ഊടും പാവും തെറ്റിയ
നൂലിഴ പോലെ ജീവിതം
തറിയിൽ ഇഴയടുപ്പം
തകർന്നു സ്തബ്ധമാകുന്നു
പര്യായങ്ങളുടെ പദസമ്പത്തിൽ
ജീവിതം ഞെരുങ്ങുന്നു….
ഉള്ളിലേക്കാവാഹിച്ചു
പുറം തള്ളുന്ന നിശ്വാസത്തിന്റെ
നെറുകയിൽ തീപ്പന്തമാളിച്ചു
ഒരുപറ്റം ജന്മങ്ങൾ …
മരണമുള്ളവൻ
മർത്ത്യനായി …പക്ഷെ
മനുവല്ലാതായി.
മനസ്സ് മരവുരിയിൽ പൊതിഞ്ഞു
മഹാ വിസ്ഫോടനം ഭയന്ന്
കാലത്തിന്റെ കാടകങ്ങളിൽ
ഊന്നു വേരുകൾ തേടുന്നു.
മൃതമാകാതെ മുങ്ങാൻ
പായലഴുകിയ
ജീവിത തീർത്ഥത്തിൽ
പഴുതുകൾ തേടിയലയുന്നു.
പടവുകളിൽ കദനമിറക്കി
സ്നേഹത്തണലിനായ്പ്പരതി
തേങ്ങുന്നു.
സ്നേഹം….
അസ്ഥിത്തറയിലെ പടുതിരി
കരിഞ്ഞ ഗന്ധത്തിൽ
ശ്വാസ വേഗങ്ങൾ
മരണമണി മുഴക്കി പായുന്നു
പ്രപഞ്ചത്തിന്റെ
പ്രയാണ ദൂരങ്ങൾ
ചക്ക്കാളയുടെ ഏൻതൽ നടത്തയായ്
പ്രപിതാക്കളെ ചുമന്ന്
ചാലക ശക്തി വാർന്ന്
വഴിയടഞ്ഞു നിൽക്കുന്നു.
ജീവിതം ശരണാലയങ്ങള്‍
തേടുന്ന തീർത്ഥയാത്ര…
പിതാക്കളും പുത്രരും
ചാർച്ചകളൊക്കെയും
പിൻവിളികൾ കേൾക്കാതെ
കാതടച്ചോടുന്നു.
ഹൃദയത്തിൽ പുകഞ്ഞു
പൊങ്ങിയ ഉൾത്താപം
അണയ്ക്കാൻ
ക്ഷീരപഥങ്ങൾ തേടി…..
ജനിമൃതികളുടെ
പൂമുഖങ്ങളിൽ
കാലൊടിഞ്ഞ ഇരിപ്പിടങ്ങൾ
കാത്തിരിക്കുന്നത്
നമ്മെത്തന്നെയാണ്….
നെഞ്ജോടടുപ്പിച്ചു
ചുണ്ടോടടുപ്പിച്ചു ഉപാസിച്ചു
സ്വന്തങ്ങളായി…
സ്വപ്നങ്ങളായ്.
എന്നിട്ടും,
കളപ്പുരയുടെ കോണിൽ
ചൊരിഞ്ഞു കൂട്ടിയ
പതിർക്കൂമ്പാരങ്ങൾപോലെ
ജീവിതം അഴുകിപ്പോവുന്നു…
രാപ്പകലുകളുടെ
സന്ധിമാത്രകളിൽ
വീണ്ടും നിരങ്ങി നീങ്ങവേ
സ്വന്തം നിഴൽച്ചാർത്തിൽ
കരിയിലകളുടെ മർമ്മരം……..
ഒരുക്കൂട്ടിയ ആയുസ്സും
സ്വരുക്കൂട്ടിയ സ്വപ്നങ്ങളും
അസ്ഥിമാടങ്ങളിലടിയുന്നു,
അനവരതം…
അനവരതം…
Generated from archived content: poem2_jan21_16.html Author: salomi_jhon_valsan