നിനക്ക് നിന്നെ
അതോ എന്നെ
ഭയമാകുന്നുവോ?
ജന്മാന്തര തിരകളിലെവിടെയോ
ഏതോ കടലിടുക്കില്‍
കൈവിട്ടു പോയ നമ്മുടെ
ജന്മങ്ങളുടെ പുനര്‍ജനിയില്‍
ജീര്‍ണ്ണിച്ച കാലത്തിരകളില്‍
മൗനത്തിന്റെ മഹായാനങ്ങളില്‍
ഊടാടി, അനന്തമായ തിരയിടുക്കുകളില്‍
നീ എന്നെ തേടുകയായിരുന്നോ?
നീ എന്നെയോ അതോ ഞാന്‍ നിന്നെയോ…
തേടിയലഞ്ഞത്?
ഈ കടലാഴങ്ങളില്‍
എവിടെയാണ് നിനക്കെന്നെ
നഷ്ടമായത്?
ഇവിടെ ഈ നിഗൂഢമായ മുനമ്പില്‍
ഈ സങ്കടപ്പാറയില്‍
ത്രിവേണി സംഗമത്തില്‍
ഞാന്‍ കണ്ണുനട്ടു നില്‍ക്കെ
കടലലകളുടെ വിരഹാര്‍ത്തമായ തേങ്ങല്‍
കദനമുറങ്ങാത്ത കാറ്റിന്റെ ഗദ്ഗദം
ഏതോ മഞ്ഞു പാറയില്‍ തട്ടിയുടഞ്ഞ്
കാലാന്തരങ്ങളിലൂടെ മരവിച്ചു പോയ
നിന്റെ ദു:ഖത്തിന്റെ നേര്‍ത്ത
മര്‍മ്മരമായി എവിടെയോക്കെയോ
തട്ടിപ്പിടഞ്ഞ മനസിന്റെ
എരിയുന്ന കനല്‍ക്കൂനയില്‍
ചാരം മൂടിയ നീറുന്ന വേദനയായ്
ഓര്‍മ്മകളുടെ നിരാലംബതയായ്
നിന്റെ ഹൃദയത്തില്‍
ഒരിക്കലും കെട്ടടങ്ങാതെ
നീറിപ്പുകയുന്നുവോ?
ഇവിടെ കോടമഞ്ഞിന്റെ
നിലയില്ലാത്ത തണുപ്പില്‍
എനിക്ക് നഷ്ടപ്പെട്ട സൂര്യോദയം
ആകാശത്തിനും , കടലിനും
നരച്ച ചാരനിറം
കടലിന്നപാരതയിലേക്ക്
ഒരിക്കലുമുറങ്ങാതെ
ഇമ പൂട്ടാതെ സ്വയം
മറന്നു നില്‍ക്കുന്ന തിരുവള്ളുവരുടെ
ജന്മാന്തരങ്ങളായുള്ള കാത്തിരിപ്പ്
മരണത്തിന്റെ തിരമാലകള്‍
തകര്‍ത്തെറുയാന്‍ ആവേശം
പൂണ്ടു ഗര്‍ജ്ജനങ്ങളായ് തഴുകിയിട്ടും
കാത്തിരിപ്പെന്ന മൂക സത്യത്തില്‍
സ്വയം സമര്‍പ്പിതനായ
കാസാബ്ലാങ്കയെ ( കാസാബിയന്ത)
ഓര്‍മ്മിപ്പിക്കുന്നു.
അലകള്‍ ശാന്തമായി
തഴുകുന്ന കടല്‍ത്തട്ടകങ്ങളിലെ
കൂറ്റന്‍ പാറയില്‍
ആത്മസാക്ഷാത്ക്കാരത്തിനായ്
തപം ചെയ്യുന്ന
വിവേകം ആനന്ദമായ്
ആത്മാവിലേറ്റിയ നരേന്ദ്രന്റെ
നിറഞ്ഞൊഴുകുന്ന ആത്മധ്വനികള്‍…
ഈ തണുത്ത കാറ്റില്‍
യുഗാന്തരങ്ങളിലൂടെ പ്രതിധ്വനിക്കുന്നു
ഇന്നലെ എനിക്ക് അന്യമായ
അസ്തമയ സൂര്യന്‍…
ഇന്ന് ഞാന്‍ കാത്തിരുന്ന ഉദയ സൂര്യന്‍
ഒന്നും കാണാനാവാതെ
ഞാന്‍ മടങ്ങുന്നു.
വിലാപങ്ങളുടെ മുഴക്കങ്ങളില്ലാതെ
ഉപേക്ഷിക്കപ്പെട്ട പുനര്‍ജന്മങ്ങള്‍ പോലെ
തിരിച്ചറിവുകളുടെ കനലാടുന്ന
മനസ്സിലേക്ക് ഒരു പ്രകമ്പനം പോലെ
നിതാന്തധ്വനികളുയര്‍ത്തുന്ന നഷ്ടബോധങ്ങള്‍
അഗോചരമായ നിന്റെ
ശബ്ദമുഴക്കങ്ങള്‍ പോലെ
ഈ യാത്രയുടെ അന്ത്യം ഇവിടെ….
നമുക്കന്യമായി തട്ടിത്തെറിപ്പിക്കപ്പെട്ട
പുനര്‍ജനിയുടെ പൂര്‍വാശ്രമങ്ങളിലൂടെ
സ്നേഹനിരാസങ്ങളുടെ നിരാലംബതയിലേക്ക്
ജന്മകാണ്ഡങ്ങളുടെ ഭാണ്ഡം
നെഞ്ചിലേറ്റി ഞാന്‍ യാത്രയാവുന്നു
കടലാഴങ്ങളിലേക്ക്…
ഇനിയൊരു പുനര്‍ജജന്മത്തിനായ്
എവിടെയോ നഷ്ടപ്പെട്ട നിന്നെത്തേടി
കടല്‍ത്തിരകളുടെ മടിത്തട്ടിലേക്ക്!
Generated from archived content: poem1_apr11_13.html Author: salomi_jhon_valsan
Click this button or press Ctrl+G to toggle between Malayalam and English