ലോകഗതിയെ നിശ്ശബ്‌ദമായി വഴിതിരിച്ച്‌വിട്ട 85 വർഷങ്ങൾ

പുറ്റുകൾ നിറഞ്ഞ ഉണങ്ങിവരണ്ട ഒരു കുഗ്രാമം. നൂറോളം പേർ മാത്രം താമസക്കാർ. തീവണ്ടി പോകുന്നത്‌ ആദ്യം കണ്ടപ്പോൾ ‘പെരുമ്പാമ്പ്‌ വരുന്നേ’ എന്ന്‌ പറഞ്ഞ്‌ ഭയന്ന്‌ ഓടിയ ഗ്രാമീണർ – ഇതായിരുന്നു 85 വർഷം മുമ്പുള്ള ആന്ധ്രാപ്രദേശിലെ പുട്ടപർത്തി എന്ന ഗ്രാമം.

ഇന്ന്‌ ലോകത്തിലെ അത്യാധുനിക സൗകര്യങ്ങൾ ഇവിടെ സുലഭം. വിമാനത്താവളം, റയിൽവേ സ്‌റ്റേഷൻ, ദിവസേന നൂറിലേറെ രാജ്യങ്ങളിൽ നിന്നും സന്ദർശകർ, ഭൂപടത്തിൽ ഒഴിവാക്കാൻ വയ്യാത്ത ഒരു പുണ്യസ്‌ഥലമായി പുട്ടപർത്തി ഇന്ന്‌.

ഇതെല്ലാം ചുറ്റിപ്പറ്റി വളർന്ന്‌ ഒരേയൊരു പ്രതിഭാസത്തെ വലം വച്ച്‌ഃ സത്യസായിബാബ.

1926 നവംബർ 23. ആന്ധ്രപ്രദേശിലെ അനന്തപ്പൂർ ജില്ലയിലെ പുട്ടപർത്തി ഗ്രാമത്തിൽ സത്യനാരായണരാജു ജനിച്ചു. അച്ഛൻഃ പെദ്ദവെങ്കപ്പരാജു, അമ്മഃ ഈശ്വരാംബ. എല്ലാ മഹാപുരുഷന്മാരുടെയും ജീവിതത്തിൽ ഒഴിവാക്കിയിട്ടില്ലാത്ത കൊടിയ പീഢനങ്ങളുടെ ഒരു കാലം ആ ജീവിതത്തിലും ഉണ്ടായി. ഏതോ ബാധകളുടെ പ്രവൃത്തിമൂലമാണ്‌ ബാലൻ കാണിക്കുന്ന അദ്‌ഭുതങ്ങളെന്ന്‌ കരുതി, ആ ബാലൻ മന്ത്രവാദികളാൽ പലവട്ടം കഠിനമായി ഉപദ്രവിക്കപ്പെട്ടു. മുടിവടിച്ച്‌ ശിരസ്സിൽ ബ്ലേഡ്‌കൊണ്ട്‌ വരഞ്ഞുകീറി, നാരങ്ങാനീര്‌ പുരട്ടി തണുത്തജലം മണിക്കൂറുകളോളം ധാരകോരി. മിഴികളിൽ കാന്താരിമുളക്‌ അരച്ച്‌ ചേർത്ത മിശ്രിതം വാരിപ്പൊത്തി. നിശ്ശബ്‌ദമായി ആ കൊച്ചുബാലൻ സഹിച്ചു ക്ഷമിച്ചു. കൊടിയ പീഢനങ്ങൾ കുറേശ്ശെയായി അകന്നു. 14-​‍ാം വയസ്സിൽ – 1940 ഒക്‌ടോബർ 20ന്‌ ഗ്രാമത്തിൽ ഒരു പ്രഖ്യാപനം ഉയർന്നുഃ ഞാൻ സായിബാബയാണ്‌.

കടുത്ത പ്രതിസന്ധികളെ സാവധാനം അതിക്രമിച്ച്‌, ക്രമാനുഗതമായി അവർ തങ്ങളുടെ ദൗത്യം ആരംഭിക്കുന്നു. പുഞ്ചിരിയോടെ, എന്നാൽ ദൃഢനിശ്ചയത്തോടെ എതിർപ്പുകളെ നേരിടുന്നു. കാലചക്രം ഉരുളുന്നതിനോടൊപ്പം എതിർപ്പുകൾ ആ ചക്രത്തിനടിയിൽ ഞെരിഞ്ഞമരുന്നു.

ബാബ ലോകത്തിന്‌ സമ്മാനിച്ച ആശുപത്രികൾ

എല്ലാവർക്കും ആവശ്യമാ​‍ായ ആതുരശുശ്രൂഷാരംഗവും വിദ്യാഭ്യാസരംഗവും ഇന്ന്‌ കച്ചവടകേന്ദ്രങ്ങളായി തീർന്നു. ഭരണാധികാരികൾ ധർമ്മത്തിൽ നിന്ന്‌ വ്യതിചലിച്ചു. എങ്ങും അധർമ്മം, ബാബയുടെ കർമ്മകാണ്ഡത്തിന്റെ പ്രസക്തി ഇവിടെയാണ്‌. ബാബയുടെ അമ്മ ഈശ്വരാംബ തന്നെയാണ്‌, രോഗികളായ അമ്മമാർ കുഞ്ഞുങ്ങളെയും കൊണ്ട്‌ കുന്നും വയലും താണ്ടി പോകുന്ന ദുരവസ്‌ഥ ചൂണ്ടിക്കാണിച്ചത്‌. അന്യരുടെ ദുഃഖം കണ്ട്‌ വിങ്ങുന്ന അമ്മയുടെ മനസ്സ്‌. ആ ദുഃഖം ആ മഹാനുഭാവന്റെ ഹൃദയത്തിലും ചലനമുണ്ടാക്കി. അതിന്റെ ഫലം ഒരു ആശുപത്രിയായി. പിന്നീടത്‌ ലോകം അദ്‌ഭുതത്തോടെ ഇന്നുകാണുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വളർന്നു. ഒന്നേകാൽ ലക്ഷത്തോളം ചതുരശ്ര അടി വിസ്‌തിർണ്ണമുള്ള ആശുപത്രി സമുച്ചയം – അഞ്ചരമാസം കൊണ്ട്‌ നിർമ്മാണം പൂർത്തിയാക്കിയത്‌ ഇന്നും ഒരു കടങ്കഥപോലെയാണ്‌ ആൾക്കാർ കാണുന്നത്‌.

പൗരാണിക ഭാരതത്തിൽ വിദ്യയും വൈദ്യവും ഒരിക്കലും വില്‌പന ചരക്കുകളായിരുന്നില്ല. ഇതു രണ്ടും കരുണാപൂർവ്വം നൽകുന്നവയായിരുന്നു. ഭഗവാൻ ആ സന്ദേശം വീണ്ടും പ്രചരിപ്പിച്ചു. വൈദ്യവും, വിദ്യയും വില്‌പനയ്‌ക്കല്ല. അതുകൊണ്ട്‌ ഏതുരോഗിക്കും ഇവിടെ വരാം മരുന്ന്‌ വാങ്ങാം, പോകാം. പണം വേണ്ട.

രണ്ട്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും കൂടി ഇതേ വരെ (31-3-10) 14 ലക്ഷം ഹൃദയസംബന്ധമായ വിദഗ്‌ധ ചികിത്സ നടന്നു. യൂറോളജിയിൽ നാലരലക്ഷം.

നേത്രരോഗചികിത്സ ലഭിച്ചവർ നാലര ലക്ഷത്തിലേറെ. അസ്‌ഥിരോഗ ചികിത്സ – ഒരു ലക്ഷത്തിനടുത്ത്‌. ന്യൂറോളജി – തൊണ്ണൂറായിരം. ന്യൂറോ സർജറി ഒന്നരലക്ഷം. ഹൃദയശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയരായവർ 55,572. കാർഡോ തൊറാസിക്‌ & വാസ്‌കുലർ ശസ്‌ത്രക്രിയ 20,000. മൂത്രാശയ സംബന്ധമായ ശസ്‌ത്രക്രിയകൾ 38,509. നേത്രശസ്‌ത്രക്രിയകൾ 41,931 ഇങ്ങനെ പോകുന്നു സൗജന്യ ചികിത്സയുടെ അമ്പരപ്പിക്കുന്ന കണക്കുകൾ. ലോകത്ത്‌ മറ്റെവിടെ ഇത്‌ ചൂണ്ടിക്കാണിക്കാനുണ്ട്‌? ഇതിനു പുറകിലെ ശക്തി ചൈതന്യം എന്ത്‌?

പ്രശാന്തി നിലയത്തിലെ വിദ്യാഭ്യാസപദ്ധതി

വിദ്യാഭ്യാസം ഇവിടെ ഒരു വില്‌പനചരക്കല്ല. എല്ലാ വിദ്യാർത്ഥികളും സമ്പൂർണ്ണ സൗജന്യമായി വിദ്യാഭ്യാസം നേടുന്നു. കെ.ജി. മുതൽ എം.ഫിൽ വരെ. മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. സാധാരണ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ കുട്ടികൾ പാഠ്യവിഷയം മാത്രം പഠിക്കുമ്പോൾ, പഠിച്ചത്‌ അവനും സമൂഹത്തിനും ഭാരമാകുന്നു. ഇവിടെ ധാർമ്മികത കൂടി പഠിപ്പിക്കുന്നു. ആ വിദ്യാർത്ഥികൾ നാടിന്‌ അനുഗ്രഹമാണ്‌. സ്വന്തം മതത്തേയും ഇതര മതസ്‌ഥരെയും ആദരിക്കാനും ധർമ്മം ആചരിക്കാനും കുട്ടികൾ അവിടെ പഠിക്കുന്നു; പരിശീലിക്കുന്നു. മൾട്ടിനാഷണൽ കമ്പനികൾ സ്വാമിയുടെ വിദ്യാർത്ഥികളെ പഠനം കഴിയുമ്പോഴേയ്‌ക്കും ജോലിക്ക്‌ ക്ഷണിക്കുന്നു. മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ ഇതിൽ നിന്ന്‌ വ്യക്തം. ഒരു കോടിരൂപയാണ്‌ സമ്പൂർണ്ണ സൗജന്യ വിദ്യാഭ്യാസത്തിനായി മാസം തോറും ചെലവഴിക്കുന്നത്‌.

പഠനം കഴിഞ്ഞ്‌ പോകുന്ന കുട്ടികളിൽ നിന്നും ബാബ ആവശ്യപ്പെടുന്നത്‌ ഇത്രമാത്രം. മാതാപിതാക്കളെ, ഗുരുജനങ്ങളെ, നാടിനെ സ്‌നേഹിക്കുക. ഇവിടെ നിന്നും പഠിച്ചത്‌ ആചരിച്ച്‌ കാണിച്ച്‌ മാതൃകയാവുക. നിങ്ങൾ പഠിച്ച സർവ്വകലാശാലയുടെ മേന്മ ലോകം അറിയട്ടെ.

കുടിജലം

ഈശ്വരൻ കനിഞ്ഞേകിയ വായുവിനും ശുദ്ധജലത്തിനും ക്ഷാമം നേരിടുന്ന കാലമാണിത്‌. ജലത്തിന്റെ കാര്യത്തിൽ ലോകം മുഴുവനും ക്ഷാമം വ്യാപിച്ചു കഴിഞ്ഞു. വായുവിന്റേത്‌ വൻ നഗരങ്ങൾ അനുഭവിച്ചു തുടങ്ങി.

ഒരു തുള്ളി ജലത്തിനായി ദശകങ്ങളായി കേഴുന്ന മനുഷ്യമക്കൾക്ക്‌ ജഗദീശ്വരൻ സായിസ്വരൂപത്തിലെത്തി പരിഹാരം കണ്ടെത്തി.

അനന്തപൂർ ജില്ലയിലെ 731 ഗ്രാമങ്ങളിൽ കുടിവെള്ള വിതരണം നടത്തിക്കൊണ്ട്‌ ഭഗവാൻ ജലദാനമഹായജ്ഞത്തിന്‌ തുടക്കമിട്ടു. 2500 കി. മീറ്റർ ദൂരം പൈപ്പുകൾ ഇട്ട്‌ 300 കോടി രൂപ ചിലവഴിച്ച്‌ ഭഗവാൻ ബാബ ഗ്രാമങ്ങളിൽ ജലമെത്തിച്ചു.

മേഡക്‌, മെഹാബോനഗർ ജില്ലകളിലെ 320 ഗ്രാമങ്ങളിൽ 1170 കി.മീ. (66 കോടി രൂപ) പൈപ്പുകളിട്ട്‌ ജലവിതരണം നടത്തി. കിഴക്ക്‌-പടിഞ്ഞാറൻ ഗോദാവരി ജില്ലകളിലെ 500 ഗ്രാമങ്ങളിൽ 1175 കി.മീ. ദൂരം പൈപ്പുകൾ ഇടേണ്ടി വന്നു. ഇവിടെയെല്ലാം ഇന്നും ശുദ്ധജലവിതരണം മുടങ്ങാതെ നടക്കുന്നു.

2006ൽ മൂന്നുലക്ഷം ഗോത്രവർഗ്ഗ ഗ്രാമീണർക്കാണ്‌ (ഈസ്‌റ്റ്‌ ഗോദാവരിയിലെ 212 ഗ്രാമങ്ങൾ) ഭഗവാൻ ജലം എത്തിച്ചത്‌. ചെന്നൈ നഗരത്തിൽ സായി ഗംഗാ കുടിജല വിതരണം ഒരുകോടി ജനത്തിനാണ്‌ പ്രയോജനപ്പെട്ടത്‌. (200 കോടി രൂപ ചിലവ്‌) ഈ വൻ പദ്ധതികളെല്ലാം പൂർത്തിയാക്കിയത്‌ കേവലം ഓരോ വർഷം കൊണ്ട്‌. ആലോചിക്കൂ ഏതാണിതിനു പിന്നിലെ മഹാശക്തി!

Generated from archived content: essay1_nov23_10.html Author: samba_cp_madhusudhanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English