സുരക്ഷിതത്വം അന്യം നില്‍ക്കുന്ന രാജ്യം – (ഭാഗം 2)

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാനങ്ങളും ഒരു ക്രമസമാധാന പ്രശ്നമായി കണ്ടില്ല എന്നതാണ് ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടായ ആദ്യ വീഴ്ച. പൊതുസ്ഥലത്തും പൊതുവാഹനങ്ങളിലും എന്തിന് സ്വന്തം വീട്ടില്‍ പോലും സുരക്ഷിതയല്ലാതായിത്തീര്‍ന്നിരിക്കുന്ന അവളുടെ ജീവന്‍ ആരും എന്തേ വില കല്‍പ്പിക്കുന്നില്ല?

ഡല്‍ഹിയില്‍ നടന്ന സംഭവം രാജ്യത്ത് ആദ്യമായി സംഭവിച്ചതല്ല. ഡിസംബര്‍ 16 നു നടന്ന ദാരുണമായ ഈ സംഭവത്തിനു ശേഷം ഈ ജനുവരി രണ്ടിനുള്ളില്‍ ഡല്‍ഹിയില്‍ മാത്രം 61 സ്ത്രീകളേയും കുട്ടികളേയും കാണാതായിട്ടുണ്ട്. ഛത്തീസ്ഗ്ഗഡില്‍ 9000 പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലിനു കച്ചവടം ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഐ. എ. എസ് ഉദ്യോഗസ്ഥ പ്രൊമീള ശങ്കര്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന് നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഓരോ നാല്‍പ്പത് മിനിറ്റിലും ഒരു സ്ത്രീ മാ‍നഭംഗം ചെയ്യപ്പെടുന്നു. ഇതില്‍ 90 ശതമാ‍നവും കേസുകളായി കോടതിയില്‍ എത്തുന്നില്ല.

ഓരോ മണിക്കൂറിലും ഇന്ത്യയില്‍ 18 സ്ത്രീകളെങ്കിലും പീഢനത്തിരയാകുന്നുണ്ട് എന്നാണ് സി. എസ്. ആര്‍ എന്ന സാമൂഹ്യ പഠന കേന്ദ്രത്തിന്റെ സര്‍വേ പറയുന്നത്. ‘’ കുറ്റകൃത്യങ്ങള്‍ പലപ്പോഴും ക്രൂരം, പൈശാചികം, മൃഗീയം, കിരാതം എന്നീ പദങ്ങള്‍ കൊണ്ട് വിശദീകരിക്കപ്പെടാറുമുണ്ട്. എന്നാല്‍ ഈ നാല് പദങ്ങള്‍ കൊണ്ട് വിവക്ഷിക്കപ്പെടുന്നതിനും അപ്പുറമാണ് ഡല്‍ഹിയില്‍ നടന്നതെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവും ഒരു സിറ്റിംഗിനു ലക്ഷങ്ങള്‍ ലഭിക്കുന്ന അഭിഭാഷകനുമായ അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു . ഡല്‍ഹിയില്‍ ലഫ്നന്റ് ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന ഒഴിവുകാല സന്ദര്‍ശനത്തിനായി വിദേശത്തെത്തിയപ്പോഴാണ് ഈ സംഭവം അറിഞ്ഞത്. അദ്ദേഹം കൂട്ടമാനഭംഗത്തിന്റെ കഥയറിഞ്ഞിട്ട് ഉടനടി രാജ്യത്തേക്കു മടങ്ങുവാനുള്ള സന്മനസ്സൊന്നും കാട്ടിയില്ല. ഇതൊരു ക്രമസമാധാന പ്രശ്നത്തിന്റെ വക്കിലെത്തിയതിനു ശേഷം എട്ടു ദിവസം കഴിഞ്ഞാണ് തന്റെ ഉല്ലാസയാത്ര കഴിഞ്ഞെത്തിയത്. ഡല്‍ഹിയിലെ പ്രഥമപൗരന്റെ സ്ഥാനത്ത് നില്‍ക്കുന്ന ഇദ്ദേഹം ഇപ്രകാരം ചെയ്യരുതായിരുന്നു. തേജീന്ദര്‍ ഖന്നയും ഷീലാ ദീക്ഷിത്തും എന്നും അഭിപ്രായ ഭിന്നതകളുള്ളവരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടിയിരുന്നില്ലേ? ഈ സംഭവത്തിനെതിരെ പ്രതിഷേധിച്ചില്ലെങ്കില്‍ നമുക്ക് ഭാരതീയതയുടെ മഹത്വത്തെക്കുറിച്ച് എങ്ങനെ വീമ്പിളക്കാനാവും? സൈക്കോപാത്തുകളെക്കൊണ്ട് നിറഞ്ഞ അമേരിക്കയേയും മറ്റു പല പാശ്ചാത്യ ദേസങ്ങളേയും പോലെ നമ്മുടെ മണ്ണീലും ഈ മൃഗയാ വിനോദം കൊടി പാറിക്കണോ? നമുക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. മന:സാക്ഷിയുണ്ടെങ്കില്‍ എപ്പോഴെ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു ‘’ പ്രതിഷേധവുമായി പ്രണയത്തിലാകുന്നതോടെ മനുഷ്യന്‍ ശരിയായ പാതയിലെത്തിപ്പെടുന്നു’‘ എന്ന് ഓഷോ പറഞ്ഞത് എത്ര പരമാര്‍ത്ഥം. ലൈംഗിക അരാജകവാദിയെന്ന് സദാചാരവാദികള്‍ മുദ്ര കുത്തിയ ഓഷോയുടെ സിദ്ധാന്തങ്ങള്‍ ഈ അവസരത്തില്‍ നാം ശരി വെക്കേണ്ടി വരുന്നു ‘എബൌട്ട് മാന്‍’ എന്ന തന്റെ സൈദ്ധാന്തിക സംഭാഷണങ്ങളില്‍ ഓഷോ സ്ത്രീകള്‍ക്കു നേരെയുള്ള പുരുഷന്റെ കടന്നാക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി അവന്‍ സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നത് അവന് അനുഭവപ്പെടുന്ന അഗാധമായ അപകര്‍ഷതാബോധം കൊണ്ടാണ്. സ്ത്രീകളുടെ ജന്‍മം നല്‍കാനുള്ള കഴിവിനെ അവന്‍ അറിഞ്ഞോ അറിയാതെയോ ഭയപ്പെടുന്നുണ്ട്. അവന്റെ അപകര്‍ഷതയുടെ തുടക്കം ഇവിടെ തുടങ്ങുന്നു എന്നാണ് ഓഷോയുടെ വാദം. പല നിലയ്ക്കും അവള്‍ തന്നെക്കാള്‍ കരുത്തുറ്റവളാണെന്ന ബോധം അവനിലുണ്ട്. സ്ത്രീകള്‍ കൂടുതല്‍ ക്ഷമാശീലരും സഹനശക്തിയുള്ളവരുമാണ്. പുരുഷന്‍ മറിച്ചും . സ്ത്രീ കൊല നടത്തുന്നത് അപൂര്‍വമാണ്. കൂട്ടക്കൊല നടത്തുന്നത് നവീനമായ മാരകായുധങ്ങള്‍ അവന്‍ യുദ്ധത്തിനുവേണ്ടി നിര്‍മ്മിക്കുന്നു. ഈ മരണക്കളിക്ക് പുറത്താണ് സ്ത്രീയുടെ ലോകം. അവള്‍ ഇത്തരം ക്രൂരതകള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ അവളെ അപമാനിക്കുവാനും താഴ്ത്തിക്കെട്ടുവാനും അവന്‍ കിട്ടുന്ന സമയങ്ങള്‍ പാഴാക്കുന്നില്ല.

1976 ജനുവരി രണ്ടിന് ലക്നൌവില്‍ നിന്നും പുറത്തിറങ്ങിയ പയനിയര്‍ എന്ന പത്രം പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുന്‍പ് ഇന്ത്യാക്കാര്‍ മര്യാദയുള്ളവരായിരുന്നു. എളിമയും വിനയവുമുള്ളവരായിരുന്നു. ഇതിനു പുറമെ അവര്‍ ശാരീരികമായി ഭയമുള്ളവരും ദൈവഭയമുള്ളവരുമായിരുന്നത്രെ. രണ്ട് പതിറ്റാണ്ടിനു ശേഷം ഇവര്‍ നടത്തിയ ഇതു സംബന്ധിച്ച സര്‍വേയില്‍ കണ്ടെത്തിയത് ഇന്ത്യാക്കാര്‍ അവിശ്വസ്തരാണെന്നും ധാര്‍ഷ്ട്യമുള്ളവരാണ് അവര്‍ അക്രമാസക്തരും മതപരമായ വിശ്വാസികളും അല്ലാതായിക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ ഡോക്ടറും എഴുത്തുകാരനുമായ ഡോ. റിവര്‍ റെയ്പിനെ ഒറ്റവാക്കില്‍ പറയുന്നു ‘ Rapists are Sadists’ സ്ത്രീകളെ ആക്രമിച്ച് കീഴ്പ്പെടുത്തിക്കൊണ്ടുള്ള സെക്സിന് അദ്ദേഹം അഞ്ച് വിശദീകരണങ്ങളും നല്‍കുന്നു.

പുരാതന ഗ്രീസില്‍ മാനഭംഗം ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഇവര്‍ ഈ പ്രവര്‍ത്തി ഭയാനകമായി കണ്ടിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. കാരണം സ്ത്രീകളുടെ കന്യാത്വത്തത്തിനും മറ്റും വളരെക്കുറച്ച് പ്രാധാന്യമേ ഇവര്‍ നല്‍കിയിരുന്നുള്ളു. വേശ്യാലയങ്ങള്‍ നടത്തുന്നതോ അവിടെ പോകുന്നതോ ഒരു കുറ്റമായി അവര്‍ കണ്ടിരുന്നില്ല. കന്യകമാരെ റെയ്പ്പിനു നല്‍കുന്നത് മാന്യമായ ഒരു തൊഴിലായിട്ടാണ് അവര്‍ കണ്ടിരുന്നതെത്രെ! ഈ സ്ഥാപനത്തിന്റെ ഉടമയെ ‘ Pornobosum…. എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ളിലേക്ക് ഭര്‍ത്താവിനെ അന്വേഷിച്ച് ഭാര്യമാര്‍ക്ക് കടന്നു ചെല്ലുവാന്‍ അനുവാദമുണ്ടായിരുന്നില്ല. തികച്ചും നിരോധിച്ചിരുന്നു.

ഏകദേശം 12 നും 18 മില്യണും ഇടക്ക് ജനങ്ങള്‍ താമസിക്കുന്ന ഡല്‍ഹി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 25 ഓളം മാനഭംഗങ്ങള്‍ ഇവിടെ നടന്നു. ഇതില്‍ നല്ലൊരു ശതമനവും കൂട്ടമാനഭംഗങ്ങള്‍. തലസ്ഥാനത്തെ 66% സ്ത്രീകള്‍ രണ്ടിലേറെ ( ചിലര്‍ അഞ്ചും) തവണ മാനഭംഗത്തിനിരയായിട്ടുണ്ടെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ മാസം 55 കാരനായ ഒരു ഓട്ടോ ഡ്രൈവര്‍ കിരാതന്മാരില്‍ നിന്ന് തന്റെ മകളുടെ മാനം രക്ഷിക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ രക്തസാക്ഷിയായി.

2009 – ലെ ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വമില്ലാത്ത ഇടമായി ഡല്‍ഹിയെ വിലയിരുത്തി. 2011 -ല്‍ 53 നഗരങ്ങളില്‍ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ നടത്തിയ പഠനത്തില്‍ ഡല്‍ഹി കുറ്റകൃത്യങ്ങളില്‍ ‘ ഒന്നാം സ്ഥാനം’ നേടി. 2011-ല്‍ 2.8 റെയ്പ്പുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ( 100. 000 നിവാസികളില്‍) ഓരോ 100,000 നിവാസികളില്‍ 18 തട്ടിക്കൊണ്ടു പോകലും റെയ്പ്പും 3,007 തട്ടിക്കൊണ്ടു പോകല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഓരോ 100,000 പേരില്‍ കുട്ടികള്‍ക്കെതിരെ 21 കുറ്റകൃത്യങ്ങള്‍ നടക്കുന്നു. അതായത് രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 40 % നടക്കുന്നത് ഡല്‍ഹിയിലാണെന്നും സര്‍വേ പറയുന്നു.

2012 – ല്‍ തോംസണ്‍ റോയ്ട്ടേഴ്സ് നടത്തിയ സര്‍വേയില്‍ ഓരോ ഇരുപത് മിനിറ്റിലും 26, 280 സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്തി. 1953 – നും 2011 നുമിടയില്‍ ഇന്ത്യയില്‍ മറ്റേതൊരു കുറ്റകൃത്യത്തേക്കാളും മാനഭംഗപ്പെടുത്തല്‍ എന്ന ക്രൈം വളരെ വേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു. 2011-ല്‍ 572 റെയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2012-ല്‍ ഇത് 635 ആയി ഓരോ 14 മണിക്കൂറിനുള്ളില്‍ ഒരു സ്ത്രീശരീരം പിച്ചിച്ചീന്തപ്പെടുന്നു. അറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മുതല്‍ 80 വയസുള്ള വയോധിക വരെ! ജൂണ്‍ 2012 -ല്‍ ഒഡീസയില്‍ ഒരു ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗം ചെയ്യപ്പെട്ടു. ഇതില്‍ നിയമപാലകര്‍, രാഷ്ട്രീയക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ വരെ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ബി. ജെ. ഡി മന്ത്രി രാജി വച്ചു. ഇതിനെല്ലാം പുറമെ വാഹനാപകടങ്ങളുടെ രൂപത്തിലും മറ്റ് രീതിയിലും പ്രതിവര്‍ഷം 500 കൊലപാതകങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ഗ്രാഫ് വളര്‍ത്താന്‍ സാമ്പത്തിക കാര്യ മന്ത്രി അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ സ്ത്രീകളുടെ മുറുക്കിയുടുത്ത അടിവസ്ത്രം ഇവിടെ കാമഭ്രാന്തന്മാര്‍ പിച്ചിച്ചീന്തുകയാണ്. 2007 -ല്‍ നിഥാരി എന്ന ഗ്രാമത്തില്‍ നടന്ന 50 കുട്ടികളുടെ മരണം ഒരു കാമവെറിയന്‍ പ്രൊഫസറുടെ ദാഹം തീര്‍ക്കുവാനായിരുന്നു. ഡല്‍ഹിയോടു തൊട്ടു കിടക്കുന്ന ഈ ഗ്രാമം.

നമ്മുടെ ഭരണ സിരാകേന്ദ്രമായ ഡല്‍ഹി ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും കണ്ടിട്ടില്ലാത്രയത്രയും നിയമലംഘനങ്ങളുടെ സാക്ഷിപത്രമാണ്. ജൂഗ്ഗി ജോപ്രി പോലുള്ള ചേരികള്‍ ഡല്‍ഹിയുടെ നരകകേന്ദ്രങ്ങളാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കേന്ദ്ര സഹായം തേടുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഡല്‍ഹിയില്‍ ഇന്ന് നിലവിലുള്ള 3.2 മില്യണ്‍ കെട്ടിടങ്ങളില്‍ 80 ശതമാനവും അനധികൃതമാണ്. കുടിയേറ്റക്കാരുടേ ഇടിച്ചുകയറ്റത്തില്‍ ഡല്‍ഹിയിലെ ജനസംഖ്യയില്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ അന്‍പത് ശതമാനം വര്‍ധിച്ചിട്ടുണ്ട്. ദേശീയ ശരാശരിയെക്കാളും 2.5% ആളോഹരി വരുമാനം കൂടുതലുള്ള ഡല്‍ഹിയില്‍ ഇന്ത്യന്‍ റീട്ടെയില്‍ വന്‍പന്മാര്‍ വിപുലീകരണം നടത്തിക്കഴിഞ്ഞു. നൂറോളം ഷോപ്പിംഗ് മാളുകള്‍ ഡല്‍ഹിയെ കാത്തിരിക്കുന്നു.

വലുപ്പത്തില്‍ മുംബയെക്കാളും കൊല്‍ക്കത്തയെക്കാളും വലുപ്പമുള്ള മൂവായിരം കൊല്ലം പഴക്കമുള്ള ഡല്‍ഹി ഏഷ്യയിലെ മൂന്നാമതെ വലിയ നഗരമാണ്. ഈ ഡല്‍ഹിയില്‍ 6 ലക്ഷത്തോളം കുട്ടികള്‍ ബാലവേല ചെയ്യുന്നു ! ഇവിടെ ഏകദേശം 16 മില്യനോളം വരുന്ന ജനങ്ങള്‍ക്ക് 20,000 പോലീസാണുള്ളത്. ( 2009 -ലെ കണക്ക്) ഈ ഫോഴ്സില്‍ പകുതിയുടെയും സേവനം വി ഐ പി കളുടെ സെക്യൂരിറ്റിക്കായിട്ടുളളതാണ്. 2001- ല്‍ പാര്‍ലമെന്റ് ആക്രമണവും 2005-ല്‍ എഴുപതോളം പേരുടെ ജീവനൊടുക്കിയ ബോംബ് സ്ഫോടനവും ഡല്‍ഹിയുടെ നെഞ്ചിലെ ചോരക്കറകളാണ്. 15 വയസില്‍ താഴെയുള്ള കുട്ടികളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റവാളി‍കള്‍ ഉള്ളത് ഡല്‍ഹിയിലാണ്. സ്ത്രീധന മരണം, കിഡ്നാപ്പിംഗ്, റെയ്പ്പ് , ആത്മഹത്യ, കൊലപാതകം, കുട്ടികളെ പീഡിപ്പിക്കല്‍ അങ്ങനെ കുറ്റകൃത്യങ്ങളുടെ ഒരു നീണ്ട നിര നമ്മുടെ തലസ്ഥാനത്തിന് ‘തിലകക്കുറി’ ചാര്‍ത്തുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഢനം നടക്കുന്നതും ഡല്‍ഹിയില്‍ത്തന്നെ. തെക്കന്‍ ഡല്‍ഹിയിലും പടിഞ്ഞാറന്‍ ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ റേപ്പ് നടക്കുന്നത്.

പുരുഷമേധാവിത്വം ശക്തമായി നിലനിന്നിരുന്ന ഒരു ദേശമാണ് ഡല്‍ഹി. സാക്ഷരതയും വിദ്യാഭ്യാസവും പുതിയ കാലത്തെ സ്ത്രീകള്‍ക്ക് വീടിനു പുറത്തിറങ്ങി തൊഴിലെടുക്കുവാനുള്ള അവസരമൊരുക്കി. കടുത്ത പാരമ്പര്യവാദികളായ ഡല്‍ഹിയിലെ പുരുഷന്മാര്‍ക്ക് അത് ദഹിച്ചില്ല. ആധുനിക വേഷവിധാനങ്ങളില്‍ സ്വതന്ത്രരായി സഞ്ചരിക്കുന്ന സ്ത്രീകളെ അവന്‍ കത്തുന്ന കാ‍മത്തോടെയും പകയോടെയുമാണ് കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി കാണുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും ഡല്‍ഹിയില്‍ 9 ജില്ലകള്‍ മുന്‍പില്‍ നില്‍ക്കുന്നു. 1998 നവംബര്‍ 19 ന് എന്‍. ഡി. ടി. വി പ്രൊഡ്യൂസര്‍ ശിവാനി ജാജോഡിയ സ്വന്തം ഫ്ലാറ്റില്‍ വെച്ച് കൊലചെയ്യപ്പെട്ടു. ആകാശവാണി ന്യൂസ് റീഡര്‍ സുധാഗുപ്തയും സ്വന്തം ഫ്ലാ‍റ്റില്‍ വച്ചാണ് കൊല ചെയ്യപ്പെട്ടത്. ഇതേ വര്‍ഷം പെട്രോള്‍ ബങ്ക് നടത്തിയിരുന്ന ബീനാ ദേശായ് എന്ന യുവതിയെ ആക്രമിച്ച് അക്രമികള്‍ 2. 8 ലകഷം രൂപ തട്ടിയെടുത്തു. നാല് പേര്‍ ചേര്‍ന്ന് തോക്ക് കൊണ്ട് തലക്കടിച്ചായിരുന്നു കവര്‍ച്ച. ആത്മധൈര്യം കൈവെടിയാതെ തലയില്‍ നിന്ന് ചോര വാര്‍ന്നൊലിച്ചുണ്ടിരിക്കെ കാറോടിച്ചുകൊണ്ട് ഈ യുവതി അക്രമികളുടെ പിന്നാലെ പോയി. ഒടുവില്‍ ബോധം കെട്ടു വീഴുകയായിരുന്നു. 1999 ജനുവരി 23 ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടര്‍ ശിവാനി ഭട്നഗര്‍ സ്വന്തം വീട്ടില്‍ വെച്ചാണ് വധിക്കപ്പെട്ടത്. ഇതേവര്‍ഷം മാര്‍ച്ച് 8-ന് കാണാതായ ഔട്ട് ലുക്ക് മാഗസിന്‍ കര്‍ട്ടൂണിസ്റ്റ് ഇര്‍ഫാന്‍ ഹുസൈനെ അഞ്ച് ദിവസത്തിനു ശേഷം വീട്ടില്‍ നിന്നും വെറും 10 മിനിറ്റ് ദൂരം മാത്രമേയുള്ളു. ഹൈവേയില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി ഒരു ഭാണ്ഡമാക്കി ജഡം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 28 കത്തിക്കുത്താണ് മൃതശരീരത്തില്‍ കാണപ്പെട്ടത് .

2002-ല്‍ മൗലാനാ ആസാദ് മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി ഗാംഗ് റേപ്പിനു ഇരയായി. 2003-ല്‍ ഡോക്യുമെന്റെറി നിര്‍മ്മാതാവായ അന്‍കാ ജോഷിയെ കാറില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു അന്‍കാ കാറിന്റെ താക്കോല്‍ കുറ്റിക്കാട്ടിലെറിഞ്ഞു . കലികൊണ്ട് അക്രമികള്‍ അന്‍കയെ കാറില്‍ നിന്നും വലിച്ചിഴച്ച് റോഡിലിട്ട തലതല്ലി കൊണ്ടിരിക്കെ ദൂരെ നിന്നും വന്ന ഒരു കാറിന്റെ വെട്ടം കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ വര്‍ഷം നവംബറില്‍ രാത്രി 10 – ന് ഒരു സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥയെ ക്വാളിസില്‍ കയറ്റി ഓടിച്ചുകൊണ്ട് പോയി മാനഭംഗപ്പെടുത്തി. 2003 – ല്‍ തന്നെ ഒരു റെയ്പ് കേസില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ ബോഡിഗാര്‍ഡിനെ അറസ്റ്റ് ചെയ്തിരുന്നു. 1996 -ല്‍ പ്രിയദര്‍ശിനി മട്ടു എന്ന വിദ്യാര്‍ത്ഥിനിയെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ മാനഭംഗപ്പെടുത്തി കൊല ചെയ്തു. വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ 2010-ല്‍ ജീവപര്യന്തമാക്കി മാറ്റി. 1999 ഏപ്രില്‍ 29 -ന് ജസീക്കാ ലാല്‍ റ്റാമറിന്റ് റസ്റ്റോറണ്ടിനുള്ളില്‍ വച്ച് വെടിയേറ്റു മരിച്ചു. ഇതില്‍ മുന്‍ മന്ത്രി വിനോദ് ശര്‍മ്മയുടെ മന്‍ മനു ശര്‍മ്മ ജനസമ്മര്‍ദ്ദം മൂലം ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടു. 2008 മെയ്മാസം ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ആരുഷി തല്‍വാര്‍ കൊലചെയ്യപ്പെട്ടു. തൊട്ടടുത്ത് വീട്ടു ജോലിക്കാരന്റെ മൃതദേഹവും കണ്ടെത്തി. ഇതില്‍ മാതാപിതാക്കളെ കുറ്റക്കാരാക്കി കോടതി കണ്ടു.

കുറ്റവാളികളുടെ മന:ശാസ്ത്രം

തിഹാര് ‍ജയിലില്‍ സ്ത്രീകളെ ഹീനമായി ഉപദ്രവിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്ന 90 % ത്തോളം കുറ്റവാളികളെ സന്ദര്‍ശിച്ച സന്‍ ചേതന്‍ സൊസൈറ്റി ഫോര്‍ മെന്റെല്‍ ഹെല്‍ത്തിലെ സൈക്യാട്രിസ്റ്റ് രജത് മിത്രയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ഇവരില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രവര്‍ത്തികളില്‍ പശ്ചാത്താപിച്ചിരുന്നില്ലന്നും പലരും തുടര്‍ച്ചയായി ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ വീണ്ടും ശിക്ഷിക്കപ്പെട്ട് വന്നത്തിയവരാണെന്നും കണ്ടു. മിത്ര പഞ്ഞത് തങ്ങള്‍ വീണ്ടും പിടിക്കപ്പെട്ടു എന്നതു മാത്രമായിരുന്നു ഇവരുടെ പശ്ചാത്താപം എന്നാണ്. റെയ്പ്പ് ചെയ്യപ്പെടുമ്പോള്‍ ഇരകള്‍ ഒരു പ്രകാരത്തിലും കഷ്ടപ്പെടുന്നില്ലന്നും തങ്ങളെപ്പോലെ അവരും ആനന്ദം അനുഭവിക്കുന്നു എന്നാണ് ഈ വൈകൃത വേതാളങ്ങള്‍ പറഞ്ഞത്. റെയ്പ്പ് ചെയ്യപ്പെടുമ്പോള്‍ ഇരകള്‍ കരയുന്നത് ആനന്ദം കൊണ്ടാണെന്നു പറഞ്ഞ ഇവരുടെ കിരാതമനസ്സ് കണ്ട് മിത്ര നടുങ്ങി.

അല്‍പ്പം ചരിത്രം

ഒരു വര്‍ഷം ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളില്‍ നാല്‍പ്പത് ശതമാനം ഡല്‍ഹി കാണാനെത്തുന്നുണ്ട്. എ. ഡി പതിനൊന്നാം നൂറ്റാണ്ടില്‍ രജപുത്രര്‍ സ്ഥാപിച്ച ഡല്‍ഹി 1911 -ല്‍ ബ്രട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി.

പാണ്ഡവരുടെ രാജാധാനിയായിരുന്ന ഇന്ദ്രപ്രസ്ഥമാണ് ഇന്ന് നാമറിയുന്ന ഡല്‍ഹി എന്ന് ചരിത്രകാരന്‍ പറയുന്നു. ഇന്നത്തെ ഡല്‍ഹിയിലുള്ള ഇന്ദര്‍പഥ് എന്ന ഗ്രാമത്തിന്റെ പഴയ പേര്‍ ഇന്ദ്രപസ്ഥ എന്നായിരുന്നെത്രെ. മഹാഭാരതത്തിന്റെ ആദി പര്‍വ്വത്തില്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഉദയാമസ്തയങ്ങള്‍ പ്രതിപാദിക്കുന്നുണ്ട് . ഒരു തുണ്ടു ഭൂമി പോലും, സൂചി കുത്താനിടം പോലും പാണ്ഡവര്‍ക്കു കൊടുക്കില്ലെന്നു പറഞ്ഞ കൗരവര്‍ ഒടുവില്‍ ധൃതരാഷ്ട്രന്‍ ഖാണ്ഡവ വനത്തില്‍ ഒരു നഗരം കെട്ടിപ്പടുക്കാന്‍ അനുമതി നല്‍കി. അസുര ശില്‍പ്പിയായ മയന്റെ നേതൃത്വത്തില്‍ 14 മാസം കൊണ്ടാണ് ആയിരക്കണക്കിനു അനുയായികള്‍ ചേര്‍ന്ന് ഈ നഗരം നിര്‍മ്മിച്ചത് എന്ന് വ്യാസന്‍ പറയുന്നു. ഇന്ദ്രപ്രസ്ഥത്തിലെ രാജസൗധങ്ങള്‍ അങ്ങേയറ്റം പ്രൌഢി നിറഞ്ഞതായിരുന്നു. കൗരവരുടെ ചതിയായിരുന്നു അത്. പാണ്ടവരെ ഒന്നടങ്കം ഖാണ്ഡവവനത്തിലിട്ട് കത്തിച്ച് ചാമ്പലാക്കാനുള്ള തന്ത്രം. തീ പടര്‍ന്നപ്പോള്‍‍ മയനെ അര്‍ജ്ജുനന്‍ രക്ഷപ്പെടുത്തി. തന്റെ ജീവന്‍ രക്ഷിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മയന്‍ ഇന്ദ്രപ്രസ്ഥം നിര്‍മ്മിച്ചതെന്ന് മഹാഭാരതത്തിലെ സഭാപര്‍വ്വത്തില്‍ സൂചനയുണ്ട്. ഇന്ദ്രപ്രസ്ഥത്തിന് അങ്ങനെ ചരിത്രാതീതകാല മുതല്‍ക്കേ ഒരു പാട് ചതിയുടെയും വിശ്വാസവഞ്ചനയുടേയും ക്രൂരതകളുടെയും ചരിത്രമൂണ്ട്. ഇന്ന് കാലവും കഥാപാത്രങ്ങളും മാറി ക്രൂരതയും ചതിയും പുതിയ രൂപത്തിലും ഭാവത്തിലും ഡല്‍ഹി എന്ന പേരില്‍ നമ്മുടെ തലസ്ഥാനമായിത്തീര്‍ന്നു. നമുക്ക് നാണിച്ച് തലതാഴ്ത്താന്‍ വേണ്ടി മാത്രം.

ഒരു പിന്‍ വാക്യം

‘’ കാമാന്മാതാ പിതാ ചൈനം യദുല്പാദയ തോമിഥ

സംഭ്രതി ന്തസ്യതാം വിദ്യാ ദദ്യോനാവഭി ജായതേ’‘

എന്ന് മനുസ്മൃതിയില്‍ പറയുന്നു. ഇതിനര്‍ത്ഥം ‘’ മാതാവും പിതാവും കാമത്താല്‍ അന്യോന്യം പുണര്‍ന്ന് യോനി മാര്‍ഗ്ഗമായിട്ട് യാതൊരു ജന്മം ഉണ്ടാകുന്നുവോ ആ ജന്മമാകട്ടെ മൃഗജാതിയെപ്പോലെ അവയവങ്ങളെ മാത്രം കൊടുക്കത്തക്ക സാമര്‍ത്ഥ്യമുള്ളതാകുന്നു’‘

സ്വതന്ത്ര സെക്സിന്റെ വക്താവെന്ന് പറഞ്ഞ് സദാചാരവാദികള്‍ നെറ്റി ചുളിച്ച രജനീഷ് എന്ന ഓഷോയുടെ വാക്കുകള്‍ കേള്‍ക്കുക ( About Man) എന്ന തന്റെ പ്രഭാഷണത്തില്‍ നിന്ന്.

‘’ പതിനായിരം വര്‍ഷങ്ങളുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ നിങ്ങളുടെ പെണ്ണിനെ നിങ്ങള്‍ സഹായിക്കുക. അവളുടെ സുഹൃത്താകുക ദോഷങ്ങള്‍ ഏറെ ചെയ്തു കഴിഞ്ഞു. അവള്‍ ഒട്ടേറെ മുറിപ്പെട്ടു കഴിഞ്ഞു നിങ്ങളുടെ സ്നേഹം കൊണ്ട് അല്‍പ്പമെങ്കിലും ആ മുറിവുണക്കാനായാല്‍ അത് മുഴുവന്‍ ലോകത്തിനുള്ള സംഭാവനയാകും’‘

Generated from archived content: essay1_feb11_13.html Author: salomi_jhon_valsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English