വിവാഹിതര്‍ വേര്‍പിരിയുമ്പോള്‍

ദാമ്പത്യം! ഒത്തിരി സ്വപ്‌നങ്ങളുമായി(?) ഒരുമിച്ചു ജീവിക്കാന്‍ അവരവരുടെ മത കര്‍മങ്ങളാല്‍ ബന്ധിക്കപ്പെട്ടവര്‍ പഴയ കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് എങ്ങനെ ഈ ബന്ധം ബന്ധനമായിത്തീര്‍ന്നിരിക്കുന്നു എന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ ഗവേഷണ വിഷയമാക്കിയ ഒരു കാലഘട്ടത്തില്‍ സമൂഹം എത്തിനില്‍ക്കുന്നു.

ആര്‍ഭാടങ്ങളും സദ്യകളും ആദ്യരാത്രിയുമൊക്കെ മുറപോലെ!. ഇത് ആധുനിക കുടുംബത്തിന്റെ അടിത്തറയ്ക്ക് കല്ലിടുന്ന ദിനം! ഇല്ലാത്തവന്‍ കടക്കെണിയില്‍പ്പെട്ടു കൊണ്ടുതന്നെ. എന്തിന്, വിവാഹത്തിന്റെ കടം വീട്ടിത്തുടങ്ങും മുന്‍പുതന്നെ ബന്ധങ്ങള്‍ തകരുകയാണ്. ദമ്പതികള്‍ വഴിപിരിയാന്‍ നിയമത്തിന്റെ നൂലാമാലകള്‍ തേടുകയാണ്. പൊരുത്തക്കേടുകള്‍ മനനം ചെയ്യാനുള്ള സാവകാശം പോലും ഇല്ലാതെ അവര്‍ കോടതി മുറികളിലിലെത്തുന്നു. കത്തുന്ന പകയോടെ ഏതോ പൂര്‍വവൈരാഗ്യം തീര്‍ക്കുവാനുള്ള വാശിയോടെ.

കുടുംബബന്ധങ്ങള്‍ക്ക് അമൂല്യമായ വില നല്‍കിയിരുന്ന ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നു. ഇന്ന് വിവാഹമോചനം വളരെ ലാഘവത്തോടെ കാണാന്‍ പഠിച്ചിരിക്കുന്നു. ഇതൊരു ദുരന്തമായി വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടിരുന്ന നമ്മള്‍ ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായി സ്വീകരിച്ചു കഴിഞ്ഞു. കോടതി വരാന്തകളില്‍ ഓരോരുത്തര്‍ വേര്‍പിരിയാനുള്ള തങ്ങളുടെ ഊഴം കാത്തിരിക്കുന്നു. ചിലരുടെ കണ്ണുകളില്‍ ശൂന്യത… മറ്റ് ചിലതില്‍ ധാര്‍ഷ്ട്യത്തിന്റെ കനല്‍… ചിലവയില്‍ വേദനയുടെ നനവ്.. അതെ, അവര്‍ പിരിയാന്‍ കാത്തുനില്‍ക്കുകയാണ്…

എന്താണ് അച്ഛനമ്മമാര്‍ക്കിടയില്‍ സംഭവിക്കുന്നതെന്നറിയാതെ കുഞ്ഞുങ്ങള്‍… അവരുടെ മനസില്‍ ആശങ്കയുടെ അഗ്നി.. പറക്കമുറ്റാത്തവര്‍ മുതല്‍ പ്രായപൂര്‍ത്തിയായവര്‍ വരെ മാതാപിതാക്കളുടെ പോര്‍ക്കളത്തില്‍ ആയുധം നഷ്ടപ്പെട്ട യോദ്ധാക്കളെപ്പോലെ! ചിലര്‍ അമ്മയുടെ കൈ പിടിച്ചു നടന്നകലുമ്പോള്‍… മറ്റു ചിലര്‍ അച്ഛന്റെ ബലിഷ്ഠമായ കൈകളുടെ കരുത്തറിഞ്ഞ് മുന്നിലേക്കു നീങ്ങുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ട് അകലെ നില്‍ക്കുന്ന അമ്മയെ പിന്തിരിഞ്ഞു നോക്കുന്നു. .. കണ്ണീരിന്റെ പുകമറയിലൂടെ!… ഓരോ കുഞ്ഞിനും വേണം രണ്ടു പേരെയു.. ഒരാളെ മാത്രം മതിയെന്നു ഒരു കുട്ടിയും മോഹിക്കില്ല… അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരുടെ പറക്കമുറ്റാത്ത നിസ്സഹായത മുതലെടുത്തുകൊണ്ട് ഭീഷണിയുടെ ചാട്ടവാറുയര്‍ത്തി അവരെക്കൊണ്ട് പറയിക്കുകയാണ്.. മനുഷ്യക്കുഞ്ഞുങ്ങളോളം നിസ്സഹായരായ ഏതൊരു ജീവിയുണ്ട് ഈ ഭൂമുഖത്ത്? പ്രപഞ്ചത്തില്‍ സൃഷ്ടിക്കപ്പെട്ട ഏതൊരു ജീവജാലത്തിനും ഒരു ചെറിയ, നിശ്ചിത കാലയളവിനുള്ളില്‍ ജന്മം നല്‍കിയവരില്‍ നിന്നു വേര്‍പെട്ടു ലോകത്തിന്റെ തുറന്നിട്ട വാതായനങ്ങളിലേക്ക് ചുവട് മാറിപ്പോകാം… മനുഷ്യക്കുട്ടികള്‍ക്കു മാത്രം ഈ മഹാഭാഗ്യം സ്രഷ്ടാവ് നിഷേധിച്ചതെേേന്താ?

ഇത് അനുഭവം… അമ്മയുടെ കൈപിടിച്ചു ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും ഒരു പൊതു സ്ഥലത്ത് എത്തുന്ന ഒരു നാലു വയസുകാരന്‍ .. കോടതിയാണ് അവന്റെ വിധികര്‍ത്താവ്… മാസത്തില്‍ ഒരിക്കല്‍ അവനെ കാണുവാനുള്ള വിധി മാത്രം കൈമുതലായുള്ള അച്ഛന്‍.. അയാളെ ഏല്‍പ്പിച്ച് എല്ലാ രണ്ടാം ശനിയാഴ്ചയും അമ്മ മടങ്ങുന്നു… വൈകുന്നേരം വരെ അയാള്‍ക്കവനെ സ്വന്തമാക്കാം… അച്ഛനാകാം… (അച്ഛന്‍ എന്ന ഭീകരനെക്കുറിച്ച് അഴന് ഗൃഹപാഠങ്ങള്‍ ആവോളം നല്‍കിയിട്ടുണ്ട്.) ആ ദിവസം അയാള്‍ ലീവെടുക്കും… അവനുമായി പാര്‍ക്കുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കളിപ്പാട്ടക്കടകളിലും കയറിയിറങ്ങും. അവന് അയാള്‍ അങ്കിളാണ്..’ അച്ഛനെന്ന വിളി ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല.. ചിലപ്പോള്‍ അവനെന്നെ പേരുവിളിക്കും..’ അയാളുടെ ശബ്ദമിടറി. ഇരുവരും എന്റെ കൂട്ടുകാര്‍.. പ്രേമ മിശ്ര വിവാഹം…

വര്‍ഷങ്ങള്‍ കടന്നുപോയി. കുട്ടിക്ക് ഇന്ന് 13 വയസ്… അമ്മയും ഉയര്‍ന്ന ഉദ്യോഗമുള്ളയാള്‍.. ഒരു പുനര്‍ ദാമ്പത്യത്തിന്റെ സാധ്യതകള്‍ എല്ലാം അടഞ്ഞ ബന്ധം.. അയാള്‍ ജോലി രാജിവച്ചു.. സ്വതന്ത്രമായ മറ്റു ചില ജോലികള്‍ തിരഞ്ഞെടുത്തു.. ഉദ്യോഗക്കയറ്റം കിട്ടിയത് വലിച്ചെറിഞ്ഞു കൊണ്ട്… ‘ അന്യസംസ്ഥാനത്തേയ്ക്കു പോയാല്‍ എനിക്കെന്റെ മകന്റെ മുഖം മാസത്തിലൊരിക്കലെങ്കിലും കാണാനാവില്ലല്ലോ..’ ഫോണിലൂടെ അയാളുടെ ശബ്ദം ഇടറുന്നതിന്റെ താളപ്പിഴ… ഒരു അച്ഛന്റെ ഹൃദയത്തിന്റെ നീറ്റല്‍.. ‘ സലോമി ഇപ്പോള്‍ അവനെ വഴിവക്കിലും മറ്റും വച്ചാണ് കാണിക്കുന്നത്… പണ്ട് എന്റെ ഫഌറ്റില്‍ ഒരു പകല്‍ ചെലവഴിക്കുവാന്‍ അവള്‍ അനുവദിച്ചിരുന്നു. .. അവന്‍ വളര്‍ന്നപ്പോള്‍ രീതി മാറി… എന്റെ മകനെ ഒന്നു കണ്ണുനിറയെ കാണാന്‍ ആഗ്രഹിക്കുകയാണ്.. അവളത് ഒരിക്കലും അനുവദിക്കുന്നില്ല. ..’ അയാളുടെ സങ്കടങ്ങള്‍ക്ക് എന്റെ മറുപടി മൗനമായിരുന്നു… ഏതോ ഒരു വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ അയാളുടെ ഉള്ളുമുറിഞ്ഞ ശബ്ദത്തിന് പിന്നെ മൗനം മറുപടിക്കു വഴിമാറി.. ‘ ഒരിക്കല്‍ അവന്‍ താങ്കളെ തേടിവരും… അവന്‍ ഒരു ആണ്‍കുട്ടിയാണ്.. അവന്റെ ചിറകുകള്‍ എറെക്കാലം അരിഞ്ഞൊതുക്കാനാവില്ല. .. നിങ്ങളുടെ സ്‌നേഹം, നിങ്ങളുടെ ന്യായപ്രമാണം സത്യമാണെങ്കില്‍ അവന്‍ വരും.. ഉറപ്പ്’. അങ്ങേത്തലയ്ക്കല്‍ നിന്നു ശബ്ദത്തിന്റെ വിപരീതം.. പിന്നെ തകര്‍ന്ന ശബ്ദത്തില്‍.. ..’ അവളുടെ ഫഌറ്റിന്റെ സന്ദര്‍ശക മുറിയില്‍ അവനെയൊന്നു കാണാന്‍ എനിക്കു അനുവാദം തരാന്‍ ഒന്നു പറയൂ സലോമീ…’ അത് നടക്കില്ലെന്ന് അയാള്‍ക്കറിയാം…

രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇത്തരം കുടുംബ വേദനകള്‍ നമ്മുടെ നാട്ടില്‍ അന്യമായിരുന്നു.( അപൂര്‍വം)… കര്‍ശനമായ സാമൂഹിക ചട്ടങ്ങളുണ്ടെന്നു അഭിമാനിക്കുന്ന കേരളത്തില്‍ ഒരു ദിവസം 600ലേറെ വിവാഹമോചന അപേക്ഷകള്‍ കോടതിയിലെത്തുന്നു. തിരുവനന്തപുരത്ത് മാത്രം ദിവസം 65 അപേക്ഷകള്‍… ജില്ലകള്‍തോറുമുള്ള സ്ഥിതിവിവരക്കണക്ക് കേട്ടാല്‍ ഞെട്ടും. ഇത് നിയമത്തിന്റെ കണക്കു പുസ്തകത്തില്‍. നിയമപുസ്തകത്തില്‍ എഴുതപ്പെടാതെയുള്ള വേര്‍പിരിയലിന്റെ എണ്ണം ഇതിലിരട്ടിയാണ്. പൊരുത്തക്കേടുകളുടെ പാരാവാരത്തില്‍ മുങ്ങി പരസ്പരം പഴിചാരി ദാമ്പത്യം വഴി പിരിയുമ്പോള്‍ തകരുന്നത് അതിലുണ്ടായ കുഞ്ഞുങ്ങളാണ്. മാനസികാരോഗ്യം നഷ്ടപ്പെട്ട ഒരു തലമുറയാണ് ഇനി കേരളത്തിനു സ്വന്തമാകാന്‍ പോകുന്നത്. ദാമ്പത്യകലഹത്തിലൂടെ ബലിയാടാകുന്ന ഒരു പുതിയ തലമുറ. അവരുടെ ദാമ്പത്യ ജീവിതവും ഭാവിയില്‍ ഇതൊക്കെത്തന്നെ…!

സംസ്ഥാനത്ത് നടക്കുന്ന സ്ത്രീകളുടെ ആത്മഹത്യയുടെ 56 ശതമാനവും വിവാഹതികളുടേതാണ്. കേരളത്തില്‍ ഒരു വര്‍ശം 1556 കുടുംബിനികള്‍ ആത്മഹത്യ ചെയ്യുന്നു. കോടതിയിലെത്താത്തവരാണ് ഇതില്‍ 90 ശതമാനവും.

സ്വന്തം അസ്തിത്വത്തെക്കുറിച്ചു സ്ത്രീകള്‍ക്കുണ്ടായ അവബോധമാണ് പുരുഷന്റെ ഫ്യൂഡല്‍ സ്വഭാവമുള്ള പീഡനങ്ങളെ(ശാരീരികവും മാനസികവും) താങ്ങാന്‍ അവര്‍ക്കു മനസില്ലാതാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ ജീവനൊടുക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനു തന്നെ. ഇതില്‍ ഒന്നാം പ്രതി മദ്യവും രണ്ടാം പ്രതി സാമ്പത്തികവുമാണ്. വ്യഭിചാരം മൂന്നാം സ്ഥാനത്തും. വ്യഭിചരിച്ച ഭര്‍ത്താവിനോട് പൊറുത്തുകൊണ്ട് ജീവിതം വീണ്ടും സമരസപ്പെടുത്തി മുന്നോട്ടു പോകാന്‍ നല്ലൊരു ശതമാനം സ്ത്രീകളും തയാറാകുന്നു. വ്യഭിചരിച്ച ഭാര്യയോട് പൊറുക്കാന്‍ പല ഭര്‍ത്താക്കന്മാരും തയാറല്ല. പുരുഷന്മാരുടെ ആത്മഹത്യയില്‍ 50 ശതമാനവും വിവാഹിതരാണെന്നും സര്‍വേകള്‍ പറയുന്നു.

പശ്ചാത്യരാജ്യങ്ങളില്‍ വിവാഹ മോചനത്തിന് ഏകദേശം 16 കാരണങ്ങളില്‍ ഏതെങ്കിലുമൊന്ന് കോടതിയില്‍ നല്‍കണം. ഇന്ത്യയില്‍ അഞ്ചു കാരണങ്ങളില്‍ ഒന്നാണ് നല്‍കേണ്ടത്. വ്യഭിചാരം, ഉപേക്ഷിച്ചുപോകല്‍, ക്രൂരത, വന്ധ്യത, മാറാരോഗങ്ങള്‍.

ഓരോ 102 മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീധന മരണം നടക്കുന്നു. ഇത് കൊലപാതകമോ ആത്മഹത്യയോ ആകാം..

Generated from archived content: marriage1.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English