ബലിതര്‍പ്പണം

കര്‍ക്കിടകത്തിന്റെ കറുത്ത്
വെടിച്ചു കീറിയ ചുണ്ടും പേറി
കാര്‍മേഘം നീര്‍നിറപൊട്ടാത്ത
മിഴിയോടലഞ്ഞു നീങ്ങുന്നു
കാലവര്‍ഷക്കണ്ണീര്‍
കാതങ്ങള്‍ താണ്ടി
കാവേരിയുടെ നെഞ്ചില്‍
പെയ്തൊഴിയുന്നു.
നീരൊഴുക്കിന്റെ നരച്ച
വെള്ളിയിഴകള്‍‍
നനുത്ത ഒരോര്‍മ്മയായ്
നെഞ്ചിലേറ്റുന്നു പിന്നെ
നിഗൂഢമായി നെഞ്ചറയിലെ
പെട്ടകത്തില്‍ ഒളിപ്പിച്ച്
അമൂല്യമായ ഒരു ‘ മിത്താ’ക്കാന്‍
ആ വേഗങ്ങളുടെ ഭ്രാന്തില്‍
ഞാന്‍ മോഹിക്കുന്നു…

ഇപ്പോള്‍‍ പെയ്ത് തീര്‍ന്ന മഴയുടെ
മരിച്ചിട്ടും വറ്റാത്ത ദു:ഖത്തില്‍
ഞാന്‍ തപിക്കുന്നു
കാവേരിയുടെ രൗദ്രഗീതം
ആര്‍ദ്രതയുടെ താരാട്ടായി
എന്നെ മൂടുന്നു…
ശ്യാമമേഘങ്ങള്‍ മൗന
വിലാപങ്ങള്‍ക്ക് തട്ടകം തേടുന്നു…
ഒരു നടുക്കത്തിനും വിറയലിനുമപ്പുറം
ഏതോ സംഭ്രമത്തിലായിരിക്കുന്നു മനസ്

കാവേരിയുടെ നീരൊഴുക്കില്‍
ആരോ തള്ളിവിട്ട നഷ്ടപ്പെട്ട
എന്റെ വ്യഥയാര്‍ന്ന വ്യര്‍ത്ഥത
മിഴിയകങ്ങളില്‍ മരണം
ജയഭേരിമുഴക്കി എന്നെ ആനയിച്ചു.
ആഴങ്ങളുടെ ആഴങ്ങളിലേക്ക്
വലിച്ചിഴക്കപ്പെട്ടപ്പോള്‍
ആരുടെയൊക്കെയോ
നെഞ്ചു പൊട്ടുന്ന ആര്‍ത്തനാദം…..

ബലിതര്‍പ്പണത്തിനായ്
വിഹ്വലതയോടെ
കര്‍ക്കിടകവാവുരാവുകള്‍
ഇരുളിന്റെ ഇതള്‍ വിടര്‍ത്തുന്നു
നെഞ്ചകം വിങ്ങി തേങ്ങി
അലഞ്ഞലഞ്ഞൊഴുകുന്ന
അനാഥത്വം പുതച്ച ആത്മാക്കള്‍…..‍

മോക്ഷമന്ത്രങ്ങള്‍
കാവേരി തീരത്തെ
കദനമുറങ്ങുന്ന തണുത്തുറഞ്ഞ
കണ്ണീര്‍ക്കാറ്റില്‍ ധ്വനിയലകളായ്
നേര്‍ത്ത് നേര്‍ത്ത് ശൂന്യതയില്‍
ആലംബം തേടുന്നു
പിന്നെ കാറ്റിന്റെ നേര്‍ത്ത
നനവൂറിയ തേങ്ങല്‍
മരണമലകള്‍ക്കിപ്പുറം
ജന്മാന്തരങ്ങളിലേക്കൊഴുകിയെത്തുന്ന
മാറ്റൊലികളായ്
കാവേരിയുടെ രാവില്ലത്തില്‍
കണ്ണീലകളൊഴുക്കി
പുനര്‍ജനികള്‍ക്കായ്
ഈഴം കാത്ത്, കാത്തിരിക്കുന്നു.

Generated from archived content: poem1_aug7_13.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here