ആര്‍ദ്രമെന്നോര്‍മതന്‍ പടിപ്പുരവാതിലില്‍
എന്തെന്തു തേടി നീ വന്നു സഖി …
ഒറ്റയ്ക്കിരുന്നു ഞാന്‍ കാലത്തൊഴുത്തില്‍
കര്‍മ ഫലങ്ങളാല്‍ വീര്‍പ്പുമുട്ടേ
ഓര്‍മിക്കുവാന്‍ എനിക്കേറെയുണ്ടെങ്കിലും
പാതി മറന്നു പലതും സഖി .
പിന്നിട്ട പാതയും പിന്‍നിലാവെട്ടവും
പോയകാലത്തിന്റെ മണ്‍ചെരാതും
ഇറ്റുവീഴുന്ന വിളക്കെണ്ണയായ്ത്തീര്‍ന്നു
നമ്മുടെ നെഞ്ചിലെ സ്‌നേഹങ്ങളും
ഇത്തിരി വെട്ടമായ് മുനിഞ്ഞു കത്തുന്നിതാ
നഷ്ടദിനങ്ങളാം ബാല്യ കൌമാരവും
കത്തുന്ന വീറുറ്റ യൗവ്വനവും
വീണ്ടുമൊരിക്കല്‍ , ഒരിക്കല്‍ മാത്രം
നമുക്കൊന്നു കടമായ് കിട്ടിയെങ്കില്‍
വരിക നീ എന്‍ സഖി
അരികെ വരൂ എന്നെ
തൊട്ടു തലോടി കടന്നു പോകു…
ഒരുമാത്ര ഞാനെന്റെ
ഗതികിട്ടാ ജീവന്റെ ഗതകാല
യാനം തുഴഞ്ഞിടട്ടെ ..
വിങ്ങിപ്പിടയുമെന്‍
ഓര്‍മതന്‍ തീരത്തിലൊന്നു ഞാനല്പം
മയങ്ങിടട്ടെ …….
നിന്‍ ഗന്ധമേല്‍ക്കുമാ
തീരത്തിലൊരിടത്തായ്
ഇത്തിരി നേരം ഞാന്‍ കാത്തുനില്‍ക്കാം …
യാത്രാപഥങ്ങളില്‍ വേര്‍പെട്ടുപോയ നിന്‍
കാലൊച്ച
കേള്‍ക്കുമീ മണ്‍തിട്ടയില്‍
അവസാന യാമത്തിന്‍
അടരുകള്‍ തേടി ഞാന്‍
അനവരതമീ യാത്ര തുടര്‍ന്നിടട്ടെ…..
Generated from archived content: poem1_sep19_14.html Author: salomi_jhon_valsan