“മച്ചാ, ബിയര്‍ അടിച്ചു വണ്ടി ഓടിച്ചാ പോലീസ് പിടിക്കുമോ?”
“അറിയില്ല.”
“അല്ല, അവരുടെ കൈയിലുള്ള ആ സാധനത്തില്‍ ഊതിച്ചാല്‍ അതില്‍ അറിയുമോ? ബിയറിനെ അതു പിടിക്കുമോ?”
“എനിക്കറിഞ്ഞുകൂട മച്ചാ.”
“ഏതായാലും ഈ പാതിരാത്രിക്ക് റിസ്ക് വേണ്ടടേയ്. നീ വണ്ടി ഓടിക്കണ്ട. വണ്ടി ഇവന്‍ ഓടിക്കട്ടെ.”
“ശരി. ഇതാ, കീ പിടി മച്ചാ.”
“ഓകെ, മച്ചാ. റൈറ്റ്. കേറ്.”
അങ്ങനെയാണ് ആദ്യമായി ഞാന്‍ ചെന്നൈയില്‍ ബൈക്ക് ഓടിക്കുന്നത്. മദ്യം നിമിത്തം! ബൈക്ക് ഓടിക്കാനറിഞ്ഞുകൂടാഞ്ഞിട്ടല്ല. എങ്കിലും ചെന്നൈയിലെ വിശാലമായ റോഡുകളിലൂടെ കണ്ണും മൂക്കും നോക്കാതെ ചീറി പായുന്ന വണ്ടികള്‍ക്കിടയിലൂടെ മര്യാദക്ക് ബ്രേക്കോ ഹോണോ ഇല്ലാത്ത ഇവന്റെ ബൈക്ക് ഓടിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളില്‍ ഒരാന്തലില്ലാതിരുന്നില്ല.
“മച്ചാ, വണ്ടി ഓടിക്കാനറിയാമല്ലോ?”
“എന്താ മച്ചാ ചോദിക്കണത്? നാട്ടില്‍ കാറ് നൂറില്‍ പറത്തിയതിന് മൂന്നു തവണ ഫൈന്‍ അടിച്ചവനാണ് ഞാന്‍. പിന്നല്ലേ ബൈക്ക്!”
അവനെ സമാധാനിപ്പിച്ചു. എന്റെ ഭയം അവനെന്തിന് അറിയണം? ഫസ്റ്റ് ഗിയര്‍ പൊതുവെ ഒരു വൃത്തി കെട്ട ഗിയറാണ്. പ്രത്യേകിച്ചും കയറ്റമൊന്നുമില്ലെങ്കില്‍. വണ്ടി വെറുതേ ചാടും, പുളയും. സെക്കന്റ് ഗിയറു കൊള്ളാം. ഒരു കണ്‍ട്രോളൊക്കെയുണ്ട്. പീസ്‌ഫുള്‍. അങ്ങനെ അങ്ങു പോകാനൊക്കുമോ? തേര്‍ഡിലേക്ക് പോണം. സ്പീഡ് കൂട്ടണം. തേര്‍ഡ് ഗിയര്‍ എനിക്ക് പൊതുവെ പേടിയാണ്. ആക്സിലറേഷന്‍ തന്നെ കാരണം. ഫോര്‍ഗിയറിലെത്തുമ്പോള്‍ ആശ്വാസമാണ്. പൊടുന്നനെ ടെന്‍ഷനെല്ലാം ഒന്നയഞ്ഞ പോലെയാണ്. വണ്ടിക്ക് സ്പീഡുണ്ട്. അതങ്ങനെ പൊയ്ക്കൊള്ളും. നമ്മള്‍ ഇങ്ങനെ പിടിച്ച് ഇരുന്നു കൊടുത്താല്‍ മതി. വല്ല വണ്ടിയും കുറുകെ ചാടുകയോ, ഒരു ഹമ്പ് ഇടങ്കോലിടുകയോ, ഒരു ഗട്ടര്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ തീര്‍ന്നു. പിന്നെ ആശങ്കയുടെ നിമിഷങ്ങളാണ്. ബ്രേക്കിടണം, ക്ലച്ച് പിടിക്കണം, ഗിയറു താഴ്‌ത്തണം, പുറകില്‍ നിന്നാരെങ്കിലും വന്നിടിക്കുമോ എന്നു നോക്കണം. പണ്ടാരം. ഇവന്റെ ബൈക്കിന് പിന്നെ റിയര്‍വ്യൂ മിറര്‍ ഇല്ല. പുറകിലെ ട്രാഫിക്കെല്ലാം ഒരു ഊഹം മാത്രം. ജീവിതം പോലെ തന്നെ.
“മച്ചാ… ഭയങ്കര ദാഹം, മച്ചാ. ബിയറടിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാന്‍ മറന്നു പോയി. ചിക്കന്‍ വയറ്റില്‍ കിടന്നു പുളയുന്നു.”
പാസഞ്ചേഴ്സ്, പ്ലീസ് വെയര്‍ യുവര്‍ സീറ്റ് ബെല്‍റ്റ്. വീ ആര്‍ ഗോയിംഗ് ടു ലാന്റ് ഇന്‍ എ ഫ്യൂ മിനുറ്റ്സ്. ടിങ്ങ് ടോങ്ങ്. ലെഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വണ്ടി ഒതുക്കി. പുറകില്‍ നിന്ന് വല്ലവനു വന്നിടിക്കുമോ എന്ന ഭയം സൈഡ് സ്റ്റാന്‍ഡ് ഇടുമ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഒരു ചെറിയ ബേക്കറി. ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍ വാങ്ങി. അവനു കൊടുത്തു. കുടിക്ക്. ജയാ ടീവിയില്‍ ‘അമ്മ’ മോദിയെ കാണാന്‍ വിമാനത്തില്‍ ചെന്നതും, അദ്ദേഹത്തെ കണ്ടതും, തമിഴന്റെ സങ്കടങ്ങളെല്ലാം ഒരു കടലാസിലാക്കി കവറിലിട്ട് ഒട്ടിച്ച് മൂപ്പര്‍ക്ക് കൊടുത്തതും വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരുന്നു. എടുത്തെടുത്തു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ‘മക്കള്‍’ കാണണം. അറിയണം. ഓര്‍ത്തിരിക്കണം. അവരുടെ മനസ്സുകളില്‍ എല്ലാം പതിയണം.
എന്തുവാടേ ഇത്. ആക്രാന്തം. കുറച്ച് വെള്ളം എനിക്കു കൂടെ താടേ. ഓന്റെ ഒരു വെള്ളം കുടി. ബാക്കി വന്ന രണ്ടിറക്ക് വെള്ളം വായിലോട്ടു കമഴ്‌ത്തി കുപ്പി കുപ്പയില്‍ തള്ളിയ ശേഷം ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. പുറകില്‍ അവനും. ചൂടുള്ള കാറ്റ് മുഖത്തും കണ്ണുകളിലും വന്നടിച്ചു കൊണ്ടിരുന്നു. പൊടിയും പുകയും നിറഞ്ഞു വായു എന്റെ ശ്വാസകോശവുമായി നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. ഹമ്പുകള്! ; ഡിവൈഡറുകള്; ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ എതിര്‍ദിശയില്‍ നിന്നു പാഞ്ഞു വന്നു കൊണ്ടിരുക്കുന്ന വാഹനങ്ങള്‍; ചുവപ്പ്, മഞ്ഞ, പച്ച (കാര്യമില്ല. ഇതൊക്കെ ആരു നോക്കാന്‍. ജംഗ്ഷനുകള്‍ മരണക്കെണികളെ പോലെ തോന്നിച്ചു.); ഓവര്‍ ബ്രിഡ്ജുകള്‍; അണ്ടര്‍ പാസുകള്‍; ഇടതുവശത്തുകൂടെയും വലതുവശത്തുകൂടെയും ഒരു പോലെ ഓവര്‍ടേക്കു ചെയ്തു കടന്നു പോകുന്ന വണ്ടികള്‍. റോഡുകള്‍ കാടുകള്‍ പോലെ തന്നെയാണ്. ഏതു നിമിഷവും ജാഗരൂകരായിരിക്കണം. ഇല്ലെങ്കില്‍….
“മച്ചാ, വണ്ടി നിര്‍ത്ത്. മൂത്രം ഒഴിക്കണം.”
വീണ്ടും പാസഞ്ചേഴ്‌സ് വെയര്‍ സീറ്റ്ബെല്‍റ്റ്. സിഗ്നല്‍ ഇട്ടു. വണ്ടി നിര്‍ത്തി, ഇരുട്ടത്ത്, ഓരമായി. ശൂന്യമായ ആകാശം. തിങ്കളുമില്ല താരങ്ങളുമില്ല. എന്റെ മനസ്സു പോലെ തന്നെ. സര്‍വത്ര പുക മാത്രം. സുവര്‍ണ്ണ നിറമുള്ള പുക. നിര്‍ത്താതെ ഹോണടിച്ചുകൊണ്ട് ഒരു ട്രക്കര്‍ കടന്നുപോയി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു ഞങ്ങളും യാത്ര തുടര്‍ന്നു. മനസ്സ് ഇങ്ങനെ ഓരോന്നിലായി വ്യാപരിക്കാന്‍ തുടങ്ങി. വേലാച്ചേരി, ഗവര്‍ണേഴ്‌സ് ഹൗസ്, അണ്ണാ യൂണിവേഴ്‌സിറ്റി, പാലം, ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്, ഐഐടി, അണ്ണാ സെന്റിനറി ലൈബ്രറി, ഓക്സ്ഫോര്‍ഡ് പ്രെസ്സ്, എട്ടാം നില, പുസ്തകങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല, വിക്കീപീഡിയ, ബ്യൂണോ എയറസ്, ജോര്‍ജ്ജ് ബോര്‍ജസ്, ലാബിരിന്ത്, ഇമ്മോര്‍ട്ടാലിറ്റി, ഹോമര്‍, ഇലിയഡ്, രാമായണം, ഇതിഹാസങ്ങള്‍, കഥകള്‍, നോവലുകള്‍, വായന, പുസ്തകങ്ങള്‍ ലൈബ്രറി, അണ്ണാ സെന്റിനറി ലൈബ്രറി, തായ് കോണ്‍സുലേറ്റ്, അമേരിക്കന്‍ കോണ്‍സുലേറ്റ്, ഹിലരി ക്ലിന്റണ്‍, ‘അമ്മ’, പീഡിയാട്രിക് ഹോസ്പിറ്റല്‍, ഗവേഷണം, ബൗദ്ധികചിന്ത, കാപ്പിക്കട, മത്സരം, രാഷ്ട്രീയം, വൈരാഗ്യം, കൊല, അറസ്റ്റ്, അമ്പത്തൊന്ന്, അയക്കൂറ, പൈശാചികം, കൊലപാതകം, രാഷ്ട്രീയം, ഇടത്, വലത്, ഫാസിസം, മോദി, വികസനം, ഗുജറാത്ത്, ഹോറിങ്ക്യ, മുസഫര്‍ബാദ്, മുംബൈ, മാറാട്, പുറങ്കടല്‍, തീവ്രവാദം, മതം, ദേശീയത, പതാക, ത്രിവര്‍ണ്ണപ്പതാക, തൃപ്പതാക, തൃക്കണ്ണന്‍, ശിവന്‍, ഓങ്കാരം, ഓം, ശിവോഹം, ശിവോഹം, ശിവോഹം, രുദ്രനാമം ഭജേഹം…. ഛെ. എന്താ?
“സിഗരറ്റ്.?”
“വേണ്ട മച്ചാ. ഞാന്‍ ഇതൊന്നും പതിവില്ല.”
“എന്നാലും മച്ചാ, നീയെന്നെ ഇത്രയും ദൂരം കൊണ്ടുവന്നാക്കിയില്ലേ?”
ജീവിതം ജീവിക്കാനുള്ളതാണ്. അപ്രോച്ച് ആന്റ് വിത്ത്ഡ്രോവല്‍ ആര്‍ ഓള്‍ പാര്‍ട്ട് ഓഫ് ദ ഗെയിം. ലൗ ഡസ് നോട്ട് ഹാപ്പന്‍. യു ജസ്റ്റ് ഫാള്‍ ഇന്‍ ലൗ. ജസ്റ്റ് ഫാള്‍! വീഴണം. വിത്ത്ഡ്രോവലല്ല, അപ്രോച്ച്. ഇമോഷനും, അതിന്റെ വാലന്‍സുമൊക്കെ അവിടെ ഇരിക്കട്ടെ. അപ്രോച്ച്. അതാണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത്. തല പെരുക്കുന്നുവോ?
“ഇത് പിടി. ഗോള്‍ഡ് ഫ്ലേക്ക്, ഫില്‍ട്ടര്‍.”
ചുണ്ടുകള്‍ക്കിടയില്‍ തിരുകി. അറ്റം കത്തിച്ചു. വലിച്ചു. ഉഷ്‌ണത്തിന്മേല്‍ ഉഷ്‌ണം. വിഴുങ്ങി. അല്പം മാത്രം. ഒട്ടും ചുമയ്‌ക്കാതെ ചാരനിറത്തിലുള്ള പുക പുറത്തേക്ക് വിട്ടു.
“മച്ചാ, നീ ഒരു പ്രോയെ പോലെയാണല്ലോ വലിക്കുന്നത്? ഇതുവരെ വലിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ വയ്യ.”
“വലിച്ചിട്ടുണ്ട്. അഞ്ചില്‍ പഠിക്കുമ്പോള്‍. ദിനേസ് ബീഡി. പക്ഷേ അന്ന് വിഴുങ്ങാനൊന്നും അറിയില്ലായിരുന്നു.”
അവന്റെ ‘പ്രോ’ പ്രയോഗം എനിക്ക് മുമ്പില്ലാത്ത ഒരു ധൈര്യം പകര്‍ന്നു തന്നു. ആത്മവിശ്വാസവും. കസേരയില്‍ ചാരിയിരുന്ന് ഒരു പുക കൂടെ എടുത്തു. ശ്വാസത്തിന്റെ കൂടെ പതുക്കെ ഉള്ളോട്ടെടുത്തു. ഉഷ്ണം, പുറത്തും അകത്തും. തല ചൂടാകുന്നുവോ? പതിയെ പുക പുറത്തേക്ക് വിട്ടു. അതെ, തല പെരുക്കുന്നു. അല്ല, തല ചുറ്റുന്നു. സിഗരറ്റിന് ഇത്രയും പവറോ? തോല്‍ക്കാന്‍ പാടില്ല. ഒരു പുക കൂടെ എടുക്കണം. വാശിയാണ് . എടുത്തു. മുടിഞ്ഞു. ഇരിക്കുന്ന കസേരയും ഞാനും ഒഴിച്ച് എല്ലാം, അവനടക്കം, അങ്ങോട്ടുമിങ്ങോട്ടും ആടിയുലയാന്‍ തുടങ്ങി. ഒന്നിനും ഒരു സ്ഥിരതയില്ല. ജീവിതം പോലെ തന്നെ. കണ്ണുകള്‍ അടയുന്ന പോലെ. കാലുകള്‍ നിലത്ത് തൊടാത്ത പോലെ. കസേരയില്‍ ചാരിക്കിടന്നു. ഉറങ്ങിയോ? ഇടക്ക് നോക്കുമ്പോള്‍ കൈയില്‍ സിഗരറ്റ് എരിഞ്ഞു കൊണ്ടിരിക്കുന്നു. പുറത്തേക്ക് ഒരേറു കൊടുത്തു.
“വേണ്ട മച്ചാ, ഇതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല. സിഗരറ്റ്, ബിയറ്, വെടി, ഛെ!”
ഞാന്‍ എണീറ്റു.
“മച്ചാ, ഞാമ്പോണേണ്.”
“ഹ ഹ, മച്ചാ, നീ ഏതു നാട്ടുകാരനാണ്ട?”
“ഞമ്മക്ക് നാടൂല്ല്യ, കൂടൂല്ല്യ. ഒരു യൂണിവേഴ്‌സല്‍ സിറ്റിസണ്‍ ആണ് ഞമ്മള്‍. സാര്‍വ്വപ്രപഞ്ചികപൗരന്‍.”
അവന്റെ ബൈക്ക് ഞാനെടുത്തു. വീട്ടില്‍ പോകണ്ടേ. പാതിരാത്രിക്ക് മറ്റെന്തു മാര്‍ഗം? ഓരോ തവണ നിശ്വസിക്കുമ്പോഴും മൂക്കിനുള്ളില്‍ സിഗററ്റിന്റെ ഒരു വൃത്തികെട്ട വാട അടിക്കുന്നതു പോലെ. മനം പിരട്ടിയിട്ടു വയ്യ. പണ്ടാരം. ഇത്രയും വൃത്തികെട്ട സാധനമാണോ ഈ സിഗരറ്റ്. അല്പം ശുദ്ധവായുവിനു വേണ്ടി ദാഹിച്ചു. കിട്ടിയില്ല. പൊടി, പുക, ചൂട്. അല്പം ശുദ്ധമായ തണുത്ത വായു കിട്ടിയിരുന്നെങ്കില്‍!
മനസ്സ് വീണ്ടും പറക്കാന്‍ തുടങ്ങി. വായു, തണുപ്പ്, സുഖം, ഉറക്കം, സ്വപ്നം, കയം, വീഴ്ച്ച, കാലടിയില്‍ തെന്നുന്ന നിലം, പൂഴിമണ്ണ്, തിര, കടല്‍, കടലോരം, അച്ഛന്‍….
അച്ഛന്‍ ഇടക്കൊക്കെ സിഗരറ്റ് വലിക്കുമായിരുന്നു. ഇതൊന്നും ഒരിക്കലും ചെയ്യരുതെന്ന് എന്നോടെ പല തവണ പറയുമായിരുന്നെങ്കിലും. തിരയില്‍ ഇറങ്ങി നില്‍ക്കുമ്പോള്‍ കാലടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയാം. അല്പനേരം നിന്നാല്‍ നിന്നിടം കുഴിയും. അഞ്ചാം ക്ലാസുകാരന്‍ വലുതായില്ലേ. ഇനി തിരയില്‍ ഒറ്റക്കുനില്‍ക്കാം. കടല്‍ അവിടെയാണ്. സൂര്യനും. അസ്തമയം ഇപ്പോള്‍ വരും. തിരയില്‍ നില്‍ക്കുക രസമാണ്. അത് ഒരു ലഹരി നല്‍കുന്നു. മണ്ണ് ഇളകുന്നു. അല്പം കൂടെ ഇറങ്ങാം. കാല്‍വണ്ണ വരെ. മുട്ടുവരെ. വലിയ തിര വന്നു. മണ്ണ് ഇളകി. ശരിക്കും. ഭൂമി ഒലിച്ചുപോയി. ഞാന്‍ മാത്രം നിശ്ചലം. ലോകം കീഴ്മേല്‍ മറിഞ്ഞു. തിര എന്നിലേക്ക് വീണു. ഞാന്‍ തിരയ്ക്കടിയിലായി. തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍ ചാടിയെഴുന്നേല്‍ക്കുന്നു. കൈകൊണ്ട് എന്തോ ആംഗ്യം കാണിക്കാന്‍ ശ്രമിക്കുന്നു. തിരക്കൊപ്പം ഭൂമിയും എന്നിലേക്ക വീണു. പൂഴി എന്റെ കൈയില്‍ തടഞ്ഞു. വിരലുകള്‍ ആഴ്‌ന്നിറക്കി ഞാന്‍ ഭൂമിയെ പിടിച്ചു നിര്‍ത്തി. ഇളകരുത്. സ്ഥൈര്യം. അചഞ്ചലം.
“ഇനി അത്ര താഴേക്ക് പോണ്ട. ഇവിടെ അറ്റത്ത് ഇന്നാല്‍ മതി. കണങ്കാല്‍ വരെയേ തിരയില്‍ മുങ്ങാവൂ.”
കണങ്കാല്‍ വരെ തിര. രസമില്ല. ലഹരിയില്ല. ഇന്‍ഡിക്കേറ്ററിട്ട് ജംഗ്ഷനില്‍ വിരസമായി വണ്ടി തിരിച്ചു. പോലീസ് വാഹനത്തില്‍ നിന്ന് ഒരു അലര്‍ച്ച കേട്ടു.
“അന്ത ഓട്ടോ അങ്കെ നിന്ന് എടുത്ത് മാത്ത്. ഇങ്കെപോട്. അങ്കെ പോട്.”
എന്തരോ എന്തോ. പോലീസ് റൂള്‍സ് നടപ്പിലാക്കേണ്ടവര്‍ ആകുന്നു. അലര്‍ച്ച അതിന്റെ ഭാഗമാകുന്നു. അത് അവരുടെ ധര്‍മ്മം ആകുന്നു. പ്രധാനമന്ത്രി ആറരക്ക് ജോലി ആരംഭിക്കുകയും പാതിരാത്രി വരെ സ്വധര്‍മ്മം പാലിക്കുകയും ചെയ്യുന്നു. പത്രങ്ങള്‍ ഈ കാര്യം നമ്മെ യഥാസമയം അറിയിച്ച് അവരുടെ ധര്‍മ്മം നിറവേറ്റുന്നു. അപ്പോള്‍ പിന്നെ പ്രജകള്‍ അലസരായി ഇരിക്കാമോ? ധര്‍മ്മം, ജോലി, പുരോഗമനം, വികസനം, നാഗരികത, സംസ്കാരം, ദേശീയത, ഭാഷ, രാഷ്ട്രം, സാഹോദര്യം, രാജ്യാന്തര സാഹോദര്യം, രാജ്യാതീത സാഹോദര്യം, രാജ്യാന്തരരാജ്യം, സമൂഹം, ഐക്യം, വ്യക്തി, സ്വത്വം, വൈരുദ്ധ്യം, സ്പര്‍ദ്ധ, കാലുഷ്യം, കലാപം, കല, സാഹിത്യം, അന്തര്‍മുഖത്വം, ഉള്‍വലിച്ചില്‍, നാണം കുണുങ്ങി, കഴിവുകേട്, ഷണ്‍ഡത്വം, നപുംസകം, ഒറ്റപ്പെടല്‍, ഏകാന്തത, മരണം, അത്മാഹുതി, മഞ്ഞ, ചുവപ്പ്, കറുപ്പ്, ഇരുട്ട്….
വളവു വളഞ്ഞതും ഇരുട്ടില്‍ ചെന്നു കേറി. അരണ്ട വെളിച്ചമുണ്ട്.
“നിര്‍ത്തുങ്കോ….”
“ഒരു നിമിഷം. വണ്ടി കൊഞ്ചം നിര്‍ത്തുങ്കോ….”
അരണ്ട വെളിച്ചത്തില്‍ ഇരുട്ടിന് ജീവന്‍ വച്ചതുപോലെ മൂന്നു രൂപങ്ങള്‍ റോഡില്‍ നില്‍ക്കുന്നു. അവര്‍ എന്നെ തടയാന്‍ ശ്രമിക്കുകയാണ്. മുഷിഞ്ഞ വസ്ത്രങ്ങള്‍. പറന്നുലഞ്ഞ മുടി. മെലിഞ്ഞുണങ്ങിയ ശരീരങ്ങള്‍. സ്ത്രീകള്‍. മനസ്സില്‍ പൊടുന്നനെ ഒരാന്തല്‍. വെട്ടേറ്റ് വഴിയില്‍ ചത്തു മലച്ചു രക്തം വാര്‍ന്നു കിടന്ന ഒരു ശരീരം ഓര്‍മ്മകളില്‍ ഒരു മിന്നായമായി തെളിഞ്ഞു വന്നു. എന്നായിരുന്നു ! അത്! ബൈക്ക് വെട്ടിച്ച് മുന്നോട്ടെടുത്തു. ആരെയും മുട്ടാതെ രക്ഷപ്പെട്ടു. പാതിരാത്രിയില്‍ ഒറ്റക്ക് ഈ വഴികളിലൂടെ സഞ്ചരിക്കുന്നത് തന്നെ അബദ്ധം. ബൈക്ക് തേര്‍ഡ് ഗിയറില്‍ പിടിച്ച് മുന്നോട്ട് കുതിപ്പിക്കുന്നതിനിടെ ഒന്നു തിരിഞ്ഞു നോക്കി. ദയനീയമായ ഒരു മുഖം. ആ മുഖത്ത് നിറയെ യാചന. ദയവു ചെയ്ത് ഒന്നു നിര്‍ത്തൂ. ഞങ്ങളുടെ പ്രശ്നം ഒന്നു കേള്‍ക്കൂ.
ബൈക്ക് നിന്നില്ല. എന്റെ കാല്‍ ബ്രേക്കില്‍ അമര്‍ന്നില്ല. ആക്സിലറേറ്ററില്‍ നിന്ന് കൈ അയഞ്ഞില്ല. തേര്‍ഡ് ഗിയര്‍ ഫോര്‍ത്തിലേക്ക് മാറി. ഇരുട്ടിനെ കീറിമുറിച്ച് ഞങ്ങള്‍, ഞാനും ബൈക്കും, ചീറിപ്പാഞ്ഞു.
രാവിലെ പിടിച്ചു വച്ച വെള്ളത്തിനു മാത്രം തണുപ്പുണ്ടായിരുന്നു. എടുത്ത് തലയിലൂടെ കമഴ്‌ത്തി. തണുപ്പ്. തണുപ്പ്. കുളിര്. സുഖം. സൗഖ്യം. ആനന്ദം. മലയാളം. ദേഹം തുടയ്‌ക്കാതെ നനവോടുകൂടി ഫാനിനടിയില്‍ പാ വിരിച്ചു കിടന്നു. ഇരുട്ടില്‍ കണ്ണടച്ച് കിടക്കുമ്പോള്‍ ദയനീയമായ ഒരു മുഖം മനസ്സില്‍ ഉയര്‍ന്നു വന്നു. അടക്കുവാന്‍ എത്ര ശ്രമിച്ചിട്ടും അടങ്ങാതെ എന്തിനെന്നില്ലാത്ത ഒരു കുറ്റാബോധവും. മനസ്സ് സെര്‍ച്ച് ചെയ്തുകൊണ്ടിരുന്നു. ലിങ്കുകളില്‍ നിന്നും പുതിയ ലിങ്കുകളിലേക്ക് അത് പോയ്ക്കൊണ്ടിരുന്നു. ഒന്നും വായിക്കാതെ, ഗ്രഹിക്കാതെ, സേവ് ചെയ്യാതെ. അനസ്യൂതം.
കുറ്റബോധം, കുറ്റം, ബോധം, അറിവ്, ഭയം, യാചന, ദയനീയത, വിശപ്പ്, ഭക്ഷണം, വെള്ളം, ക്ഷീണം, നിരാശ, വെറുപ്പ്, പണ്ടാരം, ലോകം, നാശം, സിസ്‌റ്റം, ഐഡിയോളജി, പരാജയം, സയന്‍സ്, മോഡേണ്‍ സയന്‍സ്, ന്യൂജനറേഷന്‍ സയന്‍സ്, ന്യൂറോ സയന്‍സ്, ആഡ്സെന്‍സ്, നോണ്‍സെന്‍സ്, മനസ്, മറവി, അജ്ഞത, മൃഗം, ചിമ്പാന്‍സി, ബോനെബോ, വെജിറ്റേറിയന്‍, നോണ്‍, സെക്സ്, ശാന്തത, വയലന്‍സ്, രക്തം, വിയര്‍പ്പ്, അദ്ധ്വാനം, ശരീരം, തലച്ചോര്‍, മണ്ണാങ്കട്ട, ക്ഷീണം, ഉറക്കം, മയക്കം, നിദ്ര, ചിന്ത, ഓര്‍മ്മ, സ്വപ്നം, കയം, വീഴ്ച്ച, അമ്മ, അമ്മ, അം അഃ.
Generated from archived content: story1_july9_14.html Author: sandeep_palakkal
Click this button or press Ctrl+G to toggle between Malayalam and English