അവസാനത്തെ പേഷ്യന്റിനേയും നോക്കി വിട്ടു , ക്ലോക്കില്‍ നോക്കി. എട്ടര കഴിഞ്ഞു !
ഇനി വേഗം കൂടിയില്ലെങ്കില്‍ സമയത്തിനു ക്ലിനിക്കില്‍ എത്തില്ല. ധൃതിയില്‍ ബെഡ്റൂമിലേക്ക് സ്റ്റെപ്പുകയറുമ്പോള്‍ വീണ്ടും കോളിംഗ് ബെല്ലിലെ കിളി ചിലച്ചു.
‘ഇന്ന് വൈകും’ മനസ്സില്‍ പറഞ്ഞു.
തിരികെ ചെന്നു വാതില്‍ തുറന്നു. ഏതാണ്ട് പതിനഞ്ചു വയസ്സ് തോന്നുന്ന പയ്യന്‍.
കണ്സല്‍ട്ടേഷന്‍ റൂമിന്റെ കതകു തുറന്നു വിളിച്ചു ‘വരൂ’.
‘ഞാന്‍ പെഷ്യന്റല്ല ഡോക്ടര്‍ ‘ അല്‍പ്പം പരുങ്ങിക്കൊണ്ടവന്‍ പറഞ്ഞു.
‘കത്തി വില്‍ക്കാന്‍ വന്നതാണ്’
കൗതുകത്തോടെ ഞാനവനെ നോക്കി. കുളിച്ച്,നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്‍ക്കുന്ന സുമുഖനായ ബാലന്‍. സാധാരണ ആ സമയത്ത് കച്ചവടത്തിനായി വരുന്നവര്‍ ‘കത്തീ …വെട്ടുകത്തീ….പിച്ചാത്തീ…’ എന്ന് ഉറക്കെ, അനുനാസിക സ്വരത്തില്‍വിളിച്ചു പറഞ്ഞു കൊണ്ടാണ് വരാറ്. അങ്ങിനെയുള്ളവരെ ഗേറ്റിനകത്തേക്കു പോലും കയറ്റാറില്ല. ജനമൈത്രി പോലീസ് കഴിഞ്ഞ ദിവസം വീട് സന്ദര്‍ശനത്തിനു വന്നപ്പോഴും പ്രത്യേകം ഓര്‍മ്മിപ്പിച്ചതാണ് കച്ചവടത്തിനാണെന്ന ഭാവത്തില്‍ കള്ളന്‍മാര്‍ വരുന്നുണ്ട്, അതുകൊണ്ട് അക്കൂട്ടരെ അകത്തു കയറ്റരുത് എന്ന്. ഏതായാലും ഈ കുട്ടിയെ കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ല.
‘എന്തൊക്കെയാണ് സഞ്ചിയില്‍?’ ആവശ്യമില്ലെങ്കിലും ചോദിച്ചു.
‘പിച്ചാത്തി,വെട്ടുകത്തി,വാക്കത്തി…’അവന്‍ സഞ്ചിയില്‍ നിന്നും ഓരോ കത്തികളും അതിന്റെ ഗുണ ഗണങ്ങള്‍ പറഞ്ഞു കൊണ്ട്പുറത്തെടുത്തുവച്ചു. ഓരോന്നിന്റെയും വിലയും പറഞ്ഞു. എനിക്കെന്തോ ഒരു കൗതുകം തോന്നി.
‘ഇയാള്‍ക്കെന്താ സ്കൂളില്‍ പോകണ്ടേ, ഇന്ന് വര്‍ക്കിംഗ് ഡേ അല്ലെ ?’ കച്ചവടത്തിന് വരുന്നവരോട് അധികം സംസാരത്തിന്നി ല്‍ക്കാറില്ലെങ്കിലും ഞാന്‍ ചോദിച്ചു.
‘രാവിലെ സ്കൂളില്‍ പോണ്ടാ. ഇപ്പൊ പരീക്ഷയാ. ഇന്ന് ഉച്ചക്ക് ശേഷാ എനിക്ക് പരീക്ഷ’ അവന്‍ പറഞ്ഞു.
‘അപ്പൊ പഠിക്കണ്ടേ ‘
പരീക്ഷക്ക് പഠിക്കുമ്പോള്‍ ക്ഷീണമുണ്ടാകാതിരിക്കാന്‍ എന്താണ് മകന് പ്രത്യേകമായി ഭക്ഷണം കൊടുക്കേണ്ടത് എന്ന് ചോദിച്ചു ക്ലിനിക്കില്‍ എത്താറുള്ള അച്ഛനമ്മമാരെ ഓര്‍ത്തു .
‘ഏയ്, ഞാന്‍ ക്ലാസില്‍ ഫസ്റ്റാ. ഒക്കെ പഠിച്ചു കഴിഞ്ഞു. ഇപ്പൊ ഞാന്‍ ഏഴാം ക്ലാസിലാ. അടുത്തവര്‍ഷം വേറെ സ്കൂളിലേക്ക് മാറണം. അവിടെ ചേരാന്‍ ആയിരം രൂപ ആദ്യം കെട്ടണം. അതുണ്ടാക്കാനാ ഞാന്‍ കത്തി വില്‍ക്കണേ’. അവന്‍ പറഞ്ഞു.
സമയം വൈകിയതിനാല്‍ കൂടുതലൊന്നും ചോദിക്കാതെ ഇരുനൂറു രൂപ കൊടുത്ത് വെട്ടുകത്തി വാങ്ങി. അതായിരുന്നു അവന്റെ സഞ്ചിയിലെ ഏറ്റവും വിലക്കൂടിയ കത്തി.
ക്ലിനിക്കിലേക്ക് റെഡിയാകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ആ പയ്യനെക്കുറിച്ച് തന്നെയായിരുന്നു ചിന്ത.
വണ്ടി വീട്ടില്‍നിന്നും ഇറക്കി അല്‍പ്പം മുന്നോട്ടെടുത്തപ്പോള്‍ ദാ നില്‍ക്കുന്നു ആ പയ്യന്‍. അവന്‍ വണ്ടിക്കു കൈ കാണിച്ചു. നിര്‍ത്തി ചില്ല് താഴ്ത്തിയപ്പോള്‍ നിഷ്ക്കളങ്കമായി ചിരിച്ചുകൊണ്ടവന്‍ ബസ് സ്റ്റോപ്പില്‍ വിടാമോ എന്ന് ചോദിച്ചു. പുറകിലെ ഡോര്‍ തുറന്നു കൊടുത്തു. അകത്തു കയറിയ അവന്‍ വാചാലനായി.
‘ഒരു കത്തിയൊഴിച്ച് ബാക്കിഎല്ലാം വിറ്റു. ഡോക്ടറുടെ കൈ രാശിയുള്ളതാ….’
പെട്ടെന്നാണ് ഉള്ളിലേക്ക് മിന്നല്‍ പിണര്‍ പോലെ പേടി കയറിയത്. ഇവനെ എന്ത് വിശ്വസിച്ചാണ് വണ്ടിയില്‍ കയറ്റിയത് !
അടുത്തിടെ മാധ്യമങ്ങളില്‍ കണ്ട പല ക്രിമിനല്‍ കേസുകളിലും പ്രതികള്‍ കൗമാരക്കാരായ വിദ്യാര്‍ഥികളാണ്. ഇവന്റെ കയ്യിലെ സഞ്ചിയിലാണെങ്കില്‍ ഇനിയും വില്‍ക്കാത്ത ഒരു കത്തിയുണ്ട് താനും. അവനാക്കത്തി എടുത്ത് ഏതു നിമിഷവും എന്റെ കഴുത്തിന്റെ പിന്നില്‍ ചേര്‍ത്ത് വയ്ക്കാം.
ഈശ്വരാ …
പെരുവിരലില്‍ നിന്നും വിറ കയറുന്നു. അവന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി അവന്റെ വീട്ടുകാരെക്കുറിച്ചു ചോദിച്ചു.
‘അമ്മക്ക് ഹൃദയത്തിനെന്തോ വല്യ അസുഖമാ. മെഡിക്കല്‍ കോളേജിലാ. അച്ഛന്‍ അടുത്തുള്ള ആലയില്‍ പണിക്കു പോകുന്നു. അവിടെ നിന്നാണ് ഈ കത്തികള്‍ ഞാന്‍ കച്ചോടത്തിനു എടുക്കുന്നത്. ചേച്ചി പത്താംക്ലാസ് കഴിഞ്ഞു. നല്ല മാര്‍ക്കുണ്ടായിരുന്നു. പക്ഷെ അമ്മേടെ കൂടെ നില്‍ക്കാന്‍ വേറെ ആളില്ലാത്തതുകൊണ്ട് പിന്നെ പഠിച്ചില്ല…’ അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.
എന്റെ ശ്രദ്ധ മുഴുവന്‍ റിയര്‍ വ്യൂ മിററിലാണ്. പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍ സഞ്ചിയിലേക്ക് കയ്യിട്ടു. ഞാന്‍ സര്‍വ്വ ശക്തിയുമെടുത്തു ബ്രേക്ക് ചവിട്ടി. വലിയ ശബ്ദത്തോടെ വണ്ടി ഉരഞ്ഞു നിന്നു. എന്താണെന്ന്തലപൊക്കി നോക്കിയ അവനോടു അവിടെ ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. എനിക്ക് വേറെ വഴി പോകണമെന്നും.
പുറകില്‍ വന്ന വണ്ടിക്കാരുടെ ചീത്ത വിളിക്ക് കാതു കൊടുക്കാതെ, അവനെ പുറത്താക്കി വിയര്‍പ്പു തുടച്ചു വീണ്ടും വണ്ടി മുന്നോട്ടെടുക്കുമ്പോഴും ഉള്ളിലെ വിറ അടങ്ങിയിരുന്നില്ല. അവനെന്തിനാണ് സഞ്ചിയില്‍ കയ്യിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. വണ്ടിക്കൂലിക്കുള്ള കാശെടുത്ത് പിടിക്കാനോ എന്റെ പിന്‍കഴുത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കത്തിയെടുക്കാനോ !
Generated from archived content: story1_feb16_16.html Author: salila_pk