിലെന്നു ആഗ്രഹിക്കുന്നതും.

പിന്നിടുള്ള ദിവസങ്ങളിൽ അവൾ ഇന്റർനെറ്റിൽ അന്വേഷിച്ചതും അത്തരം ഒന്നിന് വേണ്ടി ആയിരുന്നു.

എങ്ങനെയാണ് അവൾ അത് കണ്ടെത്തിയത് ? നിസ്സഹായത കലർന്ന, കണ്ണുനീരിന്റെ നനവുള്ള കുട്ടികളുടെ ചിത്രങ്ങൾ, പേജ് കളിലൂടെ കണ്ണോടിക്കുമ്പോൾ കുട്ടികളുടെ ഫോട്ടോ കാണുമ്പോൾ അവൾക്കു തോന്നി തുടങ്ങി തനിക്കു വേണ്ടത് ഈ വെബ്‌സൈറ്റിൽ ഉണ്ടെന്നു. എവിടെയോ കിട്ടിയ ഒരു ലിങ്ക് അതവളെ അന്ന് ഫാം വില്ലയിൽ നിന്നകറ്റി. പിന്നീടവളുടെ മനസ് നിറയെ കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള കുട്ടികളായിരുന്നു, എല്ലാവരിലും വല്ലാത്ത നിസ്സഹായത എന്നിട്ടും എന്തോ കണ്ണുടക്കിയത് ദയയുടെ ചിത്രത്തിലാണ് ദയ, 11 വയസു കറുത്ത് മെലിഞ്ഞ ദയ, കണ്ണുനീര് തോർന്നിട്ടില്ലാത്ത ദയ. അവളുടെ ചിത്രത്തിന് താഴെ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു “mamma, virtually adopt me, “

ആ ഫ്ലാറ്റിൽ അന്ന് ഫാം വില്ലയിലെ ചെമ്മരിയാടുകൾ കരഞ്ഞില്ല, പകരം ഏതൊക്കെയോ കോണിൽ ഇരുന്നു ദയ കരയുന്നതായി രൂപ ക്ക് തോന്നി. അടുത്ത ദിവസം രാവിലെ അവൾ കുളിച്ചു ലാപ്ടോപ്പിന് മുന്നിലിരിക്കും മുൻപേ തീരുമാനിച്ചിരുന്നു ഇന്ന് ദയയെ ദത്തെദുക്കുക തന്നെ ചെയ്യണം. പക്ഷെ പേജുകളിലൂടെ കണ്ണോടിക്കുമ്പോൾ അവളറിഞ്ഞു ദയയെ ദത്തെടുക്കാൻ ലക്ഷങ്ങൾ വേണം. അതൊന്നും അവൾടെ കയ്യില ഇല്ല. ശരത്തിനോട് ചോദിച്ചാൽ….. ? അയാൾടെ കയ്യിലും അത്രെ ഒന്നും ഉണ്ടാവില്ല. പണ്ട് കാൾ സെന്റെറിലെ ജോലി ഉപേക്ഷിച്ചു ശരത്തിനൊപ്പം പോരുമ്പോൾ ക്ലോസ് ചെയ്യാനെഴുതികൊടുത്ത പി എഫ് ലെ വക 8000 രൂപ, അതേ അക്കൗണ്ടിലുള്ളു. അതെങ്കിൽ അത്. അത്രയും വെബ്‌സൈറ്റിൽ കണ്ട അഡ്രസ്‌ ലേക്ക് ട്രാൻസ്ഫർ ചെയ്തിട്ട് അവൾ ഫാം വില്ലയിലേക്ക് ഒരുപാടുനാളുകൾക്കു ശേഷം ഒന്ന് കയറി.

അകിട് വീർത്ത് നിൽക്കുന്ന പശുക്കൾ, കരിഞ്ഞുണങ്ങിയ സൂര്യകാന്തികൾ, അഴുകി തുടങ്ങിയ ക്വോളി ഫ്ളവർ, കാട് പിടിച്ച സ്ക്രീനിൽ അവൾക്കു താൽപര്യം ഒന്നും തോന്നിയില്ല ലാപ്ടോപ് അടച്ചുവച്ച് പകുതിമാത്രം തുറക്കാൻ പറ്റുന്ന ജനലിൽ കൂടി അവൾ താഴേക്ക്‌ നോക്കി. വിരസത മാത്രം വഴി നടക്കുന്നത് കണ്ടു പിന്നെ സ്വന്തം ദുഖത്തിലേക്ക് തന്നെ മടങ്ങി, കുറെ നേരം അഭയ സ്വർഗത്തിന്റെ വെബ്സൈറ്റിൽ ദയയെ നോക്കിയിരുന്നു.

അടുത്ത ദിവസം അവൾക്കൊരു മെയിൽ കിട്ടി അതിൽ 8000 രൂപ കിട്ടിയെന്നും അതിൻറെ നന്ദിക്കൊപ്പം താങ്കൾക്കും താങ്കളുടെ കുടുംബത്തിനുമായി പ്രാർഥിക്കുന്നെന്നും പിന്നെ ദയവായി ദയെ ദത്തെടുക്കാനും അപേക്ഷിച്ചിരിക്കുന്നു, അവൾക്കൊരു സ്പോണ്‍സർ ഇല്ലാത്തതിനാൽ ഇതുവരേം സ്കൂളിൽ പോയിട്ടില്ലത്രെ. രണ്ടു വർഷത്തേക്ക് അവളുടെ സകല ചിലവുകളും കൂടി ഒരു വെറും ലക്ഷംരൂപയെ ഉള്ളു പോലും!!

പറയുമ്പോൾ വെറും ഒരു ലക്ഷം എന്നൊക്കെ പറയാം, 1 ലക്ഷം എവിടുന്നു കിട്ടാൻ? രൂപയ്ക്കു അതൊക്കെ വല്ലാത്ത വലിയ സംഖ്യയാണ്.

വീണ്ടും വിരസകാഴ്ചകളുടെ ജനാലക്കലേക്ക് തന്നെ അവൾ മടങ്ങി.

അന്ന് രാത്രിയാണ് അവൾ ശരത്തിന്റെ ക്രെഡിറ്റ്‌ കാർഡ്‌ നമ്പർ കാണാതെ പഠിച്ചത് ഉന്മാദം പടർന്ന രാത്രി അവൾക്കറിയാം, ക്രെഡിറ്റ്‌ കാർഡിൽ നിന്ന് അഭയ സ്വർഗത്തിനു സംഭാവന ചെയ്തതെന്ന് ശരത് അറിയുമ്പോൾ വഴക്ക് പറയും, അവൾ കരയും, കരഞ്ഞു തളർന്ന് അയാളോട് ചേർന്ന് കിടക്കും. അയാളാകട്ടെ അപ്പോൾ പതിവ് പോലെ ഏതെങ്കിലും പുസ്തകത്തിൽ മുഖവും മനസും പൂഴ്ത്തി കിടക്കും അതൊക്കെ തന്നെയാണ് അടുത്ത ദിവസങ്ങളിൽ സംഭവിച്ചതും.

പിന്നെ അവരതിനെ കുറിച്ചു ഓർക്കാത്ത, അല്ലെങ്കിൽ ഓർക്കനിഷ്ടപ്പെടാത്ത രണ്ടു ദിവസങ്ങൾ കഴിഞ്ഞു. ശരത് മിണ്ടാതായതിന്റെയും.

ഒരു രാത്രി അവൾ കിടക്ക വിരിക്കുമ്പോൾ ശരത് തന്നെ പിണക്കം മറന്നു പറഞ്ഞുതുടങ്ങി “നമ്മുടെ നസീമിനെ ഓർമയില്ലേ, ആ കൊച്ചീക്കാരൻ പോലീസ് ?അവനിപ്പൊ സൈബർ സെല്ലിലാ, അവനൊന്നന്വേഷിച്ചിരുന്നു. ആ അഡ്രെസ്സ് തെറ്റാണു,പക്ഷെ അഭയ സ്വർഗം എന്ന പേര് ശരിയാണ് “

“ഇതാ ശരിക്കുള്ള അഡ്രെസ്സ് ഈ അഡ്രസിലാണ് അവരിന്റെർനെറ്റ് കണക്ഷൻ എടുത്തിരിക്കുന്നത് ” അവൾക്കു നേരെ അയാൾ മൊബൈൽ നീട്ടി.

“ഏതായാലും നീ അത് വിട്ടേക്കു, 1 ലക്ഷം രൂപ പോയീന്നു വച്ചേക്കാം, ഇനി ഇതുപോലെ മണ്ടത്തരം ഒന്നും കാട്ടാതിരുന്നാൽ മതി” അയാൾ ഒരു നിശ്വോസത്തോടെ കിടന്നു. പക്ഷെ ശരത് പറഞ്ഞതൊന്നും അവൾ കേട്ടില്ല, അവളാഅഡ്രസ്‌ കാണാതെ പടിക്കയായിരുന്നു, അവളുടെ മനസപ്പോഴും പറഞ്ഞുകൊണ്ടിരുന്നു അതൊന്നും തട്ടിപ്പല്ല അഭയസ്വർഗം ഉണ്ട്, ദയ അവിടെ വളരുന്നുണ്ട്‌.

അന്ന് രാത്രി അവൾ അസ്വോസ്തയായിരുന്നില്ല സുഖമായുറങ്ങി. നഷ്ടപെട്ട ഒരുലക്ഷം രൂപയെ കുറിച്ച്ഓർത്തു ശരത്തിനു അന്നും ഉറക്കം വന്നില്ല. അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ആഴ്ച ഒന്ന് കഴിഞ്ഞു. ഫാം വില്ലയിലെ പശുക്കളെ രൂപ ഓർത്തതേയില്ല. ശരത് നഷ്ടപെട്ട ഒരുലക്ഷവും മറന്നും തുടങ്ങിയിരിക്കുന്നു. അന്നു ഞന്‍ പുള്ളക്ക് പായസം കൊടുത്തു, അപ്പൊള്‍ ഉമ്മ പറഞ്ഞു

കാഞ്ചൻ കുൽക്കർണിയുടെ മോൾടെ ബർത്ഡേ പാർട്ടി കഴിഞ്ഞു വന്ന രാത്രി, വിസ്കിയുടെ മണമുള്ള ശരതിനോടവൾ പറഞ്ഞു, ഒന്ന് നാട്ടിൽ പോകണം അമ്മയ്ക്ക് വയ്യ, ഞാൻ ഒരു രണ്ടാഴ്ച അവിടെപോയി നിന്നോട്ടെ?

നാളെ നമുക്ക് ടിക്കറ്റ്‌ നോക്കാം എന്നയാൾ പറഞ്ഞപ്പോൾ അവൾ മനസ്സിൽ പോണ്ടിച്ചേരിയിലെ അഭയസ്വർഗത്തിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുകയായിരുന്നു.

പിന്നെയുള്ള ദിവസങ്ങളിൽ രൂപ ശരിക്കും നിമിഷങ്ങൾ എണ്ണി തന്നെയാണ് ജീവിച്ചത്. എന്തിനു നാട്ടിലെത്തിക്കഴിഞ്ഞും അമ്മക്കൊപ്പം വീട്ടിൽ ഒരുദിവസം നിന്നത് കടിച്ചു പിടിച്ചാണ്. അടുത്ത ദിവസം കൂട്ടുകാരിയുടെ കല്യാണം എന്നു പറഞ്ഞു പോണ്ടിച്ചേരിക്ക് ട്രെയിൻ കയറുകയും ചെയ്തു. വഴികളൊന്നും അവൾക്കറിയില്ലായിരുന്നു എന്നിട്ടും ഇറങ്ങി പുറപ്പെട്ടു.

കോയമ്പത്തൂര് പണ്ട് രണ്ടു വർഷം MBA പഠനത്തിനു പോയതൊഴിച്ചാൽ രൂപ അതിനപ്പുറത്തേക്കെങ്ങും പോയിട്ടേ ഇല്ല, ഇപ്പോഴാണ്‌ അറിയാവഴികളിലൂടെ ഒരു സഞ്ചാരം.

ഏതാണ്ടൊരുച്ച നേരത്ത് അവൾ പോണ്ടിച്ചേരിയിൽ ട്രെയിനിറങ്ങി പിന്നെയവിടുന്നു ബീച്ച് റോഡിൽ എത്തി, ബീച്ചിനടുത്തെ കഫെ ഫ്രഞ്ചൊയ്ക്ക് മുന്നിൽഏറെ നേരം ഒരു ഓട്ടോറിക്ഷയ്ക്കായി കാത്തിരുന്നു അവൾക്കു കാത്തിരിക്കാൻ വയ്യായിരുന്നു പിന്നെ ഫ്രഞ്ച് എംബസ്സിക്ക് വശത്ത് കൂടിയുള്ള വൃത്തിയുള്ള വഴിയെ നടന്നു. റോഡിനിരുവശവും ഫ്രെഞ്ച് ഭംഗിയുള്ള എടുപ്പുകൾ, മഴ ചാറുന്ന നേരത്ത് വലിയ ജനാലയ്ക്കൽ ബിയർ നുണഞ്ഞിരിക്കുന്ന വിദേശ ദമ്പതികൾ, അരബിന്ദോ ആശ്രമം, തണൽ മരങ്ങൾ, പൂക്കൾ അങ്ങനെ അങ്ങനെ നടന്നു പോകുന്ന വഴികളിൽഭംഗിയുള്ള കാഴ്ചകൾ ഒരുപാടുണ്ടായിരുന്നു. രൂപ അതൊന്നും കണ്ടില്ല അവൾക്കിപ്പോൾ വേഗത്തിൽ നടക്കാൻ മാത്രമേഅറിയു. നടക്കും തോറും വൃത്തിയുള്ള വഴികളുടെ വൃത്തി കുറഞ്ഞു വന്നു. എടുപ്പുകളുടെ പൊക്കം കുറഞ്ഞു പായാൽ പിടിച്ചു തുടങ്ങിയിരിക്കുന്നു, ഭംഗിയുള്ള വഴിയും കാഴ്ചകളും അവസാനിക്കുന്നത്‌ മധ്യവര്‍ഗത്തിന്റെ ഇടുങ്ങിയ തെരുവുകളിലാണ് ഇവിടെയെവിടെയോ ആണ് അഭയ സ്വർഗം.

flat number 4d

Alba enclave

2nd street ,amman kovil road ,ഇങ്ങനെതന്നെ ആണ് അന്ന് ശരത്തിന്റെ മൊബൈലിൽ കണ്ട അഡ്രസ്‌. പായൽ പിടിച്ച പകുതി പൊളിഞ്ഞ ഒരു മതിൽ കെട്ടിനപ്പുറം പിണങ്ങി പെയ്യുന്ന മഴയിൽ ആ അഡ്രസുള്ള അഭയ സ്വർഗം ഉണ്ട്, അതിന്റെ മതിലിലെ കറുത്ത പായൽ മറയ്ക്കാത്ത മാർബിൾ കഷ്ണത്തിൽ അവൾ കണ്ടു Alba enclave, താഴെ കാർ പാർക്കിങ്ങും അതിനു മേലെ നാല് നില കളുമുള്ള നിറം മങ്ങിയ ഒരു ഫ്ളാറ്റ്. വലിയൊരു പൂക്കൂടയുമായി ഒരു പെണ്‍കുട്ടി ഗേറ്റിനപ്പുറം നിന്ന് “അക്കമല്ലിപ്പൂ” എന്നുറക്കെ വിളിച്ചു , പൂവ് വാങ്ങാനവാം മൂന്നാം നിലയിൽ നിന്ന് ഒരു ചെറിയ സഞ്ചി താഴ്ന്നു വന്നു.

രൂപ,പൂട്ടിയിട്ടില്ലാത്ത ഗേറ്റ് തള്ളി തുറന്നപ്പോൾ താഴത്തെ കാർ പോർച്ചിൽ കിടന്ന ഒബെസിറ്റി പിടിച്ച ഒരു ലാബർ ഡോഗ് അവൾക്കു നേരെ ഒന്ന് തലപൊക്കി നോക്കി പിന്നെ അത് അതിന്റെ അവശതയിലേക്ക് തന്നെ തല ചായിച്ചു വച്ചു കിടന്നു.

4d , ചിലന്തി വല കെട്ടി തുടങ്ങിയ സ്വർണനിറമുള്ള ഫലകത്തിൽ കറുത്ത അക്ഷരങ്ങളിൽ അഭയസ്വർഗമെന്നെഴുതിയിരുന്നു. ഇവിടെയാണ്‌ ദയ അവളുടെ നെഞ്ചിടിപ്പിന്‌ വേഗം കൂടി…….. ഒരുബെല്ലിനും പിന്നത്തത്തിനും ആരുംതുറക്കാതിരുന്നപ്പോൾ അവൾ വല്ലാതെഭയക്കാൻ തുടങ്ങി. പിന്നെ വെളുത്തു കൊലുന്നനെയുള്ള ഒരു 30 കാരാൻ വാതിൽ തുറക്കും വരെയും ആ ഭയം അവളെ പിന്തുടർന്ന്.

“അഭയ സ്വർഗം?? ദയയെ കാണാൻ ………….” അവളുടെ ശബ്ദം വിറച്ചു “മാഡം വന്നാലും, രൂപയല്ലേ, വരുവെന്നെനിക്കറിയാരുന്നു. ദയ അവൾടെ അമ്മയെ കാത്തിരിക്കുവാ”, ആ പൊക്കമുള്ള ചുരുണ്ട മുടിക്കാരന്റെ ശബ്ദം ലോഹ പാത്രങ്ങൾ പോലെ കിലുങ്ങി. രൂപ അകത്തു കയറി. ആ മുറിയിൽ പുക നിറഞ്ഞിരുന്നു. ഒപ്പം കിഷോർ കുമാറിന്റെ ശബ്ദവും, മുറിയുടെ ബാല്‍കണിയിലേക്ക് തുറക്കുന്ന ഭാഗത്ത് ചെമ്പൻ മുടിയുള്ള മറ്റൊരു ചെറുപ്പക്കാരൻ ആകാശത്തേക്ക് പുകയൂതി രസിക്കുന്നുണ്ടായിരുന്നു, മുറിയിലാകെ പരിചയം ഇല്ലാത്ത, വല്ലാത്തൊരു പുക മണം. ഫാം വില്ലയിൽ കഞ്ചാവ് ചെടികൾ ഇല്ലാത്തതിനാൽ ചെമ്പൻ മുടിക്കാരൻ വലിച്ചതു കഞ്ചാവ് ആണെന്ന് രൂപയ്ക്കു മനസിലായതും ഇല്ല.

നീളമുള്ള ചെറുപ്പക്കാരൻ അവളെ അകത്തേക്ക് ആനയിച്ചു പിന്നെ അവൾക്കു കുടിക്കാൻ തണുത്ത ലസ്സി കൊടുത്തു, അപ്പോഴും രൂപയുടെ കണ്ണുകൾ ദയക്ക് വേണ്ടി തിരയുകയായിരുന്നു. അവിടെയെങ്ങും കുട്ടികൾ ആരും ഉള്ളതായി അവൾക്കു തോന്നിയില്ല, പേടി തണുത്ത ലസ്സിക്കൊപ്പം അവളിലേക്കിറങ്ങി.

“രൂപ വരൂ, നമുക്ക് കുട്ടികളെ കാണാം” കിലുക്കമുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞു കൊണ്ട് അകത്തെ മുറിയിലേക്ക് നടന്നപ്പോൾ അവൾക്കു ആശ്വോസമായി, ഒപ്പം വല്ലാത്ത ആകാംക്ഷയും അവളിൽ വളർന്നു.

വലിയൊരു മുറിയുടെ ഒത്ത നടുക്കായി വളരയധികം ഗ്ലാസ് തട്ടുകളുള്ള ഒരുചതുര അലമാര അതിനാവട്ടെ അവളെക്കാളും, അയാളെക്കാളും പോക്കമുണ്ടായിരുന്നു. അയാൾ ഇരുവശവും തുറന്ന ആ ഗ്ലാസ് അലമാരയുടെപിറകിൽ നിന്നുകൊണ്ട് അതിനെ മൂടിയിട്ടിരുന്ന നേർത്ത സിൽക്ക് തുണി എടുത്തു മാറ്റി.

അതിൽ നിറയെ പാവകൾ, താഴത്തെ നാല് തട്ടിലും കുറെ കുഞ്ഞു പാവകൾ ആണും പെണ്ണും ഉണ്ട്. അതിനു മുകളിലെ തട്ടിൽ നഗ്നയായ ഒരു ബാർബി, പിന്നെ അതിനു മുകളിലത്തെ തട്ടിൽ ഒരു തടിയൻ വെള്ള പഞ്ഞിപ്പാവ.

രൂപയ്ക്കൊന്നും മനസിലായില്ല, എവിടെയാണ് കുട്ടികൾ, ഇതവരുടെ കളിപ്പാവകൾ ആണോ ?

അയാൾ അലമാരക്ക് ചുറ്റും നടന്നുകൊണ്ടാവളോട് പറഞ്ഞു “രൂപ നിങ്ങൾ ദയയെ കാണും മുന്പേ ഇവനെ കാണേണം” എന്നിട്ട് അയാൾ ആ തടിയൻ തൂവെള്ള പഞ്ഞി പാവയെ കയ്യിലെടുത്തു അതിന്റെ കുഞ്ഞുതലയിൽ തലോടി.

“ഇവനാണ് അഭയ സ്വർഗത്തിന്റെ ഐശൊര്യം !!, രൂപയ്ക്ക് അറിയോ കഴിഞ്ഞ അഞ്ച് വർഷമായി ഇവന് സ്പോണ്‍സർ ഉണ്ട് 4 ലക്ഷം രൂപ വീതം ആണ് ഇവന്റെ പേരിൽ വർഷാ വർഷം വരുന്നെ ” പിന്നെ ശബ്ദം അടക്കി പിടിച്ച് പറഞ്ഞു “സ്പോണ്‍സർക്ക് ഇവനൊരു പ്രായശ്ചിത്തം ആണ് രണ്ടാം മാസം ഭാര്യേടെ അടിവയറ്റിൽ ചവുട്ടി ഗർഭം കലക്കിയെന്റെ പ്രായശ്ചിത്തം “

പിന്നെ താഴയുള്ള തട്ടുകളിലെ നൂറുകണക്കിന് വരുന്ന കുഞ്ഞു പാവകളെ ചൂണ്ടി അയാൾ പറഞ്ഞു ഇവരൊക്കെ 80 -സി പാവകളാണ്, ടാക്സ് സേവേർസ് !!, ഓരോരുത്തരുടെം പേരിൽ 5000 മുതൽ 50000 വരെ ഒക്കെ കിട്ടും, ഇന്നത്തെ കാലത്തെ കാശുള്ള ചെറുപ്പക്കാരുടെ ഒരു ശീലം ആണിത്, നല്ല പ്രവർത്തി ചെയ്യുക, ടാക്സ് സേവ് ചെയ്യുക, ഞാൻ എല്ലാത്തിനും കൃത്യമായി രസീത് അയച്ചു കൊടുക്കും അവരതൊക്കെവച്ച് ടാക്സും സേവ് ചെയ്യും, പക്ഷെ ആരും ഈ കുട്ടികളെകാണാനൊന്നും വന്നിട്ടേ ഇല്ല “

രൂപയ്ക്ക് തല ചുറ്റുന്ന പോലെ തോന്നി.

അയാൾ നഗനയായ ബാർബിയുടെമാറിൽ വിരലുകൾ കൊണ്ട് തലോടി കൊണ്ട് പറഞ്ഞു “ദയ ഇവളാണ് ഭാഗ്യവതി, ആദ്യമായാണീകുട്ടികളിൽ ഒരാളെ അന്വേഷിച്ചു ഒരു സ്പോണ്സർ വരുന്നേ !! “

അലമാരക്കെതിർവശത്ത് നിക്കുന്ന അയാളുടെ മുഖം ഗ്ലാസ്‌ തട്ടുകൾക്കിടയിലൂടെ രൂപക്കിപ്പോൾ ശരിക്കും കാണാം.

അയാൾ നഗ്നയായ ബാർബിയുടെ മേൽ ചുണ്ടുകളമർത്തി, പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു “സുന്ദരിയാണീ ദയ, അവളുടെയീ സുന്ദരി കുട്ടി അമ്മയെ പോലെ, ഇനി എങ്ങട്ടേക്കും വിടില്ലയീ അമ്മയേ “

രൂപ സർവ ശക്തി യുമെടുത്ത് ആ ഗ്ലാസ് അലമാരയിൽ തള്ളി, ഭാഗ്യം അതയാളുടെ മേലേക്ക് വീണു പക്ഷെ പാവം പാവകൾ താഴെ വീണു ചിതറി. രൂപ വേഗത്തിൽ തിരിഞ്ഞോടി മുൻവശത്തെ വാതിൽ കടന്നു, അപ്പോഴും ചെമ്പൻ മുടിക്കാരൻ അവിടെ തന്നെ പുകയും ഊതി മന്ദഹസിച്ചിരുപ്പുണ്ടായിരുന്നു.

വന്ന വഴികളിലൂടെ അവൾ വേഗത്തിൽ ഓടി, പക്ഷെ ഇത്തവണ അവളുടെ കാലുകളെ നിയന്ത്രിച്ചത് ഭയമായിരുന്നു. മഴ വല്ലാതെ വലുതായി പെയ്യുന്നത് കൊണ്ടാവാം വഴിയൊക്കെ വിജനമായിരുന്നു. ഓട്ടം അവസാനിച്ചത് ബീച്ചിൽ എത്തുമ്പോഴാണ്, അവിടിവിടെ നാല് കാലുകളിൽ ഉയർത്തി കെട്ടിയ പുൽകൂടരങ്ങളിൽ മനുഷ്യർ മഴ കൊള്ളാതെ കയറി നിക്കുന്നു. കറുത്ത വഴുക്കുന്ന പാറ കെട്ടുകളിൽ കുടചൂടിയ കമിതാക്കൾപണ്ട് പുരാതന കാലം തൊട്ടേയുള്ള അവകാശം പോലെ തിരയെണ്ണിയിരിക്കുന്നു. അവളൊരു വിളക്കുകാലിൽ പിടിച്ചു വീഴാതെ നിന്നു. സങ്കടവും നിരാശയും അവളെ അത്രമേൽ ക്ഷീണിപ്പിച്ചിരുന്നു. എത്രെ നേരം നിന്നെന്നോ എത്രെ മഴ നനഞ്ഞെന്നോ അവൾക്കോർമയില്ല. ആരോ അവളെ തോണ്ടി വിളിക്കും വരയും അങ്ങനെ തന്നെ നിന്നിരുന്നു.

ഒരു നേർത്ത പെണ്കുിട്ടി, ഇല്ലാത്ത ദയയോളം വരും ഇവൾക്കും പ്രായം, മുൻപ് അഭയ സ്വർഗത്തിനടുത്ത് വച്ചു് കണ്ട പൂക്കാരി പെണ്‍കുട്ടിയെ പോലെ, ഇവളുടെ കയ്യിലും പൂക്കൾ ഉണ്ട് വിലക്കാൻ. “അക്കാ പൂവ് ” എന്നു മാത്രം പറഞ്ഞവൾ രൂപയെ ദയനീയമായി നോക്കി. അന്നേരം രൂപ യുടെ നനഞ്ഞ ജീൻസിന്റെ പോക്കറ്റിൽ ഫോണ്‍ വിറച്ചു, മറു തലക്കൽ ശരത്.

രൂപയ്ക്കു അവളെ വിടുവിക്കാനാവുമായിരുന്നില്ല, അത്രമേൽ ദയ ഉണ്ടെന്നവൾ വിശ്വസിച്ചു പോയിരിക്കുന്നു, അതു തന്നെ ശരത്തിനെയും വിശ്വസിപ്പിക്കാൻ അവളാഗ്രഹിച്ചു.

എവിടെയാണെന്നയാളുടെ ചോദ്യത്തിനു ആ പെണ്‍കുട്ടിയെ തന്നിലേക്ക് ചേർത്ത് നിർത്തി രൂപ കള്ളം തന്നെ പറഞ്ഞു ,”ശരത്തെ ഞാൻ നമ്മുടെ ദയക്കൊപ്പവാ, ഞാനവളെ കണ്ടു, അവളെന്നോട് ചേർന്ന് നിക്കുവ ഇപ്പൊ” മഴയും തിരകളും ഒട്ടൊന്നു അടങ്ങിയിരിക്കുന്നു, അവളിപ്പോഴും കയ്പിടിയിൽ നിന്ന് ദയെയെ വിട്ടിട്ടില്ല, ഓടി പോകാൻ അവൾക്കും ഇഷ്ടമായിരുന്നില്ല. അവരങ്ങനെയത്ര നേരം നിന്നിട്ടുണ്ടാവും എത്ര മഴ നനഞ്ഞിട്ടുണ്ടാവും.

പകുതി മാത്രം തുറക്കുന്ന ജനാലയിൽ കൂടി നോക്കുമ്പോൾ ശരതും കണ്ടു, യഥാർത്യങ്ങൾ വഴി നടക്കുന്നത് , ഒക്കയും രൂപയുടെ ലാപ്ടോപ്പിലെ ഫാം വില്ലയിൽ നിന്നും അഭയസ്വർഗത്തിൽ നിന്നും ഇറങ്ങി പോയപോലെയുണ്ട്, ഒരു കഥപോലെ, പക്ഷെ അതൊക്കെയും മുൻപും കാഴ്ചവട്ടത്തു തന്നെയുണ്ടായിരുന്നിരിക്കണം.

Generated from archived content: story1_may5_15.html Author: santheep_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here