ഞങ്ങള്‍ മൂന്നു പേരാണ് അടുത്തടുത്ത ഈ പാറക്കൂട്ടങ്ങളിലിരിക്കുന്നത്. ഒന്നാമന് കുറച്ചു കറുത്ത താടിയുണ്ട്. രണ്ടാമന്‍ മെലിഞ്ഞ ഒരു യുവാവാണ്. ഇരുട്ടു പരക്കുന്നതിനാല്‍ മുഖം വ്യക്തമായ… പക്ഷെ മൂന്നാളുകളുടെയും ലക്ഷ്യം ഒന്നു തന്നെ. അല്ലെങ്കില്‍ ഇരുട്ടു പരക്കാന്‍ തുടങ്ങുന്ന ഈ ത്രിസന്ധ്യയില്‍ ഇങ്ങനെ നിമിഷങ്ങളെണ്ണി … ഇത് ആദ്യമായാണ് ഞാനിങ്ങനെ കൂട്ടത്തിലെ ഏക സ്ത്രീ …ഹോ ഓര്‍ക്കാന്‍ വയ്യ .. നീണ്ട ഇരുപതു വര്‍ഷങ്ങള്‍…. കൂട്ടിയാലും കിഴിച്ചാലും കുറ്റപ്പെടുത്തലുകള്‍ മാത്രം…. ഒരിക്കലും ഒരു നല്ല വാക്ക്…. ഒരു ജന്മം കഴുതയേപ്പോലെ പണിയെടുത്തത് മിച്ചം .ഭര്‍ത്താവ് ആ വാക്കിന്റെ അര്‍ത്ഥമെന്താണ്? എന്തെങ്കിലും ആവകട്ടെ ജീവിതത്തിന്റെ ഘട്ടങ്ങള്‍ മാറുകയാണ് അന്‍പതു വയസിനോടടുക്കുന്നു. ഇനിയെങ്കിലും സ്നേഹവും കരുതലും. ഒന്നും വേണ്ട മനസിനെ മുറിവേല്പ്പിക്കുന്ന ശാപ വാക്കുകള്‍ എന്നും. നിന്റെ മുഖം കണികണ്ടിറങ്ങിയാല്‍ ഗുണം പിടിക്കില്ല നാശം എന്നു ശപിക്കുമ്പോള്‍ ഒന്നു തേങ്ങുവാന്‍ പോലുമാകാതെ മരവിച്ചു പോകുകയാണ് മനസ്സ്. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. പ്രണയിച്ച് പ്രണയിച്ച് മതിവരാത്ത നാളുകളില്‍ തുമ്പയും മുക്കുറ്റിയും തെച്ചിയും നിറഞ്ഞ മുറ്റമുള്ള ഒരു കുഞ്ഞു വീട്. കിട്ടുന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചു ചിലവാക്കുന്ന അനിലേട്ടന്‍ ഒന്നു സംസാരിക്കുവാന്‍ പോലും സമയമില്ല പിന്നല്ലെ എന്റെ സ്വപ്നങ്ങളറിയാന്‍ സാരമില്ല അവ എന്നോടു കൂടെ തീരട്ടെ.
ദൂരെ അസ്തമന സൂര്യന്‍ ഒരു പൊട്ടായി കടലിലെക്കു താഴുന്നു. മങ്ങിയ വെളിച്ചത്തില്‍ അങ്ങു ദൂരെ സിമന്റ് കൊണ്ടുണ്ടാക്കിയ കൂണിനു താഴെ രണ്ട് യുവ മിഥുനങ്ങള്‍. ഇതൊരു നാട്യമാണെന്നു തിരിച്ചറിയാന്‍ നിങ്ങള്‍ക്കു വര്‍ഷങ്ങള്‍ നഷ്ടപ്പെടേണ്ടി വരുമെന്നു മനസില്‍ പറഞ്ഞു. സമയം എട്ടുമണിയായി ഇനി കാക്കാന്‍ വയ്യ. പക്ഷെ ഉള്ളില്‍ ഒരാന്തല്‍ അമ്മുക്കുട്ടി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തുന്ന നേരമാണ്. മുന്‍വശത്തെ വീട്ടിലെ മാഷിന്റെ മോന് അവളെ പോകുമ്പോഴും വരുമ്പോഴും ഒരു നോട്ടമുണ്ട് ‘ ഈശ്വരാ കുട്ടി പേടിക്കുമോ രാത്രിയില്‍ വന്നിട്ട് വേസ്റ്റു കൊട്ടിക്കളയാന്‍ മൂര്‍ഖന്‍ പാമ്പുള്ള ആ മുരിങ്ങമരച്ചുവട്ടില്‍ പോകുമോ സന്ധ്യയാകുന്നു എന്റെ കുട്ടികള്‍ തനിച്ചാണ് ദൈവമേ…താടിക്കാരനല്ലേ കടലിലേക്കു ചാടിയത് മറ്റേ പയ്യന്‍ കുനിയുന്നു. മൂന്നാമന്‍ ഏതായാലും ഞാനല്ല…. ഞാനല്ല.
കടപ്പാട് – പച്ചമഷി മാസിക
Generated from archived content: story3_apr2_14.html Author: salila_pk