കുടുംബം ഒരു സാമൂഹിക സ്ഥാപനം

ഒരു സാമൂഹിക സ്ഥാപനമെന്ന നിലയില്‍ കുടുംബത്തില്‍ നിരവധി കര്‍ത്തവ്യങ്ങള്‍ നിക്ഷിപ്തമാണ്. കുടുംബത്തിന് ആറ് പ്രധാന ഫംങ്ഷനുകള്‍ ഉണ്ടെന്നു ഒഗ്‌ബേണ്‍, നിംകോഫ് എന്നീ സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നു. 1. സ്‌നേഹത്തില്‍ അധിഷ്ഠിതം 2. സാമ്പത്തികം 3. ഉല്ലാസപ്രദം 4. സംരക്ഷണം 5. മതപരം 6. വിദ്യാഭ്യാസപരം.

മാക് ലെവര്‍ എന്ന സാമൂഹിക ശാസ്ത്രജ്ഞനും കുടുംബത്തിന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഇതില്‍ ഒന്നാമത്തേത് ലൈംഗിക സംതൃപ്തിയും സ്ഥിരതയുമാണ്. ലൈംഗിക തൃഷ്ണ മനുഷ്യനില്‍ ശക്തമാണെന്നും ജീവിതത്തിലുടനീളം ഇത് നിരന്തരം മോഹമായി നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു. സുസ്ഥിരവും സംതൃപ്തവുമായി ഇത് നിലനിര്‍ത്തുക എന്നത് മനുഷ്യന്റെ ആവശ്യമാണ്. മനുഷ്യന്റെ ലൈംഗിക വാസനകളെ കുടുംബം നിയന്ത്രിച്ചു ഒരു ചട്ടക്കൂടില്‍ നിര്‍ത്തുന്നു.

വാത്സ്യായനനും മനുവും കുടുംബ ജീവിതത്തില്‍ ലൈംഗികതയ്ക്കുള്ള പ്രാധാന്യം വിവരിക്കുന്നുണ്ട്. ഇതിനു തൊട്ടുപിന്നില്‍ നില്‍ക്കുന്നു സന്താനോത്പാദനം. കുടുംബം അങ്ങനെ ഒരു മനുഷ്യന് ജന്മം നല്‍കുന്നു. ഒരു കുടുംബത്തില്‍ നിന്നും കുഞ്ഞിനു കിട്ടുന്ന സംരക്ഷണം പോലെ മറ്റൊരു സാമൂഹിക സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്നില്ല. കുടുംബം ജീവശാസ്ത്രപരമായി താവഴി നല്‍കുന്നതിനോടൊപ്പം സാമൂഹികവും സാംസ്‌കാരികവുമായ പിന്‍തുടര്‍ച്ചകളും നല്‍കുന്നു. സാമൂഹ്യവത്കരണത്തിന് മനുഷ്യനെ ഒരുക്കുന്ന ഒരു ഏജന്റ് ആണ് കുടുംബം. മേല്‍പ്പറഞ്ഞ ജീവശാസ്ത്രപരവും സാമൂഹികവുമായ പാരമ്പര്യത്തില്‍ ഒരാള്‍ ചെന്നുപെടുന്നതില്‍ കുടുംബത്തിന്റെ സ്വാധീനം ഉണ്ട്.

ഇങ്ങനെ പൈതൃകമായും സ്വയം നേടിയെടുത്തതുമായ മാന്യത ഒരു മനുഷ്യന് സമൂഹത്തില്‍ നേടാന്‍ കഴിയുന്നതും കുടുംബജീവതത്തിന്റെ ശക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യന്റെ ആവശ്യങ്ങള്‍ ഭൗതികം മാത്രമല്ല. ശാരീരികവും മാനസികപരവുമായവ കൂടി ഉള്‍പ്പെട്ടതാണ്. കുടുംബം ഒരു വ്യക്തിക്ക് വികാരപരമായ സംതൃപ്തി നല്‍കണണെന്ന് മനഃശാസ്ത്രം അടിവരയിട്ട് പറയുന്നു. ആധുനിക സമൂഹത്തില്‍ ഇത് ലഭിക്കുന്നില്ല. കുടുംബങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാന കാരണം വൈകാരിക തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അസംതൃപ്തിയാണ്. കുടുംബാംഗങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നു തീര്‍ച്ചയായും സ്‌നേഹാധിഷ്ഠിതമായ സംതൃപ്തി ലഭിക്കണം. ലൈംഗിക സംതൃപ്തിയേക്കാള്‍ വലുതാണ് ഇപ്പറഞ്ഞത്.

തീവ്രമല്ലാത്തതും യുക്തിരഹിതവുമായ കാരണങ്ങളാണ് ഇന്നു വിവാഹമോചനത്തിന് ആധാരം. ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം അക്കാലത്തെ കുടുംബ ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. സ്ത്രീകള്‍ക്ക് അന്നോളം അനുഭവിക്കാന്‍ ഇടയാകാതിരുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചു. അവര്‍ തൊഴില്‍ ശാലകളിലെത്തി. വരുമാനം നേടി. സ്വയംപര്യാപ്തരായി. കാണാത്ത ലോകങ്ങള്‍ കണ്ടു. കുഞ്ഞുങ്ങളുടെ പകല്‍ സംരക്ഷണത്തിന് തൊഴിലുടമകള്‍ ക്രഷുകള്‍ സ്ഥാപിച്ചു. എല്ലാത്തരത്തിലും സ്ത്രീകള്‍ക്ക് പുതിയ കാഴ്ചപ്പാട് ഉണ്ടായി. മദ്യപന്മാരായ, കുടുംബം സംരക്ഷിക്കാത്ത ഭര്‍ത്താക്കന്മാരില്‍ നിന്ന് അവര്‍ ഒരു പരിധിവരെ രക്ഷപെട്ടു. കുഞ്ഞുങ്ങള്‍ക്ക് നല്ല ഭക്ഷണം ലഭിച്ചു. ആഹാരത്തിനും മക്കളെ വളര്‍ത്താനും മറ്റും അവന്റെ സഹായം കൂടിയേ തീരു എന്ന നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആശയത്തിന്റെ വന്‍മരങ്ങള്‍ തായ് വേരറ്റുവീണു. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്, അവനെ മാത്രം അക്ഷരാര്‍ഥത്തില്‍ ആശ്രയിച്ചിരുന്ന പരമ്പരാഗത പാതകളില്‍ വിള്ളലുകള്‍ വീണു. പുതിയ വഴിയിടങ്ങള്‍ കണ്ടെത്തി. ഇത് കൂറെക്കൂടി സുഗമമായ പാതയാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇംഗ്ലണ്ടിലെ മദോന്മത്തരായ ഭര്‍ത്താക്കന്മാര്‍ തൊഴിലെടുക്കാതെ, കുടുംബങ്ങളില്‍ മദ്യക്കുപ്പികളുമായി അടിഞ്ഞുകൂടി. ലോകത്ത് എന്നു മുതല്‍ സ്ത്രീകള്‍ കുടുംബത്തിന് പുറത്ത് തൊഴില്‍ തേടി ഇറങ്ങിയോ അന്നു തൊട്ടാണ് ലോകം വഷളായതെന്നും കുടുംബങ്ങള്‍ ശിഥിലമായതെന്നും ലോബ് സാങ് റാംപ എന്ന ടിബറ്റന്‍ ചിന്തകന്‍ സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യന്റെ സഞ്ചാര കൗതുകം, തൊഴില്‍ തേടിയുള്ള പ്രയാണം തുടങ്ങിയവ വിവിധ സമൂഹങ്ങളിലെ ജീവിത ശൈലികള്‍ കാണുവാനും അനുകരിക്കാനും ഇടയാക്കി. പൊരുത്തക്കേടുകളുടെ കയത്തില്‍ മുങ്ങിച്ചാവുന്നതിനേക്കാള്‍ ഭേദം ദാമ്പത്യമെന്ന തടവറയില്‍ നിന്നു മോചനം നേടുന്നതാണെന്നു കരുതിയെങ്കില്‍ ഭാര്യമാരെ തെറ്റുപറയാനാകില്ല. എന്നാല്‍ കാലാന്തരത്തില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന വിട്ടുവീഴ്ചാ മനോഭാവം, സഹിഷ്ണുത എന്നീ വികാരങ്ങളെ ശക്തമായി പുറംതള്ളി. കൂര്‍ക്കംവലിക്കുന്ന ഭര്‍ത്താവില്‍ നിന്നു ബന്ധം വേര്‍പ്പെടുത്തുന്ന പശ്ചാത്യചിന്ത നമുക്കുമുണ്ടായി. പങ്കാളിയുടെ മോശം കാര്യങ്ങള്‍ പൊക്കിപ്പിടിച്ചു , അവരുടെ സദ്ഗുണങ്ങള്‍ക്കു നേരെ കണ്ണടച്ചു. കുടുംബങ്ങള്‍ തകരാന്‍ ഇതിലേറെയൊന്നും ആവശ്യമായിരുന്നില്ല.

ഇന്ന് കുടുംബം എന്നാല്‍ കൂടുമ്പോള്‍ ഇമ്പമുള്ള ഇടം അല്ലാതായിക്കഴിഞ്ഞു. കൂട്ടുകുടുംബ വ്യവസ്ഥിതി അന്യം വന്നുകൊണ്ടിരിക്കുന്നു. അണു കുടുംബങ്ങളില്‍ വ്യക്തികള്‍ കൂടുതല്‍ സ്വതന്ത്രരായി. മറ്റു കുടുംബങ്ങളുടെ അതിരുകവിഞ്ഞ ഇടപെടലുകള്‍ വ്യക്തിയുടെ സ്വകാര്യതയെയും സ്വസ്ഥതയെയും കൂട്ടുകുടുംബവ്യവസ്ഥിതി നശിപ്പിച്ചുവെങ്കില്‍, എന്തുകൊണ്ട് കൂടുതല്‍ സ്വാതന്ത്ര്യവും വ്യക്തിപരവുമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഇടവും കണ്ടെത്തിയ അണു കുടുംബങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നു? പുരുഷന്‍, സ്ത്രീ, അവരുടെ ഒന്നോ രണ്ടോ കുട്ടികള്‍. ഇത്തരത്തില്‍ അംഗശല്യമില്ലാതിരുന്നിട്ടും എന്തേ കുടുംബത്തിന്റെ കെട്ടുറപ്പ് ശിഥിലമാകുന്നു? നിര്‍ധന കുടുംബങ്ങളിലുള്ളവര്‍ പോലും വിവാഹശേഷം ഒരു മുറിയില്‍, വാടകയ്ക്കു താമസിച്ചുകൊണ്ട് അണു കുടുംബവ്യവസ്ഥയെ സ്വഗതം ചെയ്യുന്നു. എന്നിട്ടും അവിടെ സമാധാനമില്ല, സ്വസ്ഥതിയില്ല. സിരാമര്‍ദം കൊണ്ട് താഴെക്കിടയിലുള്ളവരും സമ്പന്നരും ഒരുപോലെ മനഃസ്‌തോഭമുള്ളവരായി തീരുന്നു. പര്‌സപരം പോര്‍വിളിക്കുന്നു. യുവതലമുറ സ്വന്തം ജീവിതം അവനനവന് മാത്രമുള്ളതാണെന്ന കാഴചപ്പാടില്‍ ഉറച്ചു നില്‍ക്കുന്നു. പത്ത് മുറികളുള്ള വീട്ടില്‍ നിന്നും അച്ഛനമ്മമാര്‍ക്കൊപ്പം താമസിക്കാനാകാതെ ഒറ്റമക്കള്‍ പോലും വിവാഹ ശേഷം വാടക വീടുകള്‍ തേടിപ്പോകുന്നു. ചെറിയ സൗകര്യങ്ങളില്‍ ഒതുങ്ങിയാലും സാരമില്ല, അണു കുടുംബം സൃഷ്ടിച്ചേ തീരു എന്നവര്‍ താത്പര്യപ്പെടുന്നു. ആരുടെയും ഇടപെടലുകളില്ലാത്ത സ്വകാര്യ സ്വര്‍ഗം കെട്ടിപ്പൊക്കുവാന്‍ … എന്നിട്ടും അവര്‍ക്കിടയില്‍ നരകം കടന്നുവരുന്നു…. സ്വാര്‍ഥതാത്പര്യങ്ങളില്‍. ഞാനെന്ന ഭാവത്തില്‍ മുങ്ങിത്താഴുന്ന ഒരു തലമുറയ്ക്ക് വിട്ടുവീഴ്ചയും സമഭാവനയും അന്യമാകും… എന്റെ ജീവിതം എനിക്കാസ്വദിക്കാനുള്ളത് എന്ന വ്യക്തിവത്കരണം! പുറംസംസ്‌കാരധാരയില്‍ നിന്നു സ്വീകരിക്കപ്പെട്ടത്. എന്നിട്ടും തകരുന്നു. തകര്‍ന്നുകൊണ്ടേയിരിക്കുന്നു. അണു കുടുംബമെന്ന സ്വപ്‌നസൗധവും. അതിരു കവിഞ്ഞ ലൈംഗിക താത്പര്യം ശിഥിലമാക്കുന്ന ദാമ്പത്യങ്ങള്‍ ഏറെയാണ് എന്ന് മനഃശാസ്ത്രജ്ഞര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ലൈംഗികതയെക്കുറിച്ചുള്ള വികലമായ ധാരണകള്‍ തകര്‍ക്കുന്ന ബന്ധങ്ങള്‍ പെരുകുകയാണ്. വിവാഹത്തിനു മുന്‍പ് സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുക, പരസ്ത്രീ ഗമനം ഒക്കെ ഇന്ത്യയിലെ എല്ലാ സമൂഹങ്ങളും തെറ്റായി കണ്ടിരുന്ന പഴയകാലഘട്ടത്തില്‍ നിന്നു യുവതലമുറ ചുവടു മാറ്റിയിരിക്കുന്നു. ജീവിതം തിന്നും കുടിച്ചും മദോത്മത്തമായി ആഘോഷിക്കപ്പെടേണ്ടതാണെന്ന EPICURIAN സിദ്ധാന്തം പതുക്കെ പടികയറി വന്നു. ഇവിടെയൊക്കെ തകര്‍ന്നത് സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സുദൃഢമായ ആത്മാവിഷ്‌കാരങ്ങളായിരുന്നു. ആത്മീയതയിലൂന്നിയ സ്‌നേഹത്തില്‍ അധിഷ്ഠിതവും അതില്‍ നിന്നുരിത്തിരിയുന്ന ലൈംഗിക താത്പര്യവും നമുക്കന്യമായിക്കൊണ്ടേയിരിക്കുന്നു.. ത്യാഗത്തിലധിഷ്ഠിതമായിരുന്ന കുടുംബ ബന്ധങ്ങള്‍ പണാധിപത്യത്തിന്റെ പളപളപ്പില്‍ മയങ്ങിവീണു. ആര്‍ഭാടങ്ങളുടെ കൂട്ടിക്കിഴിക്കലുകളില്‍ കുടുംബങ്ങളെ കമ്പോള രാജാക്കന്മാര്‍ നിയന്ത്രിച്ചു. കുടുംബങ്ങള്‍ അവരുടെ ആസൂത്രിതമായ, സുന്ദരമായ ചതുരംഗപ്പലകയിലെ വെട്ടി നിരത്തപ്പെട്ട കരുക്കളായി.. അതിരില്ലാത്ത ആകാശം പോലെ ആര്‍ഭാടമോഹങ്ങള്‍ വളര്‍ന്നു. .. കടക്കുഴിയില്‍ സ്വയമിറങ്ങി കയറിവരാന്‍ പറ്റാതായി. സമൂഹത്തിലെ മാനാഭിമാനങ്ങള്‍ ബ്രാന്റഡ് ഉത്പ്പന്നങ്ങളുടെ ഉപയോഗമനുസരിച്ചാണെന്നു ശക്തമായി വിശ്വസിപ്പിക്കാന്‍ പോന്ന വിദേശ കമ്പോളാധിപത്യം ഇവിടെയെത്തി. കുടുംബങ്ങളില്‍ അസംതൃപ്തിയുടെ വിത്തുവിതയ്ക്കാന്‍ കമ്പോളവത്കരണത്തിനു കഴിഞ്ഞു. ഭൗതികത ആത്മനിഷ്ഠാപരമായ വികാരങ്ങളെ പുകച്ചു പുറത്തു ചാടിച്ചു. നഗരാധിപത്യം അങ്ങനെ എല്ലാ അര്‍ഥത്തിലും വാഴത്തപ്പെടുകയും ഗ്രാമങ്ങളിലെ കുടുംബന്ധങ്ങളെ വരെ ശിഥിലമാക്കുകയുമാണ്.

കുടുംബം വെറും കല്ലും മണ്ണും സിമന്റും കമ്പികളും കൊണ്ട് രൂപം നല്‍കിയ വെറുമൊരു കൂടായി മാറി. ആത്മാവ് നഷ്ടപ്പെട്ട കല്ലറകള്‍! ചിരിയും കണ്ണീരും ത്രസിക്കുന്ന, സ്‌നേഹ വിശ്വാസങ്ങളുടെ ഈറ്റില്ലായിരുന്ന വീട് (HOME) നമുക്കന്മയായിക്കൊണ്ടിരിക്കുന്നു. പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ഒരിടമായി- സാങ്കേതികമായി അച്ഛനമ്മമാരും മക്കളും അവരവരുടെ മുറിവാതിലുകള്‍ അടച്ച് സ്വകാര്യത തേടുന്നു. അന്യവത്കരണത്തിലേക്ക്! ഇവിടെ ആത്മാവില്ല, ആത്മാര്‍ഥതയില്ല.. കുറെ സത്രങ്ങള്‍.. അവരവരുടെ വഴിത്താരയില്‍ നിന്ന് അതിലേക്കു എപ്പോഴൊക്കെയോ വന്നെത്തുന്ന യാത്രികര്‍ !

‘ THRE MAY BE NO FAMILIES IN UTOPIA AND NONE IN PARADISE. BUT THE PLANET WE KNOW BEST WILL PROBABLY ALWAYS CONTAIN THEM’- BY ROBERT BIERSTEDT.

Generated from archived content: marriage4.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here