നാലു ഭാഗത്തും ഇരുൾ മൂടിക്കിടക്കുക കാരണം മണ്ണെണ്ണ ചിമ്മിണിയുടെ വെളിച്ചത്തിൽ ദൂരെനിന്നു തന്നെയാ കാഴ്‌ച കണ്ടുകൊണ്ടാണ് കുട്ടൻ വരുന്നത്. മണ്ണെണ്ണ ചിമ്മിനി ഒരു വെട്ടുകല്ലിൽ ഉയർത്തിവച്ച് കുട്ടിയെ വാഴയുടെ ചുവട്ടിൽ മറ്റൊരു കല്ലിൽ നിർത്തി ചൂടുവെള്ളവും സോപ്പും കൊണ്ട് വൃത്തിയായി കുളിപ്പിക്കുന്നു. കുട്ടിയുടെ കാലിൽ മുട്ടിനുതാഴെ ചേന ചെത്തിയിറക്കിയ മാതിരി കരപ്പനാണ്. ആ കാലൊക്കെ തേച്ചു കഴുകുമ്പോൾ കുട്ടി വല്ലാതെ അലറിക്കരയുന്നുമുണ്ട്. കുട്ടനു കലശലായ ദേഷ്യം വന്നു. മീശയുടെ അഗ്രം താനറിയാതെ തന്നെ തിരിച്ചുമുകളിലേക്കു കയറ്റി.
“ഇന്നു രണ്ടു പൊട്ടിയ്‌ക്കണം. അല്ലാതെ പറ്റുകയില്ല. അവൾ കഞ്ഞികുടി മുട്ടിച്ചേ അടങ്ങൂ എന്നാണ്.”
പല പ്രാവശ്യം കുട്ടൻ തങ്കമ്മയോടു പറഞ്ഞിട്ടുണ്ട് ആ കുട്ടിയുടെ കാലിലെ കരപ്പൻ കഴുകി വൃത്തിയാക്കുകയോ മരുന്നു പുരുട്ടി ഉണക്കുകയോ ചെയ്യരുതെന്ന് അപ്പോഴൊക്കെ ആ കഴുത കരയും. അവൾക്കിപ്പോൾ കുട്ടിയുടെ കാര്യത്തില് മാത്രമാണു ശ്രദ്ധ. പണ്ടൊക്കെ രാത്രി കാലങ്ങളിൽ ചാരായം വാറ്റാനുമൊക്കെ അവൾ സഹകരിച്ചിരുന്നു. ഇപ്പോൾ കുട്ടിയുടെ സൗകര്യം നോക്കി മാത്രമേ എന്തും ചെയ്യൂ എന്നായി. സമയം കിട്ടുമ്പോഴൊക്കെ കുട്ടിയെ ഓമനിച്ചു കളിപ്പിച്ചും ഇരിക്കും അമ്മ തന്നെ കുട്ടിക്കാലത്ത് ഓമനിച്ചിട്ടില്ലേ………. ഉണ്ട്. അത് അവരുടെ സൗകര്യം നോക്കി മാത്രമായിരുന്നു. അവര് ഓർമ്മ വയ്‌ക്കുന്ന കാലത്ത് പട്ടണത്തിന്റെ തിരക്കുള്ള ഒരു കോണിലായിരുന്നു. താമസിച്ചിരുന്നത്. അത് സ്വന്തം വീടുമായിരുന്നു.
അടുത്തൊക്കെ ചുറ്റുമതിലും ഗെയിറ്റും വെള്ള തേച്ച ചുമരുകളുമുള്ള വീട്ടിലെ ആളുകൾ തങ്ങളുടെ വീടിനെ വെറുപ്പോടെയാണു നോക്കിയിരുന്നത് എന്നവനോർത്തു. ഇവിടെ എന്തു സംഭവിച്ചാലും ആരും എത്തി നോക്കില്ല എന്നു മാത്ര മല്ല….. അവരുടെ വരാന്തയിലോ മുറ്റത്തോ ഒക്കെ നില്‌ക്കുമ്പോൾ അമ്മയെ കണ്ടാലുടനേ കാണാൻ പാടില്ലാത്തെന്തോ കണ്ടതുപോലെ ഉടനേ…. അകത്തു കയറി വാതിലടച്ചു.
അയലത്തെ കുട്ടികൾ യൂണിഫോമിട്ട് കഴുത്തിൽ ടൈയ്യും കാലിൽ സോക്‌സും ഷൂസ്സും മണിഞ്ഞ് മതുകത്ത് ഭാരിച്ച ഒരു സഞ്ചിയും തൂക്കി സ്‌കൂൾ ബസ്സിലും അവരുടെ അഛന്മമാരോടൊപ്പം സ്‌കൂട്ടറിലും കാറിലും ഒക്കെ സ്‌കൂളിൽ പോകുന്നതു കണ്ടപ്പോൾ കുട്ടനും അങ്ങിനെയൊക്കെ പോകണമെന്നൊരാഗ്രഹം. അമ്മ അവനെ സ്‌കൂളിലയ്‌ക്കുന്ന കാര്യത്തെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ല. അവിടെ ഓരോ ദിവസവും വരുന്ന അമ്മാവൻമാർക്ക് ബീഡി വാങ്ങാനും സിഗറട്ടു വാങ്ങാനുമൊക്കെ പെട്ടിക്കടയിൽ പോകുന്നതായിരുന്നു അവന്റെ ജോലി.
സ്‌കൂളിൽ പോകണമെന്നു പറഞ്ഞ് അവൻ ശാഠ്യം പിടിച്ചു തുടങ്ങി. അവന്റെ ശാഠ്യം സഹിയ്‌ക്കവയ്യാതെ വന്നപ്പോൾ അമ്മ അവനെ അടുത്തുള്ള ഒരു സ്‌കൂളിൽ ചേർത്തു. സ്‌കൂളിൽ ചേർക്കാമെന്ന് അമ്മ സമ്മതിച്ചപ്പോൾ പുത്തനുടുപ്പും കഴുത്തിൽ നീളത്തിൽ ഒരു ടൈയ്യും ഷൂസും സോക്‌സും മുതുകിൽ ഒരു പുസ്‌തകസഞ്ചിയുമൊക്കെയായിരുന്നു മനസ്സിൽ. പക്ഷെ അവനെ ചേർത്ത സ്‌കൂളിൽ അതൊന്നു മുണ്ടായിരുന്നില്ല. കാലിൽ ചെരുപ്പുപോലു മില്ലാതെ ദാസനമ്മാവനെക്കൊണ്ട് അമ്മ വാങ്ങിപ്പിച്ചുകൊടുത്ത പാകമല്ലാത്ത ഒരു വള്ളിനിക്കറും വരയൻ ഷർട്ടുമിട്ടുകൊണ്ട്…. അമ്മ റേഷൻ വാങ്ങാൻ കൊണ്ടു പോകുന്നതു മാതിരിയുള്ള ഒരു തുണിസഞ്ചിയിൽ ഒരു സ്ലേറ്റും പുസ്‌തകവുമായി അവൻ പോയി. അവനു വല്ലാത്ത നിരാശതോന്നി. അമ്മയോട് തനിയ്‌ക്കും മറ്റു കുട്ടികളേപ്പോലെ സ്‌കൂൾബസ്സിൽ കയറി വേഷഭൂഷാദികളോടെയൊക്കെ പോകണമെന്നു പറഞ്ഞു കരഞ്ഞപ്പോൾ അമ്മ അരിശംകൊണ്ട് “ നിന്റെ തന്ത സമ്പാദിച്ചു കൊണ്ടുതന്നിട്ടുണ്ടോ അതിനൊക്കെ” എന്നു ചോദിച്ചു. അപ്പോഴാണവനോക്കുന്നത് തന്റെയച്ഛൻ എവിടെയാണെന്നോ…. അടുത്ത വീട്ടിലെ അനീഷിന്റെ അച്ഛനേപ്പോലെ…… ഷിബുവിന്റെ അച്ഛനേപ്പോലെ…. തങ്ങളോടൊപ്പം താമസിയ്‌ക്കാത്തതെന്താണെന്നോ ഒന്നും തനിക്കറിയില്ലല്ലൊ എന്ന്. വീണ്ടും എന്തെങ്കിലും ചോദിച്ചാൽ കിട്ടിയേക്കാവുന്ന ചെവിക്കു പിടിച്ചുള്ള തിരുമ്മലിന്റെ വേദനയുടെ ഓർമ്മയിൽപ്പോലും അവൻ പുളഞ്ഞുപോയി. പിന്നൊരവസരത്തിൽ അമ്മ തന്നെ അരികത്തുകിടത്തി ഓമനിയ്‌ക്കുകയാണെങ്കിൽ….. അപ്പോൾ ചോദിയ്‌ക്കാമെന്നു കരുതി മിണ്ടാതിരുന്നു.
ക്ലാസ്സിൽ സമർത്ഥനായ ഒരു കുട്ടിയായിരുന്നതിനാൽ മാഷുമാർക്കെല്ലാം അവനെ ഇഷ്‌ടമായിരുന്നു. പറഞ്ഞു കൊടുക്കുന്നതെന്തും ശ്രദ്ധയോടെ കേട്ട് വേഗം മനസ്സിലാക്കുകയും ശരിയായും വൃത്തിയായും ഉത്തരം എഴുതുകയും ചെയ്‌ത് ക്ലാസ്സിൽ ഒന്നാമനായി. അതുതന്നെയായിരുന്നു അവൻ പഠിത്തം ഉപേക്ഷിയ്‌ക്കാനും കാരണമായത്. മാഷുമാരവനെ അഭിനന്ദിച്ചു. രണ്ടു മൂന്നും വർഷം തോറ്റു പഠിയ്‌ക്കുന്ന കുസൃതിക്കാരായ മുതിർന്ന കുട്ടികളുടെ മുന്നിൽ വച്ച് കുട്ടനെ അഭിനന്ദിയ്‌ക്കുകയും പാഠം പഠിയ്‌ക്കാതെ വന്നതിന് അവരുടെ കൈവെള്ളയിൽ അടികിട്ടുകയും ചെയ്‌തപ്പോൾ താനറിയാതെ തന്നെ അവൻ ഒറ്റപ്പെടുകയായിരുന്നു.
ഒരു ദിവസം ക്ലാസ്സിൽ എല്ലാകുട്ടികളുടേയും അച്ഛനമ്മമാരുടെ പേരുചോദിച്ചപ്പോൾ കുട്ടന് അവന്റെ അച്ഛന്റെ പേര് അറിയമായിരുന്നില്ല. അമ്മയുടെ പേരു പറഞ്ഞിട്ട് വിഷണ്ണനായി നില്‌ക്കുമ്പോൾ….. പുറകിലത്തെ ബെഞ്ചിൽ നിന്നും. ആരോശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു അതിനവനച്ഛനുണ്ടായിട്ടു വേണ്ടേ“
കൂട്ടച്ചിരികൾ മുഴങ്ങവേ അവൻ മൊഴി മുട്ടിനിന്നു ക്ലാസ്സുവിട്ടുകഴിഞ്ഞപ്പോൾ കുട്ടികൾ കയ്യടിച്ചു പരിഹസിച്ച് അവനെ ഗെയിറ്റുവരെ കൊണ്ടുവിട്ടു. അന്നവൻ വീട്ടിൽ ചെന്നിട്ട് അത്താഴം ഉണ്ടില്ല. കാരണം ചോദിച്ചപ്പോൾ വിശപ്പില്ലെന്നു പറഞ്ഞു. പിറ്റേദിവസം അവൻ സ്‌കൂളിലും പോയില്ല. പോകാൻ അവന് ഉത്സാഹം തോന്നിയില്ല. വളർന്നുവരുന്ന കുട്ടൻ സ്‌കൂളിൽ പോകുന്നത് തങ്കമയ്‌ക്ക് ഒരു സൗകര്യമായിത്തോന്നിത്തുടങ്ങിയിരുന്നു. അതുകൊണ്ടവർ ചോദിച്ചു ”ഇന്നു നിനക്കു സ്‌കൂളില്ലേ?……“
അവനൊന്നും മിണ്ടിയില്ല. തല കുമ്പിട്ടിരുന്നു. അവർ സ്‌നേഹപൂർവ്വം അവനെ അടുത്തു പിടിച്ചു നിർത്തി താടിപിടിച്ചുയർത്തികൊണ്ടു ചോദിച്ചു ” എന്താ……. മോനു സുഖമില്ലേ?…… വല്ല്യ ധൃതിയായിരുന്നല്ലൊ സ്‌കൂളിൽ പോകാൻ…. പിന്നെന്തുപറ്റി……?“ ” ഒരു കാര്യം ചോദിച്ചാലമ്മ പറയുമോ….? അവൻ കൊഞ്ചി. അവരുടെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി “ എന്താ…… നീ …… ചോദയ്‌ക്കു.” “ എന്റെയച്ഛന്റെ പേരെന്താ? മാഷു ചോദിച്ചപ്പോൾ എനിയക്കറിയില്ലായിരുന്നു….. എല്ലാവരും എന്നെ കളിയാക്കിച്ചിരിച്ചു.”
അവർ ഓർത്തുനോക്കി. പലമുഖങ്ങളും അവരുടെ മനസ്സിൽ തെളിഞ്ഞു വന്നു. പിന്നെയവർ ഒരു പേരു പറഞ്ഞു കൊടുത്തിട്ടുപറഞ്ഞു. “ അയാളുവല്ല്യപണക്കാരനാ…. അതുകൊണ്ടാ നമ്മുടെ വീട്ടിലൊന്നും വന്നു താമസിയ്‌ക്കാത്തെ…” പണക്കാരനെന്നു കേട്ടപ്പോൾത്തന്നെ അവന്റെ കണ്ണുകൾ വിടർന്നു. അനീഷിന്റെയും ഷിബുവിന്റെയും ഒക്കെ വീടുപോലെ ലൈറ്റും ഫാനും മുറ്റത്തു കാറും പൂന്തോട്ടവും ഒക്കെയുള്ള ഒരു വീട് അവന്റെ മനസ്സിൽ തെളിഞ്ഞുവന്നു. അങ്ങിനെയുള്ള ഒരു വീട്ടിൽ അച്ഛനോടും അമ്മയോടുമൊപ്പം താമസിക്കുന്നതു തന്നെ എത്ര ഭാഗ്യമാണ്. വമ്പിച്ച ഉത്സാഹത്തോടെ അവൻ പറഞ്ഞു. “ എന്നാ….നമുക്കങ്ങോട്ടു പോകാം. എല്ലാവരും….. അച്ഛനും അമ്മയും ഒന്നിച്ചാ താമസിക്കുന്നത്.
അവരുടെ മുഖം കോപം കൊണ്ടുതുടുത്തു. ” എന്നാ ……നീയങ്ങോട്ടു ചെല്ല്….. ഇതു പഠിയ്‌ക്കാനാണോ……. പള്ളിക്കൂടത്തിൽ പോകുന്നത്“? പിന്നവനൊന്നും മിണ്ടിയില്ല. മൂന്നു നാലു ദിവസം അവനൊന്നും മിണ്ടിയില്ല അവിടെയും ഇവിടെയുമൊക്കെ അലഞ്ഞു നടന്നു. പഠിപ്പിലും പിന്നിലായി.
കുറച്ചുകൂടി വളർന്നപ്പോൾ അവനു ചിലകാര്യങ്ങൾ മനസ്സിലായി. ദാസനമ്മാവൻ അവരുടെ ആരുമല്ലെന്നും അയാളുടെ കൂടെ വരുന്നവർ അമ്മയെ കാണാനാണുവരുന്നതെന്നും അവർ ഒരു നല്ല സ്‌ത്രീയല്ലാത്തതുകൊണ്ടാണ് അയൽക്കാർ അവരെ വെറുക്കുന്നതെന്നും അവനു മനസ്സിലായി.
അവൻ അവന്റെമ്മയെ തെറ്റായവഴികളിൽ കൂടിയെല്ലാം സഞ്ചരിയ്‌ക്കാൻ പ്രേരിപ്പിക്കുന്ന ദാസമ്മാവനെ വെറുത്തുതുടങ്ങി. അവനു മീശകിളിർത്തുതുടങ്ങിയ പ്രായത്തിൻ ഒരു ദിവസം അവൻ ദസമ്മാവനോടേറ്റുമുട്ടാൻ തന്നെ തീരുമാനിച്ചു. ഒരു നല്ല പത്തൽ ചെത്തിമിനുക്കി അമ്മ കാണാതെ വാരിയിൽ തിരുകിവച്ചു.
ദാസമ്മാവൻ…. സിൽക്കിന്റെ ഷർട്ടിട്ട ഒരാളുമായി സന്ധ്യനേരത്തു വീട്ടിലേക്കു വന്നു. കുട്ടൻ ദാസമ്മാവനുമായി ഒന്നും രണ്ടും പറഞ്ഞു. വഴക്കുകൂടി വാക്കേറ്റം ഉച്ചത്തിലായി….. പിടിയും വലിയുമായി വാരിയിൽ കരുതി വച്ചിരുന്ന വടിയെടുത്ത് കുട്ടൻ ദാസന്റെ തലയ്‌ക്കടിച്ചു. തലപൊട്ടി…. ചോരയൊഴുകി. അയലത്തുകാർ ആരോ വിവരമറിയിച്ച് ഒരു പോലീസു ജീപ്പ് വന്നു മുറ്റത്തുനിന്നു. എല്ലാവരെയും പിടിച്ചു ജീപ്പിൽ കയറ്റി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ദാസമ്മാവൻ രണ്ടു ദിവസം കഴിഞ്ഞു. ജാമ്യത്തിലിറങ്ങി. കുട്ടനെ ജാമ്യത്തിലിറക്കാനാരുമില്ലാതിരുന്നതുകൊണ്ട് ജയിലിൽ തന്നെ കിടന്നു. ആ സമയംകൊണ്ട് തെളിയാതിരുന്ന പല കേസ്സുകളും പോലിസുമുറ ഉപയോഗിച്ച് അവർ അവനെ ഏൽപ്പിച്ചു. അങ്ങിനെ ശിക്ഷയുടെ കാലം നീണ്ടു നീണ്ടു പോയി. എത്രകാലം അവിടെകിടന്നു എന്നൊന്നും അവനറിയില്ല. നനുത്ത മീശ കട്ടിവച്ച് …. നെഞ്ച് രോമാവൃതമായിക്കഴിഞ്ഞിരുന്നു. പിന്നെ പുറത്തിറങ്ങുമ്പോൾ.
ജയിലിൽക്കഴിയുമ്പോൾ ഒരിയ്‌ക്കൽപ്പോലും അമ്മ അവനെ അന്വേഷിച്ചു ചെന്നില്ല. എങ്കിലും വേറെ പോകാനിടമില്ലാത്തതുകൊണ്ട് അവൻ ജയിൽ മോചിതനായപ്പോൾ നേരേവീട്ടിലേക്കുതന്നെയാണു പോയത്.
അവന്റെ വീടിരുന്ന സ്‌ഥാനത്ത് ഒരു മാളിക നില്‌ക്കുന്നു.”. ആരോടുചോദിയ്‌ക്കാൻ?….“ അവിടെ നിന്നും അവൻ അലഞ്ഞു തിരിഞ്ഞുനടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടത്തിൽ ചെന്നുപെട്ടു. അവരുടെ സങ്കേതമായ ഒരു ചേരിയിലാണ് ചെന്നെത്തിയത്. അധോലോകം അവനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു….. അംഗീകരിച്ചു. ജയിൽവാസം പോക്കറ്റടിയ്‌ക്കാതെ തന്നെ അവനെ ഒരു പോക്കറ്റടിക്കാരനും മോഷ്‌ടിയ്‌ക്കാതെ തന്നെ ഒരു മോഷ്‌ടാവുമാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ആ വഴിതന്നെ അവൻ തിരഞ്ഞെടുത്തു. ഇടയ്‌ക്കിടെ പോലീസ് സ്‌റ്റേഷനിലും പോയി പോലീസുകാരുടേയും നാട്ടുകാരുടേയും തല്ലുകൊണ്ടു….. തല്ലുകൊണ്ട് അവശനായപ്പോൾ പിന്നെ……. തലചായ്‌ക്കാനൊരിടം വേണം ഒരു കൂട്ടുവേണം എന്നൊക്കെതോന്നിത്തുടങ്ങി. തോട്ടിറമ്പിൽ നീണ്ടും നീണ്ടു കിടക്കുന്ന ചേരിയുടെ ഒരറ്റത്ത്….. ഓലക്കീറുകളും പ്ലാസ്‌റ്റിക്കു ഷീറ്റുകളും വീഞ്ഞപ്പലക കഷ്‌ണങ്ങളും കൊണ്ട് ഒരു കൊച്ചുകൂര കെട്ടിയുണ്ടാക്കി. ഇനി ശൂന്യമായ ആ വീടുണരണമെങ്കിൽ ഒരു വീട്ടുകാരി വേണം എന്ന മോഹമുണർന്നു. പട്ടണങ്ങളിൽ തിരക്കുള്ള സ്‌ഥലങ്ങളിലൊക്കെ ചുറ്റിക്കറങ്ങുന്നതിനിടയിൽ പലപ്പോഴും അവൻ തങ്കമ്മയെക്കണ്ടു തങ്കമ്മ അവന്റെ നോട്ടപ്പുള്ളിയായി. ഒരു സന്ധ്യനേരത്ത് തലയിൽ ഒരു കെട്ടുപുല്ലുമായി വിജനമായ ഒരിടവഴിയിലൂടെ തങ്കമ്മ നടന്നു നീങ്ങുന്നതവൻ കണ്ടു. അവൻ പൂച്ചയെപോലെ പതുങ്ങി പതുങ്ങി പിന്നാലെ ചെന്നു. തീരെ വിജനമായ ഒരു ഭാഗത്തെത്തിയപ്പോൾ അവൻ ചാടി വീണു. പുല്ലും കെട്ടും തള്ളിത്താഴത്തേക്കിട്ടിട്ട് …. തങ്കമ്മയോയും പൊക്കി എടുത്താകൊണ്ടോടി. ബലിഷ്‌ഠമായ അവന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ തങ്കമ്മ കുതറിയില്ല. ബഹൂദൂരം ഓടിത്തളർന്ന് അവളെ താഴത്തുനിർത്തിയപ്പോൾ അവൾ കുടുകുടെ ……… ചിരിച്ചു. കുട്ടന് ഒന്നും മനസ്സിലായില്ല. അവൾ പറഞ്ഞു ” എന്തിനാ…… ഇത്രേം ബദ്ധപ്പെട്ടത്…. വിളിച്ചാൽ ഞാൻ കൂടെ പോരുമായിരുന്നല്ലൊ…… ആ നിസ്സാറിന്റെ ചവിട്ടും അടിയുംകൊണ്ടു ഞാൻ വലഞ്ഞു. എങ്ങിനെയും അവന്റെ കയ്യീന്നൊന്നു രക്ഷപ്പെടാൻ കാത്തിരിക്കുവാരുന്നു ഞാൻ.“
തങ്കമ്മ എല്ലാ അർത്ഥത്തിലും അവന്റെ പങ്കാളിയായിരുന്നു. ചാരായം വാറ്റാനും കളവുമുതൽ വിറ്റുകാശാക്കാനുമെല്ലാം കുട്ടനേക്കാൾ വിരുത് തങ്കമ്മയ്‌ക്കായിതരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞിക്കാലുകാണാനാകാത്തതിൽ അവൾ ദുഃഖിച്ചു. നേർച്ച നടത്തി. അപ്പോഴൊക്കെയും കുട്ടന്റെ മനസ്സിൽ ഒരു ചുവന്ന പ്ലാസ്‌റ്റിക്കു ബക്കറ്റും നൂറിന്റെ ഏതാനും നോട്ടുകളും തെളിഞ്ഞുവന്നു. അവളുടെ ദുഃഖത്തിന്റെ തീവ്രത അവനെ വിഷമിപ്പിച്ചു. അവൾ തന്നെ വിട്ടുപോകുമോ എന്നുപോലും അവൻ ഭയന്നു.
തന്റെ ബിസിനസ്സിനായി ഇങ്ങിനെ ചുറ്റിക്കറങ്ങുന്നതിനിടയിൽ ഒരു വീടിന്റെ ഇറയത്ത് തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്നയൊരു ചോരകുഞ്ഞിനെവയൻ കണ്ടു. ഒന്നും ആലോചിയ്‌ക്കാതെ പതുക്കെയാ കുഞ്ഞിനെ കൈക്കലാക്കി…. തോളത്തു കിടന്ന ടവ്വൽ കൊണ്ടു മൂടിപ്പിടിച്ചുകൊണ്ട് നേരേ ചേരിയിലേക്കൊടി. ….. തങ്കമ്മയുടെ കയ്യിൽ വച്ചുകൊടുത്തു. അവളാകുഞ്ഞിനെ നിധിപോലെ കൊണ്ടു നടന്നു……… സ്‌നേഹം വാരിക്കോരടികൊടുത്തു……. താലോലിച്ചു. എങ്കിലും കുഞ്ഞിന്റെ രണ്ടു കാലിലും മുട്ടിനു താഴെ ചേന ചെത്തിയിറക്കിയ മാതിരി കരപ്പൻ വന്നു ചുമന്നു തുടുത്തു. അത് കുട്ടന്റെ മനസ്സിൽ പുതിയ ഒരു ബിസിനസ്സിന്റെ വഴി തുറന്നു. ആ കുഞ്ഞിനെ വാടകയ്‌ക്കെടുക്കാൻ ആ ചേരിയിൽ തന്നെ ആളുണ്ടായി. എണ്ണമയമില്ലാതെ പാറിപറന്നുകിടക്കുന്ന മുടിയും….. അഴുക്കുപിടിച്ച ശരീരവും പഴുത്തളിഞ്ഞ കാലുകളുമായിരുന്നു അവർക്കുവേണ്ടിരുന്നത്. മുഷിഞ്ഞു നാറിയ കീറിത്തുണിയിൽ പൊതിഞ്ഞ് കരപ്പൻ പൊറ്റപിടിച്ചു ചുമന്നും പഴുത്തും ഇരിയ്‌ക്കുന്ന കാലുകൾ പുറത്തുകാട്ടി ദീന…. ദീനമായ ഭാവത്തോടെ ബസ്സ്‌സ്‌റ്റാന്റിലും റെയിൽവേ സ്‌റ്റേഷനിലും അവർ ആ കുഞ്ഞിനെ കൊണ്ടു നടന്ന് യാത്രക്കാരുടെ കരളലിയിച്ച് പണമുണ്ടാക്കി. കുഞ്ഞിന് നല്ല വാടകയും കുട്ടനു കൊടുത്തു.
കുട്ടന് അതൊരു സ്‌ഥിരവരുമാനമായി. കൈകാലുകളുടെ ചുറുചുറുക്ക് കുറഞ്ഞു കുറഞ്ഞു വരുന്ന ഈ കാലത്ത് രണ്ടുമൂന്നു കുഞ്ഞുങ്ങളെകൂടെ എവിടെ നിന്നെങ്കിലും തപ്പിയെടുത്താൽ പിന്നെ സ്വസ്‌ഥമായി എന്നു മനസ്സിൽ കണക്കുകൂട്ടി.
സന്ധ്യയ്‌ക്ക് വാടിത്തളർന്ന കുഞ്ഞിനെ തിരിച്ചു കിട്ടുമ്പോൾ തങ്കമ്മയുടെ മനസ്സു വിങ്ങി. അവൾ കുഞ്ഞിനെ കുളിപ്പിച്ചു വൃത്തിയാക്കി….. കാലിൽ മരുന്നു പുരട്ടി…… നിറയെ നല്ലയാഹാരം കൊടുത്ത്…… പാടിയുറക്കി. കുഞ്ഞ് കൊഴുത്തുരുണ്ടു വന്നു. കാലിലെ കരപ്പനും ഉണങ്ങാൻ തുടങ്ങുന്നു.
ഒരു ദിവസം സന്ധ്യമയങ്ങിയ നേരത്ത് മണ്ണെണ്ണ ചിമ്മിനി ഒരു വെട്ടുകല്ലിൽ ഉയർത്തിവച്ച് മറ്റൊരു കല്ലിന്റെ പുറത്തിരുത്തി കുളിപ്പിയ്‌ക്കുപ്പോഴാണ് കുട്ടൻ കയറി വന്നത്. വന്നപാടെ അവൻ അവളുടെ കരണത്തൊന്നു പൊട്ടിച്ചു. എന്നിട്ടു. അവൾ ചെറുത്തു നില്‌ക്കുന്നതു കണ്ടപ്പോൾ കുഞ്ഞിനെ കയ്യിൽ തൂക്കി….. ഒരേറ് വച്ചുകൊടുത്തു. ‘ അതിന്റെ കയ്യോ…. കാലോ……ഒടിയുന്നെങ്കിൽ ഒടിയട്ടെ…..’ എന്നായിരുന്നു മനസ്സിൽ. വീണ്ടും തങ്കമ്മയുടെ മറ്റേ കരണത്ത് ഒന്നു പൊട്ടിയ്‌ക്കാൻ ഉയർത്തിയ കൈ ആരോ ബലമായി പിടിച്ചു നിർത്തി…… ഞെരിച്ചു. മറിഞ്ഞുവീണാളികത്തുന്ന മണ്ണെണ്ണ ചിമ്മിനിയുടെ വെളിച്ചത്തിൽ അയാൾ കണ്ടു തന്റെ പ്രതിയോഗിയായ നാസ്സറിന്റെ തിളങ്ങുന്ന….. വട്ട….ക്കണ്ണുകൾ. കുട്ടന്റെ സപ്‌തനാഡിയും തളർന്നുപോയി. അവൻ തെറിച്ചു വീണു പിടയുന്ന കുഞ്ഞിനെ എടുത്തു തങ്കമ്മയുടെ കയ്യിൽ കൊടുത്തിട്ട് അവളെ ചേർത്തു പിടിച്ചു.
Generated from archived content: story1_jan16_09.html Author: sakunthala