ചന്തിയും കോണകവും കൊണ്ട്‌ കൊഞ്ഞനം കുത്തുന്ന സ്‌റ്റൈലൻ കുട്ടപ്പന്മാർ

നമ്മുടെ പാരമ്പര്യവേഷം ആണുങ്ങളുടേത്‌ മുണ്ടും കുപ്പായവും പെണ്ണുങ്ങളുടേത്‌ പുളിയിലക്കര മുണ്ടും സാരിയും മറ്റുമാണെന്നാണ്‌ പലരും പറയുന്നത്‌. ഭഗവാനിഷ്‌ടം സാരിയാണ്‌ എന്ന്‌ ഈയിടെ നടത്തിയ ദേവപ്രശ്‌നത്തിലും കണ്ടത്രെ! ഈ പാരമ്പര്യം എന്നു പറഞ്ഞാൽ എന്താണ്‌? ഏതാണ്‌ പാരമ്പര്യത്തിന്റെ അടിസ്ഥാനവർഷം?

ഒരു നൂറ്റാണ്ടോ മുക്കാൽ നൂറ്റാണ്ടോ മുമ്പത്തെ പാരമ്പര്യം വച്ചുവിലയിരുത്തുകയാണെങ്കിൽ മലയാളിയുടെ വേഷം വേഷമില്ലായ്‌മയോ അല്പവസ്‌ത്രമോ ആണെന്ന്‌ മനസ്സിലാക്കാൻ സാധിക്കും. ഒരു ഈഴവ സ്‌ത്രീ മുട്ടിനു കീഴെ എത്തുന്ന മുണ്ട്‌ ധരിച്ചതിന്റെ പേരിൽ നായന്മാർ അവരുടെ മുണ്ടഴിപ്പിച്ചതിനെക്കുറിച്ച്‌ സി. കേശവൻ തന്റെ ആത്മകഥയിൽ (ജീവിതസമരം, പേജ്‌ 72) വിവരിക്കുന്നുണ്ട്‌. മറ്റൊരു വിവരണം നോക്കുകഃ “… മതം മാറിയ ചാന്നാട്ടികളുടെ വേഷം മിഷണറിമാർ പരിഷ്‌കരിച്ചു; നായർ സ്‌ത്രീകളെപ്പോലെ മേൽമുണ്ടും മാറുമറപ്പുമായി. അതു നായന്മാർക്കു രസിച്ചില്ല. അടിയായി, ലഹളയായി, സ്‌ത്രീകളുടെ തുണിയുരിയലായി. ഗവൺമെന്റ്‌ കീഴ്‌നടപ്പിന്റെ പേരിൽ മേൽജാതികളുടെ വശം ചേർന്ന്‌ ഏഴ ജാതികളുടെ മേൽമുണ്ട്‌ അഴിപ്പിക്കാൻ കൂട്ടുനിന്നു. മാധവരായർ ദിവാന്റെ കല്പനകൾ പുറപ്പെട്ടു. മുല മറച്ചു നടക്കാൻ അവകാശമുളള പെണ്ണുങ്ങളെ മറ്റുളള പെണ്ണുങ്ങൾ അനുകരിക്കരുതെന്ന്‌; അതു ചട്ട വിരോധമാണെന്ന്‌; ശിക്ഷിക്കുമെന്ന്‌; ലഹളകൾ അമർത്തുമെന്ന്‌; ന്യായം നടത്തുമെന്ന്‌. പക്ഷേ, നിയമലംഘനം പിന്നെയും തുടർന്നു.”

സ്‌ത്രീകളുടെ വേഷം മുട്ട്‌ മറയാത്ത തുണി മാത്രമായിരുന്നുവെന്ന്‌ ഇതിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും. പുരുഷന്മാരുടെ വേഷവും. ഒരു കഷണം തുണി മാത്രമായിരുന്നു-ഒരു ‘കരിഞ്ചീല’. മാന്യമായി വസ്‌ത്രം ധരിക്കാനുളള അവകാശത്തിനുകൂടി വേണ്ടിയായിരുന്നു 1893 -ൽ അയ്യൻകാളി ‘വില്ലുവണ്ടി സമരം’ നടത്തിയത്‌.

ഇത്‌ അവർണരുടെ കാര്യം മാത്രമായിരുന്നില്ല. നായർ സ്‌ത്രീകൾക്കും കുപ്പായം ധരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. റവുക്ക (ബ്ലൗസ്‌) ധരിച്ച്‌ ക്ഷേത്രത്തിൽ പോയതിന്റെ പേരിൽ ഒരു നായർസ്‌ത്രീയുടെ റവുക്ക വലിച്ചുകീറുകയും അതിനെ തുടർന്ന്‌ നായർസ്‌ത്രീകൾ റവുക്ക ധരിച്ച്‌ ക്ഷേത്രത്തിൽ കയറരുതെന്നും കല്പന പുറപ്പെടുവിച്ച ചരിത്രമുണ്ട്‌ ഈ നാടിന്‌. നമ്പൂതിരിസ്‌ത്രീകളും കുപ്പായം ധരിച്ചിരുന്നില്ല. 89-​‍ാമത്തെ വയസ്സിൽ (1994 ൽ) അന്തരിച്ച ഇട്ട്യാംപറമ്പത്ത്‌ ശ്രീദേവി അന്തർജനമാണ്‌ (വി.ടി. ഭട്ടതിരിപ്പാടിന്റെ ഭാര്യ) ആദ്യമായി ബ്ലൗസ്‌ ധരിച്ച നമ്പൂതിരി സ്‌ത്രീ.

ഇതൊക്കെയാണ്‌ സത്യമെന്നിരിക്കെ മുണ്ടും വേഷ്‌ടിയും സാരിയുമൊക്കെയാണ്‌ മലയാളികളുടെ പാരമ്പര്യവേഷമെന്നു പറയുന്നത്‌ തനിതട്ടിപ്പാണ്‌. ഇന്ന്‌ നാം ഉപയോഗിക്കുന്ന മുണ്ട്‌ കേരളീയമോ ഇന്ത്യനോ അല്ല. മുണ്ടിന്റെ ഉത്ഭവം ഈജിപ്‌തിൽ നിന്നാണ്‌. ഷർട്ടും വിദേശിതന്നെ. സാരി വിദേശിയല്ല; പക്ഷേ കേരളീയമല്ല. ഉത്തരേന്ത്യൻ വസ്‌ത്രമാണു സാരി. ഹിന്ദിയിലെ ‘സാഡി’ കടമെടുത്താണ്‌ മലയാളികൾ ‘സാരി’ ഉണ്ടാക്കിയത്‌.

എത്രയോ വിപ്ലവകാരികൾ സമരം ചെയ്‌തു നേടിയെടുത്ത സ്വാതന്ത്ര്യം ഉപയോഗിച്ചാണ്‌ നാമിന്ന്‌ പാന്റസും ഷർട്ടും ചുരിദാറും മുണ്ടും കുപ്പായവുമൊക്കെ ധരിക്കുന്നത്‌. സ്‌ത്രീകൾക്ക്‌ ഏറ്റവുമധികം യോജിച്ച വസ്‌ത്രം ചുരിദാറും മാക്‌സിയും മറ്റുമാണ്‌. പുരുഷന്മാർക്ക്‌ പാന്റ്‌സും ഷർട്ടും. ചുരിദാറും പാന്റ്‌സും പാരമ്പര്യമല്ലെന്നും മുണ്ടും സാരിയുമൊക്കെയാണ്‌ പാരമ്പര്യമെന്നും പറയുന്നവർ ചരിത്രം പഠിക്കാത്തവരോ ചരിത്രം തിരുത്തുന്നവരോ ചരിത്രം പഠിച്ചിട്ടും പഠിച്ചിട്ടില്ലെന്നു നടിക്കുന്നവരുമാണ്‌.

എന്നാൽ, ചെറുപ്പക്കാരുടെ അതിരു കടന്ന ഫാഷൻ ഭ്രമത്തെ ചോദ്യം ചെയ്യാതിരുന്നു കൂടാ. പാന്റ്‌സും കോട്ടും സ്യൂട്ടുമൊക്കെയാവാം. പോക്കറ്റുകൾ സിക്സോ, സിക്സിറ്റി ഫൈവോ ആവാം. വളളിയും ചരടുമൊക്കെ തൂങ്ങിങ്ങോട്ടെ. പക്ഷേ, വസ്‌ത്രം ധരിക്കുമ്പോൾ മാന്യത പാലിക്കണം. തീരെ ഇറക്കം കുറഞ്ഞ ഷർട്ടിടുന്നത്‌ ഒരു ഫാഷനാണിപ്പോൾ. ഒപ്പം വൃത്തികെട്ടൊരു സ്‌റ്റൈലും എത്തിയിട്ടുണ്ട്‌. ചന്തിയിൽ പാന്റ്‌സ്‌ ധരിക്കുന്ന സ്‌റ്റൈൽ. ചന്തിയിലെന്നു പറഞ്ഞാൽ അരയിലെ അവയവത്തിന്റെ തൊട്ടുമുകളിൽ. ഒന്നു കുമ്പിട്ടാൽ അവരുടെ തൃക്കേട്ടയും മൂലവുമൊക്കെ പുറത്തു കാണും. പാന്റ്‌സും അരയിലെ അവയവത്തിന്റെ തൊട്ടുമുകളിലാണെങ്കിൽ അതിനടിയിൽ ഉടുക്കുന്ന കോണകം കുറച്ചുകൂടി മുകളിൽ ധരിച്ച്‌ കോണകം പ്രദർശിപ്പിച്ചു നടക്കുന്ന സ്‌റ്റൈലും വ്യാപകമായിരിക്കുന്നു.

ചന്തിയും കോണകവും തൃക്കേട്ടയും മൂലവുമൊക്കെ പ്രദർശിപ്പിച്ചു നടക്കുന്ന സ്‌റ്റൈലൻ കുട്ടപ്പന്മാർ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾ പ്രദർശിപ്പിക്കുന്ന ഈ ആഭാസം, മാന്യമായി വസ്‌ത്രം ധരിക്കാൻ വേണ്ടി പ്രക്ഷോഭങ്ങൾ നടത്തിയ സാമൂഹിക വിപ്ലവകാരികൾക്കു നേരെയുളള കൊഞ്ഞനം കുത്തലാണ്‌. നഗ്നത സ്വയം പ്രദർശിപ്പിക്കുന്നതും നഗ്നത മറയ്‌ക്കാൻ അനുവദിക്കാതിരിക്കുന്നതും സവർണ-ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയുക.

Generated from archived content: essay1_mar17_08.html Author: sankaranarayanan_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here