പൂച്ചയേപ്പോലൊരു പ്രണയം

പ്രണയം പൂച്ചയേപ്പോലെയാണ്
കണ്ണടച്ചു പാലുകുടിക്കും
ഒളിച്ചു നോക്കിയവന്‍ കല്ലെറിയും
കരിപിടിച്ച ചുമരിന്‍ മുകളില്‍ നിന്ന്
താഴോട്ടുള്ള ആഴമളക്കും
തട്ടിന്‍ പുറത്ത് കള്ളനെ കണ്ടു
ഞെട്ടലോടെ താഴത്തേക്ക് വീഴുമ്പോള്‍
പൂച്ചയേപ്പോലെ ..
ഒന്നു തലോടിയാല്‍ ചെവി
പിന്നിലേക്ക് നീട്ടി നെറ്റിചുളിച്ച്
സ്നേഹതീരങ്ങളില്‍ നിലാവിനെ
നോക്കി നടക്കും.
മുന്നിലിഴയുന്ന ശത്രുവിനെ നോക്കി
പിന്നിലെ മിത്രത്തിന് വഴി തെളിക്കും
മിത്രത്തിന്റെ വീട്ടിലെ ചട്ടിക്കരികില്‍
ചെന്നാല്‍ അമ്മ മീങ്കത്തികൊണ്ടു
തലക്കുമേടും
കണ്ണടച്ചു ഒന്നു ചിരിച്ച് അമ്മിപ്പുറത്ത്
കയറിയിരിക്കും
എന്റെ പ്രണയം മനുഷ്യനേപ്പോലെയല്ല,
ഞാന്‍ മറവിയുടെ
കാവല്‍ക്കാരനല്ല
എന്റെ പ്രണയത്തിന് മതില്‍
കെട്ടുകളില്ല
മുറിയില്‍ പൂട്ടിയിട്ട് പ്രണയിച്ചാല്‍
എന്റെ കൈകാലുകളില്‍ നഖങ്ങള്‍
വളരും…

Generated from archived content: poem1_jan28_12.html Author: salim_chenam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here