ശിവന്റെ ചുറ്റിപ്പിണച്ച മുടിക്കെട്ടില്‍
നിന്നൊഴുകിയ ഗംഗ….
ആയുസ്സ് ഒടുങ്ങിയവരുടെ കേള്‍ക്കപ്പെടാത്ത
വിലാപങ്ങള്‍ അലിഞ്ഞൊഴുകി
കാണാക്കയങ്ങളില്‍ മുങ്ങാംകുഴിയിടുമ്പോള്‍
തീരത്തിരുന്നു വിങ്ങിക്കരയുന്ന സ്‌നേഹക്കൂട്ടങ്ങളുടെ
കണ്ണീര്‍ ഉണങ്ങിയ വരണ്ട കവിളുകളില്‍
തഴുകാന്‍ മറന്ന കാറ്റിന്റെ വിഭ്രമം..
ഗംഗയും മരണാസന്നയായിക്കഴിഞ്ഞു
ജഡങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് ഒഴുകി ഒഴുകി
വാര്‍ദ്ധക്യം വലിഞ്ഞു മുറുക്കിയ സിരകള്‍
ചോരത്തിളപ്പ് നഷ്ടപ്പെട്ടു കാലത്തിന്റെ
വറചട്ടിയില്‍ കിടന്നു പൊരിയുന്നു.
നിലയ്ക്കാത്ത കുത്തൊഴുക്കുകള്‍
എല്ലിന്‍കൂടുകളെ തൂത്തുവാരി
കാലത്തെ വെടിപ്പാക്കാന്‍ ആരും കാണാത്ത
അടിയൊഴുക്കുകളുടെ വല വിരിച്ചു പായുന്നു.
മരണം അനുഭവത്തിന്റെ മാറാപ്പില്‍
പൊതിഞ്ഞു പിടിചൊഴുകുമ്പോള്‍
ഗംഗയും അറിയാതറിയുന്നു
മരണം കാലാതിവര്‍ത്തമല്ലെന്നു!!
തീരത്തെ നനഞ്ഞ കാറ്റിന്റെ മര്‍മരം …
ജനിമൃതികളുടെ വിളിയൊച്ചകള്‍
മാറ്റൊലിയായ്
കാലപ്പടവില്‍ വീശിക്കൊണ്ടേയിരിക്കുന്നു.
Generated from archived content: poem1_dec15_14.html Author: salomi_jhon_valsan
Click this button or press Ctrl+G to toggle between Malayalam and English