കുടുംബം- ഉല്‍പത്തി

കുടുംബത്തിന്റെ ഉല്‍പത്തിയെക്കുറിച്ചു സാമൂഹിക നരവംശ ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിരവധി സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നു. കാടുകളില്‍ നിന്നാരംഭിച്ച നമ്മുടെ മുന്‍ഗാമികളുടെ കാല്‍പാടുകളില്‍ നിന്നു സമ്പൂര്‍ണ സാങ്കേതിക യുഗത്തില്‍ നാം എത്തിപ്പെട്ടതുവരെ കുടുംബം എന്ന സാമൂഹിക സ്ഥാപനം മനുഷ്യന്‍ യുഗാന്തരങ്ങളിലൂടെയുള്ള സഞ്ചാര പഥങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട ചില അനുഭവ സിദ്ധാന്തങ്ങളില്‍ നിന്നും ജന്മമെടുത്തതാവണം.

കാടുകളില്‍ നിന്ന് തുടങ്ങി പ്രകൃതിയോടൊത്തും പ്രകൃതി ക്ഷോഭങ്ങളെ ചെറുത്തും മനുഷ്യരാശി മുന്നേറി. മറ്റെല്ലാ ജീവജാലങ്ങളില്‍ നിന്നും അവനെ വേര്‍തിരിച്ചത് കാലാന്തരങ്ങളിലൂടെ അവന്റെ ബോധ മണ്ഡലത്തിലുണ്ടായ പരിണാമമാണ്. സ്വന്തം നിലനില്‍പ്പും ജീവസന്ധാരണവും തികച്ചും മൗലികമായൊരു കാഴ്ചപ്പാടില്‍ അവനെ കൊണ്ടെത്തിച്ചു. പ്രപഞ്ചത്തിന്റെ ആധിപത്യം ഒരു പരിധിവരെ തന്നില്‍ അന്തര്‍ലീനമാണ് എന്ന തിരിച്ചറിവാണ് മാനവസംസ്‌കാരത്തിന്റെ തായ് വേരെന്നു പറയാം. തന്റെ താന്‍ പോരിമയില്‍ അവന്‍ ഗര്‍വിഷ്ഠനായി. പലതും തന്റെ വരുതിക്കുള്ളില്‍ നില്‍ക്കുന്നതാണെന്നും അങ്ങനെ നിര്‍ത്താന്‍ കഴിയുമെന്നും അവനറിഞ്ഞു.

ജീവശാസ്ത്രപരമായ ചോദനകളിലൂടെ പിന്‍മുറക്കാരെ സൃഷ്ടിക്കുവാന്‍ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ ബന്ധപ്പെട്ട ആദിമകാലഘട്ടത്തില്‍ അവന്‍ കുടുംബത്തെക്കുറിച്ചു ചിന്തിച്ചിരുന്നോ എന്നു നമുക്കറിയില്ല. പിതാവാരെന്നറിയാതെ ഒരുപാട് സന്തതി പരമ്പരകള്‍ അക്കാലത്തുണ്ടായിരുന്നിരിക്കണം. പ്രകൃതിയുടെ താളങ്ങള്‍ക്കൊത്ത് ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു നീങ്ങിക്കൊണ്ടിരുന്ന മനുഷ്യന് പ്രിയപ്പെട്ടതായി അല്ലെങ്കില്‍ സ്വന്തം സൂക്ഷിപ്പായി ഒന്നും കരുതിവയ്ക്കാന്‍ കഴിയാതെ വന്നിരിക്കുമെന്നുറപ്പ്. അഥവാ തനിക്കു പ്രിയപ്പെട്ടതായ വസ്തുവോ ജീവിയോ സഹജീവിയോ ഉണ്ടായിരുന്നെങ്കില്‍ തന്നെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ അവന് അതൊന്നും സുരക്ഷിതമായി കൊണ്ടു നടക്കാന്‍ കഴിയാതെ പോയിരിക്കണം. ഇത് സ്വന്തമെന്ന വികാരം അവനില്‍ ഉടലെടുക്കാതിരുന്നത് കൊണ്ടാണെന്നു നമുക്കു ചിന്തിക്കാനാവില്ല. പ്രതികൂല ജീവിത സാഹചര്യങ്ങള്‍ അവനെക്കൊണ്ടു പലതും ചെയ്യിപ്പിച്ചതാകണം.

ഞാന്‍ ഇണചേര്‍ന്നവള്‍, എല്ലെങ്കില്‍ എന്റെ പാരമ്പരയെ സൃഷ്ടിച്ചവള്‍ എന്റേത് മാത്രം എന്ന ബോധോദയം ഉണ്ടായ ഏതെങ്കിലുമൊരു ആദി മനുഷ്യനാകണം കുടുംബത്തിന്റെ സൃഷ്ടാവ്. അതുമല്ലെങ്കില്‍ സൃഷ്ടിക്കപ്പെട്ട ഒരുപാട് കാര്യങ്ങള്‍ക്ക് ജീവിതവും നിലനില്‍പ്പും എല്ലാം വഴിമുട്ടി നിന്ന ഒരു സാഹചര്യം യുഗങ്ങള്‍ക്കു മുന്‍പേ ഉണ്ടായിരുന്നിരിക്കണം. അങ്ങനെ ഒരുപറ്റം കുട്ടികളുടെ അനാഥത്വത്തിന് പരിഹാരമായിട്ടും കുടുംബം എന്ന സ്ഥാപനം ഉണ്ടായതാവാം എന്നും നമുക്ക് അനുമാനിക്കാം..

ഇത്തരത്തില്‍ രൂപമെടുത്ത കുടുംബങ്ങള്‍ പുരുഷന്റെ മേല്‍നോട്ടത്തിലും സ്ത്രീയുടെ മേല്‍നോട്ടത്തിലും വിവിധ രൂപങ്ങളില്‍ സമൂഹത്തില്‍ നിലനില്‍ക്കുകയും ഒടുവില്‍ ഇന്നത്തെ അണു കുടുംബ വ്യവസ്ഥയില്‍ എത്തിച്ചേരുകയുമായിരുന്നു. മനുഷ്യ രാശിയെ സംബന്ധിച്ചു ഇന്നു പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ശക്തമായ കൂട്ടായ്മയാണ് കുടുംബം. സമൂഹത്തിന്റെ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ ചെറിയ രൂപം.

സമൂഹത്തിലെ എല്ലാ കൂട്ടായ്മകളും മനുഷ്യന്റെ ജീവിതവുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ കൂട്ടായ്മകള്‍ക്ക് ഒരു കുടുംബത്തിന് വ്യക്തിയുടെ മേല്‍ ഉണ്ടാകാവുന്ന സ്വാധീനത്തിന്റെ ഒരംശം പോലും ഉണ്ടാക്കാനായില്ല. പ്രപഞ്ചത്തില്‍ മനുഷ്യകുടുംബത്തോളം ശക്തമായ ഒരു കൂട്ടായ്മ ഇല്ലെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. സമൂഹത്തിലെ മറ്റു ഗ്രൂപ്പുകളുമായി മനുഷ്യന്‍ ബന്ധപ്പെടുന്നത് അവന്റെ ഏതെങ്കിലും പ്രത്യേക താത്പര്യങ്ങളെ സംരക്ഷിക്കുവാന്‍ മാത്രമാണെന്നും പറയുന്നു. കുടുംബമാകട്ടെ മനുഷ്യനോടൊപ്പമുണ്ട്. അല്ലെങ്കില്‍ മനുഷ്യന്‍ കുടുംബത്തിലുണ്ട്. എല്ലാ സമൂഹങ്ങള്‍ക്കും കാട്ടിലാകട്ടെ, ഗ്രാമങ്ങളിലാകട്ടെ, പുരാതനമാകട്ടെ, ആധുനീകമാകട്ടെ കുടുംബങ്ങളുണ്ടായിരുന്നതായി ചരിത്രം പറയുന്നു.

FAMULUS എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് FAMILY എന്ന വാക്കുണ്ടായത്. ഇതിനര്‍ഥം വേലക്കാരന്‍ എന്നാണ്. റോമന്‍ നിയമത്തില്‍ ഈ വാക്കു കൊണ്ട് അര്‍ഥമാക്കുന്നത് ഏതാനും ഉത്പാദകരോടൊപ്പം ജോലിക്കാരും അടിമകളും താവഴിയായോ അല്ലെങ്കില്‍ വിവാഹം വഴിയായോ ഒരുമിച്ചു കഴിയുന്നതിനെയാണ്.

ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് മക്കളോട് കൂടിയോ മക്കളില്ലാതെയോ അല്ലെങ്കില്‍ പുരുഷനും കുട്ടികളും മാത്രമോ തമ്മിലുള്ള എന്നെന്നും നിലനില്‍ക്കുന്ന ശക്തമായ ഒരു സ്ഥാപനം അഥവാ സംഘടനയാണ് കുടുംബം എന്നു സാമൂഹിക ശാസ്ത്രജ്ഞനായ നിം കോഫ് വ്യക്തമാക്കുന്നു.

കുടുംബത്തിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ സാര്‍വ്വത്രികമായ സ്വഭാവമാണ്. 250 വിവിധ സമൂഹങ്ങളില്‍ പഠനം നടത്തിക്കൊണ്ടാണ് കുടുംബത്തിന്റെ യൂണിവേഴ്‌സല്‍ സ്വഭാവത്തെ മര്‍ഡോക് വിലയിരുത്തുന്നത്. ഏത് രീതിയിലാണെങ്കിലും കുടുംബം എന്ന കൂട്ടായ്മ ഇല്ലാത്ത ഒരൊറ്റ മനുഷ്യ സമൂഹവും ഭൂമിയിലില്ലെന്നും അദ്ദേഹം പറയുന്നു. കിരാതന്മാര്‍ തുടങ്ങി കാട്ടു മനുഷ്യനും നാഗരീകനും വരെ എല്ലാ സമൂഹങ്ങളിലും കുടുംബം എന്നാല്‍ പുരുഷന്‍, സ്ത്രീ അവരുടെ മക്കള്‍ എന്നിവരടങ്ങുന്നതാണെന്നു മലിനോവിസ്‌കി പറയുന്നു

ഞാന്‍ എന്ന സ്വാര്‍ഥ ഭാവത്തില്‍ നിന്നും നമ്മള്‍ എന്ന തലത്തിലേക്കു കുടുംബം മനുഷ്യനെ നയിച്ചു. മനുഷ്യന്റെ അനിയന്ത്രിതമായ ലൈംഗിക തൃഷ്ണയും തന്റെ പിന്‍ഗാമിയെ സൃഷ്ടിക്കുവാനുള്ള തിടുക്കവും പൊതുവായ സാമ്പത്തിക ആവശ്യങ്ങളുമാണ് കുടുംബത്തിന്റെ യൂണിവേഴ്‌സാലിറ്റിക്കു നിദാനം.

സ്വന്തം തൃഷ്ണിയിലും വികാരപരതയിലും ഇങ്ങനെ സൃഷ്ടിച്ചെടുത്ത കുടുംബം ഇന്നു സമൂഹത്തിലെ അങ്ങേയറ്റം പ്രശ്‌നസങ്കീര്‍ണമായ പ്രൈമറി ഗ്രൂപ്പ് ആയിത്തീര്‍ന്നിരിക്കുന്നു. നാഗരീകതയുടെ കടന്നുകയറ്റമാണ് ഇതിന്റെ പ്രധാന കാരണം. ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു ആദി മനുഷ്യന്‍ കുടിയേറിയത് ആഹാരം തേടിയും പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാനുമാണെങ്കില്‍ പിന്‍കാലത്ത് ഇത് എവിടെയെങ്കിലും സ്ഥിരവാസം ആഗ്രഹിച്ചുകൊണ്ടുള്ളതായി തീര്‍ന്നു. ദേശങ്ങളില്‍ നിന്നു ദേശാന്തരങ്ങളിലേയ്ക്കുള്ള മനുഷ്യന്റെ യാത്രയാണ് നാഗരീകതയിലേക്കും അവിടെ നിന്നും സ്വാര്‍ത്ഥ മോഹങ്ങളിലേക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും തകര്‍ച്ചയിലേക്കും കൊണ്ടെത്തിച്ചത്. ഇണചേരല്‍, മാതൃത്വത്തിന്റെ ത്യാഗ സമ്പൂര്‍ണത, മാതാപിതാക്കളുടെ സംരക്ഷണം, സ്‌നേഹം, സഹാനുഭൂതി, എന്നീ വികാരങ്ങളില്‍ അധിഷ്ഠിതമായ കുടുംബങ്ങള്‍ അങ്ങനെ പതുക്കെ ദുര്‍ബലമായി. ഇത് എല്ലാ സമൂഹങ്ങളിലും വേവലാതി സൃഷ്ടിച്ചുകൊണ്ട് ഇന്ന് നാം കാണുന്ന അന്യവത്കരണത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും ലൈംഗിക വന്യതയിലേക്കും ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുകയായിരുന്നു.

ഇന്ത്യന്‍ നഗരങ്ങളിലെ ജനസംഖ്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 18 ശതമാനത്തില്‍ നിന്നു 27 ശതമാനം ഉയര്‍ച്ചയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. സാമ്പത്തികവും സാങ്കേതികവുമായ വ്യതിയാനങ്ങള്‍ ലോകമാകെയുള്ള കുടുംബ ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചു. കുടുംബത്തില്‍ അധിഷ്ഠിതമായ ആശയങ്ങളും ആദര്‍ശങ്ങളും കടപുഴകി വീണു ശക്തമായ പാശ്ചാത്യ കടന്നുകയറ്റങ്ങള്‍ സൃഷ്ടിച്ച നാഗരിക അനുകരണങ്ങളും ദാമ്പത്യ ബന്ധങ്ങളെ തകര്‍ക്കുവാന്‍ വഴിമരുന്നിട്ടു. അഢംബരത്തോടും ഭൗതിക നേട്ടങ്ങളോടുമുള്ള ആസക്തി കുടുംബങ്ങളെ കടക്കെണിയുടെ കുരുക്കിലാക്കി. സ്‌നേഹത്തിലും വൈകാരികതയിലും ശക്തമായിരുന്ന കുടംബം ആടിയുലഞ്ഞു. സമ്പന്നമായ ജീവിത തത്വങ്ങളുടെ പിന്‍ബലമുണ്ടായിരുന്ന നമ്മുടെ സമൂഹത്തില്‍ പണമുണ്ടാക്കുക എന്നതിനപ്പുറം മറ്റൊരു ജീവിത മൂല്യവുമില്ലെന്ന ആശയം അരക്കെട്ടുറപ്പിക്കാന്‍ വിദേശ കമ്പോള സംസ്‌കാരത്തിന്റെ കടന്നുവരവില്‍ സാധ്യമായി. വിവാഹേതര ബന്ധങ്ങളെ പാപബോധത്തോടെ നോക്കിയിരുന്ന നമുക്ക് അവ ഉദാരവത്കൃതമായി

Generated from archived content: marriage3.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English