നിത്യ ചൈതന്യം ഈ ജീവിതം

(ദാര്‍ശനികനും ചിന്തകനുമായ ഗുരു നിത്യ ചൈതന്യ യതി സമാധിയായിട്ട് 14-05-2013ന് 15 വര്‍ഷം തികയുന്നു)

1998 ഫെബ്രുവരി 3, ഫേണ്‍ ഹില്‍ നാരായണ ഗുരുകുലം. നിത്യചൈതന്യ യതിയുടെ ആശ്രമം. മരപ്പടി മലര്‍ക്കെ തുറന്നു കിടന്നിരുന്നു. കിളിയൊച്ചകള്‍ക്കപ്പുറം നിശബ്ദത മാത്രം. തലേന്നു നിശ്ചയിച്ചുറപ്പിച്ച കൂടിക്കാഴ്ച. ഗുരുവിനെ കാണുവാന്‍ മാത്രം ഒരുക്കിയ യാത്ര. രാവിലെ പത്തുമണിക്ക് കാണാമെന്നു ഫോണിലൂടെ അനുമതി.

നിറയെ ചില്ലുജാലകങ്ങളുള്ള ആശ്രമത്തിലെ സ്വീകരണ മുറിയിലേക്കു സെക്രട്ടറി സ്വാഗതം ചെയ്തു. ‘ഗുരു കുളിക്കുകയാണ് അല്‍പനേരം കാത്തിരിക്കേണ്ടിവരും. ബുദ്ധിമുട്ടാവില്ലല്ലോ?’

‘ ഇല്ല എത്രനേരം വേണമെങ്കിലും കാത്തിരിക്കാം.. ഗുരുവിനെ കണ്ടിട്ടേ ഇനി മടക്കമുള്ളൂ’

നീലഗിരിയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ ഒരിടം. സഞ്ചാരികളുടെ ബഹളങ്ങളില്ലാതെ ഫേണ്‍ഹില്‍. ഗുരുകുലത്തില്‍ അഞ്ചെട്ടു അന്തേവാസികള്‍ മാത്രം. ഗുരുവിനെ ആത്മകഥയെഴുതാന്‍ സഹായിച്ചുകൊണ്ടിരിക്കുന്ന അമെരിക്കന്‍ വനിത. കേരളത്തിന്റെ വടക്കന്‍ ജില്ലയില്‍ നിന്നെത്തിയ ജോസഫ്. മധ്യ തിരുവിതാംകൂറില്‍ നിന്നെത്തിയ ശോഭ. ഗുരുകുലത്തില്‍ സമാധാനം തേടിയെത്തുന്നവര്‍.. നാനാമതസ്ഥര്‍.

ഭംഗിയായി, ലളിതമായി അലങ്കരിച്ച സ്വീകരണ മുറിയിലേക്ക് ഗുരു നിത്യചൈതന്യം നിറഞ്ഞ മന്ദഹാസത്തോടെ ആഗതനായി. എണ്ണയുടെയും കുഴമ്പിന്റെയും സമിശ്ര ഗന്ധം . അന്തേവാസികളെല്ലാം അവിടെ ഒത്തുകൂടി. പ്രാര്‍ഥനാ സമയമാണ്. നിലത്തവിരിച്ച പായയില്‍ എല്ലാവരും ധ്യാനനിരതരായി. ഏകദേശം പത്തുനിമിഷം മാത്രമുള്ള പ്രാര്‍ഥന. അവരോടൊപ്പം ഞാനും പങ്കുചേര്‍ന്നു.

സന്ദര്‍ശനത്തിന്റെ ലക്ഷ്യം- ഏറെക്കാലമയായുള്ള മോഹം- ‘ അനുവദിച്ചാല്‍ ഒരു അഭിമുഖം’ ആഗ്രഹം വ്യക്തമാക്കി. ഗുരു സമ്മതം മൂളി. തേജോമയമായ മന്ദഹാസം.

ജ്ഞാനിയാണ്. എന്തായിരിക്കും അദ്ദേഹത്തിന് പറയാനുണ്ടാകുക? എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമോ, അതോ ജ്ഞാനഭണ്ഡാരത്തില്‍ നിന്നുള്ള അക്ഷര മുത്തുകള്‍ കോര്‍ത്തിണക്കിയ തത്വചിന്തകളോ? എന്ത് ചോദിക്കണം, എവിടെ തുടങ്ങണം എന്ന ധാരണയോടെയോ കൗശല ബുദ്ധിയോടെയോ അല്ല ഗുരുവിനെ തേടിയെത്തിയത്. വായിച്ചും കേട്ടും അറിഞ്ഞ പല കാര്യങ്ങളിലും ആരാധന തോന്നിയതു കൊണ്ടുമാത്രം. ഒരു ആത്മാന്വേഷത്തിനുള്ള പുറപ്പാട് പോലെ ശാന്തമായിരുന്നു മനസ്. ഒന്നും ചോദിക്കാനാകാതെ ഞാന്‍ വെറുതെ ഗുരുവിന്റെ ചൈതന്യപൂരിതമായ മുഖത്തേയ്ക്കു ഇമവെട്ടാതെ നോക്കിയിരുന്നു. അദ്ദേഹം ചില്ലുജാലകത്തിനു പുറത്തെ അനന്തതയിലേക്കും.. ഒരു ചോദ്യവും എന്നില്‍ നിന്നു പ്രതീക്ഷിക്കാത്തതു പോലെ.. അല്ലെങ്കില്‍ എന്റെ ഉള്ളിലെ ചോദ്യങ്ങള്‍ അദ്ദേഹം അറിയുന്നുവോ….?

പിന്നെ, പതുക്കെ, വളരെ പതുക്കെ അദ്ദേഹം പറഞ്ഞു തുടങ്ങി..’ ഞാന്‍ കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ പത്രലോകവുമായുള്ള ബന്ധം വിട്ടു. ഇപ്പോള്‍ ഞാന്‍ പത്രം വായിക്കാറില്ല. അതിനു ശേഷം എന്തെന്നില്ലാത്ത ഒരു സമാധാനമുണ്ട്. ദിവസവും രാവിലെ എഴുന്നേറ്റ് ചായ കുടിക്കുമ്പോള്‍ തന്നെ ഇന്നാര് ഇന്നാരെ കൊന്നു, ഇന്നാരെ തീ കൊളുത്തി എന്നു പത്രങ്ങളില്‍ നിന്നു കേള്‍ക്കാതായതിനു ശേഷം എന്തെന്നില്ലാത്ത സമാധാനമുണ്ട്. ലോകത്തില്‍ സമാധാനം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.. നാം പത്രം വായിക്കാതിരുന്നാല്‍ മതി..’

അതൊരു സൗമ്യ പ്രഖ്യാപനമായിരുന്നു. എന്തൊക്കെയോ അദ്ദേഹത്തിന്റെ മനസിനെ വേദനിപ്പിക്കുന്നുണ്ടെന്നു തോന്നി. ജ്ഞാനത്തിന്റെ സോപാനങ്ങിലെത്തിപ്പെട്ടാലും വേദന ഏറ്റുവാങ്ങുന്ന മനസ്. .. പലതും തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ഭാവം. പക്ഷെ എവിടെയോ അത് തടസപ്പെടുന്നതു പോലെ .. എന്തൊക്കെയോ മനസില്‍ വച്ച് താഴിട്ടു പൂട്ടുന്നുണ്ടെന്നു തോന്നി.

‘വളരെ അറിവുണ്ടെന്നു ധരിച്ച നമ്മള്‍ ആരാധിക്കാന്‍ പോലും തയാറായ മഹാന്മാര്‍ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അസത്യം എഴുതുകയും പരിഹാസം ചൊരിയുകയും ചെയ്യുന്നതു കണ്ടാല്‍ കേരളത്തില്‍ മനുഷ്യന്‍ ജീവിച്ചിരിക്കുന്നത് വേറൊരാളെ പരിഹസിക്കാനെന്നു തോന്നും’- മനസില്‍ അടക്കി നിര്‍ത്തിയിരുന്ന വികാരത്തിന്റെ നേര്‍ത്ത പ്രതികരണം പോലെയുള്ള വാക്കുകള്‍. മനുഷ്യന്‍ ഒരുപാട് മാറിപ്പോയെന്നും ഇവല്യൂഷനറി തിയറിയില്‍ നിന്നു ഇന്‍വൊല്യൂഷനിലേക്കാണ് മനുഷ്യന്റെ യാത്രയെന്നും ഗുരു പറഞ്ഞു’ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മനുഷ്യന്‍ പണത്തെ മാത്രം സ്‌നേഹിക്കുകയും അത് എങ്ങനെ കൈയില്‍ വന്നാല്‍ മതിയെന്നും ചിന്തിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്’

ഗുരു തുടര്‍ന്നു’ പണ്ടൊക്കെ മനുഷ്യര്‍ തമ്മില്‍ ഒരു തരത്തിലുള്ള വ്യത്യാസവും കണ്ടിരുന്നില്ല. പ്രത്യേകിച്ച് മതപരമായ വ്യത്യാസങ്ങള്‍. എന്തെങ്കിലും സംഭവിക്കുമ്പോള്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് സഹായത്തിനെത്തുന്നു. എന്നാല്‍ ഇപ്പോള്‍ ആ ജാതിയാണ്, ഈ ജാതിയാണ് എന്നൊക്കെ പുതിയ കാലത്തു പോലും ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത വിശഷം തോന്നുന്നു. അന്നത്തെ പുരോഹിതന്മാരും വളരെ ശാന്തശീലരും പക്വതയുള്ളവരുമായിരുന്നു. അവര്‍ സത്യം മാത്രം പറയുന്നവരായിരുന്നു. പക്ഷെ ഇന്ന് അവരും പണമുണ്ടാക്കുന്ന കാര്യത്തില്‍ തത്പരരും ആര്‍ഭാടങ്ങള്‍ ആഗ്രഹിക്കുന്നവരുമായി. പണ്ടൊക്കെ ഒരു വീട്ടില്‍ പോലും മദ്യം ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇന്നു പലവീടുകളിലും കയറിച്ചെല്ലുമ്പോള്‍ മേശപ്പുറത്ത് മദ്യക്കുപ്പിവച്ച് അപ്പനും മക്കളും മദ്യപിക്കുന്നത് കാണാം’

‘ഇതൊക്കെ നമ്മുടെ നാടിന്റെ മുഖമുദ്രയായപ്പോള്‍ കേരളം അങ്ങു മാറിപ്പോയി. വീടു വലുതായിരിക്കണം. മുറ്റത്ത് കാറു വേണം. ടിവി വേണം. ഫോണ്‍ വേണം. ഇതൊക്കെ പത്തമ്പതു കൊല്ലത്തിനിടെയുണ്ടായ മാറ്റങ്ങളാണ്. ഇതാകട്ടെ എങ്ങനെയും പണമുണ്ടാക്കണം എന്ന നിലയിലേക്കു മനുഷ്യനെ കൊണ്ടു ചെന്നെത്തിച്ചു’

അല്‍പനേരം അദ്ദേഹം മൗനനായി.. പിന്നെ സാവകാശത്തില്‍ പറഞ്ഞു തുടങ്ങി..’ ഡാര്‍വിന്‍ പറയുന്നതുപോലെ മനുഷ്യവര്‍ഗത്തിന്റെ ഉത്ഭവം കുരങ്ങില്‍ നിന്നാണെങ്കിലും അല്ലെങ്കിലും ഇതൊക്കെ കാണുമ്പോള്‍ കുരങ്ങില്‍ നിന്നായതു പോലെ തന്നെയാണ്. ഈ കാലഘട്ടത്തിലെ എണ്ണപ്പെട്ട ചിന്തകരില്‍ ഒരാളായ ഷോഡിംഗറുളെ – what is life- എന്ന അതിമനോഹരമായ പുസ്തകത്തില്‍ മനുഷ്യന്‍ പരിവര്‍ത്തനം ചെയ്തു വരുമ്പോള്‍ അവന്റെ ബുദ്ധി കൂടണം, ആത്മശോഭ വര്‍ധിക്കണം. നല്ല വിചാരങ്ങള്‍ക്കു പ്രസക്തി നല്‍കണം… എന്നിങ്ങനെ പറയുന്നുണ്ട്. എന്നാല്‍ വേദോപനിഷത്തുക്കള്‍ വായിച്ചു മനസിലാക്കാനുള്ള ശക്തിപോലും ഇന്ന് മിക്ക ഹിന്ദുക്കള്‍ക്കും ഇല്ല. പരിണാമം നമ്മെ ഉത്കൃഷ്ടതിയലേക്കല്ല കൊണ്ടു പോയതെന്നു തോന്നുന്നു..’

‘ശാസ്ത്രം കൂടുതല്‍ വസ്തുനിഷ്ഠമാകാന്‍ തുടങ്ങിയപ്പോള്‍ ആത്മനിഷ്ഠ. ദൈവം ഇതെല്ലാം ശാസ്ത്രത്തിനു പുറത്തായി..’

‘പശ്ചാത്യ വിദ്യാഭ്യാസം വന്നതോടു കൂടി ഒരുപാട് ധാര്‍മികാധഃപതനം ഇന്ത്യയിലുണ്ടായി. ജനാധിപത്യത്തിന്റെ ആശയം വളരെ നല്ല ഒന്നായിരുന്നെങ്കിലും മറ്റുള്ളവരെ ഭരിക്കണമെന്നു വന്നപ്പോള്‍ ജനാധിപത്യത്തിന്റെ ആദ്യമുണ്ടായിരുന്ന എല്ലാ നന്മകളും പോയി.. മറ്റൊരു പ്രശ്‌നം എല്ലാവര്‍ക്കും സ്വീകാര്യമായിട്ടുള്ള ഭരണ കര്‍ത്താക്കള്‍ ഇല്ലാതായി എന്നതാണ്. പ്രിമിറ്റിവ് കമ്യൂണിസത്തിന്റെ കാലം തൊട്ട് , മനുഷ്യന്‍ ഒന്നാണ്, അവന്റെ പദവി ഒന്നും നോക്കേണ്ട, അനോന്യം സ്‌നേഹിക്കുകയാണ് വേണ്ടത് എന്ന ആശയം ശക്തമായിരുന്നു. എന്നാല്‍ അതിലും വര്‍ഗം, വര്‍ഗസമരം എന്നീ ആശയങ്ങള്‍ വന്നപ്പോള്‍ സാധാരണക്കാര്‍ എങ്ങനെയും ആയിക്കൊള്ളട്ടേ. അവര്‍ നമ്മുടെ ആളുകള്‍ അല്ല എന്നായി. എത്രപേരെ കൊല്ലാം എന്നത് ശക്തിയുടെ മാനദണ്ഡമായി. ഡെമോക്രസിയും സോഷ്യലിസവും പാര്‍ട്ടിയുണ്ടാക്കല്‍ മാത്രമായി. ജീവിത മൂല്യങ്ങള്‍ പലതും വില കല്‍പ്പിക്കാതെ മനുഷ്യന്‍ വലിച്ചെറിഞ്ഞു. കൊല്ലും കൊലയും സമൂഹത്തിന്റെ ഭാഗമായി. അതായത് ലോകത്തില്‍ മനുഷ്യന്റെ ആദര്‍ശങ്ങളും ആശയങ്ങളും ഒന്നുമല്ലാതായി തീര്‍ന്നു. മനുഷ്യ പ്രകൃതിയിലുള്ള മൃഗം എവിടെയും അടക്കി നിര്‍ത്താന്‍ കഴിയാതെ പോര്‍ വിളിച്ചു നടന്നു.’

ഗുരു ക്ഷീണിതനായിരുന്നു. മദ്രാസ് യാത്രയുടെ ക്ഷീണം. പക്ഷെ തന്റെ ആശയങ്ങളെ പ്രകാശിപ്പിക്കുന്നതിന് ഒരു തരത്തിലും തടസമായിരുന്നില്ല. അല്‍പനേരത്തെ മൗനത്തിനു ഇടവേള ഗുരുവിന് ഒരായിരം കാര്യങ്ങള്‍ പറയാനുണ്ട് എന്ന തിരിച്ചറിവില്‍ എന്നിലെ ചോദ്യകര്‍ത്താവ് മൗനം പാലച്ചു

‘ ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച് ഏറ്റവും താഴെ അസുരന്‍, അതിനു മുകലില്‍ മനുഷ്യന്‍, മനുഷ്യനു മുകളില്‍ ദേവന്‍.. ദേവനും അസുരനുമാകട്ടേ മനുഷ്യനിലല്ലാതെ വേറൊരിടത്തും കാണുന്നില്ല. മനുഷ്യരില്‍ തന്നെയാണ് ദേവനെയും അസുരനേയും ഉണ്ടാക്കിയിരിക്കുന്നത്. ദൈവത്വം കൂടുമ്പോള്‍ അവന്‍ കുറെക്കൂടി യോഗ്യനായ ജീവിക്കും. അസുരശക്തി വരുമ്പോള്‍ അവന്‍ മൃഗത്തേക്കാളും മോശമായി തീരും. മനുഷ്യനില്‍ ഇന്നു അസുരശക്തി കൂടിവരികയാണ്. ലോകത്തില്‍ എവിടെ നോക്കിയാലും നന്മയെ നമുക്ക് ഏറെക്കാലം കൊണ്ടു നടക്കാനോ സ്‌നേഹിക്കാനോ കഴിയാതെ വരുന്നതായി കാണുന്നു. നമ്മില്‍ നിന്നു ഒരാള്‍ തന്റെ പദവിക്കു വേണ്ടി മറ്റൊരാളെ പിടിച്ചുമാറ്റുന്നു. നമ്മെ പിടിച്ചു മാറ്റിയാലേ അവരുടെ പദവി നേടിയെടുക്കാനാകൂ എന്നാണവരുടെ വിശ്വാസം.’

ലോകം, ജീവിതം, നന്മ, മനുഷ്യപ്രകൃതി ഇവയെക്കുറിച്ചു ഗുരു തന്റെ ജ്ഞാന ഭണ്ഡാരത്തില്‍ നിന്നു തിളങ്ങുന്ന മുത്തുകള്‍ പുറത്തെടുത്തു. വളരെ താഴ്ന്ന ശബ്ദത്തില്‍. ഗുരുവിന് കേള്‍വിക്കുറവുണ്ട്. ചോദ്യങ്ങള്‍ കാതോരത്തിരുന്നു ഉറക്കെ ചോദിക്കണമായിരുന്നു

ഗുരു തുടര്‍ന്നു’ ക്വാണ്ടം ഫിസിക്‌സിന്റെ ആവിര്‍ഭാവത്തിനു ശേഷം ലോകത്തുണ്ടായ വലിയ പ്രശ്‌നങ്ങളെ കുറിച്ചു ചിന്തിച്ച നാസയിലെ ശാസ്ത്രജ്ഞര്‍ ഒടുവില്‍ തങ്ങളുടെ കണ്‍ഫ്യൂഷന് മറുപടി കണ്ടെത്തിയത്- God alone knows- എന്നുപറഞ്ഞുകൊണ്ടാണ്.

അറിവിന്റെ മഹാസാഗരങ്ങളിലൂടെയാണ് ഗുരു തന്റെ ജീവിതയാനം തുഴഞ്ഞത്. ജപമാലകള്‍ ഉരുക്കുഴിഞ്ഞ് ഏതെങ്കിലും ഒരു ആശ്രമ സങ്കേതത്തില്‍ സ്തുതിപാഠകളായ അനുയായികളുമായി ഒത്തു ചേര്‍ന്നു കപട അധ്യാത്മീകതയുടെ ചെപ്പടിവിദ്യകള്‍ കാണിക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഗീതയും ഖുറാനും ബൈബിളും വേദങ്ങളുമൊക്കെ തന്റെ ആത്മീയ മണ്ഡലത്തില്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. അവയുടെ അന്തഃസത്തയറിഞ്ഞു ജീവിച്ചു. ചരാചരങ്ങളെ സംബന്ധിക്കുന്നതെല്ലാം പഠനവിഷയമാക്കി. കലയും ശാസ്ത്രവും മതബോധനങ്ങളും വേദങ്ങളുമെല്ലാം അറിവിന്റെ അന്വേഷണ ത്വരയില്‍ നിറഞ്ഞു. അതുകൊണ്ടുതന്നെ പരിമിതികളില്ലാത്ത ജ്ഞാനത്തിന്റെ മഹാവനങ്ങളില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ രചനകള്‍ സൂര്യതേജസേറ്റു തിളങ്ങി നിന്നു.

ഗുരുവിനോട് ഒരു സംശയം പോലെ ഉണര്‍ത്തി-‘ ജീവിതത്തെ കുറിച്ചുള്ള അങ്ങയുടെ ദര്‍ശനം.’

‘ എനിക്ക് അങ്ങനെ ദര്‍ശനമൊന്നുമില്ല. മരണമാണ് മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹം. മരണമാണ് നമ്മുടെ ഒരേയൊരു ആശ്വാസം. മനുഷ്യന് കുറച്ചു നാള്‍ ജീവിച്ചാല്‍ മതിയല്ലോ. പിന്നെ മരണത്തിലേക്കു പോകാം’

വീണ്ടും ചോദിച്ചു- ‘ ക്രിസ്തു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. അങ്ങ് അത് വിശ്വസിക്കുന്നുണ്ടോ?’

‘ഞാന്‍ ഒന്നിലും വിശ്വസിക്കാത്തവനാണ്’

‘ മരണം നിഗൂഢതകള്‍ നിറഞ്ഞതല്ലേ?’

‘ഇല്ലായ്മയുടെ ഇടയില്‍ വളരെയേറെ നിഗൂഢതകള്‍ ഉണ്ട്. ഭൂതകാലത്തില്‍ ഉണ്ടായ മഹത്തുക്കളില്‍ നിന്ന് നഷ്ടപ്പെടാത്ത എന്തോ ഒന്ന് പിന്‍തലമുറകളില്‍ കൂടി മുന്നോട്ടു പോകുന്നു. യേശുവിനോടും യോഹന്നാന്‍ പ്രവാചകനോടും അക്കാലത്തുണ്ടായ യഹൂദര്‍ നീ യേശവ്വാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. യേശയ്യാവ് യേശുവിനും മറ്റും എത്രയോ കാലം മുന്‍പ് മരിച്ചുപോയതായിരുന്നു’

ദേശങ്ങളില്‍ നിന്നു ദേശാന്തരങ്ങളിലേക്കുള്ളതായിരുന്നു ഗുരുവിന്റെ നിത്യചൈതന്യം നിറഞ്ഞ കണ്ണുകള്‍. ചെന്നു ചേരുന്നിടത്തെല്ലാം ആരാധ്യനായി. ആ മനസിന്റെ ആഴം കണ്ടെത്തിയവരെല്ലാം ഗുരുവിനെ സ്‌നേഹിച്ചു. പക്ഷെ സ്വന്തം ജന്മനാട് മാത്രം യേശു പറഞ്ഞതുപോലെ പ്രവാചകനെ അറിയാതെ പോകുന്നു’

‘കേരളത്തില്‍ കഴിയുന്നതും പോകരുതെന്നു ഞാന്‍ വിചാരിച്ചു. അങ്ങനെ കഴിഞ്ഞ നാലു വര്‍ഷം കേരളത്തില്‍ പോയില്ല. ഭാഗ്യദോഷത്തിനു ഇപ്രാവശ്യം അവിടെ വരെ പോയി. അതിനു പത്രങ്ങളില്‍ എഴുതി വന്നതെല്ലാം കണ്ടാല്‍ അയ്യോ… ഇതിനാണോ ഞാന്‍ അവിടെ പോയതെന്നുതോന്നി..’. അദ്ദേഹം ഒരു നിമിഷത്തേയ്‌ക്കെങ്കിലും അല്‍പം വികാരാധീനനായതു പോലെ തോന്നി.

മനുഷ്യ നന്മയ്ക്കപ്പുറം ഒരു മതവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ല. വായനയും എഴുത്തും സംവാദങ്ങളുമൊക്കെയായി നീണ്ടു പോയ ഒരു ജീവിത യാത്ര. കൈയൊപ്പിട്ടു അദ്ദേഹം സമ്മാനിച്ച രണ്ടു പുസ്തകങ്ങള്‍ പ്രസാദമായി ഏറ്റുവാങ്ങി (റൂമി പറഞ്ഞ കഥ, ഭഗവത് ഗീത സ്വാദ്ധ്യായം) നന്ദി പറഞ്ഞിറങ്ങുമ്പോള്‍ മനസ് കൂടെവരാന്‍ കൂട്ടാക്കുന്നില്ലായിരുന്നു.

കരിയിലകള്‍ പാതവക്കില്‍ നിന്നു ചൂരല്‍ കൊണ്ടു സ്വയം തൂത്തുവാരി… ചെടികളും കായ്കനികളും പച്ചക്കറികളും നട്ടു നനച്ചു വളര്‍ത്തി… ഒടുവില്‍ ഏതൊരു മനുഷ്യ ജീവിതവും പോലെ, അദ്ദേഹം ഭൗതീക ലോകത്തില്‍ നിന്നു നാം കാണാത്ത, അറിയാത്ത മരണത്തിന്റെ ഗുഹാഗഹ്വരങ്ങളിലേക്ക് മടങ്ങി.

Generated from archived content: interview1_may13_13.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English