ചുരുങ്ങിയ കാലയളവിനുള്ളിൽ ‘കൊച്ചുണ്ണി’ എന്ന ബാലനോവലിന് ലഭിച്ച സ്വീകാര്യത നല്ല പുസ്തകങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമായി കരുതാം. കൊച്ചുണ്ണിയുടെ മൂന്നാം പതിപ്പാണിത്. ബാലസാഹിത്യമേഖലയിൽ ഓരോ വർഷവും ഒട്ടേറെ പുസ്തകങ്ങൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും ഉദ്ദേശശുദ്ധിയോടെയും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് സഹായകരവുമായ കൃതികൾ വിരളമാണ്.
കുട്ടികളുടെ മനഃശാസ്ര്തമറിയുന്ന എഴുത്തുകാരനു മാത്രമേ ഉത്തമബാലസാഹിത്യ രചന നിർവ്വഹിക്കാനാവു. നിരവധി ബാലസാഹിത്യരചനകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചെന്താപ്പൂരിന്റെ ‘കൊച്ചുണ്ണി’ എന്ന ബാലനോവൽ രചനാശൈലികൊണ്ടും സുഘടിതമായ കഥാഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്.
കൊച്ചുണ്ണിയെന്ന നാട്ടിൻപുറത്തുകാരനായ പാവപ്പെട്ട കുട്ടിയുടെ ഹൃദയനൈർമല്യവും സഹജീവിസ്നേഹവും ചെറിയ കഥാസന്ദർഭങ്ങളിലൂടെ ലളിതവും ഹൃദ്യവുമായി കഥാകാരൻ വരച്ചുകാട്ടുന്നു. കുട്ടികളുടേതായ ഭാഷയാണ് ഈ നോവലിന്റെ പ്രത്യേകത.
ജനയുഗം വാരികയിൽ ‘കുട്ടനും കുഞ്ഞാടും’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ നോവലാണിത്. വായിച്ചു മാറ്റിവച്ചാലും കൊച്ചുണ്ണിയും കൂട്ടുകാരിയായ നിമ്മിയും എതിരാളിയായ ലാലുവും അമ്മിണിടീച്ചറും കുട്ടികളുടെ മനസ്സിൽ തങ്ങിനിൽക്കും. 2006ൽ ഹിന്ദി വിദ്യാപീഠം ഈ പുസ്തകം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ഡോ.ആർ ഗിരിജാകുമാരിയായിരുന്നു പരിഭാഷ നിർവ്വഹിച്ചത്. ഇപ്പോൾ മറാത്തിഭാഷയിലേക്കും കൊച്ചുണ്ണി പരിഭാഷപ്പെടുത്തുന്നു. മറാത്തി എഴുത്തുകാരനായ അർജ്ജുൻസിംഗ് ചൗഹാനാണ് വിവർത്തകൻ.
Generated from archived content: book1_dec29_07.html Author: sangeetha_seethasangeeth