അറിയുക നീ

നീയന്നു പിരിഞ്ഞൊരായുഗ-

സന്ധ്യതൻ വഴിത്താര-

യിന്നുമിരുൾ മൂടി-

യതിശൂന്യമനാരവം.

തന്നകിനാവിന്റെ പച്ചിലയെല്ലാ-

മെന്നേ വാടിക്കൊഴിഞ്ഞു കരിഞ്ഞുപോയി.

ഓർത്തു ഞാനേറെ നെടുവീർപ്പോടെ

വ്യർത്ഥമായലിഞ്ഞ നഷ്‌ടസ്വപ്‌നങ്ങളെ.

വർണ്ണങ്ങൾ മാഞ്ഞു, കാലം

വെളളിവരകൾ തീർത്തു, വിദൂരമായ്‌.

ചാരുചിരാതിൻ തെളിനാള-

മുമ്മറവാതിൽക്കലെത്തുന്നതും നോക്കി,

കണ്ണുകനത്തു കരിയില-

യെണ്ണിയകന്നു പാഴ്‌രാത്രികളെത്രയോ

അറിഞ്ഞുവോ നീ എന്നെങ്കിലും?

ഒന്നുമോതാതെയെങ്ങു നീ യാത്രയായ്‌

നിനക്ക്‌ ഞാനക്ഷരത്തെറ്റായതെപ്പോൾ?

അകക്കണ്ണിൽ നിന്നടർന്ന കണ്ണീരു

കവിളിൽ നീർച്ചാലുതീർത്ത നേരമോ?

വൈകിയിതേറെയെങ്കിലുമറിയുക ഓമനേ,

ജന്മാന്തരങ്ങൾ കഴിഞ്ഞാലും-

സജീവം നിന്നോർമ്മകൾ

എന്നാത്മാവിന്നന്തരാളങ്ങളിൽ

Generated from archived content: poem_july16.html Author: sandhya_m

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English