ജോൺ എബ്രഹാംഃ അസ്വസ്ഥതകളുടെ രാജകുമാരൻ

“പട്ടിണികിടന്നു മരിക്കുമെന്നായാൽപോലും കച്ചവടസിനിമയുടെ ലോകത്തേയ്‌ക്കില്ല. എന്റെ സഹജീവികളോടു സംവദിക്കാൻ ഞാൻ തിരഞ്ഞെടുത്ത മാധ്യമമാണ്‌ സിനിമ. ഉറങ്ങാൻ ഒരു മേൽക്കൂരയും എനിക്കുവേണ്ട. പട്ടിണി കിടക്കാനും എനിക്കറിയാം. എനിക്ക്‌ ഞാനാഗ്രഹിക്കുന്ന സിനിമകൾ ഉണ്ടാക്കിയാൽ മതി.” ഈ വാക്കുകൾ ഇനി ആരിൽനിന്നും മലയാളിക്ക്‌ കിട്ടില്ല. ഇങ്ങിനെ ജീവിക്കാൻ, ജീവിച്ചുമരിക്കാൻ ആരും ധൈര്യപ്പെടുകയുമില്ല. ഇത്‌ ജോൺ എബ്രഹാമിനുമാത്രം അവകാശപ്പെട്ടതാണ്‌. കണ്ണഞ്ചിക്കുന്ന ഗ്ലാമറിന്റേയും പണക്കൊഴുപ്പിന്റേയും ലോകത്ത്‌ ജോൺ ഒരു കരടായിരിക്കാം, പക്ഷെ മനുഷ്യനെ അറിയുന്ന അവന്റെ വേദനകളെ അറിയുന്ന ജോണിനെ; സിനിമയെ ആത്‌മാവായി കരുതിയ ജോണിനെ മറന്നുകളയാൻ മലയാളിക്കാവില്ല.

പണിതീരാത്ത കെട്ടിടത്തിന്റെ മുകളിൽനിന്ന്‌ പകുതി പാടിയ പാട്ടിന്റെ സുഖത്തോടെ മരണത്തിലേക്ക്‌ വീഴുമ്പോഴും ജോൺ നമുക്ക്‌ കുറെ ചോദ്യങ്ങൾ തന്നിരുന്നു. അതിനൊന്നും ഉത്തരം കണ്ടുപിടിക്കാതെ നാം ജോണിനെ വിഡ്‌ഢിയാക്കുന്നു. ജോൺ എബ്രഹാം ആരെന്നുളള ചോദ്യത്തിനും നാം അലസ ഉത്തരങ്ങൾക്കായി മാത്രം നാവനക്കുന്നു. സിനിമയുടെ ഗ്ലാമർലോകമെന്ന കൊട്ടാരം വിട്ട്‌ തെരുവിലേയ്‌ക്കിറങ്ങിയ ബുദ്ധനായിരുന്നു ചിലർക്ക്‌ ജോൺ. ജീവിതം നശിപ്പിച്ച നാടോടി എന്ന്‌ പുച്ഛിക്കുന്നവരുമുണ്ട്‌. സമൂഹത്തിന്റെ കപടതകളെ നിക്ഷേധിക്കുന്ന തന്റെ സിനിമകൾ എന്നപോലെ കുത്തഴിഞ്ഞ ജോണിന്റെ ജീവിതവും ഒരു നിഷേധമാണ്‌ എന്നു വിശ്വസിക്കുന്നവരുമുണ്ട്‌. പറഞ്ഞുവരുമ്പോൾ ജോണിനെക്കുറിച്ചുളള വ്യാഖ്യാനങ്ങൾ ഏറെ. ഏതു ശരി എന്നന്വേഷിക്കുമ്പോൾ, എല്ലാത്തിന്റേയും ആകെത്തുകയായി ജോൺ മാത്രമാണ്‌ ശരി എന്നതാണ്‌ മറുപടി.

പ്രായോഗികതയുടെ വിശാലതകളിൽനിന്ന്‌ യാഥാർത്ഥ്യത്തിന്റെ നേർത്ത ഇരുണ്ടവഴികളിലൂടെ സഞ്ചരിച്ച ജോൺ നമുക്ക്‌ കാട്ടിത്തന്നത്‌ ജീവിതത്തിന്റെ ആരും കാണാത്ത ദൃശ്യങ്ങളാണ്‌. അതു തരുന്ന നൊമ്പരങ്ങൾ നമ്മെ മനുഷ്യരാക്കിത്തീർക്കുകതന്നെ ചെയ്യും. ഉയർന്ന ഉദ്യോഗവും തലയിലൊതുങ്ങാത്ത ബാങ്ക്‌ ബാലൻസുമായി, ജീവിതത്തിന്റെ യുക്തിരാഹിത്യത്തെപറ്റി എഴുതിഎഴുതി ചിരിക്കുന്ന ഒരുവനല്ല ജോൺ. ജോണിന്‌ വേണമെങ്കിൽ അങ്ങനെ ആകാമായിരുന്നു. എന്നാൽ കലയിലും ജീവിതത്തിലും ജോൺ ഒന്നായിരുന്നു. തന്റെ കലയിലേതുപോലെ ജോൺ ജീവിച്ചു; അങ്ങനെ ഒറ്റ തന്തയ്‌ക്കു പിറന്നവനായി. പകൽ വെളിച്ചത്തിൽ വേശ്യകളോട്‌ സംസാരിച്ചു, തെരുവുതെണ്ടികൾക്കൊപ്പം ചാരായം കുടിക്കുകയും ബീഡി വലിക്കുകയും ചെയ്‌തു. ഷർട്ടിലഴുക്കുകണ്ടാൽ വേദനിക്കുന്ന ‘മനുഷ്യ സ്‌നേഹികൾക്ക്‌’ ജോൺ അത്ഭുതമായി. ചിലർക്ക്‌ അറപ്പായി. പക്ഷെ ജോൺ ആ കാഴ്‌ചകളിലേയ്‌ക്കൊന്നും തിരിഞ്ഞില്ല. ജോണിന്റെ വഴി സിനിമ മാത്രമായിരുന്നു.

പതിനെട്ടു വർഷത്തെ ചലച്ചിത്ര സപര്യക്കിടയിൽ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ചിത്രം ഉൾപ്പെടെ ആറു രചനകളാണ്‌ ജോണിന്റെ ആകെ സംഭാവന. “വിദ്യാർത്ഥികളേ ഇതിലേ ഇതിലേ” (1969) എന്ന ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ഒരു മൗലികകലാകാരന്റെ സാന്നിധ്യം ആ സിനിമയിലുണ്ടായിരുന്നു. കച്ചവട സിനിമയുടേയും കലാസിനിമയുടേയും പതിവു വഴികളെ തകർത്തുകൊണ്ട്‌ തന്റേതായ ഒരു രചനാശൈലി പിൻതുടരാനാണ്‌ ജോൺ ശ്രമിച്ചത്‌. “അഗ്രഹാരത്തിലെ കഴുതയിലും” (1978) ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലും (1983) ഈ ശ്രമം സാർത്ഥകമായി കണ്ടു.

‘അഗ്രഹാരത്തിലെ കഴുത’ ബ്രാഹ്‌മണവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന ഒരസംബന്ധവാദം ഇന്നും നിലനില്‌ക്കുന്നു. ഏറ്റവും മികച്ച തമിഴ്‌ചിത്രത്തിനുളള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ച ഈ സിനിമയുടെ സംപ്രേക്ഷണം ദൂരദർശൻ പലതവണ മാറ്റിവച്ചു.

“ചെറിയാച്ചന്റെ ക്രൂരകൃത്യ‘ങ്ങളിൽ ക്യാമറയ്‌ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട്‌ ജോൺ സ്വയം പ്രഖ്യാപിക്കുന്നു. ”ഞാൻ ഒരു പ്രാതിഭാസമല്ല“. ആരായിരുന്നു ജോൺ-ജോൺ തന്നെയായിരുന്നു ജോൺ എന്ന ഉത്തരമേ നമുക്കുളളൂ.

ഈ കലാപകാരിയുടെ ഓർമ്മകളും ചിത്രങ്ങളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്‌. ഈ അസ്വസ്ഥത നമ്മെ തിരിച്ചറിവുളളവരാക്കും തീർച്ച.

Generated from archived content: john_abraham.html Author: sameir

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here