എല്ലാവരേയുംപോലെ കയറിക്കിടക്കാനൊരു വീട് എന്റെയും ഒരു സ്വപ്‌നമാണ്. വീട്ടുടമസ്‌ഥന്റെ കണ്ണുരുട്ടിനെ ഭയക്കാതെ, അയാൾ ഇറക്കിവിടുമോ എന്ന ചിന്തകളില്ലാതെ, ശാന്തമായി ജീവിക്കുക എന്ന ഒരു മിനിമം ആവശ്യകതയിലാണ് എന്റെ സ്വപ്‌നത്തിന്റെ അടിസ്‌ഥാനം. മറ്റുള്ളവരെ ഭയപ്പെട്ടുള്ള ഒരു ജീവിതത്തിൽ ഭാര്യയേയും, മകനേയും വേണ്ടരീതിയിൽ സ്‌നേഹിക്കാനും, അവരുടെ ആഗ്രഹങ്ങൾ കൃത്യമായി നിറവേറ്റിക്കൊടുക്കാനും തരപ്പെടില്ല. വീട്ടുടമസ്‌ഥർ വരക്കുന്ന ലക്ഷ്‌മണരേഖയിലൂടെ ജീവിതം തുടങ്ങിയിട്ട് കാലങ്ങൾ കുറേയായി. ഇതിൽ നിന്നൊരു മോചനം തേടിയാണ് സ്വന്തമായി ഒരു വീട് എന്ന ആശയത്തിന്റെ ഉയർത്തെഴുന്നേൽപ്പ്.
അത്യാഗ്രഹം എന്നു കരുതുന്നവരും ഉണ്ടായേക്കാം. പക്ഷേ വാടകക്കു താമസിക്കുന്ന ഒരുവന്റെ സുരക്ഷിതമില്ലായ്‌മയെക്കുറിച്ച് അറിവുള്ള ആരും എന്നെ കുറ്റംപറയാൻ ഇടയില്ല എന്നു വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ നാലുവീടുകൾ മാറിക്കഴിഞ്ഞു. ജോലിയുടെ ടെൻഷനോടൊപ്പം വാടകവീട് തിരക്കിയുള്ള അലച്ചിൽ കൂടിയാകുമ്പോൾ, എല്ലാം ഉപേക്ഷിച്ച് തറവാട്ടിലേക്ക് മടങ്ങിയാലോ എന്നുപോലും ചിന്തിച്ചുപോയ ദിനങ്ങൾ വിരളമല്ല.
വളരെ തിരക്കേറിയ ഈ മഹാനഗരത്തിൽ, ഉള്ള കൂടുവിട്ട് മറ്റൊരു വാസസ്‌ഥലം കണ്ടെത്തുക എന്നത് വളരെ ദുഷ്‌കരമായ യത്നമാണ്. ഐ.ടി. പാർക്കുകളുടെ വരവോടെ നഗരത്തിലെ ഒട്ടുമിക്ക വാടകവീടുകളും, ചെറുപ്പക്കാരായ ഐ.ടി. ഉദ്യോഗസ്‌ഥരുടെ കൈപിടിയിലാണ്. എത്രവാടക കൊടുക്കാനും അവർ തയ്യാറാകുമ്പോൾ, അടിക്കടി വാടകയും ഒപ്പം പകിടിയും ഇരമ്പിക്കയറുകയാണ്. ഒരു വീടു കണ്ടെത്തണമെങ്കിൽ ഇടനിലക്കാരുടെ ഇടപെടലും അനിവാര്യമാകുന്നു. അവർക്ക് കമ്മീഷൻ കൊടുത്താലും, മനസ്സിന് ഇണങ്ങുന്ന രീതിയിൽ ഒരു വീടു കണ്ടെത്തണമെന്നില്ല. പിന്നെ കിട്ടുന്നതുകൊണ്ട് ഒരുതരം തൃപ്‌തിപ്പെടലാണ്.
കഴിഞ്ഞ തവണ ഒരു ബ്രോക്കർ കൂട്ടിക്കൊണ്ടുപോയി കാട്ടിയ വീടു കണ്ടപ്പോൾ സത്യത്തിൽ ഞെട്ടി. പഴയ വീടിന്റെ ടെറസ്സിൽ പരമ്പുകൊണ്ടു കെട്ടിമറച്ച ഒരു കൂര. എന്നാൽ വാടകക്ക് യാതൊരു കുറവുമില്ല. ആ വീടിന്റെ അടുത്തുകൂടി ഒഴുകുന്ന ഓടയിലെ ദുർഗ്ഗന്ധവും, അതിൽ നിന്നും ഉയരുന്നു കൊതുകുകളുടെ കടിയും ഫ്രീ. ‘ഇതു കാണാൻ വേണ്ടി ഞാൻ എന്തു പാപം ചെയ്‌തു എന്റെ പഴവങ്ങാടി അപ്പാ’ എന്ന് ഒരു ദീർഘനിശ്വാസത്തിൽ സ്വയം ചോദിച്ചുപോയി. ഒന്നുമില്ലങ്കിലും സർക്കാരിന്റെ അഞ്ചക്ക ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്‌ഥനാണെന്ന പരിഗണനപോലും കാട്ടാതിരുന്ന ആ ബ്രോക്കറെ ഇപ്പോഴും ഞാൻ മനസ്സിൽ ശപിക്കാറുണ്ട്.
ഇടക്കിടക്ക് വീടുമാറ്റത്തിനായി ചിലവാക്കുന്ന ഷിഫ്‌റ്റിങ്ങ് ചിലവുകളും. ഷിഫ്‌റ്റിങ്ങിന്നിടയിൽ പ്രവർത്തനരഹിതമാകുന്ന ഉപകരണങ്ങളുടെ നന്നാക്കുകൂലിയും പകിടികളുടെ പലിശയും, വർഷങ്ങളായി കൊടുത്തുകൊണ്ടിരിക്കുന്ന വാടകയും ഒക്കെ കൂട്ടിവായിച്ചാൽ, ഒരു പുതിയ വീട് വാങ്ങുന്നതിന് ആവശ്യമായതിലും കൂടുതൽ ചിലവാക്കി കഴിഞ്ഞു. ഈ തിരിച്ചറിവും സ്വന്തമായി ഒരു വീട് എന്ന ആശയത്തിന് പ്രചോദനമായി. പക്ഷേ ഇന്നത്തെ കാലത്ത് ഒരു വീടു വാങ്ങണമെങ്കിൽ അൻപതു ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഫ്ലാറ്റാണെങ്കിൽ അതിൽ ഏറെയും. ഫ്ലാറ്റാകുമ്പോൾ മറ്റു താമസക്കാരുടെ പത്രാസിനൊപ്പം ജീവിക്കാനും, കാവൽക്കാർ, ഗാർബ്ബേജ് മാൻ എന്നിവർക്കായി ഒരു നിശ്‌ചിത തുക വേറെയും വേണം എന്നേപ്പോലൊരു സാധാരണക്കാരനായ സർക്കാർ ഉദ്യോഗസ്‌ഥന് സ്വപ്‌നം കാണാൻ കഴിയുന്നതിലും അപ്പുറത്താണ് ആ തുക.
വീടെന്ന സ്വപ്‌നം ഒരു സ്വപ്‌നമായി മാത്രം നിലനിൽക്കുമ്പോഴാണ് ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടത്. വീട് ലേലത്തിന്. മൂന്ന് സെന്റും അതിൽ ഒരു വീടും ലേലം ചെയ്യുന്നതുകാട്ടി ഒരു ബാങ്കിന്റെ പരസ്യത്തിൽ എന്റെ കുടുംബത്തിന്റെ ചിന്തകൾ ചുറ്റിക്കറങ്ങി. കൊക്കിന് ഒതുങ്ങുന്നത് ആകണമെന്നില്ല എങ്കിലും ഒരു ആശ.
ലേലത്തീയതി അടുത്തുവരുമ്പോൾ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. ഇത്രകാലം മിച്ചം വച്ചതും, പ്രോവിഡന്റ് ഫണ്ടിൽ നിന്നും കിട്ടാവുന്നത്ര ലോണും, ഭാര്യയുടെ ആഭരണങ്ങൾ പണയം വക്കുകകൂടി ചെയ്‌താൽ, പത്ത് ലക്ഷത്തോളം ഉണ്ടാക്കാൻ കഴിഞ്ഞേക്കും. പിന്നേയും വേണ്ടിവരും എട്ടുപത്തു ലക്ഷങ്ങൾകൂടി. അതിനുള്ള വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രസ്‌തുത ലക്ഷ്യത്തോടെ പല പടികളും കയറിയിറങ്ങി. ഒടുവിൽ പുതിയ തലമുറയിലെ ഒരു ബാങ്ക് പണം കടം തരാൻ തയ്യാറായി. ഫോർമാലിറ്റീസ് ലളിതമെന്നും, ഈടുകൾ തുച്‌ഛമെന്നുമൊക്കെയുള്ള പരസ്യ വാചകങ്ങളായിരുന്നു. എന്നെ അവരിലേക്ക് ആകർഷിച്ചത്. പക്ഷേ കാര്യത്തോട് അടുത്തപ്പോൾ പരസ്യ വാചകങ്ങൾ അവർ മറന്നു…. മറന്നതല്ല ഒക്കെ വിഴുങ്ങി. പരസ്യങ്ങൾ ഒക്കെ വെറും കെണികളാണെന്ന് എനിക്കു മണത്തു. എങ്കിലും ഒരു വീട് സ്വന്തമാക്കുക എന്ന ആശക്കുമുന്നിൽ അവരുടെ നിബന്ധനകൾക്കു മേൽ ഞാൻ എന്റെ കൈയ്യൊപ്പു പതിച്ചു.
ലേലത്തിനായി പരസ്യപ്പെടുത്തിയ സമയത്തിനു വളരെ മുൻപുതന്നെ ഞാൻ വീടിന്റെ പരിസരത്തെത്തി. വേലികെട്ടി മറച്ച, ചെറുതെങ്കിലും ആഢ്യത്വവും ഐശ്വര്യവും കളിയാടുന്ന ഒരു നല്ല വീട്. ചെറുമുറ്റത്ത് വളരെ നന്നായി പരിപാലിച്ചു വളർത്തിയ പൂന്തോട്ടം. വൃത്തിയും വെടുപ്പും നിറഞ്ഞ പരിസരം. മനസ്സിൽ സങ്കൽപ്പിച്ച ഒരു വീടുതന്നെ എന്ന തിരിച്ചറിവിൽ ഞാൻ ഉള്ളാലെ സന്തോഷിച്ചു.
കോളിംഗ് ബെല്ലിൽ വിരൽ അമർത്തിയപ്പോൾ ഗൃഹനാഥൻ പുറത്തുവന്നു. എന്നേപ്പോലെ തന്നെ ഒരു ഇടത്തരം സർക്കാർ ഉദ്യോഗസ്‌ഥൻ. ഭാര്യയും രണ്ടും പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശയും സ്വപ്‌നങ്ങളും ആവാഹിച്ചു പണികഴിപ്പിച്ച ഭവനമാണിത്. അതും ബാങ്ക് വായ്‌പയെടുത്ത് നാലഞ്ച് ഗഡുക്കൾ അടക്കാൻ വീഴ്‌ചവരുത്തിയപ്പോൾ, ബാങ്കുകാർ അവരുടെ ‘ഹിഡൻ’ നിബന്ധനകൾ പ്രയോഗിക്കാൻ തുടങ്ങി. ഫലമോ തീർത്താലും തീർത്താലും തീരാത്ത കടക്കെണിയിലേക്കു കൂപ്പുകുത്തി. അടച്ചുതീർക്കാനും, മനസ്സിലാക്കാനും കഴിയാത്ത രീതിയിൽ അവർ അവരുടെ കണക്കുകൾ നിരത്തിയപ്പോൾ, ആ മനുഷ്യന് പകച്ചുനിൽക്കാനെ കഴിയുമായിരുന്നുള്ളൂ. കെണിയുടെ കഥ പറയുമ്പോൾ അയാളുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ നിർനിമേഷനായി നോക്കി നിന്നു.
എവിടെയോ ചുവടുകൾ പിഴക്കുന്നത് ഞാൻ അറിയുന്നു. അയാളുടെ അദ്ധ്വാനവും വിയർപ്പും വീണ മണ്ണ് അതു കൈ വിട്ടു പോകുന്നതിലുള്ള ദുഃഖവും നീറ്റലും അവിടമാകെ തളംകെട്ടിനിൽക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു കഥയിലെ പല കഥാപാത്രങ്ങളുടെ നിഴലുകൾ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. അയാളിൽ ഞാൻ എന്നെത്തന്നെ കാണുകയായിരുന്നു. ആ വേദന എന്റേതുകൂടിയാണ്. ‘ഒരാവർത്തനംകൂടി വേണോ? സ്വയം ചോദിച്ചു. അയാളുടെ ദീർഘനിശ്വാസങ്ങൾ എന്റെ ഉള്ളിന്റെയുള്ളിൽ ഒരു കുന്തമുനപോലെ തറച്ചുകയറി. ആഗ്രഹങ്ങളും, സ്വപ്‌നങ്ങളും അതേ വീട്ടുവളപ്പിൽ ഉപേക്ഷിച്ച് ഞാൻ ആ വീടിന്റെ നടയിറങ്ങി…..
Generated from archived content: story1_may4_10.html Author: sambu_namboothiri
Click this button or press Ctrl+G to toggle between Malayalam and English