ആകാശദൂത്‌

എന്റെയൊ നിന്റെയൊ സ്വന്തമാകുന്നില്ല

വിസ്‌മയം തീർക്കുമീ നീലയാകാശം

എന്നാകിലും മാനം നോക്കിയിരുന്നിടാം

പ്രണയം നമ്മളിൽ പങ്കുവച്ചീടുവാൻ…….

പൂനിലാവും പൂന്തെന്നലും ചേർന്ന്‌

ഈ രാത്രി നമ്മളിൽ പ്രേമം വിളമ്പുന്നു

പുഞ്ചിരിതൂകുന്ന നക്ഷത്രത്തിൽ നിന്റെ

സുന്ദരലാവണ്യം ദർശ്ശിപ്പു ഓമലേ……

വർണങ്ങൾ ചാരുത ചാലിച്ചുചേർക്കുമീ

വീഥിയിൽ പൂക്കാല ഓർമ്മകൾതൂകിനീ

ഗന്ധംവിതച്ചെന്റെ നെഞ്ചിൽക്കുളിർവീശി

തേൻമഴയായിരുന്നു പെയ്‌തിറങ്ങീ സഖീ……

തൂവെള്ളമേഘങ്ങൾ ഹംസങ്ങളെപ്പോലെ

ഹൃദയത്തുടിപ്പിന്റെ സന്ദേശവാഹകർ

എന്റെയും നിന്റെയും മനസ്സിൽ വിചാരങ്ങൾ

ശോകാദ്രമായി കവിതകുറിച്ചതു…….

വിരഹം വിതുമ്പും ഭാവഗാനത്തിന്റെ

ഇഴകളിൽ ഞാനെന്റെ കണ്ണീർമറച്ചതും

ഒരുകാതമക്കരെ നീതൂകും നൊമ്പരം

ബഹുദൂരമിക്കരെ ഞാനറിയുന്നതും…..

മരുഭൂമിചുറ്റി കറങ്ങുന്ന കാറ്റേറ്റ്‌

താപജലകണ ധാരയിൽ ഞാൻ നിൽക്കെ

പുഴകൾ ചുരത്തുന്ന കാറ്റിൻ തഴുകലിൽ

ക്ലേശങ്ങളെല്ലാം മറന്നു നീ നിൽക്കുന്നു…..

വിരഹം പലപ്പോഴും മധുരം പകർന്നീടും

അതിനാലീയകലങ്ങൾ സുഖമാണുകുട്ടീ

നിന്നിലെനിന്നെ കണ്ടെത്തീടുവാൻ

വീണുകിട്ടീടുന്ന ഇടവേളകൾയെന്നോർക്ക…….

സ്വപ്‌നങ്ങൾ കാണുവാൻ ടാക്‌സുകൊടുക്കേണ്ട

സ്വപ്‌നത്തിൽ യാത്രക്കു വിമാനവും വേണ്ട

വിസയും അനുബന്ധചട്ടവും നോക്കാതെ

സ്വപ്‌നത്തിൻ ചിറകിൽ നമുക്കു പറന്നിടാം…….

എല്ലാം നല്ലതിനാണെന്നു ചൊല്ലുനീ

ഉള്ളത്തെ വരുതിയിൽ നിർത്താൻ പഠിക്കുക

ആശകൾ ആകാശഗോപുരം പുൽകവേ

കാലുകൾ മണ്ണിൽത്തറപ്പിച്ചു നിൽക്കുക…..

നമ്മൾതൻ കൊച്ചുമക്കൾതൻ കാലത്ത്‌

ശാസ്‌ത്രം കരുക്കൾ മാറ്റാന്തുടങ്ങവേ

ഫാക്‌സിലും മുന്തിയത്രം വന്നീടുകിൽ

മർത്യന്റെ യാത്രകൾ ശരവേഗമായിടും……..

ആകാശംനോക്കി സ്‌നേഹം കുറിക്കുന്ന

നമ്മളെ നോക്കിച്ചിരിച്ചീടുമന്നവർ

അവരുടെ കുസൃതികൾ കണ്ടും രസിച്ചും

നമ്മളീ മാനത്തു നക്ഷത്രമായിടും…….

Generated from archived content: poem1_jan7_10.html Author: sambu_namboothiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English