ഞാന്‍ വഞ്ചകന്‍

ഞാന്‍ വഞ്ചകന്‍,
നിന്റെ സ്‌നേഹനീര്‍തടത്തില്‍
വറുതിയുടെ വിഷാദം നിറച്ചവന്‍
വെറിയാര്‍ന്ന കണ്ണാല്‍
ആര്ദ്രമാം നിന്‍ സ്‌നേഹം
കാണാക്കയത്തില്‍ എറിഞ്ഞവന്‍.

സ്‌നേഹ നിരാസത്തില്‍ തളര്‍ന്ന് വീണ
നിന്റെ നെഞ്ചിലെ അഗ്‌നിനാളങ്ങള്‍
അപശകുനമായ് കണ്ടവന്‍.
നിന്റെ സ്‌നേഹച്ചരടിന്റെ
കെട്ടുകള്‍ ഊരാകുടുക്കായ് കണ്ടവന്‍.
നിന്റെ ചിന്തകളില്‍, സിരകളില്‍
പരമാണുക്കളില്‍ പടര്‍ന്നൊഴുകിയ
ചോരയില്‍ വിഷ നിശ്വാസം നിറച്ചവന്‍
ഞാന്‍ വഞ്ചകന്‍ ….!

അന്ധകാരനിറവില്‍
ആത്മാവ് തളര്‍ന്നുറങ്ങിയ
നിന്റെ ജഡത്തില്‍
കാമത്തിന്‍ ശവതാളംആടിതിമിര്‍ത്തവന്‍.
നിന്റെ വിലാപങ്ങള്‍
രാവിന്റെ കല്ലറകള്‍ കടന്നു
ഇടി മുഴക്കങ്ങളായ് മാറ്റൊലിക്കൊണ്ടപ്പോള്‍
എന്റെ സിരാ ഊര്‍ജം നിന്നില്‍
മഹാ പ്രളയമായ് ആര്‍ത്തലച്ചൊഴുകി
ഞാന്‍ പുണര്‍ന്നത്
തണുത്തുറഞ്ഞ ജീവനുടഞ്ഞ
ആത്മാവ് മേഘക്കൂട്ടില്‍ ഒളിച്ച
നിന്നെയാണെന്നറിഞ്ഞതില്ലല്ലൊ
ഞാന്‍ കിരാതന്‍ ….
വഞ്ചകന്‍..
ജീവന്‍ ജഡമായ്
ചുമന്നലയുന്നവന്‍…..

Generated from archived content: poem2_oct16_14.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here