കൂട്ടുകാരൊന്നിച്ച് ഹൈദരാബാദി ചിക്കൻ കഴിച്ച് വീട്ടിലെത്തിയ അയാളെ പെട്ടെന്നാണ് നൊസ്‌റ്റാൾജിയ പിടികൂടിയത്.
“ഹൊ! ഇതെന്തൊരു കാലം. എന്തൊരു ഭക്ഷണം. പണ്ട് എന്തു രസമായിരുന്നു. ചക്കയും കഞ്ഞിയും ഒണക്കമുള്ളൻ ചുട്ടതും. തൊട്ടുകൂട്ടാൻ ചീരാ പറങ്കി മൊളകിന്റെ ചമ്മന്തിയും”.
മാർബിൾ പതിച്ച മുറിയിലെ വിലകൂടിയ കട്ടിലിൽ മലർന്നു കിടന്നു അയാൾ വീണ്ടും നൊസ്‌റ്റാൾജിച്ചു.
“ചാണകം മെഴുകിയ നിലം. തെങ്ങോല കൊണ്ടുള്ള മേൽക്കൂര. ചെത്തിത്തേക്കാത്ത ചുമര്. ചുമരിൽ നിറയെ ഓട്ട. ഓട്ടയിൽ നിറയെ മൂട്ട. ചോര കുടിച്ച് പള്ള വീർത്ത അവയെ ‘ച്‌ളിം’ എന്ന ഒച്ചയോടെ ഞെക്കിക്കൊല്ലാൻ എന്തു ഹരമായിരുന്നു. ഫാനിന്റെ കാറ്റൊക്കെ എന്തു കാറ്റ്. പണ്ടത്തെ കാറ്റല്ലേ കാറ്റ്. ഒരു കൊച്ചു കാറ്റെങ്ങാൻ വീശിയെന്നാൽ തുരുതുരെ വീഴുന്ന ചക്കരമാമ്പഴം കടിച്ചീമ്പാൻ എന്തു രസമായിരുന്നു….”
പക്ഷേ, അയാളുടെ നൊസ്‌റ്റാൾജിയയെ കാറ്റിൽപ്പറത്തിക്കൊണ്ട് മൊബൈലിൽ നിന്നും അടിപൊളി തമിഴ് സംഗീതം മുഴങ്ങി.
“മാമ്പഴമാ മാമ്പഴം… മൽഗോവ മാമ്പഴം… സേലത്ത് മാമ്പഴം…. നീ താനെടീ….”
Generated from archived content: story1_mar14_08.html Author: sankaranarayanan_malappuram