വികൃതമാക്കപ്പെട്ട ഒരു ചിത്രം

ചിന്താവിഷ്‌ടയായി അവൾ ക്യാൻവാസിൽ നിറഞ്ഞു കിടന്നു. മോഹിപ്പിക്കുന്ന ശരീരവടിവുകളും, അരക്കെട്ടിൽ മുത്തിക്കിടക്കുന്ന അരഞ്ഞാണവും നേർത്ത നിശാവസ്‌ത്രങ്ങൾക്കിടയിലൂടെ ഞാൻ നോക്കിനിന്നു. മുറിയുടെ പലകോണുകളിൽ നിന്നു നോക്കുമ്പോൾ ചിത്രത്തിനുണ്ടാകുന്ന ഭാവ വ്യതിയാനങ്ങൾ സൂക്ഷ്‌മ നിരീക്ഷണത്തിനു വിധേയമാക്കി. ചെറിയൊരു വരക്കു പോലും ചിത്രത്തിന്റെ ഭാവത്തെ മാറ്റിമറിക്കാൻ കഴിയും പ്രതീക്ഷക്കൊത്ത്‌ ഉയരാൻ സൃഷ്‌ടിക്കു കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം മനസ്സിൽ ഏറിവന്നു. രൂപഭംഗിയിലും, ദൃശ്യസൗന്ദര്യത്തിലും മികവ്‌ പുലർത്തുന്നുണ്ടാകാം. പക്ഷെ എന്റെ മനസ്സിന്റെ ക്യാൻവാസിൽ ഇങ്ങനെ ഒരു രൂപമായിരുന്നില്ല എന്ന യാഥാർത്ഥ്യം ഒരു വെളിപാടുപോലെ ഞാൻ അറിയുന്നു. ഉള്ളിൽ പ്രതികാരം കത്തിജ്വലിക്കുന്ന സ്‌ത്രീത്വത്തിന്റെ ഭാവഭേദങ്ങൾക്കു നിറം ചാർത്താനുള്ള ശ്രമത്തിലാണ്‌. എന്നാൽ സ്‌ത്രീരൂപത്തിന്റെ സൗന്ദര്യം അൽപം കൂടിയപ്പോൾ ലാസ്യഭാവം നേരിയ മേൽക്കൈ നേടിയതായി എനിക്ക്‌ അനുഭവപ്പെടുന്നു. ചിലപ്പോൾ എന്റെ തോന്നലുകളാകാം.

തീജ്വാലകളുടെ ഷെയ്‌ഡുകൾ ചിത്രത്തിനു പശ്‌ചാത്തലമായി ചേർത്താൽ കുറേക്കൂടി മികവുറ്റതാകുമെന്ന്‌ മനസ്സുപറഞ്ഞു. മാനസ്സികാവസ്‌ഥ ആവിഷ്‌കരിക്കുമ്പോൾ അഗ്‌നിയുടെ സാധ്യത തള്ളിക്കളയാനാകില്ല. തെല്ലുദൂരെ മാറിനിന്നു നോക്കിയപ്പോൾ അതിന്റെ ആവശ്യകത കൂടുതൽ ബോധ്യമായി. ചുവന്ന ചായത്തിൽ ബ്രഷ്‌ മുക്കി. ചുവപ്പിന്റെ കാഠിന്യം കുറക്കാൻ കുറച്ച്‌ വെളുപ്പുകൂടിക്കലർത്തി സ്വയം തൃപ്‌തിവരുത്തി. നിറങ്ങളുടെ കോമ്പിനേഷനിലാണല്ലോ ചിത്രത്തിന്റെ തനിമ. ചായങ്ങളുടെ സമ്മിശ്രണം തിരിച്ചറിഞ്ഞു പ്രയോഗിക്കുമ്പോഴാണ്‌ സൃഷ്‌ടികർത്താവിന്റെ ചാതുരി പുറം ലോകത്തിന്‌ ആസ്വാദ്യമാകുന്നത്‌. അതിനാൽത്തന്നെ കളറുകളുടെ മിക്‌സിങ്ങിനായി ഞാൻ ഏറെ നേരം ചിലവിടാറുണ്ട്‌. സൃഷ്‌ടിക്കുമ്പോൾ അതിനെ പൂർണതയിലെത്തിക്കുവാനുള്ള അഭിവാഛ പണ്ടുമുതലേ എന്നിൽ കുടികൊണ്ടിരുന്നു.

ക്യാൻവാസിലാകെ ബ്രഷ്‌ ഓടിനടന്നു. സ്‌ത്രീ ശക്‌തിയാണ്‌. ഒരു മഹാഭാരത യുദ്ധത്തിന്റെ അടിസ്‌ഥാനം പാഞ്ചാലിയെന്ന സ്‌ത്രീയുടെ ശപഥമാണ്‌. മിക്ക പുരുഷന്മാരുടേയും വീരഗാഥകൾക്കു പിന്നിൽ പ്രത്യക്ഷമായോ പരോക്ഷമായോ സ്‌ത്രീയുടെ പങ്ക്‌ വളരെ വലുതാണ്‌. എന്നാൽ ദുഃഖപുത്രികളായി അറിയപ്പെടാനാണ്‌ അവരുടെ ദുർവിധി. അതിൽ നിന്നുള്ള മോചനത്തിന്റെ പ്രതീകമാകണം എന്റെ സൃഷ്‌ടിയിലെ സ്‌ത്രീ. തീജ്വാലകൾ വളരെ സൂക്ഷ്‌മതയോടെ വരച്ചു. മനസ്സും ശരീരവും ആ സ്‌ത്രീരൂപത്തിൽ സമന്വയിപ്പിച്ചു. ചിന്താമണ്ഡലം ക്യാൻവാസിലേക്കു ആവാഹിച്ചു. വിശപ്പും ദാഹവുമറിയാതെ ഞാനെന്റെ രചനയിൽ മുഴുകി. ഗർഭസ്‌ഥ ശിശുവിനെ പരിചരിക്കുന്ന ഒരു അമ്മയുടെ മാനസികാവസ്‌ഥയായിരുന്നു എനിക്ക്‌ മുഖമാകെ വിയർപ്പുതുള്ളികൾ പൊടിഞ്ഞ്‌ താഴേക്കൊലിച്ചിറങ്ങി. വിയർപ്പിൽ കുതിർന്ന ബ്ലൗസ്‌ ശരീരത്തിനോടൊട്ടിപ്പിടിച്ചു. എന്നിട്ടും ഞാൻ വരച്ചുകൊണ്ടിരുന്നു. വരക്കുന്നതിലും വിഷമകരമാണ്‌ ചിത്രത്തിനു ഭാവങ്ങൾ നൽകാൻ അതിനാൽ ശ്രദ്ധമുഴുവൻ അതിൽ ലയിച്ചു.

ഒക്കെ വരച്ചു കഴിഞ്ഞപ്പോൾ കുഴഞ്ഞു താഴെ വീണു ചിന്നിച്ചിതറിയ ചായക്കൂട്ടുകൾക്കിടയിൽ കുറേനേരം തളർന്നുകിടന്നു. ക്ഷീണംകൊണ്ട്‌ കൺപോളകൾക്ക്‌ ഭാരക്കൂടുതൽ തോന്നി. വരണ്ട തൊണ്ട വെള്ളത്തിനായി ദാഹിച്ചു. കൈയ്യെത്തി മേശമേലിരുന്ന കൂജ നിരക്കിയെടുത്തു. അതിൽനിന്നു വെള്ളമെടുത്ത്‌ ഭിത്തിയിൽ ചാരിയിരുന്നു കുടിച്ചു. കരിഞ്ഞുണങ്ങി വിണ്ടുകീറിയ മണൽത്തരികൾ വെള്ളം വലിച്ചെടുക്കും പോലെ എന്റെ കണ്‌ഠം ജലത്തെ വലിച്ചെടുത്തു. മൺകൂജയിലെ ജലത്തിന്‌ നല്ലതണുപ്പുതോന്നി. ഓരോ തുള്ളിവെള്ളവും ഞരമ്പുകളിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നത്‌ ഞാൻ അറിഞ്ഞു. കുതിർന്ന വസ്‌ത്രങ്ങൾക്കു മീതെ, കവിളിൽനിന്നു പുറത്തേക്കൊഴുകിയ വെള്ളം ഇറ്റിറ്റുവീണപ്പോൾ ശരീരവും തണുപ്പിന്റെ തലോടലിൽ അമർന്നു. ആ കുളിർമ്മ ആസ്വദിച്ചുകൊണ്ട്‌ മയക്കത്തിലേക്കു വഴുതിവീണു.

‘ശ്യാമേ….നീയെന്താ പകൽമയക്കത്തിലാണോ? മുറിയിലേക്കുകയറിവന്ന ഗൗതമിന്റെ ചോദ്യം കേട്ടാണു ഞാൻ കണ്ണുതുറന്നത്‌. അവനെ അഭിമുഖീകരിക്കാൻ എനിക്ക്‌ ജാള്യത തോന്നി. ശരീരത്തിന്റെ ക്ഷീണം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.

’ക്ഷീണംകൊണ്ട്‌ അറിയാതെ മയങ്ങിപ്പോയി‘ അവനു മറുപടികൊടുത്തു

’വരയ്‌ക്കാൻ തുടങ്ങിയാൽപ്പിന്നെ നിനക്ക്‌ നിന്നേത്തന്നെ ഓർമ്മയിലല്ലോ? ഉത്തരം പറയാതെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, ശരീരത്തിനു ബലക്ഷയം തോന്നി. തളർച്ച തിരിച്ചറിഞ്ഞ ഗൗതം എന്നെ താങ്ങി എഴുന്നേൽപ്പിച്ചു. അവന്റെ തോളിൽച്ചാരി ഞാൻ കസേരക്കരുകിലേക്കു നടന്നു. അവന്റെ വിയർപ്പിന്റെയും, സിഗരറ്റിന്റെ രൂക്ഷഗന്ധം എന്റെ ശ്വാസനാളങ്ങളിൽ നിറഞ്ഞു. എന്നെ കസേരയിലിരുത്തിയ ശേഷം കൂജയിൽ ബാക്കിയായ ജലം അവനെടുത്തു കുടിച്ചു. ഗൗതമിന്റെ സാമിപ്യം എന്നെ അസ്വസ്‌ഥയാക്കി. പക്ഷേ അതു പുറത്തു കാട്ടിയില്ല. എന്നും അവന്റെ സാമീപ്യത്തിനായി കൊതിച്ചിരുന്ന എന്റെ മനസ്സിന്റെ വൈരുധ്യാത്മകത എനിക്കുതന്ന അപരിചിതമായി. മറ്റൊരു കസേര വലിച്ചിട്ട്‌ അവൻ എന്റെ മുന്നിൽവന്ന്‌ ഇരുന്നു. ഗൗതമിന്റെ തിളങ്ങുന്ന പൂച്ചക്കണ്ണുകൾ എന്റെ നനഞ്ഞ മേനിയിൽകൂടി കയറിയിറങ്ങി. മൂകതയുടെ നിമിഷങ്ങൾ ഞങ്ങൾക്കിടയിലൂടെ കടന്നുപോയി. വളരെയടുത്ത സുഹൃത്തുക്കളായിരുന്നിട്ടും നിഗൂഢമായ എന്തോ ഒരു അകൽച്ച ഞങ്ങൾക്കിടയിൽ നിറഞ്ഞുനിന്നു.

‘ടൂർ കഴിഞ്ഞ്‌ എന്നാണ്‌ നീ മടങ്ങി വന്നത്‌. മൗനത്തിന്റെ യവനിക നീക്കി അവൻ ചോദിച്ചു.

’രണ്ടു ദിവസം കഴിഞ്ഞു‘.

’രണ്ടു ദിവസമോ? നിനക്കൊന്നു വിളിച്ചു പറയാമായിരുന്നില്ലേ?‘

വിളിച്ചു പറയാമായിരുന്നെന്നൊ ഇല്ലെന്നൊ പ്രതികരിക്കാതെ മൗനത്തിൽ ഞാനെന്റെ ഉത്തരം ഒതുക്കി. എന്റെ ആ മൗനത്തിന്റെ വാചാലതയിലേക്കു കണ്ണുംനട്ട്‌ അവനിരുന്നു. ഒരു കുട്ടിയുടെ നിഷ്‌കളങ്കതയായിരുന്നു. അപ്പോൾ ആ മുഖത്ത്‌. എനിക്ക്‌ അവനിൽ അലിവുതോന്നി. ഗൗതമിന്റെ രോമാവൃതമായ കരങ്ങൾ എന്റെ കൈകളിൽ കോരിയെടുത്തു ചുംബിച്ചു. കണ്ണുകൾ നിറഞ്ഞെങ്കിലും സാരിയുടെ തുമ്പുകൊണ്ട്‌ തുടച്ചു.

’ഗൗതം…..നിന്നെ വിളിക്കാമായിരുന്നു…. പക്ഷേ ഞാനതു ചെയ്‌തില്ല…….. സോറി, റിയലി സോറി.

‘അതിനിത്ര സെന്റിയാകേണ്ട കാര്യമൊന്നുമില്ലല്ലോ. പിന്നെന്തേ നീയിങ്ങനെ ഇമോഷണലാകുന്നു? അവന്റെ പരുത്ത കൈകൾകൊണ്ട്‌ എന്റെ മുഖം തലോടി.

’എനിക്കറിയില്ല ഗൗതം……….. എന്നെ എനിക്കുതന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല.

‘നിന്റെ തലയ്‌ക്ക്‌ ഓളമാ…. വെറുതെ പിച്ചും പേയും പറയാതെ ശരിക്ക്‌ ഉറങ്ങാഞ്ഞിട്ടാകും.

’ശരിയാകും…….‘

’ചിത്രത്തിന്റെ ലോകത്തുമാത്രം ജീവിക്കാതെ യാഥാർത്ഥ്യങ്ങളിലേക്ക്‌ ഇറങ്ങിവരാൻ കഴിഞ്ഞാൽ നിന്റെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകും. അതു പോകട്ടെ, നിന്റെ യാത്ര വിശേഷങ്ങൾ പറഞ്ഞില്ലല്ലോ?‘

’എന്തു വിശേഷം……വെറുമൊരു ശിൽപ്പശാല ഒക്കെ ഒരു വഴിപാടാണ്‌ ഗൗതം‘.

’നീ കൂടുതൽ പ്രതീക്ഷിക്കുന്നു. പ്രതീക്ഷപോലെ എല്ലാം നടക്കണമെന്നില്ലല്ലോ എന്നു കരുതി ഇത്ര നിരാശപ്പെടേണ്ട കാര്യമുണ്ടോ?

‘എനിക്കൊരു നിരാശയുമില്ല….. ഇത്രയൊക്കയെ പ്രതീക്ഷിച്ചുള്ളു’.

‘ഈ പറഞ്ഞതിൽപ്പോലും ഒരു നിരാശയുടെ ധ്വനിയുണ്ടല്ലോ മോളെ’.

‘ഒക്കെ നിന്റെ വെറും തോന്നലാ’.

‘എങ്കിൽ നന്നായിരുന്നു….ങാ…. എന്നാണ്‌ നിന്റെ പുതിയ സൃഷ്‌ടി?“ അതു ചോദിച്ചുകൊണ്ട്‌ അവൻ ക്യാൻവാസിന്നരികിലേക്കു നടന്നു.

കവിയായ ഗൗതമിന്‌ വർണങ്ങളെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. അതിനാൽത്തന്നെ അവന്റെ വിലയിരുത്തലുകൾ എന്നും മാനിക്കപ്പെടാറുണ്ട്‌. സമാനതകളുള്ള ചിന്തകളുടെ സംയോഗംകൊണ്ടാകാം ഒരുപക്ഷേ ഞങ്ങൾ പരസ്‌പരം അടുക്കാൻ കാരണമായത്‌. സ്‌ത്രീപുരുഷ ബന്ധത്തിന്‌ പുതിയ മാനങ്ങൾ നെയ്‌തുചേർക്കുന്ന കവിതകളായിരുന്നു അവന്റെ സൃഷ്‌ടികൾ. ലൈംഗികതയേക്കാൾ പരസ്‌പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മന്ത്രങ്ങളായിരുന്നു ഗൗതമിന്റെ വരികളുടെ തീക്ഷ്‌ണത. ഞാൻ വരകൾകൊണ്ടു തീർക്കുന്നലോകം അവൻ അക്ഷരങ്ങൾകൊണ്ടു തീർക്കും. കലയേയും സാഹിത്യത്തേയും പരസ്‌പര പൂരകങ്ങളായി വിലയിരുത്താൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു. അഭിപ്രായങ്ങൾക്ക്‌ സമത്വം കൽപ്പിക്കുന്നതിലും, മറ്റുള്ളവന്റെ നൊമ്പരങ്ങൾ ഒപ്പിയെടുക്കുന്നതിലും ഞങ്ങളുടെ സൃഷ്‌ടികൾ വളരെ സാദൃശ്യം പുലർത്തി. പുരുഷമേധാവിത്വം ആരിലും അടിച്ചേൽപ്പിക്കാത്ത ഗൗതമിന്റെ രചനാവൈഭവത്തോട്‌ എനിക്ക്‌ അടക്കാനാകാത്ത ആസക്തിതന്നെയുണ്ട്‌. മിത്തുകളും ബിംബങ്ങളും കൊണ്ടു കരുപ്പിടിപ്പിക്കുന്ന അവന്റെ വരികളുടെ സൃഷ്‌ടിഭംഗിയിൽ പലപ്പോഴും എനിക്ക്‌ അസൂയതോന്നിയിട്ടുണ്ട്‌. ഗൗതമിന്റെ കഥാപാത്രങ്ങളിൽക്കൂടിയാണ്‌ ഞാൻ അവനെ വിലയിരുത്തിയതും അവനിലേക്ക്‌ അടുത്തതും.

’നിന്റെ പെണ്ണ്‌ വളരെ സുന്ദരിയാണല്ലോ ശ്യാമേ. ഞാനൊന്ന്‌ ഉമ്മവച്ചോട്ടേ?‘

’വേണ്ട….വേണ്ട സിഗററ്റു കറ പുരണ്ട ചുണ്ടുകൊണ്ട്‌ മുത്തി നീ ചിത്രം വികൃതമാക്കല്ലേ‘.

ഇതാണു സ്വാർത്ഥത… നിനക്കിഷ്‌ടമാകില്ലങ്കിൽ വേണ്ട’.

എന്റെ ഇഷ്‌ടമല്ല പ്രധാനം. പ്രതികാരദാഹിയായ സ്‌ത്രീത്വത്തിന്റെ പ്രതീകമാണ്‌ ഞാൻ അവളിലൂടെ വിഭാവന ചെയ്യുന്നത്‌.‘

’ഓ അതാകും പെണ്ണിനൊരു ഗാംഭീര്യം‘ ഇതുപറഞ്ഞുകൊണ്ടു അവൻ ചിത്രത്തിൽ സൂക്ഷ്‌മ നിരീക്ഷണം നടത്തി. വെളിച്ച കുറവു തോന്നിയപ്പോൾ ഗൗതം ജനാല തുറന്നിട്ടു ഉച്ചവെയിലിന്റെ കിരണങ്ങൾ പതിച്ചപ്പോൾ സ്‌ത്രീരൂപത്തിന്‌ കൂടുതൽ ഭാവം കൈവന്നു. വർണങ്ങളുടെ ലോകത്ത്‌ പ്രകാശത്തിന്‌ വളരെയധികം വിസ്‌മയങ്ങൾ തീർക്കാനാകും. അതിന്റെ തിരിച്ചറിവുകൊണ്ടാണ്‌ ഗൗതം ജനാല തുറന്ന്‌ പ്രകാശത്തെ മുറിയിലേക്കു കടത്തിവിട്ടത്‌. അവന്റെ ഊഹം പിഴച്ചിട്ടില്ല. നിരീക്ഷണങ്ങൾക്കൊടുവിൽ അവൻ വാചാലനായി.

പെണ്ണ്‌ സുന്ദരിയാണ്‌. അതിൽ സംശയമില്ല അതിൽ ചായങ്ങളുടെ കോമ്പിനേഷൻ അതി മനോഹരവും, സ്വാഭാവികത നിറഞ്ഞതും തന്നെ. അഭിനന്ദനങ്ങൾ. എന്നാൽ മറ്റൊന്ന്‌ പറയട്ടെ? എന്റെ തോന്നലാകാം എന്നാലും പറയട്ടെ? ’നീ പറയ്‌. നമ്മൾക്കിടയിൽ ഒരു ഔപചാരികത ആവശ്യമുണ്ടോ? സ്വതന്ത്രമായ ഒരു വിലയിരുത്തൽ കേൾക്കാനല്ലെ ഞാൻ കാത്തിരിക്കുന്നത്‌‘.

’തീർച്ചയായും നീ പറഞ്ഞതിനോട്‌ ഞാൻ പൂർണ്ണമായി യോജിക്കുന്നു‘.

’എന്നാൽ അവിടുന്ന്‌ മൊഴിഞ്ഞാട്ടെ‘.

’നിന്റെ മനസ്സിൽ പ്രതികാരമില്ല. അതിനാൽത്തന്നെ നിന്റെ പെണ്ണിനും. ഒരു പക്ഷേ നിനക്കും അങ്ങനെ അനുഭവപ്പെടുന്നുണ്ടാകാം. അനുയോജ്യമായ പശ്ചാത്തലമൊരുക്കുന്നതിൽ നീ നന്നായി വിജയിച്ചു. അതുപോലെ ഒരു സാധാരണ വിലയിരുത്തലിൽ, ‘ജ്വലിക്കുന്ന സ്‌ത്രീ’ യുടെ ചിത്രം അനുവാചകരിൽ ഓടിയെത്തും. പക്ഷേ നിരൂപകന്റെ കണ്ണിലൂടെ നോക്കിക്കണ്ടാൽ, വിമർശനാത്മകമായ ചെറിയ പഴുതുകളുടെ അനന്തസാധ്യതകൾ തള്ളിക്കളയാനും കഴിയില്ല. വിലയിരുത്തുന്ന ആസ്വാദകന്റെ ചിന്താധാരയാണ്‌ ഇവിടെ പ്രസക്‌തി. വിലയിരുത്തപ്പെടുന്ന ഒന്നിനു മഹത്വവും കൽപ്പിക്കുവാനും അതില്ലാതാക്കുവാനും, വസ്‌തുവിന്റെ പൂർണതക്കുള്ള പങ്ക്‌ വളരെ ശ്രേഷ്‌ഠമാണ്‌. ഇടനിലക്കാരുടെ സഹായമില്ലാതെ ആസ്വാദകനു സൃഷ്‌ടിയുമായി സംവദിക്കാൻ കഴിയണം.

‘നീ പറഞ്ഞുവരുന്നത്‌?’

‘നീ ഉദ്ദേശിച്ച ഭാവം ഈ ചിത്രത്തിനു കൈവന്നിട്ടുണ്ടോ എന്ന്‌ എനിക്കു സംശയമുണ്ട്‌’.

‘കാരണം?’

‘കൺതടങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിഷാദം തന്നെ. ഒപ്പം അനാഥത്വവും. അതിനെ മറയ്‌ക്കുവാൻ നീ വളരെ പാടുപെട്ടിട്ടുണ്ടെന്നതും വ്യക്തം. എന്നാൽ ഇപ്പോഴും വിഷാദഛായയാണു ചിത്രത്തിന്‌. അതുതന്നെയാണ്‌ ചിത്രത്തിന്റെ സ്‌ഥായീഭാവം എന്നു പറഞ്ഞാൽ നീ സമ്മതിച്ചു തരുമോ?

’തീർച്ചയായും. ഗൗതം പറഞ്ഞത്‌ അക്ഷരം പ്രതി ശരിയാണ്‌‘.

’എന്ത്‌….. ശ്യാമ എന്നോട്‌ യോജിക്കുന്നോ?‘ അവന്റെ വാക്കുകളിൽ അത്ഭുതം നിഴലിച്ചു.

’അതെ ഗൗതം കാരണം യഥാർത്ഥത്തിൽ എന്റെ സ്‌ത്രീ വിഷാദം നിറഞ്ഞ നിരാലംബയാണ്‌. അതിനാൽത്തന്നെ അവളുടെ ഭാവം എത്ര ശ്രമിച്ചിട്ടും മാറ്റാൻ കഴിയുന്നില്ല. അഥവാ മാറ്റിയാൽത്തന്നെ അതു കൃത്രിമമാകില്ലെ? ഞാൻ ആ സത്യം തിരിച്ചറിയുന്നു.‘

’നീ ഉദ്ദേശിക്കുന്നത്‌‘.

’യാഥാർത്ഥ്യം.‘

’യാത്രയിൽ പരിചയപ്പെട്ട സ്‌ത്രീകളാരെങ്കിലുമാണോ. അതോ പറഞ്ഞുകേട്ട കഥയിലെ നായികയോ. എന്തായാലും ഒരു അനുഭവത്തിന്റെ പ്രചോദനത്തിൽ നിന്നാണ്‌ നിന്റെ സൃഷ്‌ടി രൂപപ്പെട്ടതെന്ന്‌ ഞാൻ ഊഹിച്ചോട്ടെ?‘

’കണ്ടെത്തൽ പിഴച്ചിട്ടില്ല. അവൾ എന്റെ യാത്രയുടെ അനുഭവമാണ്‌.‘

’എങ്കിൽ തെളിച്ചു പറ എന്റെ ശ്യാമേ‘ ഒരു കഥകേൾക്കാനുള്ള ആവേശത്തിൽ അവൻ കാതോർത്തിരുന്നു. ഗൗതമിന്റെ ഉത്സാഹത്തിന്റെ രസച്ചരടിൽപ്പിടിച്ച്‌ ഞാൻ ആ സ്‌ത്രീയെ അവന്റെ മുന്നിലേക്കു തള്ളിയിട്ടു.

ഒരിക്കൽ ആ യുവതി തന്റെ ഗ്രാമത്തിലേക്കു മടക്കയാത്ര നടത്തുകയായിരുന്നു. ആർത്തലച്ചു പെയ്‌ത മഴയെ അവഗണിച്ച്‌ അവൾ സഞ്ചരിച്ചിരുന്ന തീവണ്ടി മുന്നോട്ടു കുതിക്കാൻ ശ്രമിച്ചു. പക്ഷേ വെള്ളപ്പൊക്കം കാരണം നിന്നും ഇഴഞ്ഞും മാത്രമേ അതിനു നീങ്ങാൻ കഴിഞ്ഞുള്ളു. പല പ്രദേശത്തും സിഗ്നലുകൾ കിട്ടാനായി മണിക്കൂറുകൾ കാത്തു കിടന്നു. തീവണ്ടി ’ഷട്ടിൽ‘ ആയതിനാൽ ചെറുതും വലുതുമായ എല്ലാ സ്‌റ്റേഷനിലും നിർത്തുന്നതിന്റെ അമാന്തവും കൂടിയായപ്പോൾ വണ്ടിയുടെ സമയനിഷ്‌ഠക്ക്‌ താളംതെറ്റി. വൈകിയോടുന്ന വണ്ടിയിൽ ഇരുന്നപ്പോൾ അവളിൽ ഉൽക്കണ്‌ഠ നിറഞ്ഞു. പ്രതീക്ഷിച്ച സമയത്തു വീട്ടിൽ എത്തിച്ചേരാൻ കഴിയാത്തതിന്റെ വ്യാകുലതയായിരുന്നു മനസ്സിൽ. വൈകുന്തോറും അവളുടെ ഹൃദയമിടിപ്പുകൾ തീവണ്ടിയുടെ ശബ്‌ദത്തോട്‌ താദാത്മ്യം പ്രാപിച്ചു. ജനാലവിടവിലൂടെ ഒലിച്ചിറങ്ങിയ വെള്ളം ആളൊഴിഞ്ഞ കമ്പാർട്ടുമെന്റിൽ പല സ്‌ഥലങ്ങളിലായി തളംകെട്ടിക്കിടന്നു. സാരിയുടെ തുമ്പുകൊണ്ട്‌ ശരീരം പുതച്ച്‌ ഒരു നനഞ്ഞ പക്ഷിയെപ്പോലെ അവൾ അസ്വസ്‌ഥയായി ചുരുണ്ടുകൂടിയിരുന്നു.

അവളുടെ ഗ്രാമത്തിന്നടുത്തുള്ള സ്‌റ്റേഷനിൽ തീവണ്ടിയെത്തുമ്പോൾ രാത്രി പത്തുമണികഴിഞ്ഞു. ആ സ്‌റ്റേഷനിൽ ഇറങ്ങാൻ രണ്ടോ മൂന്നോ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നൊള്ളു. അവൾ ഇറങ്ങുമ്പോൾ ചാറ്റൽമഴ പെയ്‌തുകൊണ്ടിരുന്നു. മഴ നനയാതിരിക്കാൻ കർചീഫ്‌ തലയിൽക്കെട്ടി സ്‌റ്റേഷന്‌ അരുകിലേക്കു നടന്നു. തികച്ചും വിജനമായിരുന്നു സ്‌റ്റേഷൻ. മഴകൊണ്ടാകാം പെട്ടിക്കടകൾ പോലും അടഞ്ഞുകിടന്നു. ചില ബഞ്ചുകളിൽ യാചകർ കിടന്നു മയങ്ങുന്നു. ആ വിജനത അവൾ പ്രതിക്ഷിച്ചതിലും ഭയാനകമായി. സ്‌റ്റേഷനിൽനിന്നും അഞ്ചുകിലോമീറ്റർ യാത്ര ചെയ്‌തുവേണം അവൾക്കു വീടെത്താൻ. പുറത്തെ കുറ്റാക്കൂറ്റിരുട്ടുകണ്ടപ്പോൾ അവളുടെ മനസ്സിലും ഇരുട്ടുപരന്നു. എന്തു ചെയ്യുമെന്ന ചിന്തയിൽ മനസ്സുകിടന്നു പിടഞ്ഞു. ഒരു ഓട്ടോറിക്ഷ കിടപ്പുണ്ടെങ്കിലും അതിൽ കയറാതെ അവൾ മടിച്ചുനിന്നു. പരിചിതമായ ഒരു മുഖം തേടി സ്‌റ്റേഷന്റെ നാലു ദിക്കും കണ്ണോടിച്ചു. ആരെയും കാണാതെ നിരാശയായി ഒരു ബഞ്ചിൽ ഇരുന്നു. ഇത്രയും വൈകിയ തീവണ്ടിയേയും, തോരാതെ പെയ്‌ത മഴയേയും യാത്രയ്‌ക്ക്‌ ഇറങ്ങി പുറപ്പെട്ട നിമിഷത്തേയും ഉള്ളിൽ ശപിച്ചു.

സ്‌റ്റേഷന്മാസ്‌റ്ററുടെ മുറിയിൽ ആളനക്കമുണ്ട്‌. ആ മുറിയുടെ ജനാലയിൽക്കൂടി ചില കണ്ണുകൾ തന്നെ തുറിച്ചുനോക്കുന്നത്‌ അവൾ കണ്ടു. അതിനാൽത്തന്നെ അവിടെനിന്ന്‌ ഒരു സഹായം തേടാൻ അവൾക്കു മടിതോന്നി. ഏതു തരക്കാരാണെന്നറിയില്ലല്ലോ. ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായായി ശ്വാസത്തിനു വേഗതയേറി. ഒരു ടെലഫോൺ ബൂത്ത്‌ ഉണ്ടായിരുന്നെങ്കിൽ വീട്ടിലേക്കു വിളിച്ചു പറയാമായിരുന്നു. പക്ഷേ ഈ അവസ്‌ഥയിൽ അതിനും തരപ്പെടില്ലല്ലോ എന്ന സത്യം അവളെ നൊമ്പരപ്പെടുത്തി.

ഒറ്റപ്പെടലിന്റെ അർഥവും വ്യാപ്‌തിയും ഏതാനും നിമിഷങ്ങൾകൊണ്ട്‌ അവൾ അനുഭവിച്ചു. പുറത്തേക്കിറങ്ങിപ്പോകാനോ, അവിടെത്തന്നെ താങ്ങാനോ കഴിയാത്ത അവസ്‌ഥയിൽ സ്‌ത്രീത്വത്തിന്റെ പരിമിതകളോട്‌ പുച്ഛവും അമർഷവും തോന്നി. അടുത്ത ബെഞ്ചിൽക്കിടന്ന യാചകൻ എഴുന്നേറ്റിരുന്നു. ഭാണ്ഡത്തിൽനിന്ന്‌ എന്തൊക്കെയൊ എടുത്ത്‌ തിന്നു. സമയത്തെക്കുറിച്ചോ, സ്‌ഥലത്തെക്കുറിച്ചോ ഒരു ആധിയും അയാളെ അലട്ടിയിരുന്നില്ല. ഒരർഥത്തിൽ ഭാഗ്യവാൻ. ഇരുട്ടിൽ ലയിക്കുന്ന പാളങ്ങളിലേക്ക്‌ കണ്ണും നട്ട്‌ അവളങ്ങനെയിരിക്കുമ്പോൾ, പുറത്തൊരു കാർ വന്നു നിന്നു. അതിൽനിന്നിറങ്ങിയ മദ്ധ്യവയസ്‌കൻ നേരേ സ്‌റ്റേഷന്മാസ്‌ടറുടെ മുറിയിലേക്കു നടന്നക്കുന്നത്‌ അവൾ കണ്ടു. നരകയറിയ കൃതാവും, കഷണ്ടിത്തലയുള്ള ഒരാൾ. പ്രൗഡിത്വം നിറഞ്ഞ അയാളുടെ മുഖം എവിടെയൊ കണ്ടുമറന്നതായി അവൾക്കുതോന്നി. അവിടെ നിന്നു രക്ഷപെടാൻ ഒരു കച്ചിത്തുരുമ്പു കിട്ടിയ ആവേശത്തിൽ ഓർമ്മകളുടെ ഇതളുകൾ ഓരോന്നായി ചികഞ്ഞുനോക്കി. അപ്രതിക്ഷിതമായി മനസ്സിന്റെ കണ്ണാടിയിൽ ആ മനുഷ്യൻ വൃക്‌തമായി തെളിഞ്ഞു. സമാധാനവും സന്തോഷവും ഉള്ളിൽ അലയടിച്ചു.

അയാൾ ഓഫീസിൽ നിന്നിറങ്ങി പുറത്തുകിടക്കുന്ന കാറിന്നരുകിലേക്കു നടന്നു. തന്നെ അറിയില്ലെങ്കിലും താൻ അറിയുന്ന ആ മനുഷ്യനോട്‌ ഒരു ’ലിഫ്‌റ്റ്‌ ചോദിക്കാൻ തന്നെ ഉറച്ച്‌ അവൾ പുറത്തേക്കോടി. സ്‌റ്റാർട്ടാക്കിയ കാറിനു നേരെ കൈയ്യുകൾ നീട്ടിയപ്പോൾ, ഗ്ലാസ്സ്‌ താഴ്‌ത്തി അയാൾ വിവരം ആരാഞ്ഞു. അവളുടെ നിസ്സഹായവസ്‌ഥയും അവിടെ എത്തപ്പെടാനുണ്ടായ സാഹചര്യങ്ങളും വിവരിച്ചപ്പോൾ, അലിവുതോന്നി. മദ്ധ്യവയസ്‌കനായ അയാൾ കാറിന്റെ ഡോർ തുറന്നുകൊടുത്തു. തിരകളടങ്ങിയ മനസ്സുമായി അവൾ കാറിൽക്കയറി. ചാറ്റൽ മഴക്കിടയിലൂടെ കാർ മുന്നോട്ടു പാഞ്ഞു. കട്ടപിടിച്ച ഇരുട്ടിനെ കീറിമുറിച്ച കാറിന്റെ പ്രകാശത്തിൽ മഴത്തുള്ളികൾ റോഡിൽവീണു ചിന്നിച്ചിതറുന്നത്‌ അവൾ കണ്ടു. പത്തുപതിനഞ്ച്‌ മിനിറ്റിനകം വീട്ടിലെത്താമല്ലോ എന്ന ചിന്തയിലാണ്ടു. പൊടുന്നനെ കാർ വിജനമായ സ്‌ഥലത്ത്‌ ഓരം ചേർന്നു നിന്നു. അവിചാരിതമായി കാർ നിന്നപ്പോൾ ഉള്ളൊന്നു നടുങ്ങി. എന്താണെന്നു സംഭവിച്ചതെന്ന്‌ ആരായാൻ തുടങ്ങുമ്പോൾ കാറിന്റെ ലൈറ്റുകൾ അണഞ്ഞു. നൊടിയിടയിൽ മദ്ധ്യവസ്‌കന്റെ ബലിഷ്‌ടകായ കരങ്ങൾ അവൾക്കുമീതെ പതിഞ്ഞു. കുതറിമാറാനോ, ഒച്ചയുണ്ടാക്കാനോ കഴിയും മുമ്പേ അന്ധകാരത്തിൽ അവളുടെ മാനഭംഗം നടന്നു. മഴച്ചാറ്റൽ കാറിനു മീതെ പതിക്കുന്ന ശബ്‌ദത്തിൽ അവളുടെ വിലാപം അലിഞ്ഞലിഞ്ഞ്‌ ഇല്ലാതായി.

കഥ പറഞ്ഞുകഴിഞ്ഞപ്പോൾ എനിക്ക്‌ കിതപ്പ്‌ അനുഭവപ്പെട്ടു. എല്ലാംകേട്ട്‌ ഗൗതം തരിച്ചിരുന്നു. വിജനതയും, ഒറ്റപ്പെടലും, മാനഭംഗവുമെല്ലാം ഒരു ചിത്രത്തിൽ കാണുംപോലെ അവൻ ഉൾക്കണ്ണുകൊണ്ടു കാണാൻ ശ്രമിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. സങ്കടം അടക്കാനാകാതെ മേശമേൽ കുനിഞ്ഞിരുന്നു തേങ്ങി.

‘ശ്യാമേ…….ശ്യാമേ…… നീയെന്താ കൊച്ചുകുട്ടിയെപ്പോലെ? ഞാൻ കേട്ട കഥ വളരെ ദയനീയമാണ്‌. അതിലെ നായിക തീർത്തും നിരാലബയും എങ്കിലും ആ സ്‌ത്രീ നിന്നിൽ ഇത്ര സ്വാധിനിക്കാൻ കാരണമാണ്‌ എനിക്കു മനസ്സിലാകാത്തത്‌. നിങ്ങൾ തമ്മിൽ മുൻപരിചയമുണ്ടോ?’

‘ഉണ്ട്‌….. രണ്ടുപേരെയും എനിക്കു പരിചയമുണ്ട്‌. ’തേങ്ങലിന്നിടയിൽ ഞാൻ പറഞ്ഞു.

‘കുറച്ചുകൂടി തെളിച്ചുപറയൂ കുട്ടീ’.

‘മാനഭംഗത്തിന്നിരയായ യുവതിയേയും, അതു ചെയ്‌ത കിളവനേയും ഞാൻ അറിയും…. നീയും…’

എന്റെ വിശദീകരണം കേട്ട്‌ ഗൗതം മൂകനായി കുറേനേരം ആലോചനയിൽ മുഴുകിയിരുന്നു. സമാധാനിപ്പിക്കാനായി അവനെന്റെ മുഖം പിടിച്ചുയർത്തി. കണ്ണുനീർ തുടച്ച്‌ എന്റെ മുഖം അവന്റെ ശരീരത്തോടുചേർത്തു പിടിച്ചു. കണ്ണുനീർ വീണ്‌ ഗൗതമിന്റെ ഷർട്ടിൽ അങ്ങിങ്ങായി നനവുകൾ തീർത്തു. ‘മോളെ നിന്റെ സങ്കടം ഞാൻ അറിയുന്നു. വിരോധമില്ലെങ്കിൽ അവരെ നീ എനിക്കൊന്നു പറഞ്ഞുതരു’ അറിയാനുള്ള ആകാംക്ഷ അവന്റെ വാക്കുകളിൽ നിന്നു മുഴങ്ങി.

തെല്ലു നേരം ഞാൻ മൂകയായി. സങ്കടത്തിൽ നിന്ന്‌ അമർഷത്തിലേക്ക്‌ എന്റെ മനസ്സു കുതിച്ചു. ഇരച്ചുകയറിയ പകയുടെ തിരകൾ ഹൃദയത്തിൽ വേലിയേറ്റങ്ങൾ തീർത്തപ്പോൾ സ്വയം ഒരു ആത്മബലം കൈവന്നതായി എനിക്കു തോന്നി. വീണ്ടെടുത്ത ആത്മബലത്തിൽ ഞാൻ പറഞ്ഞു.

‘മാനഭംഗപ്പെടുത്തിയത്‌ അവളുടെ കാമുകന്റെ അച്ഛൻ’.

‘അപ്പോൾ ആരാണവളുടെ കാമുകൻ?’

‘കാമുകന്റെ പേരാണ്‌ ഗൗതം മാധവ്‌….. മാനഭംഗത്തിന്നിരയായത്‌….!!! ’എന്റെ ചുണ്ടുകൾ വിറപൂണ്ട്‌ ശബ്‌ദം ആർദ്രമായി.

‘വേണ്ടാ…. നീ അതു പറയരുത്‌’ ഗൗതം വിളിച്ചലറി. അവന്റെ മുഖം ചുവന്നു തുടുത്തു. പേശികൾ വലിഞ്ഞുമുറുകുന്നതും, ക്ഷോഭത്തോടെ മുറിയിൽ ഉലാത്തുന്നതും ഞാൻ കണ്ടു. കണ്ണിൽ കിനിഞ്ഞുനിന്ന കണ്ണുനീരിന്റെ പടലത്തിൽ അവന്റെ രൂപം എനിക്ക്‌ അവ്യക്തമായിരുന്നു. എന്നാൽ മനസ്സിലെ സംഘർഷം സുതാര്യവും. കേൾക്കാൻ പാടില്ലാത്തത്‌ ശ്രവിച്ചതിന്റെ നടുക്കത്തിന്റെ പിടിയിൽ ഗൗതം അമർന്നു. ഒടുവിൽ ഒരു ഭ്രാന്തനെപ്പോലെ അവൻ അലറി.

‘ഇല്ല…..ഇല്ല…..ഞാനിതു വിശ്വസിക്കുന്നില്ല’ അവന്റെ ശബ്‌ദം മുറിക്കുള്ളിൽക്കിടന്നു മുഴങ്ങി.

ചാലിച്ചു ചേർത്ത ചായക്കൂട്ടിന്റെ പാത്രം കൈയ്യിലെടുത്ത്‌ ഗൗതം ക്യാൻവാസിൽ കിടക്കുന്ന സ്‌ത്രീയുടെ ചിത്രത്തിലേക്കു എടുത്തൊഴിച്ചു. വികൃതമായ സുന്ദരിയുടെ ചുടുരക്തം ക്യാൻവാസിൽ നിന്നും ഒടിച്ചിറങ്ങി. ഫ്രയ്‌മിലൂടെ താഴേക്ക്‌ ഇറ്റിറ്റു വീണുകൊണ്ടിരുന്നു.

Generated from archived content: story1_nov23_09.html Author: sambu_namboothiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here