തുരുമ്പ്‌

ഒരു വേശ്യാലയത്തിലേയ്‌ക്ക്‌ കയറിച്ചെല്ലുക എന്നത്‌ ഒരു മനുഷ്യമനസ്സിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിനേക്കാൾ പ്രയാസകരമാണെന്ന്‌ ഈ രാത്രി അവസാനിക്കുന്നതോടെ എനിക്ക്‌ പറയാൻ സാധിക്കും. അനുഭവത്തിൽ നിന്നും കാച്ചിയെടുത്ത വടിവൊത്ത ഈ പ്രസ്താവനയ്‌ക്കും എനിക്കുമിടയിൽ ഒരു നീണ്ട യൗവ്വനത്തിന്റെ ദൈർഘ്യമുണ്ട്‌. ഒരു ശരീരത്തെപ്പോലുമറിയാതെ, ചുംബനങ്ങളുടെ പഴവർഗ്ഗങ്ങളിൽ ഒന്നുപോലും ഛേദിക്കാതെ തുരുമ്പ്‌ കഠാരപോലെ അതിന്നലെവരെ ആവേശങ്ങളുടെ പാഴ്‌വസ്‌തുക്കൾക്കിടയിലായിരുന്നു.

ഇന്നുകാലത്ത്‌, നഗരം പോയ രാത്രിയിലെ അതിന്റെ സ്‌ഖലിച്ചുണങ്ങിയ ആസക്തിയിൽ നിന്ന്‌ കണ്ണ്‌ തുറക്കുംമുമ്പ്‌ ഞാനീ നഗരത്തിൽ എത്തി. ജയപാലൻ റെയിൽവേ സ്‌റ്റേഷനിൽ വണ്ടിയുമായി കാത്തു നില്പുണ്ടായിരുന്നു.

പ്രാതലിനിടയിൽ സംസാരം സ്‌കൂൾ ജീവിതത്തിലേയ്‌ക്കും വീട്ട്‌ കാര്യങ്ങളിലേയ്‌ക്കും വഴിമാറിയപ്പോൾ എന്റെ തലയിൽ വെളിപ്പെട്ട നരച്ചമുടികൾ നോക്കി അവൻ അത്ഭുതപ്പെട്ടു.

“എന്നേക്കാൾ രണ്ട്‌ വയസ്സിന്‌ ഇളയതല്ലേ നീ” ഞാൻ ചിരിച്ചു. ഒരു നിർഭാഗ്യവാന്റെ ചിരി. കുത്തിയൊഴുകിയ യൗവനത്തിന്റെ വേലിയേറ്റം കാണാൻ എനിക്ക്‌ ജയപാലന്റെ മുഖത്തേക്കൊന്ന്‌ കഴുത്തുയർത്തുകയേ വേണ്ടിയിരുന്നുളളൂ.

“എന്താ നീയൊന്നും മിണ്ടാത്തത്‌?”

ജയപാലൻ ചോദിച്ചു. പിന്നീട്‌ തീൻമേശക്കടിയിലൂടെ കൈയ്യിട്ട്‌ ശക്തമായ ഒരിക്കിളിയിലേയ്‌ക്ക്‌ എന്റെ അരക്കെട്ടിനെ ഉലയ്‌ക്കുകയും എന്റെ യൗവ്വനത്തെ ഓർത്ത്‌ “ഹോ, എത്ര നല്ല കഠാരയായിരുന്നു, തുലച്ചു കളഞ്ഞില്ലേ നീയ്‌” എന്ന്‌ സഹതപിക്കുകയും ചെയ്‌തു.

ഷവറിലെ വെളളത്തുളളികൾക്ക്‌ താഴെ കഠാര കാണിച്ച്‌ ഞാനതിലെ തുരുമ്പ്‌ ഉരച്ച്‌ കളയാൻ ശ്രമിച്ചു. ഒരു പക്ഷെ ജയപാലൻ സങ്കൽപ്പിച്ചതിനേക്കാൾ ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു അത്‌.

വർഷങ്ങൾക്കപ്പുറം എന്റെ പതിനാലാമത്തെ വയസ്സിൽ കണ്ണാടിയോളം തെളിഞ്ഞ നീരൊഴിക്കിനുളളിൽ ഉദ്ധരിച്ചു നിൽക്കുന്ന ഒരു പാറക്കല്ലിൽ ഞാൻ നിന്നു. പ്രകാശം പരന്ന ഒരു കുമ്പിൾ വെളളംപോലെ വജ്രത്തിന്റെ മൂർച്ചയുളള എന്റെ പുരുഷത്വത്തെ ഞാൻ കോരിയെടുത്തു. എന്റെ പ്രഥമ മൈഥുനത്തിന്‌ മരങ്ങളും കാട്ട്‌ വളളികളും സാക്ഷി. സ്വയം ക്രീഢയുടെ മൂർഛയിൽ ആകാശത്തിലൂടെ ഏഴ്‌ വെളളക്കുതിരകൾ കുഞ്ചിരോമങ്ങൾ ഇളക്കി കുതിച്ചു പോകുന്നത്‌ ഞാൻ കണ്ടു. മഴമേഘങ്ങളുടെ കമാനങ്ങൾക്കുളളിൽ കുതിരകൾ മാഞ്ഞുപോയതും ഞാൻ എന്റെ ഉടലിന്റെ ചോർച്ച വിരലുകൾക്കിടയിൽ അനുഭവിച്ചു. പെറ്റുവീണ കുഞ്ഞിന്റെ ഇളംചൂടായിരുന്നു അതിന്‌. എന്തോ കീഴടക്കിയ ആവേശത്തോടെ ഞാൻ പാറയിൽ നഗ്നമായ പാദങ്ങൾ കൊളളിച്ച്‌ നൃത്തം ചെയ്‌തു. പിന്നീട്‌ കൈ രണ്ടും ശിരസ്സിനു മുകളിൽ തൊഴുതുപിടിച്ച്‌ ശരീരത്തെ ഒരു കഠാരയാക്കി വെളളത്തിലേയ്‌ക്ക്‌ എറിഞ്ഞു. ജലത്തിന്റെ തണുത്ത ഭിത്തികളിൽ ഒരു ചെറുമീനിനെപ്പോലെ പറ്റിക്കിടന്നു.

ബാത്ത്‌റൂമിലെ തറയോടിൽ നഗ്നനായി കുനിഞ്ഞിരിക്കുമ്പോൾ എനിക്ക്‌ കരച്ചിൽ വന്നു. എന്നെ നാനാവിധമാക്കിത്തീർത്ത കഷ്‌ടപ്പാടുകളുടെ മുഖത്ത്‌ നോക്കി നാല്‌ വർത്തമാനം പറയണമെന്ന്‌ എനിക്ക്‌ തോന്നി.

“നിങ്ങൾ കാരണം കുട്ടിക്കാലത്ത്‌ കുട്ടിയാവാനോ യൗവനത്തിൽ യുവാവാകാനോ എനിക്ക്‌ സാധിച്ചിട്ടില്ല. ഒരു വലിയ കുടുംബത്തെ അപ്പാടെ കുത്തിനിറച്ച്‌ എന്റെ മുമ്പിലേക്കിട്ട ഈ ഇരുമ്പുവണ്ടി ചവിട്ടിച്ചവിട്ടി എന്റെ ഉളളം കാലിന്റെ തൊലി പൊളിഞ്ഞു പോയിരിക്കുന്നു. പഴുത്തുരുകുന്ന നട്ടുച്ചകളിലൂടെ മാത്രമേ നിങ്ങളെനിക്ക്‌ പ്രവേശനമനുവദിച്ചുളളൂ. നിങ്ങളെന്നെ സ്‌നേഹംകൊണ്ട്‌ പീഡിപ്പിക്കുകയായിരുന്നില്ലേ? എത്ര തൊഴിച്ചെറിഞ്ഞാലും പിന്നെയും പിന്നെയും മണത്ത്‌ വരുന്ന വളർത്തു നായയെപ്പോലെ. മനുഷ്യർ അവരുടെ ഓരോ ശരീരത്തിനും തൃഷ്‌ണകൾകൊണ്ട്‌ കടക്കാരനാണ്‌. ശരീരം ആവശ്യപ്പെടുമ്പോഴൊക്കെ ആ കടം തിരിച്ചടച്ചേ പറ്റൂ. പക്ഷേ ഈ മുടിഞ്ഞ ഇരുമ്പുവണ്ടിയിൽ നിന്ന്‌ ഒന്നുതാഴെയിറങ്ങാൻ നേരം കിട്ടിയിട്ടുവേണ്ടേ? പാവം എന്റെ ശരീരം! വിശന്ന്‌ വിശന്ന്‌ തുരുമ്പെടുത്തുപോയി.”

കുളിമുറിയിലെ നനവിൽ ഞാൻ ചുരുണ്ടു കിടന്നു. മെലിഞ്ഞ ഉദരത്തിലൂടെ ഇഴഞ്ഞിറങ്ങിയ കൈ എന്റെ ജനനേന്ദ്രിയത്തെ ദംശിച്ചു. അതെ, ലോഹയുഗത്തിൽ നിന്നും കണ്ടെത്തിയ ഒരായുധത്തേക്കാൾ നശിച്ച്‌ കഴിഞ്ഞിട്ടുണ്ടത്‌. അതിനെ മൂടോടെ പിഴുതെടുത്ത്‌ ഈ തറയിൽ വലിച്ചെറിയാൻ എനിക്ക്‌ തോന്നി. ചിലപ്പോൾ ഒരു ഉഭയജീവിയുടെ പ്രാകൃതചേഷ്‌ടകളോടെ അതീ നിലത്തു കിടന്ന്‌ ഇഴയും. അപ്പോൾ അലറിവിളിച്ച്‌ ചവിട്ടിത്തേച്ചേക്കണം.

വാതിലുനുപുറത്ത്‌ മുട്ടുകേട്ടു. ഞാൻ ചാടി എഴുന്നേറ്റു. കണ്ണാടി നോക്കി. കണ്ണുകൾ കരഞ്ഞ്‌ കലങ്ങിയിട്ടുണ്ട്‌. ഒരു ടവ്വൽ അരയിൽ ചുറ്റി ഞാൻ പുറത്തുവന്നു.

ജയപാലൻ ഫാഷൻ ചാനലിലാണ്‌.

എന്റെ ചുവന്നു കലങ്ങിയ കണ്ണുകളിലേയ്‌ക്ക്‌ നോക്കിയപ്പോൾ അവന്റെ മുഖത്ത്‌ ഒരു അശ്ലീലച്ചിരി തെളിഞ്ഞു.

“കുളിച്ചിറങ്ങാൻ ലേറ്റായപ്പോ എനിക്ക്‌ തോന്നി, സംഗതി മറ്റേതാണെന്ന്‌. ങാ, അങ്ങനെയെങ്കിലും അതിന്റെ തുരുമ്പൊന്ന്‌ പോയി കിട്ട്വൊല്ലൊ.”

സോഡയൊഴിച്ച്‌ നേർപ്പിച്ച ഗ്ലാസ്‌ കൈയ്യിലെടുത്ത്‌ ജയപാലൻ പറഞ്ഞുഃ

“ദാ, ഈ നിമിഷം ചത്തു പോവുകയാണെങ്കിൽ എനിക്കൊരു നഷ്‌ടബോധവുമില്ല. കാരണം ജീവിതം ഞാനത്രത്തോളമ ആസ്വദിച്ചു കഴിഞ്ഞു.”

ധാരാളം വെളുത്തുളളി ചതച്ചിട്ട കോഴിക്കറിയുമായി വെയ്‌റ്റർ വന്നു. ജയപാലൻ ഓരോ ലാർജിനുംകൂടി ഓർഡർ ചെയ്‌തു..

“നീ വെറുമൊരു വിനോദ യാത്രക്കാരനാടാ” ജയപാലൻ പറഞ്ഞു. “ഈ വിനോദയാത്രക്കാർക്കൊരു കൊഴപ്പണ്ട്‌. തിരിച്ചു വരുന്നവർ ഞാൻ എല്ലാം കണ്ടു എന്ന്‌ വീമ്പിളക്കും. പക്ഷേ, ഓരോ യാത്രയിലും വാഹനത്തിന്റെ ഒരു വശത്തെ ജാലകക്കാഴ്‌ചകൾ മാത്രമേ അവർ കാണുന്നുളളൂ. മറുവശമാകട്ടെ അതേ അളവിലും തൂക്കത്തിലും അവർക്ക്‌ നഷ്‌ടമാവുകയും ചെയ്യുന്നു.”

മുറിയിൽ എത്തിയ ഉടനെ കൂജയിലെ വെളളം വായിലൊഴിച്ച്‌ ജയപാലൻ കട്ടിലിൽ വീണു. കുപ്പായം ഊരി കസേരയിലേക്കെറിഞ്ഞ്‌ ഞാനും കിടന്നു. ഉറക്കം വരുന്നില്ല. ജയപാലൻ കൂർക്കം വലി ആരംഭിച്ചു കഴിഞ്ഞു. ഒരു സ്ഥിരസ്വഭാവമായിട്ടല്ലെങ്കിലും ഇത്തിരി കഴിച്ച ദിവസങ്ങളിൽ ഉറക്കെ വലിക്കുന്ന ശീലം ജയപാലനുണ്ട്‌.

പാതി ഉറക്കത്തിലേയ്‌ക്ക്‌ വീണോ എന്നറിയില്ല വളരെ സമീപത്തായി ഒരു കരച്ചിൽ കേട്ടു. സ്വപ്നത്തിൽ തോന്നിയതാകുമോ? വിതുമ്പൽ പക്ഷേ വീണ്ടും തുടർന്നു.

ഞാൻ എഴുന്നേറ്റിരുന്നു. ഈ മുറിയിലെവിടെയോ ഒരാൾ ഇരുന്ന്‌ ഒറ്റയ്‌ക്ക്‌ വിലപിക്കുന്നുണ്ട്‌. കണ്ണീരും നിസ്സഹായതയും കലർന്ന കരച്ചിൽ. ഞാൻ ജയപാലനെ ഉരുട്ടിവിളിച്ചു. സംഭവം പറഞ്ഞു. അവൻ ചെവി വട്ടം പിടിച്ചു. പിന്നീട്‌ എന്റെ മുഖത്തേയ്‌ക്ക്‌ ശാസനാരൂപത്തിൽ നോക്കി.

“എനിക്കുറപ്പാ….” ഞാൻ പറഞ്ഞു. “ആരോ ഒരാൾ ഈ മുറിയിലിരുന്ന്‌ കരയുന്നുണ്ട്‌.”

“അത്‌ മറ്റാരുമല്ല.” ജയപാലൻ പുച്ഛത്തോടെ കാർക്കിച്ച്‌ തുപ്പി. “നിന്റെ ശരീരമാ…”

ഒരു ഞെട്ടലോടെ വലതുകൈപ്പത്തി ഹൃദയത്തിനു മുകളിൽ ഞാൻ വെച്ചു.

ജയപാലൻ പറഞ്ഞത്‌ ശരിയാണ്‌. മാംസത്തിന്റെ ഓരോ വിളളലുകളിലൂടെയും എന്റെ ഉടലിന്റെ നിലവിളി ചോർന്നുകൊണ്ടിരിക്കുകയാണ്‌. കാലഹരണപ്പെട്ട ഒരണക്കെട്ടുപോലെ ഏതു നിമിഷവും എന്റെ ശരീരം പൊട്ടിത്തെറിച്ചേക്കാം. നിലവിളിയുടെ മഹാപ്രവാഹമായി ഞാൻ ഈ മുറിയിൽ നിറയുന്നത്‌ സങ്കൽപ്പിച്ചു നോക്കൂ!

ബോധത്തിന്റെ മണൽ കൊമ്പുകളിലെവിടെയോ മദ്യത്തിന്റെ ചൂളംവിളി ഞാൻ കേട്ടു. സർവ്വാംഗം ആടിയുലഞ്ഞ്‌ കൈചുരുട്ടി മേശപ്പുറത്തടിച്ചുകൊണ്ട്‌ ജയപാലന്റെ നേരെ ഞാൻ അലറി.

“ഈ രാത്രി എനിക്കൊരു സ്‌ത്രീയെവേണം.”

“ഈ നേരത്തോ?” ജലപാലൻ എഴുന്നേറ്റു.

“എന്താ പറ്റില്ലേ?”

“നിനക്കെന്താ ഭ്രാന്ത്‌ പിടിച്ചോ?”

ഞാൻ അവന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു. അലമുറയിടുന്ന ഒരു ശരീരത്തിന്റെ വിദ്യുത്‌പ്രസരണത്താൽ അവന്റെ വിരലുകൾ ഞെട്ടിയതുകൊണ്ടാവാം ജയപാലൻ മൊബൈലിൽ ചില നമ്പറുകൾ വിളിച്ചു. നിരാശയോടെ കുറേനേരം നെറ്റി തടവി.

“വരൂ” അവൻ എഴുന്നേറ്റു.

എന്നെ പിറകിലിരുത്തി ജയപാലന്റെ ബൈക്ക്‌ നഗരത്തിലൂടെ യഥേഷ്‌ടം സഞ്ചരിച്ചു. ഒടുവിൽ ഇടത്തരം ആളുകൾ വന്നുപോകുന്ന ഒരു വേശ്യാലയത്തിനുമുമ്പിൽ വണ്ടിനിന്നു.

ജയപാലൻ ഈ കെട്ടിടത്തിലെ പരിചയക്കാരനാണെന്ന്‌ റിസപ്‌ഷനിസ്‌റ്റിന്റെ പെരുമാറ്റത്തിൽ നിന്ന്‌ എനിക്ക്‌ മനസ്സിലായി. അയാൾ ഞങ്ങൾക്ക്‌ വഴികാട്ടിയായി കെട്ടിടത്തിനകത്തേയ്‌ക്ക്‌ ഒരു മധ്യവയസ്‌കനെ വിട്ടു.

പിന്നീടങ്ങോട്ടുളള ഓരോ ഇടനാഴിയിലും ഇരുമ്പു തട്ടികളും കണ്ണുകളിൽ വെല്ലുവിളിയുമായി കാവൽക്കാരും ഉണ്ടായിരുന്നു. ഇരുമ്പ്‌ ഗ്രിൽസുകൾ ഓരോന്നും വാരിയെല്ലുകളേക്കാൾ ശക്തിയിൽ വലിച്ചുനീക്കി ഒരു ശസ്ര്തക്രിയയിലേക്കെന്നവണ്ണം മധ്യവയസ്‌കൻ ഞങ്ങളെ ക്ഷണിച്ചു.

എന്റെ തുരുമ്പിച്ച ശരീരത്തെ ചാണയുടെ പരുപരുപ്പിലിട്ട്‌ ആരോ തിളക്കം വരുത്തുകയാണിപ്പോൾ. അപഹസിക്കപ്പെട്ട എന്റെ യൗവനം അതിന്റെ നഷ്‌ടപ്പെട്ട മൂർച്ചയെ രാകിയെടുക്കുകയാണ്‌. ഇരുമ്പുതട്ടികളിൽ തൂങ്ങുന്ന കനത്ത താഴുകളിൽ ചാവിതിരിയുമ്പോൾ അതിലെ അശ്ലീലതയോർത്ത്‌ എനിക്ക്‌ നാണം തോന്നി.

മേൽ നിലയിൽ ജയപാലനും എനിക്കും അഭിമുഖമായി എഴുന്നേറ്റ്‌ കൃത്രിമമായ മന്ദഹാസംകൊണ്ട്‌ മേൽചുണ്ട്‌ നനച്ച നിരവധി പെൺകുട്ടികൾക്കിടയിൽ നിന്നും ഒരുവൾ, കാവേരി ഞങ്ങളുടെ മുറിയിലെ ചിത്രവിരിപ്പിലേയ്‌ക്ക്‌ ക്ഷണിക്കപ്പെട്ടു. അറ്റം കൂർത്ത്‌ വൃത്തിയുളള വിരലുകളിൽ ഓരോന്നിലും തുളളിത്തുളളിയായി നഖചാന്ത്‌ വെച്ചിരുന്നു. ജയപാലൻ അവളുടെ ചുമലിൽ കൈവെച്ചു. ടിപ്‌സ്‌ കൊടുക്കാത്തതിൽ അവൾ പ്രതിഷേധിച്ചു.

“ആദ്യം പണം, പിന്നെ സ്‌നേഹം.”

ഞങ്ങളെ തീരെ ഗൗനക്കാതെ അവൾ പറഞ്ഞു. ജയപാലൻ കീശയിൽ നിന്നും ഒരുപിടി നോട്ട്‌ വാരിയെടുത്ത്‌ അവളുടെ വായിൽ തിരുകി, കട്ടിലിലേയ്‌​‍്‌​‍്‌ക്ക്‌ ചുഴറ്റിയെറിഞ്ഞു. മുറിയിൽ നിന്നും പുറത്തായ എനിക്ക്‌ പിന്നിൽ വാതിൽ ശക്തമായി അടഞ്ഞു. ഇടനാഴിയിൽ ഇരുന്ന്‌ ഞാൻ ഇങ്ങനെ ആലോചിച്ചു; “ഒരു പെണ്ണിനുമുന്നിൽ അതിന്റെ ഇണ എത്രവേഗമാണ്‌ അന്ധനായി മാറുന്നത്‌.”

എന്റെ നരച്ച ഉൾഭയത്തിനും ഏകാന്തതയ്‌ക്കും നേരെ ഇരുമ്പ്‌ ചട്ട വലിച്ച്‌ പിളർക്കപ്പെട്ടു. വിയർപ്പു നാറുന്ന മൂന്നുനാലു ചെറുപ്പക്കാർ ഇടനാഴിയെ ഞെട്ടിച്ചുകൊണ്ട്‌ കയറിവന്നു. വിളമ്പിവെച്ച അത്താഴത്തിന്റെ തണുപ്പുമായി രണ്ട്‌ പെൺകുട്ടികൾ അടുത്ത മുറിയിൽ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. ചെറുപ്പക്കാർ ചവിട്ടി മെതിച്ച്‌ അങ്ങോട്ട്‌ നടന്നു.

ഇടനാഴിയുടെ അങ്ങേ തലയ്‌ക്കൽ നിന്നും മെലിഞ്ഞ ഒരു പയ്യൻ പ്ലാസ്‌റ്റിക്ക്‌ ബക്കറ്റുമായി നടന്നു വരുന്നത്‌ എന്റെ ശ്രദ്ധയിൽ പെട്ടു. നിരനിരയായ മുറികളിൽ നിന്നും ഉപയോഗം കഴിഞ്ഞ നിരോധന ഉറകളുടെ ചോരക്കറപുരണ്ട ചാപ്പിളളകൾ ഓരോന്നായി അവന്റെ ബക്കറ്റിൽ വീണുകൊണ്ടിരുന്നു. പയ്യൻ കോണിപ്പടിക്ക്‌ താഴെയുളള ഇരുമ്പ്‌ ഡ്രമ്മിംലയ്‌ക്ക്‌ ബക്കറ്റ്‌ കമിഴ്‌ത്തി. പെട്ടെന്ന്‌ കുഞ്ഞുങ്ങളുടെ നിലവിളിയാൽ ആ കെട്ടിടം കുലുങ്ങി. എന്റെ ചെവി തുളഞ്ഞുപോയി. ഞാൻ കാതുകളിൽ വിരലുകൾ കുത്തിയിറക്കി. ചെറുപ്പക്കാർ ജീൻസിന്റെ സിബ്ബ്‌ വലിച്ചിട്ട്‌ ഗോവണിയിറങ്ങിപ്പോയി. അവരുടെ കിതപ്പ്‌ ഇടനാഴിയിൽ പിന്നെയും കുറെനേരം തങ്ങിനിന്നു.

ഞാൻ പ്രവേശിക്കുമ്പോൾ കാവേരി പരിപ്പൊഴിച്ച ചോറിനുമുമ്പിൽ ഇരിക്കുകയായിരുന്നു. ജയപാലൻ അവളെ ഒരനുകമ്പയുമില്ലാത്തവിധം കുത്തിയിളക്കിയിട്ടുണ്ട്‌. ഇപ്പോൾ പോയി നോക്കിയാൽ അവന്റെ കൊമ്പിൽ കാവേരിയുടെ പച്ചമണ്ണ്‌ പുരണ്ടിരിക്കുന്നത്‌ കാണാം. അവൾ മടുപ്പോടെ ചോറ്‌ വാരി തിന്നുന്നതും നോക്കി ഞാൻ ഇരുന്നു.

ഇത്രയും കാലം ഞെരുക്കി നിർത്തിയ നിലവിളികളിൽ നിന്നും ഒരമറലോടെ അവളിലേയ്‌ക്ക്‌ കുതിപ്പ്‌ നടത്തുമെന്ന്‌ വിചാരിച്ചിരുന്ന എന്റെ ശരീരം എന്താണിത്രയും സംയമനം പാലിക്കുന്നത്‌ എന്ന്‌ ഞാനൽഭുതപ്പെട്ടു. കാവേരിയുടെ ചോറ്‌ പാത്രത്തിനുമുമ്പിൽ ഒരു വളർത്തുമൃഗത്തിന്റെ നന്ദിയോടെ വാലാട്ടുകയാണത്‌. ‘എന്റെ വിശപ്പിലേയ്‌ക്ക്‌ പൂർണ്ണ മനസ്സോടെ നീ നിന്റെ നഗ്‌നത എറിഞ്ഞു തരികയാണെങ്കിൽ സ്‌നേഹിച്ചും ലാളിച്ചും ഏറ്റവും മാന്യമായി തിന്നുതീർത്തുതരാം എന്ന്‌ എന്റെ ദേഹം അവളോട്‌ മന്ത്രിക്കുന്നത്‌ ഞാൻ കേട്ടു.

കൈകഴുകി വന്ന കാവേരി എന്റെ മുമ്പിൽ വിവസ്‌ത്രയാകാൻ തുനിഞ്ഞതും ഞാൻ തടഞ്ഞു.

“നമുക്കെന്തെങ്കിലും സംസാരിക്കാം. പത്തിരുപതു വർഷത്തെ കൊടുംമഞ്ഞിൽ നിന്ന്‌ എഴുന്നേറ്റു വന്നവനാണെങ്കിലും ഒരു ഹിമക്കരടിയുടെ ആർത്തി എനിക്കില്ല.”

കാവേരി അത്ഭുതത്തോടെ എന്നെ നോക്കി. അവൾക്ക്‌ ഞാൻ പറയുന്നതൊന്നും പിടികിട്ടി കാണില്ല. ഞാൻ അവളുടെ കൈരേഖയിൽ നോക്കി.

“ഭാഗ്യണ്ടോ?” അവൾ ചോദിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല.

“എത്ര വയസ്സുവരെ ജീവിക്കും?”

“എന്തിനാ?”

“പെട്ടെന്ന്‌ ചത്തുകിട്ടുമോ എന്നറിയാനാ.”

“അറുപത്‌ കടക്കും.”

“ഹോ! അത്രേം വേണ്ടായിരുന്നു.”

“നിന്റെ കൈത്തണ്ടിലെ ഈ കാക്കപ്പുളളികൊളളാം.”

“ഹേയ്‌, ഇത്‌ കഴിഞ്ഞ ആഴ്‌ച ഒരാൾ സിഗരറ്റ്‌ വെച്ച്‌ കുത്തിയതാ”

വൈകാതെ കാവേരി നഗ്നയായി. നിശ്വാസത്തിന്റെ സുതാര്യതകൊണ്ട്‌ ഞാനവളെ പുതപ്പിച്ചു. അവളുടെ നിമ്‌ന്നോന്നതമായ ലാവണ്യത്തിൽ പലയിടത്തും ദൈവരൂപങ്ങളെ പച്ചക്കുത്തിയിരിക്കുന്നത്‌ എന്നെ അത്ഭുതപ്പെടുത്തി.

ഇടത്‌ മുലയിൽ ഒടിഞ്ഞ ത്രയംബകവുമായി ശ്രീരാമൻ… വക്ഷസ്സിൽ ഗണപതി.. നാഭിയിൽ… അരക്കെട്ടിൽ…അവളിലുടനീളം ഞാൻ ദൈവങ്ങളെ എണ്ണി.

“എന്താണിത്‌?” ഞാൻ ചോദിച്ചു.

“അഷ്‌ടദിക്കിലും ഓരോ മൂർത്തികൾ ഇരിക്കട്ടെ”

“ദൈവ വിശ്വാസണ്ടോ?”

“ഇല്ല.”

“പിന്നെ…?”

അവൾ മറുപടിയൊന്നും പറഞ്ഞില്ല. കാവേരിയുടെ വാചാലമായ നിശ്ശബ്ദതയിൽ നിന്നും ഞാൻ എന്റേതായ ചില നിഗമനങ്ങളിൽ എത്തി.

ഓരോ ദിവസവും പോസ്‌റ്റ്‌മോർട്ടം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സ്‌ത്രീശരീരത്തിന്റെ വേദന ദൈവങ്ങൾ നേരിട്ട്‌ അറിയട്ടെ എന്നവൾ ആലോചിച്ചിരിക്കാം. ഒരാൾ സിഗരറ്റുകൊണ്ട്‌ ശ്രീകൃഷ്‌ണന്റെ കണ്ണ്‌ കുത്തിപ്പൊട്ടിക്കുമ്പോൾ അവൾ സ്വന്തം കൈത്തണ്ടിന്റെ ഓരോ അടരിലും തൃപ്‌തയാകുന്നു. ഇടതുമുലയിലേയ്‌ക്ക്‌ ഒരു ഉരുക്കുകൈ ഇറങ്ങിവന്ന്‌ ചോര പിഴിയുമ്പോൾ വില്ലൊടിച്ചു നിൽക്കുന്ന ശ്രീരാമൻ ശ്വാസംകിട്ടാതെ പിടയുമെന്ന്‌ കാവേരി പ്രതീക്ഷിക്കുന്നു.

ഞാൻ കാവേരിയുടെ ചുണ്ടുകളിൽ മൃദുവായി ഉമ്മവെച്ചു. ഇരുകൈകളും അവളുടെ ഉടലിന്റെ ഉപ്പുവെളളത്തിലിട്ട്‌ നീന്തുവാൻ ആരംഭിച്ചു. ഒരു മൽസ്യത്തെപ്പോലെ കഴുത്തുവെട്ടിച്ച്‌ അവളുടെ ചില്ലുവാതിലുകൾ തുറന്ന്‌ ആഴങ്ങളിലേയ്‌ക്ക്‌ തുഴഞ്ഞതും എന്റെ വിരലുകളിൽ എന്തോ തടഞ്ഞു. കണ്ണുതുറന്ന്‌ ഞാനതിനെ പരിശോധിച്ചു. നട്ടെല്ലിനോട്‌ ചേർന്ന്‌ അതിശയിപ്പിക്കുന്ന വലിപ്പത്തിൽ ഒരു മുറിവടയാളം. മുറിപ്പാടിലൂടെ എന്റെ വിരലുകൾ താഴേയ്‌ക്ക്‌ അന്വേഷിച്ചു.

“ഇതെന്തുപറ്റി?” ഞാനവളുടെ കാതിലേയ്‌ക്ക്‌ മുഖം കുനിച്ച്‌ പതുക്കെ അന്വേഷിച്ചു.

“കുത്തിക്കീറിയതാണ്‌.”

“ആര്‌?”

“എന്റെ കെട്ട്യോൻ.”

“എന്തിന്‌”

“ഓ.. വെറുതെ. ഒരു തമാശയ്‌ക്ക്‌. അങ്ങോര്‌ ചത്തും പോയി.”

“എങ്ങനെ.”

“ആരോ വെട്ടിക്കൊന്നു.”

“ഞാൻ ഈ മുറിവിൽ ഒന്നു ചുംബിച്ചോട്ടെ.”

“ഇതിൽ പലരും ഉമ്മവെച്ചിട്ടുളളതാണ്‌.” കാവേരി ചിരിച്ചു. “ഒരാൾ സ്‌നേഹം മൂത്ത്‌ ഇതിൽ കടിച്ച്‌ പറിച്ചു. വീണ്ടും മൂന്നു സ്‌റ്റിച്ച്‌ ഇടേണ്ടിവന്നു.”

ഞാൻ ഒരു വിതുമ്പലോടെ അവളുടെ കാൽക്കീഴിൽ മുട്ടുകുത്തി. അതവളെ അസ്വസ്ഥയാക്കി.

“എന്തുപറ്റി.” കാവേരി ചോദിച്ചു.

“എന്തിനാണ്‌ ഇത്രയും വലിയൊരു വേദനയെ നിന്റെ ആഴങ്ങളിൽ നിന്നും ഞാൻ മുങ്ങിയെടുത്തത്‌?” എന്ന്‌ എന്റെ ഹൃദയം അവളോട്‌ നിശ്ശബ്‌ദം കരഞ്ഞു കൊണ്ടിരുന്നു.

കാവേരിയുടെ നഗ്നമായ കാലുകൾ ഒരു കുമ്പസാര കൂടിന്റെ മരയഴികൾപോലെ എനിക്ക്‌ തോന്നി. മനസ്സും ശരീരവും ഓരോ ദേവാലയങ്ങളാണ്‌. കുമ്പസാരക്കൂടിനു മുമ്പിൽ പാപപങ്കിലമായ ഒരു മനസ്സ്‌ അനാവൃതമാകുമ്പോൾ വേശ്യാലയത്തിലാകട്ടെ ഒരു ശരീരം സ്വയം നഗ്നമായി പാപങ്ങളെ പെയ്‌തൊഴിപ്പിക്കുന്നു. മനസ്സിനോളം തന്നെ ശരീരങ്ങൾക്കും ചിലത്‌ പറയാനുണ്ടാവും.

“നിങ്ങൾ എന്തിനാണിങ്ങനെ സങ്കടപ്പെടുന്നത്‌?”

എന്നെ മാറോട്‌ ചേർത്ത്‌ കാവേരി ചോദിച്ചു. കൈകാലുകൾ വിരിച്ച്‌ മലർന്നു കിടന്നുകൊണ്ട്‌ ഞാൻ പറഞ്ഞു.

“എനിക്കറിയില്ല. ഏതായാലും ലോകത്തിലെ ഏറ്റവും നിരാശാഭരിതനായ ഒരാളെ അലങ്കരിച്ചു കിടത്തിയ ഒരു ശവപ്പെട്ടിയാണ്‌ ഞാൻ.”

“എന്തൊക്കെയാണീ പറയുന്നത്‌?” കാവേരി എന്നെ തടഞ്ഞു.

എന്റെ മൂർദ്ധാവിൽ അമർത്തി ചുംബിച്ച്‌ എന്റെ ശരീരത്തിനു സമാന്തരമായി കൈകാലുകൾ വിരിച്ച്‌ കാവേരി കമിഴ്‌ന്നു കിടന്നു.

“ശവപ്പെട്ടിയുടെ മൂടിവെച്ചു. ഇനി സംസ്‌കരിക്കാം.” ഞാൻ പറഞ്ഞു.

അവളുടെ കണ്ണീരിന്റെ ഉപ്പ്‌ ആദ്യമായി ഞാൻ രുചിച്ചു.

ആ നിശ്ശബ്‌ദതയിൽ മുറിയിൽ എവിടെയോ നിന്ന്‌ ആരോ വിതുമ്പുന്നത്‌ ഞാൻ കേട്ടു. എന്റെ തോന്നലല്ല. ആരോ ഒരാൾ ഈ മുറിയിൽ ഒറ്റയ്‌ക്കിരുന്ന്‌ കരയുന്നുണ്ട്‌.

“നീ ശ്രദ്ധിച്ചോ.” ഞാൻ കാവേരിയെ വിളിച്ചു.

“ഈ മുറിയിൽ ഒരാളുടെ കരച്ചിൽ കേൾക്കുന്നില്ലേ?”

“മറ്റാരുമല്ല” കാവേരി എന്റെ കൈകൾ എടുത്ത്‌ അവളുടെ ഹൃദയത്തിനുമേൽ വെച്ചു. “അതെന്റെ ആത്മാവാണ്‌.”

Generated from archived content: story_thurumbu.html Author: sandosh_echikkanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here