ആത്മഹത്യയുടെ തല്‌സമയ സംപ്രേഷണം

ചുട്ടുപഴുക്കുന്ന ഒരു ഉച്ചവെയിലത്ത്‌ വച്ചാണ്‌ കയറും ദാമ്പത്യവും കണ്ടുമുട്ടിയത്‌. മുൻപ്‌ കണ്ട പരിചയത്തിൽ കയർ ദാമ്പത്യത്തോട്‌ ചോദിച്ചു എന്താ ഇവിടെ? ഉത്തരമായി ദാമ്പത്യം മന്ദഹസിച്ചു. വീണ്ടും കയർ ചോദിച്ചു ഭവതിയുടെ മുഖം എന്താ വാടിയിരിക്കുന്നത്‌. ഉത്തരമായി ദാമ്പത്യം പറഞ്ഞു. ഞാൻ മടുത്തിരിക്കുന്നു. കാരണം ഞാൻ എന്നും പരാജയമായിരുന്നു. മറ്റുള്ളവരുടെ നിർബന്ധവും സാഹചര്യങ്ങളും നിമിത്തം മിക്ക ദമ്പതികളും എന്നെകൊണ്ട്‌ നടക്കുന്നു. അത്രമാത്രം. ഞാൻ ഈ നശിച്ച ലോകത്ത കണ്ടു മടുത്തിരിക്കുന്നു. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു. കയർ പറഞ്ഞു പെണ്ണെ ഞാനും അങ്ങിനെ തന്നെ കരുതിയാണ്‌ ഇറങ്ങിയിരിക്കുന്നത്‌, നമ്മൾ തമ്മിൽ വേറെയും ബന്ധങ്ങളുണ്ട്‌. ദമ്പതികൾ മിക്കപ്പോഴും ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുക്കുന്നത്‌ എന്റെ ജാതിക്കാരെയല്ലേ ഞങ്ങളുടെ രണ്ടറ്റത്ത്‌ അവർ കെട്ടിതൂങ്ങും. രണ്ടറ്റം മാത്രമായതു ഞങ്ങളുടെ ഭാഗ്യം, അല്ലേൽ അവർ മക്കളെയും കൂടി കെട്ടിതൂക്കിയേനെ. അതുകൊണ്ട്‌ നമുക്ക്‌ ഒരുമിച്ചു മരിക്കാം. ദാമ്പത്യത്തിന്റെ കണ്ണിലേക്കു നോക്കിയാണ്‌ കയർ ഇത്‌ പറഞ്ഞത്‌.

സത്യത്തിൽ അവർ അപ്പോഴാണ്‌ എന്നെ കണ്ടത്‌, അവർക്ക്‌ എന്നെ ഇഷ്‌ടപ്പെട്ടില്ല എന്ന്‌ എനിക്ക്‌ മനസ്സിലായി. പക്ഷെ ഞാനത്‌ പുറത്തു കാട്ടീല. അവർ ഒരുമിച്ചു എന്നോട്‌ ചോദിച്ചു. നീ ആരാണ്‌? എന്തിനാണ്‌ പതുങ്ങി നിന്നു ഞങ്ങളുടെ സംസാരം കേട്ടത്‌? ഉത്തരമായി ഞാൻ പറഞ്ഞു ഞാൻ ഒരു സാധാരണ മനുഷ്യനാണ്‌, ഈ മഹാ നഗരത്തിൽ ജോലി അന്വേഷിച്ച്‌ കഴിയുന്നു. ദാമ്പത്യം നെറ്റി ചുളിച്ചുകൊണ്ട്‌ പറഞ്ഞു. നിന്റെ വേഷത്തിന്റെ മാന്യത നിന്റെ സംസാരത്തിൽ ഇല്ല. സാധാരണയായി ആരെന്നെ കുറ്റപ്പെടുത്തിയാലും ഞാൻ എന്റെ അപകർഷതബോധത്തിന്റെ തോടിനുള്ളിലേക്ക്‌ തല വലിക്കുകയാണ്‌ പതിവ്‌. പക്ഷെ ഇവിടെ എനിക്കെന്തോ അങ്ങനെ തോന്നിയില്ല. ഞാൻ പറഞ്ഞു. നിങ്ങൾ പറഞ്ഞത്‌ ശരിയാണ്‌ ഇവിടെ ഒരു ജോലി ലഭിക്കാൻ ഇത്തരം വേഷങ്ങൾ വേണമെന്ന്‌ വന്നപ്പോൾ എന്റെതല്ലാത്ത വേഷം കടമെടുത്തതാണ്‌. പിന്നെ മാന്യതയുടെ കാര്യം കയർ പറഞ്ഞു നീ കൂടുതൽ സംസാരിക്കാതെ ഇവിടെ നിന്നു പോകൂ ഞങ്ങൾക്ക്‌ ആത്മഹത്യ ചെയ്യണം. ഞാൻ പറഞ്ഞു. ഞാൻ നിങ്ങളെ തടയില്ല ഞാൻ നിങ്ങളുടെ മരണം കണ്ടു രസിച്ചോട്ടെ. കുറെ നേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ എന്റെ കണ്ണും വായും മൂടിക്കെട്ടി അവരുടെ മരണവും സംസാരവും കേൾക്കാൻ എന്നെ അനുവദിച്ചു. എങ്കിലും അവർ എന്റെ സാന്നിധ്യം മറക്കാൻ ഏറെ നേരം വേണ്ടി വന്നു. എനിക്കാണെങ്കിൽ മരണം കേൾക്കാൻ അതും രണ്ടു മരണങ്ങൾ ഒരേ സമയം കേൾക്കാൻ, കൊതിയാകുയായിരുന്നു.

കയർ ദാമ്പത്യത്തോട്‌ ചോദിച്ചു. നീ പലതും മടുത്തു എന്ന്‌ പറഞ്ഞല്ലോ ഒന്ന്‌ വ്യക്‌തമാക്കാമോ? ദാമ്പത്യം പറഞ്ഞു തുടങ്ങി. ഞാൻ എന്നെ തന്നെ മടുത്തു. കാരണം ചിലർ എന്നെപറ്റി വാചാലരാവുന്നു. അവർ പ്രസംഗിക്കും ദാമ്പത്യം പളുങ്ക്‌ പാത്രം പോലെയാണെന്ന്‌. എന്നിട്ട്‌ അവർ തന്നെ പളുങ്ക്‌ പാത്രം ഭംഗിയായി ഷോകേസിൽ വച്ചിട്ട്‌ രാത്രിയിൽ ചൂടുതേടി എവിടേലുംപ്പോവും.

മറ്റു ചിലരുടെ കാര്യം വിചിത്രമാണ്‌. അവരെപറ്റി ഞാൻ ഒരു കഥയിലൂടെ പറയാം. ഒരു പക്ഷെ നിങ്ങൾ ഇത്‌ കേട്ടിരിക്കും. എങ്കിലും പറയാം ഒരിക്കൽ ഒരു കാമുകി ഒരു ബീച്ചിൽ ഒരു സന്ധ്യയിൽ കാമുകന്റെ മടിയിൽ തലവെച്ചു കാതരയായി ചോദിച്ചു. എന്തുകൊണ്ടാണ്‌ ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞത്‌? അതിനു പകരമായി ഒരു ഉമ്മ നല്‌കി കാമുകൻ പറഞ്ഞു. നമ്മുടെ സ്‌നേഹം കണ്ടപ്പോൾ നാണം കൊണ്ട്‌ ചന്ദ്രൻ മേഘങ്ങൾക്കിടയിൽ ഒളിച്ചതാണ്‌. പ്രിയേ…. വർഷങ്ങൾക്കു ശേഷം അതെ സ്‌ഥലത്ത്‌ അത്ര പ്രസന്ന ഭാവത്തോടെ അല്ലാതെ അതെ ചോദ്യം തന്നെ അവൾ ചോദിച്ചപ്പോൾ അവനു ദേഷ്യമാണ്‌ വന്നത്‌. അവൻ ചോദിച്ചു നീയെന്നെ കളിയാക്കുകയാണോ? ചന്ദ്രൻ എന്താ മേഘങ്ങൾക്കിടയിൽ പെടുന്നത്‌ എന്ന്‌ നിനക്കറിയില്ലെടി മൂതേവി. ഇല്ലേൽ നീ നിന്റെ തന്തയോട്‌ പോയി ചോദിക്ക്‌. എങ്ങനെയുണ്ട്‌ കഥ? ദാമ്പത്യം കയറിനോട്‌ ചോദിച്ചു കയർ ഒന്നു പറയാതെ മന്ദഹസിച്ചു. ഇനി വേറെ ചിലർ പറയുന്ന കേൾക്കാം. ഞാനും എന്റെ ഭാര്യയും ഒരേ സ്വഭാവക്കാരാണ്‌. അത്‌ കൊണ്ട്‌ ഞങ്ങളുടെ ദാമ്പത്യം സുഖമായി മുന്നോട്ടു പോവുന്നു എന്ന്‌. ഇവരാണ്‌ ഏറ്റവും വിഡ്‌ഢികൾ. അവർ പരസ്‌പരം മനസ്സിലാക്കിയിട്ടെ ഇല്ല. കാന്തം പോലെയല്ലലോ ജീവിതം, ഒരേ സ്വഭാവക്കാർ എങ്ങിനെയാ ഒരുമിച്ചു കഴിയുക, എല്ലാറ്റിലും ഒരേ അഭിപ്രായം ആണെങ്കിൽ പരസ്‌പരംസംഭവിക്കുന്ന വീഴ്‌ചകളും തെറ്റുകളും ആരാ മനസ്സിലാക്കിതരാൻ ഉണ്ടാവുക. വേറൊരുകൂട്ടർ ഉണ്ട്‌. ഞങ്ങൾ ഉത്തമ ദമ്പതികളാണ്‌ എന്ന്‌ സ്വയം പറഞ്ഞു കുറേകാലം ജീവിച്ചതിന്‌ ശേഷം ശത്രുക്കളായി മാറുന്നു. അങ്ങനെ കുറെ അനാഥ കുട്ടികളെ അനാഥാലയങ്ങൾക്ക്‌ കിട്ടുന്നു. അത്‌കൊണ്ടും സമാധാനം വരാതെ എന്നെക്കുറിച്ച്‌ സെമിനാർ സംഘടിപ്പിക്കുന്നു.

ഇനിവരുന്നത്‌ പുതിയകൂട്ടരുടെ കാര്യമാണ്‌, അവരെകണ്ടപ്പോൾ ആണ്‌ ഞാൻ ഇനിമരിക്കുന്നതാണ്‌ നല്ലതെന്ന്‌ തീരുമാനിച്ചത്‌. ഇക്കൂട്ടരിൽ ഭൂരിഭാഗവും നീയില്ലെങ്കിലും എനിക്ക്‌ ജീവിക്കാൻ അറിയും എന്ന്‌ ഇടക്കിടെ പറഞ്ഞുകെണ്ടിരിക്കും. എവരുടെ പ്രജനനരീതിയാണ്‌ ഏറെ രസകരം. കുട്ടികൾ വേണമെന്ന്‌ തോന്നുമ്പോൾ സ്വന്തം ശുക്ലം കയ്യിൽ എടുത്തു ബീജങ്ങളെ വേർതിരിക്കും. നീളവും വീതിയും ചലനശക്തിയും എല്ലാം അളന്നുനോക്കി തൃപ്‌തികരമാണെങ്കിൽ രണ്ടാം ഘട്ടം ആരംഭിക്കും. എന്നിട്ട്‌ ബീജം അണ്ഡവും ആയിചേർന്ന്‌ സിക്താണ്ഡം രൂപപ്പെടുന്നത്‌ മുതൽ ഭ്രൂണത്തിന്റെയും മനുഷ്യൻ ആയതിനു ശേഷവും അവനു സംഭവിക്കാവുന്ന ഗുണങ്ങളും ദോഷവും ജ്യോതിശാസ്‌ത്രത്തിന്റെ സഹായത്തോടെ കണ്ടുപിടിക്കും. ഇനി ശാസ്‌ത്രത്തിന്റെ ജോലിയാണ്‌. ഉണ്ടാകാൻ പോണ ശിശുവിന്റെ നീളവും വീതിയും പൊക്കവും ഭൗതികവും ശാരീരികവും കലാപരവുമായ കഴിവുകളും പരിശോധിക്കും. അതിനുശേഷം ഗർഭപാത്രത്തിന്റെ ഉറപ്പും ഉണ്ടാകാൻ ഉപയോഗിച്ച വസ്‌തുക്കളും പരിശോധനാ വിധേയമാക്കും. എന്തെങ്കിലും പോരായ്‌മ കണ്ടെത്തിയാൽ പരിഹരിക്കപ്പെടും. വിപണിയിൽ കിട്ടാവുന്ന ഏറ്റവും നിലവാരമുള്ള സിമന്റും റ്റി എം റ്റി കമ്പികളും ഉപയോഗിച്ച്‌ പുതുക്കി പണിയുകയും വാട്ടർ പ്രൂഫിംഗ്‌ കോമ്പൗണ്ട്‌കൾ ഉപയോഗിച്ച്‌ ഉറപ്പുള്ളതാക്കുകയും പിന്നീട്‌ ഗർഭപാത്രത്തിനുള്ളിൽ തറയോടുകളും കാർപറ്റും വിരിച്ചു ഭംഗിയാക്കുകയും ചെയ്യും. പിന്നീടാണ്‌ ബീജത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. ഇവരിൽ തന്നെ ചിലർ ഇപ്പോൾ എസ്‌ എം എസ്‌ വോട്ടിംഗ്‌ നടത്തിയാണ്‌ ബീജത്തെ സെലക്‌ട്‌ ചെയ്യുന്നതുപോലും. ചിലരുടെ കാര്യം പറയാൻ വിട്ടുപോയി അവർ ഗർഭസ്‌ഥ ശിശുവിന്റെ തുടക്കിടയിൽ കൈകൾ കൊണ്ട്‌ പരതി നോക്കും ലിംഗം കൈയിൽ തടഞ്ഞില്ലെങ്കിൽ പിന്നെ അതിനെ എത്രയും പെട്ടെന്ന്‌ കൊന്നുകളയും. എന്തൊരു വിചിത്രം അല്ലെ? എനിക്കിതൊന്നും കാണാൻ വയ്യ. അതോണ്ട്‌ ആത്‌മഹത്യ ചെയ്യാൻ തീരുമാനിച്ചേ. അതിരിക്കട്ടെ നിങ്ങൾ എന്തിനാ ആത്മഹത്യ ചെയ്യുന്നേ?

മറുപടിയായി കയർ കഥ പറഞ്ഞു തുടങ്ങി നെല്ലിനു സർക്കാർ സബ്‌സിഡി ഏർപ്പെടുത്തുന്നതിന്‌ മുൻപ്‌ യുദ്ധ ഭൂമിയിലെ പാറ്റൻ ടാങ്കുകളെ ഓർമിപ്പിക്കുന്ന കൊയ്‌ത്ത്‌ യന്ത്രം വരുന്നതിനു മുൻപ്‌ ഒരു പാലക്കാടൻ ദരിദ്ര കർഷകൻ മരിക്കാൻ തീരുമാനിച്ചാണ്‌ എന്നെ വാങ്ങിയത്‌. പിന്നീട്‌ അയാൾ തൂങ്ങിമരണത്തെ കുറിച്ച്‌ ചിന്തിച്ചപ്പോൾ ഭയന്നു എന്ന്‌ തോന്നുന്നു. അയാൾ കുരുടാൻ കഴിച്ചാണ്‌ മരിച്ചത്‌. അല്ലെങ്കിലും തിമിരം ബാധിച്ച കണ്ണുകൾ പുറത്തേക്കു തള്ളി കഴുത്ത്‌ നീലിച്ചു നാക്ക്‌ മുക്കാലടി പുറത്തേക്കു തള്ളി ഉള്ള മരണം ആരാണ്‌ ഇഷ്‌ടപ്പെടുക. അന്ന്‌ മുതൽ അയാളുടെ ഓർമ്മക്കായി വീട്ടുകാർ എന്നെ സൂക്ഷിച്ചു. അങ്ങനെ ഒന്നിനും കൊള്ളാതെ ഒരുപണിയും ചെയ്യാത്ത ഒന്നായി ഞാൻ മാറി. അങ്ങനെ ജീവിതത്തോടുതന്നെ വെറുപ്പ്‌ തോന്നിതുടങ്ങിയപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഇറങ്ങിത്തിരിച്ചു. സംസാരിച്ചു നിൽക്കാതെ എത്രയും വേഗം നമുക്ക്‌ മരിക്കാം. എന്നു പറഞ്ഞു അവൻ അവളുടെ കഴുത്തിലേക്കു കയറി. ദാമ്പത്യം ചോദിച്ചു നിയെന്റെ കഴുത്തിൽ മുറുകുമ്പോൾ ഞാൻ മരിക്കും പക്ഷെ നീയോ? കയർ പറഞ്ഞു നിക്ക്‌ നിന്റെ സംശയം മനസ്സിലായി. വൃത്തികെട്ട മനുഷ്യനെപോലെ ഞാൻ നിന്നെ വഞ്ചിക്കും എന്നാണല്ലേ നീ ചിന്തിച്ചത്‌. സാരമില്ല നീയാദ്യം എന്റെ കഴുത്തിൽ നിന്റെ കൈ കൊണ്ട്‌ മുറുക്കി എന്നെ കൊന്നുകൊള്ളൂ. അല്ലെങ്കിൽ എന്റെ കഴുത്ത്‌ വെച്ചു നിന്റെ കഴുത്തിൽ കുരുക്കുണ്ടാക്കാം. അങ്ങനെ നമുക്ക്‌ ഒരുമിച്ചു മരിക്കാം. ദാമ്പത്യത്തിന്‌ അതു സീകാര്യമായി എന്ന്‌ തോന്നുന്നു. പിന്നെ കുറെ സമയത്തേക്ക്‌ ശബ്‌ദങ്ങൾ ഒന്നും കേട്ടില്ല, അവർ പരസ്‌പരം നോക്കിയിരിക്കുകയായിരുന്നിരിക്കണം. കുറച്ചു കഴിഞ്ഞപ്പോൾ അവ്യക്തങ്ങളായ ശബ്‌ദങ്ങൾ കേട്ടു. പിന്നെയും നിശബ്‌ദത. ഞാൻ എന്റെ കണ്ണിന്റെ കെട്ടു മാറ്റിനോക്കി. സത്യം പറഞ്ഞാൽ കാഴ്‌ച ഭീകരമായിരുന്നു. ദാമ്പത്യവും കയറും കണ്ണുകൾ തള്ളി കരിനീലിച്ച കഴുത്തുമായി നാക്ക്‌ മുക്കാലടി പുറത്തേക്കു നീട്ടി അങ്ങനെ കിടക്കുന്നു. നോക്കി നിന്നപ്പോൾ തന്നെ മൃതദേഹങ്ങൾ അപ്രത്യക്ഷമായി. ഞാൻ അപ്പോൾ തന്നെ മൊബൈൽ എടുത്തു എല്ലാ ചാനലുകാരെയും വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു. അവരിൽ ചിലർ ചിരിച്ചുകൊണ്ട്‌ ഫോൺ വെച്ചു. മറ്റു ചിലർ എന്നോട്‌ ദേഷ്യപ്പെട്ടു. മറ്റൊരു പ്രശസ്‌ത ചാനലുകാരൻ എന്നോട്‌ ചോദിച്ചു. മൃതദേഹങ്ങൾ അവിടെത്തന്നെ കിടപ്പുണ്ടോ? ഞാൻ പറഞ്ഞു ഇല്ല മൃതദേഹങ്ങൾ അപ്രത്യക്ഷ്യമായി. വീണ്ടും അയാൾ ചോദിച്ചു. താങ്കളുടെ കയ്യിൽ എന്തെങ്കിലും തെളിവുണ്ടോ? മൊബൈലിൽ വീഡിയോ എടുത്തു വെച്ചിട്ടുണ്ടോ? ഞാൻ നടന്നതെല്ലാം അയാളോട്‌ പറഞ്ഞു അയാൾ ഇടയ്‌ക്കിടയ്‌ക്ക്‌ ഉം ഉം എന്ന്‌ മൂളുന്നുണ്ടായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, അപ്പോൾ നിങ്ങൾ മരിക്കുന്നത്‌ കണ്ടില്ല നിങ്ങൾ കമന്ററി കേട്ടതേയുള്ളൂ അല്ലെ? ഞാൻ പറഞ്ഞു. അതെ, പക്ഷെ ഞാൻ കേട്ടതുതന്നെയാണ്‌ മൃതദേഹങ്ങളും എന്റെ കണ്ണ്‌കൊണ്ട്‌ കണ്ടതാണ്‌. പക്ഷെ അവ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. അയാൾ സഹതാപത്തോടെ പറഞ്ഞു. എന്റെ മനുഷ്യ നിങ്ങൾക്ക്‌ എന്തോ മനോരോഗം ബാധിച്ചിരിക്കുന്നു, നിങ്ങൾ എത്രയും പെട്ടെന്ന്‌ ഒരു മാനസികരോഗ വിദഗ്‌ദ്ധന്റെ സഹായം തേടുക. ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. കാരണം പറഞ്ഞിട്ടെന്താ കാര്യം. അങ്ങേ തലക്കൽ ഫോൺ നിശബ്‌ദമായി. അവരുടെ മരണം വിറ്റ്‌ കാശാക്കാൻ സാധിക്കാത്തതിൽ എനിക്ക്‌ എന്നോട്‌ തന്നെ പുച്ഛം തോന്നി. ആ ഉച്ചവെയിലിന്റെ ചൂടിൽ കഴിയാവുന്നവേഗത്തിൽ ഞാൻ അവിടെ നിന്നും നടന്നു നീങ്ങി……..

Generated from archived content: essay1_may4_11.html Author: saleel_p.l

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here