വായന

‘ഇമിറ്റേഷൻ ഓഫ്‌ ക്രൈസ്‌റ്റ്‌’ എന്ന ഹൃദയസ്‌പർശിയായ ആത്മീയ ഗ്രന്ഥത്തിന്റെ രചയിതാവ്‌, തോമസ്‌ കെംപിസ്‌ പറയുന്നു.

“പലേടങ്ങളിലും ഞാൻ വിശ്രമം തേടിയിരുന്നു. എന്നാൽ, എന്റെ മുറിയുടെ ഏകാന്തതയിൽ ഒരു പുസ്‌തകവുമായി കഴിഞ്ഞിരുന്നപ്പോൾ മാത്രമാണ്‌, ഞാൻ ആശിച്ച വിശ്രമം ലഭിച്ചിരുന്നത്‌.”

ധ്യാനവും വായനയും സമാന സ്വഭാവമുള്ള രണ്ടുപ്രക്രിയകളാണ്‌. ധ്യാനത്തിനു വിരുദ്ധമാണു വായന, എന്നു തോന്നുന്ന നിമിഷം, വായന മതിയാക്കുകയാണ്‌ ഉത്തമം. എല്ലാവിധത്തിലുമുള്ള വായനയും ഒറ്റയടിക്ക്‌ ഉപേക്ഷിക്കുക.

എന്നാൽ ആദ്യകാലത്ത്‌, അതായത്‌, ചിട്ടയായും ക്രമമായും ധ്യാനം ആരംഭിക്കും മുമ്പ്‌, വായന തീർച്ചയായും പ്രയോജനം ചെയ്യും. വായനയ്‌ക്കു പകരമായി ധ്യാനത്തേയോ, ധ്യാനത്തിനു പകരമായി വായനയേയോ കാണാതിരിക്കുക. വായനകൂടുന്തോറും ക്ഷീണം വർദ്ധിക്കുന്നു. ഊർജ്ജം നഷ്‌ടമാവുന്നു. ധ്യാനിക്കാനുള്ള ആസക്തി കുറയുന്നു. എത്രതന്നെ വായിച്ചാലും വായനയ്‌ക്കു അറുതി വരുന്നതല്ല എന്ന്‌ അനുഭവത്തിൽ നിന്നും അറിയാം. വായനകൊണ്ട്‌ ചിന്തയും ബുദ്ധിയും കാടുകയറിയ അനുഭവമുണ്ടാകുമ്പോൾ ധ്യാനം തീരെ അസാദ്ധ്യമായി അനുഭവപ്പെട്ടേയ്‌ക്കാം. പൊതുവേ പറഞ്ഞാൽ, വായനയുടെ അന്ത്യം ധ്യാനത്തിന്റെ തുടക്കമായി ഭവിക്കുകയാണു ചെയുന്നത്‌.

എന്നിരിക്കലും, വായനയ്‌ക്കും ധ്യാനത്തിനും ഒരു പ്രത്യേക തലത്തിൽ സാധർമ്മ്യം കണ്ടെത്താനാവും. വായന നേരംപോക്കെന്ന നിലവിട്ട്‌, അന്വേഷണം തന്നെയാവുമ്പോൾ അത്‌ ധ്യാനവുമായി സമാനസ്വഭാവം കൈവരിക്കുന്നു. അത്തരം വ്യക്തികൾക്ക്‌ വായനയിലൂടെ തന്നെ ധ്യാനം പൂർത്തിയാക്കാവുന്നതേയുള്ളൂ. ധ്യാനത്തിന്റെ ചിട്ടവട്ടങ്ങൾ വായനയിൽ അപ്രസക്തമാകുന്നു. ഒരു യോഗി, അനേകകൊല്ലംകൊണ്ട്‌, ഒരു പക്ഷേ, അനേക ജന്മം കൊണ്ട്‌ ധ്യാനത്തിലൂടെ നേടിയെടുക്കുന്ന ആത്മീയോർജ്ജം, ഒരു വായനക്കാരന്‌ കുറഞ്ഞ കൊല്ലംകൊണ്ട്‌, ഈ ജന്മത്തിൽതന്നെ നേടിയെടുക്കാൻ സാധിക്കുമെന്നു സാരം. അതിനാൽ വർത്തമാന കാലത്തിൽ, വായനയ്‌ക്ക്‌, ധ്യാനത്തേക്കാൾ പ്രാധാന്യവും പ്രസക്തിയും കൈവന്നിരിക്കുന്നു. ഏകാന്തതയും നിശ്ശബ്‌ദതയുമാണല്ലേ, ധ്യാനത്തിനുവേണ്ട മിനിമം സൗകര്യങ്ങൾ. വായനയ്‌ക്കും ഇവ കൂടിയേ തീരു. ധ്യാനമായാലും വായനയായാലും ടീം വർക്ക്‌ അല്ലെന്നു സാരം. വായന, ശ്വാസോച്ഛാസം പോലെ, നിരന്തരവും, സ്വച്ഛന്ദവുമാവുമ്പോൾ, ധ്യനത്തിന്റെ പരമലക്ഷ്യമായി കരുതപ്പെടുന്ന ആത്മസാക്ഷാത്‌കാരം സംഭവിച്ചില്ലെങ്കിലല്ലേ, അത്ഭുതപ്പെടേണ്ടതുള്ളൂ? ഇന്നേയ്‌ക്ക്‌ അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പാണ്‌ ‘ക്രിസ്‌ത്യാനുകരണം’ എഴുതപ്പെട്ടത്‌. ആറായിരം പതിപ്പുകൾ ഈ പുസ്‌തകത്തിനുണ്ടായിട്ടുണ്ട്‌. ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ഈ കൃതിക്ക്‌ , മലയാളം ഉൾപ്പെടെ അഞ്ഞൂറിലധികം ഭാഷകളിൽ വിവർത്തനങ്ങളുണ്ടായിട്ടുണ്ട്‌. മലയാളത്തിൽ, ഗദ്യത്തിലും പദ്യത്തിലുമായി. സാഹിത്യത്തിലും പദ്യത്തിലുമായി, സാഹിത്യമൂല്യമുള്ള പലവിവർത്തനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. ഈ കൃതിയുടെ, അനന്യലബ്‌ധമായ വശീകരണശക്തിയുടെ രഹസ്യമെന്താണ്‌?

സമാധാനം, എന്നും കേൾക്കുമ്പോൾ, ലോകസമാധാനത്തെക്കുറിച്ചാണു ഏവരും ഓർക്കുന്നത്‌. ഇതങ്ങോട്ട്‌ യഥാർത്ഥ്യമാവുന്നില്ലെന്നു മാത്രമല്ല, ദിവസം ചെല്ലുന്തോറും, ലോകത്ത്‌ അസമാധാനം വർദ്ധിച്ചുവരുന്നതായാണാനുഭവം.

എന്നാൽ, ഏതൊരു വ്യക്തിയിലും ഒരാന്തരിക ലോകമുണ്ട്‌. ഈ ആന്തരികലോകത്തിൽ സമാധാനം സാദ്ധ്യമാണ്‌. ഇപ്പോൾ, ഈ നിമിഷം തന്നെ അതുണ്ട്‌. “സകലബുദ്ധിയേയും കവിയുന്ന” ദൈവിക സമാധാനമാണിത്‌. ഇപ്പോൾ, സമാധാനം കൈവരിക്കാൻ കഴിയാതിരിക്കുന്നവർക്ക്‌ അത്‌ ഉറപ്പായി വാഗ്‌ദാനം ചെയ്യുന്ന, അതിമനോഹരമായ ഒരു കൈപ്പുസ്‌തകമാണ്‌“ ക്രിസ്‌തുവിനെ അനുകരിക്കാൻ ആഹ്വാനം ചെയ്യുന്ന ‘ഇമിറ്റേഷൻ ഓഫ്‌ ക്രൈസ്‌റ്റ്‌! രണ്ടാമതൊരു പുസ്‌തകം വായിക്കാതെ മനസ്സിനെ സാന്ത്വനപ്പെടുത്തുന്ന ഇതര ധ്യാനപദ്‌ധതികളിലൊന്നും ഏർപ്പെടാതെതന്നെ, അന്തരികസമാധാനം യഥാർത്ഥ്യമാണെന്നു അനുഭവിച്ചറിയാനാവും, ഇതു വായിച്ചാൽ!

ഒരു ചൈനീസ്‌ പഴമൊഴിയുണ്ട്‌. ”നൂറു പുസ്‌തകം ഒരു തവണ വായിക്കുന്നതിനേക്കാൾ ഒരു പുസ്‌തകം നൂറുതവണ വായിക്കുന്നതാണുത്തമം. പക്ഷേ, നൂറുതവണ വായിക്കാൻ പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങൾ ലോകത്തിൽ അത്യപൂർവ്വമായേ ഉണ്ടുവുന്നുള്ളൂ“

തീർച്ചയായും നൂറുതവണ വായിക്കാൻ യോഗ്യമായ, അത്യപൂർവ്വഗ്രന്ഥങ്ങളിൽ ഒന്നത്രേ ”ക്രിസ്‌ത്യാനുകരണം“!.

(കടപ്പാട്‌ മൂല്യശ്രുതി)

Generated from archived content: essay1_april24_09.html Author: sanantharaj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here