മുറിവ്‌ തുന്നുന്ന അയ്യപ്പൻ

തെരുവിലെ തണുത്ത പ്രതലത്തിൽ

കൈകാലുകൾ കോച്ചുന്ന

കാലത്തെ ഓർത്ത്‌.

നീറുന്ന മുറിവുകൾ

തുന്നിചേർക്കാൻ.

അകനിറ തടാകം

വിതുമ്പി തേട്ടി.

വിരൽ അഴികളിൽ

പേനയുടെ രൂപമാറ്റം.

മനസ്സിൽ നിന്നൊരു

കഠാര കണ്ണിനെ നോവിച്ചു.

പറഞ്ഞു പറവകളെ പോലെ

പറന്നുകേറാമലയും കടന്ന്‌.

യാത്രയിൽ ഞാൻ ഒരുക്കിയ

കടലാസ്‌ കൂനകൾ.

പന്തങ്ങളായി

പാതയോരത്തെത്തുമ്പോൾ.

പിച്ചവെച്ചവർ

തുറിച്ചു നോക്കുന്നു.

ആളിക്കത്തുന്ന അകത്തളത്തിൽ

ഇണയുടെ ഉടലിന്റെ അരഭാഗം കണ്ടില്ല.

ചിതലരിച്ച ശിൽപ്പത്തിൽ

പിളർന്ന മുഖഭാവം.

മനഃപ്രളയങ്ങളിൽ അലിഞ്ഞ്‌ തീരുന്ന

ഹിമക്കുന്നുകളെപോലെ.

ഞാൻ സ്‌നേഹം കൂട്ടിക്കെട്ടിയ

ചങ്ങാടങ്ങൾ.

ബുദ്ധിജീവിയുടെ പെരുംപാറ

തലച്ചോറിൽ തട്ടി മിന്നലേറ്റ്‌ അടരുന്നു.

പ്രണയത്തിൽ നീർകെട്ടിയ കുമിളകൾ

ഹൃദയധമനികളിൽ പൊട്ടിചിതറുമ്പോൾ.

സിറിഞ്ച്‌ കൂനകൾക്ക്‌ മുകളിൽ

പക്ഷിയുടെ പ്രസവം.

രഥത്തിൽ രക്തംകൊണ്ടുവന്ന

പാതയോരങ്ങളിൽ പാതം നഷ്‌ടപ്പെട്ട

വിലാപം പേറിയ ആംബുലൻസ്‌

ആകാശം അളന്ന്‌ അളന്ന്‌ മുറിക്കുന്നു.

Generated from archived content: poem1_oct25_10.html Author: salim_chenam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here