ചിറ്റാറ്റുകരയിൽ നിന്നും വെളളിത്തിരയിലേക്ക്‌

ഞാൻ കലാകാരനായത്‌

നാലാള്‌ ശ്രദ്ധിക്കണം എന്ന കടുത്ത ആഗ്രഹം തന്നെയാണ്‌ എന്നെ മിമിക്രിക്കാരനും സിനിമാക്കാരനുമൊക്കെ ആക്കി മാറ്റിയത്‌. എവിടെ ചെന്നാലും എങ്ങിനെയെങ്കിലും ഒരാളാകണം എന്ന ചിന്ത ചെറുപ്പത്തിലേ മനസ്സിൽ ഉണ്ടായിരുന്നു. വീട്ടിലാണെങ്കിൽ സാമ്പത്തികമായി വലിയ രക്ഷയൊന്നും ഇല്ലായിരുന്നു. അതുകൊണ്ട്‌ കാശിറക്കി ആളാകുക എന്നത്‌ അസാധ്യം. പിന്നെ സൗന്ദര്യം. ആ വകുപ്പിലും നമുക്ക്‌ മാർക്ക്‌ കുറവ്‌. പല അടവുകളും നോക്കി. എവിടെയും പച്ച പിടിച്ചില്ല. ഒടുവിലാണ്‌ ഞാൻ പാട്ടുകാരനാകാൻ തീരുമാനിച്ചത്‌. അന്ന്‌ യേശുദാസ്‌ ആരാണെന്നോ, ജയചന്ദ്രൻ ആരാണെന്നോ എന്ന്‌ എനിക്കറിയില്ല. എങ്കിലും പാട്ടുപാടുക എന്നത്‌ ഒരു ഗംഭീരൻ സംഭവമായി എനിക്കു തോന്നി. വടക്കൻ പറവൂരിനടുത്തെ ചിറ്റാറ്റുകര ഗ്രാമത്തിലാണ്‌ എന്റെ വീട്‌. ചിറ്റാറ്റുകര എൽ.പി.സ്‌കൂളിലായിരുന്നു പഠനം. വെളളിയാഴ്‌ച ഒരു പീരിയഡ്‌ പാട്ട്‌ ക്ലാസാണ്‌. താത്‌പര്യമുളളവർക്ക്‌ പാട്ടു പഠിക്കാം. അങ്ങനെ ഗായകനാകണമെന്നുറച്ച്‌ പാട്ടുക്ലാസിൽ ചേർന്നു. ആ ടീച്ചറുടെ മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്‌. അവർ എന്റെ പാട്ടുകേട്ട്‌ എന്തുമാത്രം വിഷമിച്ചിട്ടുണ്ടാകും. പാട്ടുകാരനാകണം എന്ന എന്റെ അഭിനിവേശം കണ്ട്‌ കൃഷ്‌ണകുമാറെന്ന കൂട്ടുകാരൻ ‘പുലയനാർ മണിയമ്മ…“ എന്ന സിനിമാഗാനം എനിക്ക്‌ പകർത്തിയെഴുതി തന്നു. കൃഷ്‌ണകുമാർ നന്നായി പാടുമായിരുന്നു. പഠിക്കാനുളള പദ്യം നേരാംവണ്ണം കാണാതെ പഠിക്കാത്ത ഞാൻ ’പുലയനാർ മണിയമ്മ..” കുത്തിയിരുന്നു പഠിച്ചു. ഇതാണ്‌ എന്റെ സംഗീത ജീവിതത്തിലെ ആദ്യ ചുവട്‌.

അതിനിടെയാണ്‌ നീണ്ടൂർ പൗരസമിതിയുടെ വാർഷികം കൊണ്ടാടിയത്‌. ചിറ്റാറ്റുകര സ്‌കൂൾ മൈതാനത്തു വച്ചായിരുന്നു പരിപാടി. പലതരം മത്സരങ്ങൾ. ഒപ്പം പാട്ടുമത്സരവും. പുലയനാർ മണിയമ്മയെ മനസ്സിലോർത്ത്‌ ഞാനും പേരു നല്‌കി. വീട്ടിൽ ആദ്യത്തെ സംഭവമാണിത്‌. ഒരു കലാപരിപാടിയിൽ ആരും ഇതിനുമുമ്പ്‌ വീട്ടിൽനിന്നും പങ്കെടുത്തിട്ടില്ല എന്നാണെന്റെ ഓർമ്മ. വീട്ടിലെല്ലാവർക്കും ആവേശം. അമ്മ രാവിലെതന്നെ എന്നെ കുളിപ്പിച്ച്‌ പൗഡറൊക്കെ ഇട്ട്‌ സുന്ദരനാക്കി. ഈ പൗഡറെന്നു പറയുന്ന സാധനം കൊല്ലത്തിൽ ഒന്നോ രണ്ടോ തവണയേ മുഖത്തിടാൻ കിട്ടൂ. വല്ല കല്ല്യാണമോ ഉത്സവമോ വരണം നമ്മളെയൊന്നു വൈറ്റ്‌വാഷ്‌ ചെയ്യാൻ. അമ്മയും ചേച്ചിമാരും അയൽപക്കക്കാരുമൊക്കെ പറഞ്ഞു. സലീമിനു തന്നെ പ്രൈസ്‌. മത്സരസ്ഥലത്തെത്തി. പാട്ടുമത്സരത്തിന്‌ എന്റെ പേരു വിളിച്ചതോടെ അടിവയറ്റിൽ നിന്നും എന്തോ മിന്നി മുകളിലേയ്‌ക്ക്‌ പറന്നുപോയി. ആ പോയ സാധനം ഇന്നേവരെ തിരിച്ചുവന്നിട്ടില്ല എന്നതാണ്‌ സത്യം. മുത്തപ്പൻ തുളളൽക്കാരനെപ്പോലെ വിറച്ച്‌ സ്‌റ്റേജിൽ കയറി ഒരുകണക്കിന്‌ ‘പുലയനാർ മണിയമ്മ’ പറഞ്ഞൊപ്പിച്ചു. സലീമേ, പാട്ട്‌ നന്നായിരുന്നു; കുഴപ്പമില്ല എന്നൊക്കെ പാട്ടുകേട്ട പരിചയക്കാരൊക്കെ പറഞ്ഞു. അങ്ങിനെ കേട്ടപ്പോൾ എനിക്കും ആത്മവിശ്വാസമായി. സമ്മാനം എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയും മനസ്സിൽ വളർന്നു. വിജയികളെ പ്രഖ്യാപിച്ചു. അർഹതപ്പെട്ടവർക്കുതന്നെ സമ്മാനം കിട്ടി. എന്റെ പാട്ട്‌ നന്നായി എന്ന്‌ പരിചയക്കാർ പറഞ്ഞത്‌ എന്നെ സമാധാനിപ്പിക്കാനാണ്‌ എന്ന്‌ മനസ്സിലാക്കാൻ പിന്നേയും വർഷങ്ങളെടുത്തു. ആകെ നാണക്കേടായി. വീട്ടിൽ ചെല്ലുവാൻ പറ്റാത്ത അവസ്ഥ. സ്‌കൂളിന്റെ വരാന്തയിൽ ഞാനിങ്ങനെ വിഷമിച്ചിരിക്കുകയാണ്‌. സമയമാണെങ്കിൽ ഇരുട്ടുത്തുടങ്ങി. വൈകി ചെന്നതിന്‌ അച്‌ഛന്റെ കൈയ്യിൽ നിന്നും അടിയുടെ പൂരവും പ്രതീക്ഷിക്കാം. പിന്നെ അച്‌ഛൻ എന്നെ അടിച്ചു കഴിഞ്ഞാൽ, വിഷമം തീർക്കാൻ തൊട്ടപ്പുറത്തുളള ലക്ഷ്‌മണൻ മൂപ്പന്റെ ചായക്കടയിൽനിന്നും പാലുംവെളളവും ഉണ്ടൻപൊരിയും വാങ്ങിത്തരും. തല്ലുവാങ്ങിയതിനുളള പ്രതിഫലമായും അത്‌ കരുതാം. എന്തായാലും ഞാനിങ്ങനെ സ്‌കൂളിന്റെ വരാന്തയിൽ ഇരിക്കുന്നുണ്ടെന്നറിഞ്ഞ്‌ അച്‌ഛൻ വന്നു. എന്നെ കുറെ നേരം നോക്കിനിന്നു. പരാജിതനായ ഒരു കലാകാരന്റെ ദയനീയാവസ്ഥ അച്‌ഛനു മനസ്സിലായി കാണണം. അങ്ങിനെ ആദ്യമായി അച്‌ഛൻ എന്നെ തല്ലാതെ തന്നെ ചായക്കടയിൽനിന്നും പാലുംവെളളവും ഉണ്ടൻപൊരിയും വാങ്ങിത്തന്നു.

പിന്നീട്‌ ഞാനീ പുലയനാർ മണിയമ്മയുമായി ലോകം ചുറ്റുകയായിരുന്നു. എവിടെയെല്ലാം പാട്ടുമത്സരമുണ്ടോ അവിടെയെല്ലാം എന്റെ പുലയനാർ മണിയമ്മയും ഉണ്ടാകും. ‘ജനഗണമന’ മാറ്റിവച്ച്‌ പുലയന്നാർ മണിയമ്മ എന്റെ ദേശീയഗാനമായി മാറി. ഒരിടത്തുനിന്നും സമ്മാനമെന്ന സാധനം കിട്ടിയില്ലെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഒരോണക്കാലം, ഞാൻ ഹൈസ്‌കൂളിൽ പഠിക്കുന്ന സമയം. കെടാമംഗലം എന്ന ഗ്രാമത്തിൽ ഓണാഘോഷ പരിപാടി നടക്കുന്നുവെന്ന വിവരം കിട്ടി. ഓണദിവസം രാവിലെതന്നെ വിട്ടിൽനിന്നും പുട്ടും കടലയും പഴവും വാരിവലിച്ച്‌ തിന്ന്‌ അമ്മയുടെ കൈയ്യിൽനിന്നും മത്സരത്തിനുളള പ്രവേശനഫീസായി രണ്ടുരൂപയും വാങ്ങി കെടാമംഗലത്തേക്ക്‌ യാത്രയായി. പുട്ടും കടലയുടെയും കാര്യം പറയാൻ കാരണമുണ്ട്‌. വർഷത്തിൽ രണ്ടോ മൂന്നോ തവണയേ ഈ പലഹാരം വീട്ടിൽ ഉണ്ടാക്കൂ. ഓണമോ വിഷുവോ ഒക്കെ വരണം. ബാക്കി ദിവസങ്ങളിൽ കഞ്ഞി തന്നെ ശരണം. കെടാമംഗലത്തെത്തി. അവിടെ ചെന്നപ്പോൾ മറ്റൊരേടാ കൂടം. കലാമത്സരങ്ങൾ ഉച്ചയ്‌ക്കു ശേഷമാണെന്ന്‌. രാവിലെ കായികമത്സരങ്ങളാണ്‌. വീട്ടിൽ പോയി തിരിച്ചുവരുവാനും സമയം കഷ്‌ടി. ഏതായാലും ഉച്ചയ്‌ക്ക്‌ ഊണു കഴിക്കാതെ പരിപാടിയിൽ പങ്കെടുക്കാമെന്ന്‌ ഞാനുറച്ചു. രണ്ടുരൂപ പ്രവേശനഫീസും കെട്ടി. ബാക്കി കൈയ്യിൽ അഞ്ചിന്റെ പൈസ കൂടിയില്ല. ഉച്ചയായപ്പോഴേയ്‌ക്കും സംഘാടകരും മറ്റുളളവരും അവരവരുടെ വീടുകളിൽ ഓണസദ്യയ്‌ക്കുപോയി. ഞാൻ പൈപ്പുവെളളവും കുടിച്ച്‌ സ്‌റ്റേജിനു വട്ടം ചുറ്റി നടക്കുകയാണ്‌. ഉച്ചകഴിഞ്ഞ്‌ പരിപാടി തുടങ്ങി. നാലഞ്ചു മണിയായപ്പോൾ പാട്ടുമത്സരം തുടങ്ങി, പതിവുപോലെ ഞാനും പാടി. പുലയനാർ മണിയമ്മ. കലാപരിപാടികൾ കഴിഞ്ഞപ്പോൾ ആറുമണി. രാവിലത്തെ പുട്ടും കടലയ്‌ക്കും ശേഷം എന്റെ ഭക്ഷണം പൈപ്പുവെളളം മാത്രം. അടുത്ത പരിപാടിയായ സാംസ്‌കാരിക സമ്മേളനം തുടങ്ങാൻ പോകുന്നു. സാംസ്‌കാരിക സമ്മേളനം എന്നാലെന്തെന്ന്‌ അറിയാമല്ലോ. വർഷത്തിലൊന്നോ രണ്ടോ തവണ ചിലർക്ക്‌ അവരുടെ സംസ്‌കാരം വിളമ്പാൻ കിട്ടുന്ന സമയമാണ്‌. അത്‌ പെട്ടെന്നൊന്നും തീരില്ല. ഏതാണ്ട്‌ രാത്രി ഒൻപതു മണിയായപ്പോൾ സമ്മാന പ്രഖ്യാപനം വന്നു. സാധാരണപോലെ ഞാൻ ഔട്ട്‌. ഇത്‌ സ്ഥിരം സംഭവമായതിനാൽ പ്രത്യേകിച്ച്‌ നിരാശയൊന്നുമില്ലാതെ ഞാൻ ഒരു പാടവരമ്പിലൂടെ വീട്ടിലേയ്‌ക്ക്‌ നടക്കുകയാണ്‌. ഒരു അര കിലോമീറ്റർ കഴിഞ്ഞപ്പോൾ പരിപാടി സ്ഥലത്തുനിന്നും ഒരു അനൗൺസ്‌മെന്റ്‌. ഗാനമത്സരത്തിന്റെ ഫലത്തിൽ എന്തോ തിരുത്തുണ്ടെന്ന്‌. അതിനിടയിൽ സലിംകുമാറെന്ന്‌ കേട്ടോ എന്ന്‌ എനിക്ക്‌ സംശയം. തിരിച്ചോടി. പരിപാടി സ്ഥലത്ത്‌ ആകെ വിയർത്തു കുളിച്ച്‌ അണച്ചു ചെന്നു സംഘാടകരോട്‌ കാര്യം തിരക്കി. മറ്റൊന്നുമായിരുന്നില്ല. ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും തമ്മിലുളള മാർക്ക്‌ മാറിപ്പോയതാണ്‌. അത്രമാത്രം. അന്നെനിക്ക്‌ കുറച്ചു വിഷമം തോന്നി. പുലയനാർ മണിയമ്മ കൊണ്ട്‌ രക്ഷയില്ലെന്നും തോന്നി.

എന്റെ ഹൈസ്‌കൂൾ ജീവിതം പറവൂർ ബോയ്‌സിലായിരുന്നു. വെളളിയാഴ്‌ച വൈകുന്നേരം ലാസ്‌റ്റ്‌ പീരിയഡിൽ സോഷ്യൽ എന്നു വിളിക്കുന്ന സാഹിത്യ സമാജം പരിപാടി ഉണ്ടാകുമായിരുന്നു. അവിടെവച്ച്‌ ഞാൻ പുലയനാർ മണിയമ്മയെ ഉപേക്ഷിച്ച്‌ ജയൻ അഭിനയിച്ച ചില പടങ്ങളിലെ പാട്ടുകളൊക്കെ പാടാൻ തുടങ്ങി. “കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ..” അതൊക്കെ എന്നെകൊണ്ട്‌ ആവുംവിധം നശിപ്പിച്ചു പാടിയിട്ടുണ്ട്‌. അന്ന്‌ ഞാൻ ചെറുതായി മിമിക്രിയൊക്കെ കാണിച്ചു തുടങ്ങി. എന്റെ ശബ്‌ദസൗകുമാര്യം വേണ്ടതുപോലെ മനസ്സിലായപ്പോൾ എന്നെ പഠിപ്പിച്ചിരുന്ന സുജാതടീച്ചർ പറഞ്ഞു. മോനെ നീയിങ്ങനെ പാട്ടുപാടി ജീവിതം കളയേണ്ട. നിനക്കറിയാവുന്ന ഒരു പണി മിമിക്രിയാണെന്ന്‌. എന്റെ മുഖത്തുനോക്കി പാട്ടുപാടാൻ അറിയില്ലെന്ന്‌ ആദ്യം പറഞ്ഞത്‌ സുജാതടീച്ചറാണ്‌. അതെനിക്ക്‌ വലിയ ഷോക്കായി. ഞാൻ കുറെ ആലോചിച്ചു. സംഭവം ശരിയാണ്‌. ഇത്രയും കാലം പുലയനാർ മണിയമ്മയും മറ്റുമൊക്കെയായിട്ട്‌ നടന്നിട്ടും ഒരിക്കലുമ സമ്മാനം കിട്ടിയിട്ടില്ല. അവിടെ വച്ച്‌ എന്റെ നീണ്ട സംഗീത ജീവിതത്തിന്‌ തിരശ്ശീല വീഴുകയായിരുന്നു. എങ്കിലും ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു മലയാളികൾക്ക്‌ നഷ്‌ടപ്പെട്ടത്‌ ഒരു ഭാവഗായകനെയായിരുന്നുവെന്ന്‌.

പിന്നീട്‌ ഞാൻ സ്‌റ്റേജിൽ കയറിയത്‌ ഒരു മിമിക്രിതാരമായിട്ടാണ്‌. സ്‌കൂൾ യുവജനോത്സവത്തിൽ. അന്നത്തെ പൂച്ച, മാക്രി ശബ്‌ദങ്ങൾ അനുകരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഞാൻ പുതിയൊരു രീതിയിലുളള മിമിക്രിയായിരുന്നു അവതരിപ്പിച്ചത്‌. സിനിമാനടന്മാരുടെ ശബ്‌ദം, ചലനം മറ്റു ചില പൊടികൈകൾ തുടങ്ങി അന്നുവരെ ആരും കാണാത്ത ചില സംഭവങ്ങൾ ഞാൻ ചെയ്‌തു. വൻ അഭിനന്ദനമാണ്‌ എനിക്കു കിട്ടിയത്‌. പരിപാടി കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോൾ സുജാതടീച്ചർ കണ്ണു നനഞ്ഞാണ്‌ എന്നെ അഭിനന്ദിച്ചത്‌. സമ്മാനം എനിക്കുതന്നെ. ഉറപ്പ്‌. ഫലം പ്രഖ്യാപിച്ചു. സലിംകുമാർ ഔട്ട്‌. പേരിന്‌ തേഡ്‌ പ്രൈസുപോലുമില്ല. മിമിക്രിയെന്നാൽ സിനിമാനടന്മാരെ അനുകരിക്കലല്ല എന്ന ശാസ്‌ത്രീയവാദവുമായി ജഡ്‌ജിമാർ. സമ്മാനം മൂന്നും സ്‌കൂളിലെ പ്രധാനപ്പെട്ട ടീച്ചർമാരുടെ മക്കൾക്ക്‌. എന്റെ കണ്ണു നിറഞ്ഞു. സുജാതടീച്ചറും പിന്നെ സാവത്രിടീച്ചറും മാറ്റി നിർത്തി എന്നോടു പറഞ്ഞു. മോനേ സലീമേ, പറവൂർ ബോയ്‌സ്‌ ഹൈസ്‌കൂളിനുമപ്പുറം ഒരു ലോകമുണ്ടെന്നും അവിടെയാണ്‌ നീ ജയിക്കേണ്ടതെന്നും പറഞ്ഞു. അത്‌ പറയുമ്പോൾ അവരുടെ കണ്ണുകൾ കലങ്ങിയിരുന്നു.

അന്നെനിക്ക്‌ ഒരു കാര്യം മനസ്സിലായി ഒരുപാട്‌ പ്രതിഭകളുടെ കൂമ്പടപ്പിക്കുന്നത്‌ ഈ ടീച്ചർമാരുടെ മക്കളാണ്‌. അവർക്ക്‌ വല്ലാത്തൊരു അവകാശം സ്‌കൂളുകളിൽ ഉണ്ടാകും. ഇതിനപവാദവും കണ്ടേക്കാം. എങ്കിലും പതിവിതാണ്‌. അവർ സ്‌കൂളുകളിൽ കൂടുതൽ സമന്മാരാണ്‌. കഴിവിളളവന്റെ വഴിമുടക്കികളായി ചില ടീച്ചറിന്റെ മക്കളെ നിങ്ങളുടെ ജീവിതത്തിലും കണ്ടേക്കാം. സ്വന്തം മക്കളെ മാത്രമല്ല എല്ലാ കുട്ടികളേയും ഒരേപോലെ കാണണം എന്ന മനസ്സുളള സുജാതടീച്ചറും സാവിത്രിടീച്ചറുമാണ്‌ സലിംകുമാറിനെ ഈ നിലയിലെത്തിക്കാൻ ശ്രമിച്ചതിൽ ആദ്യപങ്ക്‌ വഹിച്ചത്‌.

മിമിക്രിക്കാരൻ

ഒരു മിമിക്രി ആർട്ടിസ്‌റ്റ്‌ എന്ന പേരെടുക്കുന്നത്‌ മഹാരാജാസ്‌ കോളേജിൽ ഡിഗ്രി പഠനം തുടങ്ങിയപ്പോഴാണ്‌. പ്രീഡിഗ്രി മാല്യങ്കര എസ്‌.എൻ.എം കോളേജിലായിരുന്നു. മിമിക്രിക്കാരനായി അവിടെ അറിയപ്പെട്ടിരുന്നുവെങ്കിലും വലിയ സാധ്യതകൾ ഇല്ലായിരുന്നു. പത്താംക്ലാസിൽ ഫസ്‌റ്റ്‌ ക്ലാസ്‌ മാർക്ക്‌ ഉണ്ടായിരുന്നുവെങ്കിൽ പ്രീഡിഗ്രി സെക്കന്റ്‌ ക്ലാസിൽ ഒതുങ്ങി. എങ്ങും അഡ്‌മിഷൻ കിട്ടാത്ത അവസ്ഥ. ആയിടെയാണ്‌ ചേന്ദമംഗലത്തുകാരൻ ഒരു ഭരതൻമാഷ്‌ മഹാരാജാസിന്റെ പ്രിൻസിപ്പലായി സ്ഥാനമേറ്റ കാര്യം പത്രത്തിലൂടെ അറിയുന്നത്‌. ചേന്ദമംഗലമാണെങ്കിൽ ചിറ്റാറ്റുകരയുടെ തൊട്ടടുത്തും. രാവിലെതന്നെ എനിക്കു കിട്ടിയ സർട്ടിഫിക്കറ്റുകളും മറ്റുമായി ചേന്ദമംഗലത്തെ ഭരതൻമാഷുടെ വീട്ടിലെത്തി. വീടിനു മുമ്പിലെ പറമ്പ്‌ കിളയ്‌ക്കുന്ന കാർന്നോരോട്‌ ഭരതൻ മാഷുണ്ടോ എന്നു ചോദിച്ചു. ഇപ്പോ വരും എന്നു പറഞ്ഞ്‌ പുളളിക്കാരൻ അടുക്കള വശത്തേയ്‌ക്കുപോയി. കൈയ്യും കാലും കഴുകി മുൻവാതിലൂടെ വന്നു. ഞാൻ തന്നെ ആ അവതാരം എന്നു പറഞ്ഞു. മഹാരാജാസിലെ പ്രിൻസിപ്പലിനും പറമ്പു കിളയ്‌ക്കാൻ പറ്റും എന്ന്‌ അന്നെനിക്കു മനസ്സിലായി. ഞാൻ സർട്ടിഫിക്കറ്റുകൾ അദ്ദേഹത്തിന്റെ മുന്നിൽ നിരത്തി. മിമിക്രി കലാകാരനാണെന്ന്‌ ഞാൻ ഉണർത്തിച്ചു. അടുത്ത ദിവസം കോളേജിൽ ചെല്ലുവാൻ അദ്ദേഹം പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ്‌ ഹെഡായ കെ.ജി.ശങ്കരപ്പിളളസാറിനെ പരിചയപ്പെടുത്തി പറഞ്ഞു. ഇവൻ അസാമാന്യ കലാകാരനാണ്‌. സാറിന്റെ പടം ഒറ്റനിമിഷം കൊണ്ട്‌ വരയ്‌ക്കും. ഞാൻ ഞെട്ടിപ്പോയി. മിമിക്രിക്കാരനാണ്‌ ഞാൻ വിനീതനായി പറഞ്ഞു. ഭരതൻമാഷുടെ അടുത്ത കീറ്‌. ഇവൻ ചിത്രം വരയ്‌ക്കുക മാത്രമല്ല, അസാധ്യമായി മിമിക്രിയും കാണിക്കും. ഭരതൻമാഷുടെ മറവി മൂലം ചിത്രകാരനും കൂടിയായി മാറിയ ഞാൻ മഹാരാജാസിൽ ചേർന്നു. ഡേ അഡ്‌മിഷൻ ക്ലോസായ കാരണം ഈവനിംഗിലാണ്‌ കിട്ടിയത്‌. ഞാൻ ചേർന്ന അടുത്ത ആഴ്‌ച ഈവനിംഗ്‌ ക്ലാസ്‌ നിർത്തലാക്കുന്നുവെന്ന ഓർഡറും വന്നു. കേരളത്തിലെ അവസാന ഈവനിംഗ്‌ കോളേജ്‌ വിദ്യാർത്ഥിയാണ്‌ ഞാൻ. ചിത്രകാരനായി കേമനാകാൻ പറ്റിയില്ലെങ്കിലും ഞാൻ ഭരതൻമാഷിനെ നിരാശനാക്കിയില്ല. തുടർച്ചയായി മൂന്നുവർഷം മിമിക്രിയിൽ യൂണിവേഴ്‌സിറ്റി വിന്നറായിരുന്നു ഞാൻ. ഭരതൻമാഷുടെ നല്ല മനസ്സ്‌ ഇല്ലായിരുന്നുവെങ്കിൽ സലിംകുമാർ എന്നേ കൂമ്പടഞ്ഞേനെ. നല്ല വാഗ്‌മിയും, ചിന്തകനും, വിജ്ഞാനത്തിന്റെ ഭണ്ഡാരവുമായിരുന്നു ഭരതൻ സാർ. മുഖത്തു നോക്കി തെറി പറയാനും കെട്ടിപ്പിടിച്ച്‌ അഭിനന്ദിക്കാനും ആരേയും പേടിക്കാത്ത വ്യക്തി. എന്തിനും വിദ്യാർത്ഥികൾക്കൊപ്പം നിന്നയാൾ. മഹാരാജാസിന്റെ വസന്തകാലം ഭരതൻ മാഷുടേതാണ്‌. എന്റെ ചെറിയ ജീവിതത്തിൽ ഞാൻ കണ്ട വലിയ ജീനിയസ്‌.

മഹാരാജാസ്‌ കോളേജിലെ മിമിക്രിമത്സരങ്ങളുടെ ജൂറി ഞാൻ തന്നെയായിരിക്കും. പഠിക്കുന്ന സമയത്തുതന്നെ തന്റെ കലയിൽ ജൂറിയായിരിക്കാൻ കഴിഞ്ഞ ഭാഗ്യം എനിക്കു മാത്രമായിരിക്കും. ആര്‌ വിജയിച്ചാലും യൂണിവേഴ്‌സിറ്റി മത്സരത്തിന്‌ മഹാരാജാസിൽ നിന്നും ഞാൻ തന്നെയായിരിക്കും പങ്കെടുക്കുക.

ഇതിനിടെ കിട്ടുന്ന സമയമെല്ലാം ഞാൻ മിമിക്രി പരിപാടിക്കു പോകുമായിരുന്നു. അത്‌ ഇന്നത്തെപോലെ സിനിമയിലേയ്‌ക്കുളള വഴി എന്ന രീതിയിലല്ല. ഉപജീവനത്തിനായിരുന്നു. പിന്നെ സ്‌റ്റീൽ അലമാരയുടെ ഓർഡർ പിടിച്ചുകൊടുത്ത്‌ കമ്മീഷൻ വാങ്ങുമായിരുന്നു. മഹാരാജാസിൽ ഞാൻ കോടീശ്വരനെപോലെയാണ്‌ ജീവിച്ചത്‌. അന്ന്‌ എന്റെ കൈയ്യിൽ മാത്രമേ കാശുണ്ടാകൂ. കെ..എസ്‌.യുക്കാരനാണെങ്കിലും എസ്‌.എഫ്‌.ഐക്കാരടക്കം എല്ലാവർക്കും എന്നോട്‌ സൗഹൃദമായിരുന്നു. കെ.എസ്‌.യു – എസ്‌.എഫ്‌.ഐ അടികൾ നടക്കുമ്പോൾ ഏറ്റവും നിർഭയനായി നടന്നിരുന്നത്‌ ഞാൻ മാത്രമായിരിക്കും. കെ.എസ്‌.യുക്കാരനായ ബിജു നാരായണനെ കൊണ്ടുപോലും പാട്ടുപാടിക്കാത്ത എസ്‌.എഫ്‌.ഐക്കാർ എനിക്കുവേണ്ടി എവിടെയും വേദികൾ തരുമായിരുന്നു.

യൂണിവേഴ്‌സിറ്റി വിന്നർ എന്ന അംഗീകാരം കൊണ്ട്‌ എന്നെ പല മിമിക്‌സ്‌ ട്രൂപ്പുകളിലേയ്‌ക്കും വിളിച്ചു. അങ്ങിനെ കെ.എസ്‌. പ്രസാദേട്ടനാണ്‌ കലാഭവനിലേക്ക്‌ എന്നെ ക്ഷണിക്കുന്നത്‌. അവിടെ കലാഭവൻ മണി, സാജൻ തുടങ്ങിയവരായിരുന്നു കലാകാരൻമാർ. മണിയാണ്‌ ട്രൂപ്പ്‌ ലീഡർ. കലാഭവനാകട്ടെ ആബേലച്ചന്റെ കീഴിൽ ഒരു കോൺവെന്റ്‌ പോലെയും. ബീഡിവലി നിഷിദ്ധം. എനിക്കും സാജനും ബീഡിവലിച്ചേ മതിയാകൂ. മണിയാണെങ്കിൽ കർക്കശക്കാരൻ. പരിപാടിക്ക്‌ പോകുമ്പോൾ മണിയറിയാതെ ഞാനും സാജനും വണ്ടിയുടെ പുറകിൽ ഇരുന്ന്‌ വലിക്കും. ബീഡിമണം കേട്ടാൽ മതി മണി ബഹളം ഉണ്ടാക്കും. ഏതാണ്ടൊരു കോൺവെന്റ്‌ സ്‌കൂൾ പോലെ. എങ്കിലും ഞാനും സാജനും വലി തുടർന്നു. മണി അച്ചന്‌ പരാതി നല്‌കി. ബീഡിവലി ഒന്നിന്‌ പിഴ 25 രൂപ. എങ്കിലും ബീഡിവലി തുടർന്നു. പിഴയടച്ചുമില്ല. ആ വലി ഇപ്പോഴുമുണ്ട്‌. ഒരു സ്‌റ്റെലിനുവേണ്ടിയല്ല. ബീഡിവലിക്കുമ്പോൾ കിട്ടുന്ന സുഖം മറ്റേതു സിഗരറ്റിനും കിട്ടില്ല. ഗതിയില്ലാതെ നടന്ന ഒരു കാലത്തിന്റെ ഓർമ്മ ഈ ബീഡി തരുന്നുണ്ട്‌. ആരോഗ്യപ്രശ്‌നമാണ്‌; നിർത്തുവാൻ ആഗ്രഹമുണ്ടെങ്കിലും പറ്റിയിട്ടില്ല.

പ്രണയം&കുടുംബം

വിവാഹം പ്രണയശേഷമായിരുന്നു. കാമുകിയും ഭാര്യയും സുനിത തന്നെ. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്‌. കാര്യമായ എതിർപ്പുകൾ ഉണ്ടായില്ല. അന്ന്‌ തൊഴിലൊന്നുമില്ലാത്തവൻ എന്ന പേരുദോഷം മാത്രമേ ഉണ്ടായുളളൂ. എന്തായാലും കല്ല്യാണം കഴിഞ്ഞ്‌ പിറ്റേദിവസം തന്നെ എനിക്ക്‌ സിനിമയിലേക്ക്‌ ക്ഷണം വന്നു.

ഇക്കാലത്ത്‌ പ്രണയിക്കുമ്പോൾ ജാതിയും മതവും സാമ്പത്തികവുമൊക്കെ നോക്കുന്നതാണ്‌ നല്ലതെന്നു തോന്നുന്നു. പറയുന്നത്‌ ചില ആദർശങ്ങൾക്കെതിരാണെന്ന്‌ വരാം. എങ്കിലും ദാമ്പത്യ കലഹങ്ങൾക്ക്‌ പിന്നിൽ സാമ്പത്തികപ്രശ്‌നത്തിനും ജാതിമത പ്രശ്‌നത്തിനും വലിയ പങ്കുണ്ട്‌. ഇന്റർകാസ്‌റ്റ്‌ മാര്യേജിന്റെ കാര്യത്തിൽ, ഒരു കുട്ടി ജനിച്ചാൽ മതി പ്രശ്‌നം തുടങ്ങാൻ. ഏതൊരു ഗാന്ധിയുടെ ഉളളിലും ജാതിയുണ്ടെന്നത്‌ വിസ്‌മരിക്കാൻ പാടില്ല. കല്ല്യാണം കഴിക്കുംവരെ പ്രണയം ഉദാത്തവും എല്ലാത്തിനെയും അതിലംഘിക്കുന്നതുമായിരിക്കും. പ്രണയം കല്ല്യാണത്തോടെ മിക്കവാറും തീരും. പിന്നെ ജീവിതസമരമാണ്‌. അവിടെ സാമ്പത്തികം വലിയ കാര്യം തന്നെയാണ്‌. ഇതിനെയൊക്കെ അവഗണിച്ചു ജീവിക്കുന്നവർ ഉണ്ടാകാം. അവർ ഭാഗ്യം ചെയ്‌തവർ. ഇപ്പോൾ രമണനേയും ചന്ദ്രികയേയും കാണുവാൻ വളരെ പ്രയാസമാണ്‌ സുഹൃത്തേ.

മക്കൾ രണ്ടുപേർ, ചന്തുവും ആരോമലും. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ ഹാങ്ങോവർ തന്നെ. ആദ്യത്തേത്‌ ആൺകുട്ടിയാണെങ്കിൽ ചന്തുവെന്നിടണമെന്നും, രണ്ടാമത്തേത്‌ പെൺകുട്ടിയാണെങ്കിൽ ആർച്ചയെന്നും പേരിടമെന്ന്‌ ഞാനും സുനിതയും വിവാഹത്തിനുമുമ്പേ തീരുമാനിച്ചിരുന്നു. ആദ്യത്തേത്‌ ഓകെ. രണ്ടാമത്തേത്‌ ഏറ്റില്ല. രണ്ടാമതും പുത്രൻ. അവനും നല്‌കി ഒരു വടക്കൻ പേര്‌ ആരോമൽ.

പുതിയ സിനിമ

ഞാൻ ഇപ്പോൾ വളരെ സന്തോഷത്തിലാണ്‌. ലാൽജോസ്‌ സംവിധാനം ചെയ്യുന്ന ‘അച്ഛനുറങ്ങാത്ത വീട്‌’ എന്ന സിനിമയിലെ നായകകഥാപാത്രമായ സാമുവലെന്ന അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്‌ ഇപ്പോൾ. എന്റെ ആദ്യ ഹീറോവേഷം. ഒരുപക്ഷെ അവസാനത്തേതുമാകാം. പത്തോളം സിനിമകളിൽ നായകവേഷം കൈയ്യിൽ വന്നിട്ടും നിരാകരിച്ചു. പക്ഷെ ഇത്‌ ഏറെ കഴിവുളള പിന്നണിക്കാർ അണിനിരക്കുന്ന ഏറെ കാമ്പുളള കഥയാണ്‌. മൂന്ന്‌ പെൺമക്കളുളള ഒരു റിട്ടയേഡ്‌ ഉദ്യോഗസ്ഥന്റെ പ്രശ്‌നങ്ങളാണ്‌ ഈ സിനിമയുടെ ഇതിവൃത്തം. പെരുമഴക്കാലം, ഗ്രാമഫോൺ എന്നീ ചിത്രങ്ങളിലെ പ്രകടനമായിരിക്കും എന്നെ ഈ കഥാപാത്രത്തെ ഏൽപ്പിക്കാൻ സംവിധായകന്‌ ധൈര്യമേകിയത്‌. എല്ലാവരും പ്രാർത്ഥിക്കണം. ഞാൻ നിങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കാം.

Generated from archived content: essay1_may3_06.html Author: salimkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here