മറുക്‌

വാതിൽ മൃദുവായി മുട്ടുന്ന ശബ്‌ദം കേട്ട്‌ അച്ചനുണർന്നു. ചെവിയോർത്തു കിടന്നു വീണ്ടും വീണ്ടും മുട്ടുന്നശബ്‌ദം… അച്ചന്റെ നാവു വരണ്ടു… കൈകാലുകളിൽ നിന്നും ശക്തിചോർന്നുപോയി.

അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന കപ്യാരെ ഒന്നുവിളിക്കാൻ പോലും ശക്തിയില്ലാതെ പരുങ്ങുമ്പോൾ പത്തിരുപതു വർഷങ്ങൾക്കുമുമ്പുണ്ടായ ഒരു അനുഭവമായിരുന്നു അച്ചന്റെ മനസ്സിൽ.

അന്ന്‌ ഇതുപോലെ ഒരു രാത്രിയിൽ ഇതുപോലെതന്നെ കതകിൽ മൃദുവായി മുട്ടുന്ന ശബ്‌ദം കേട്ടുണർന്നു. അടുത്ത മുറിയിലുറങ്ങുന്ന കപ്യാരെ ഉണർത്താതെ പതുങ്ങി ചെന്നു കതകു തുറന്നു. കതകു തുറന്ന നിമിഷം കഴുത്തിൽ എന്തോ ചുറ്റിയതുപോലെ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കും മുമ്പുതന്നെ മുഖമടിച്ചു മുറ്റത്തുവീണു. മുഖം മൂടിധരിച്ച നാലഞ്ചുപേർ ചുറ്റിനും കുറുവടികൾ ഉയർന്നുതാണു. പിന്നെ ഓർമ്മ തെളിയുമ്പോൾ ധാരത്തോണിലായിരുന്നു.

കതകിൽ വീണ്ടും മുട്ടുന്ന ശബ്‌ദം “ അച്ചോ… ഇതു ഞാനാച്ചോ… ബഞ്ചിലി കതകു തൊറയച്ചോ….” ശബ്‌ദം കേട്ടപ്പോൾ അച്ചനു ശ്വാസം നേരെ വീണു. എങ്കിലും താക്കോൽ പഴുതിലൂടെ നോക്കി. ബഞ്ചിലി കോരിച്ചൊരിയുന്ന മഴയത്തു നനഞ്ഞൊലിച്ചുനില്‌ക്കുന്നു. അച്ചൻ കതകു തുറന്നു.

“എന്താ മകനേ ഈ രാപ്പാതിരാനേരത്ത്‌….നനഞ്ഞൊലിച്ച്‌ എന്റെയടുത്തേക്ക്‌ ഓടിവരുവാൻതക്ക വണ്ണം എന്തുണ്ടായി……??? അച്ചൻ ചോദിച്ചു.

ബഞ്ചിലി നിന്നുകൊണ്ടു കിതച്ചുകൊണ്ട്‌ വാക്കുകൾ തപ്പിയെടുക്കുമ്പോൾ അച്ചൻ വീണ്ടും പറഞ്ഞു.

”എന്തായാലും നീ പറ… ദൈവം തമ്പുരാൻ ഒരു വഴികാണിച്ചുതരും… നീ വിഷമിക്കാതെ മകനേ….“

അച്ചോ….അഞ്ചാറീസത്തിനുമുമ്പ്‌ …. ഞാനച്ചനോട്‌ ഒരു കാരിയം പറഞ്ഞതോർമ്മണ്ടാ?”

“ഒണ്ട്‌….. നീ പറഞ്ഞതനുസരിച്ച്‌ ഞാനവളെ വിളിച്ചു സംസാരിച്ചു…. അവളു പറേണത്‌ അവനെന്താ പഠിപ്പില്ലേ… ഉദ്യോഗമില്ലേ ആരോഗ്യമില്ലേ…. അവന്റെ വീട്ടുകാർക്കു സമ്മതമാ…. പിന്നെ നീ എന്താ എതിർക്കുന്നത്‌…. എന്താ ….പിന്നെ പിന്നെ അവളു പറഞ്ഞത്‌….”

“അവളൊന്നും പറയണ്ട….. അതു നടക്കത്തില്ല….. ഞാൻ നടത്തുകേല…..”ബഞ്ചിലി കലികൊണ്ടുതുള്ളി. “ഇപ്പം ഞാൻ കണ്ട കാഴ്‌ചയെന്തന്നറിയോ അച്ചന്‌ ഞാൻ രണ്ടാമത്തെ ഷിഫ്‌റ്റിനു പോയെങ്കിലും കേറില്ല…. എനിക്കു ചെല തമിശയങ്ങളൊക്കെണ്ടാരുന്നു. ഞാൻ വന്ന്‌ ഗേറ്റിന്റെ കുറ്റി നീക്കിയതും അവടെ മുറീന്നെറങ്ങിയോടുന്നു…. ജേംസ്‌ ….. അവടെ തള്ളേം അതിനു കൂട്ടുനില്‌ക്കുവാ…. അമ്മയ്‌ക്കും മോക്കും കൊടുത്തു….കണക്കിനു കൊടുത്തേച്ചും വരുവ”

“അങ്ങനെ നീ വാശിപിടിച്ചാലോ ….. കുറച്ചൊരു വിട്ടുവീഴ്‌ചയൊക്കെ തയ്യാറാവണം….. ഞാൻ പറേന്നതു നീ മനസിലാക്ക്‌… അവളു പറഞ്ഞത്‌.

”വേണ്ടച്ചോ…. അവളൊന്നും പറയണ്ട….“

”മകനെ …..ബഞ്ചിലി………നീ ശാന്തനാക്‌ … കളത്തിൽ അന്തോണിയോടു ഞാൻ സംസാരിക്കാം……… നമുക്ക്‌….“

”വേണ്ടച്ചോ….. വേണ്ട …… വേണ്ട…. അതൊന്നും വേണ്ട…. അത്‌ ……“

”അത്‌?“

”അതു നടക്കാൻ പാടില്ലച്ചോ.“

”എന്നുവച്ചാൽ….?“

”അതെങ്ങനെയാ…“ ബഞ്ചിലി പുറംതിരിഞ്ഞ്‌ ഷർട്ട്‌ ഉയർത്തിക്കാണിച്ചു. ”അച്ചനീ മറുകുകണ്ടോ…. അവന്റെ മുതുകത്തും ഈ സ്‌ഥാനത്തുതന്നെയുണ്ട്‌ ഇതു പോലെ ഒരു മറുക്‌…..“

അച്ചൻനിന്നു വിയർത്തു അച്ചന്റെ കൊന്ത തിരപ്പിടിച്ചു ശീലിച്ച വിരലുകൾ തന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത്‌ മുലക്കണ്ണിനു താഴെയുള്ള വലിയ മറുകിൽ തിരുപ്പിടിച്ചു. പത്തിരുപത്തിരണ്ടു വർഷങ്ങൾക്ക്‌ മുമ്പ്‌ അവളെ മാമോദീസാമുക്കാൻവേണ്ടി ഉടുപ്പഴിച്ചുമാറ്റിയപ്പോൾ കണ്ടു അവളുടെ നെഞ്ചത്ത്‌ ഇതേ സ്‌ഥാനത്തുതന്നെ ഒരു വലിയ മറുക്‌. മറ്റുള്ളവർ ശ്രദ്ധിക്കുന്നതിനുമുമ്പേ വേഗം കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞുകൊടുത്തു.

ഇടറുന്ന ശബ്‌ദത്തിൽ അച്ചൻ പറഞ്ഞു. ”അതു നടക്കാനൊക്കുകേല മകനേ…. അങ്ങനെയൊരവസ്‌ഥയാ അവളുടേത്‌. ആദാമിനെ സൃഷ്‌ടിച്ച ദൈവം. അവൻ കൂട്ടായി ഔവ്വയേയും സൃഷ്‌ടിച്ചു അവരുടെ സന്താന പരമ്പരകളാണല്ലോ ആകാശത്തെ നക്ഷത്രംപോലെയും കടൽപ്പുറത്തെ മണൽത്തരിപ്പോലെയും പെരുകിപ്പെരുകി ഈ ഭൂമുഖം നിറഞ്ഞുനിൽക്കുന്നത്‌.“

ശകുന്തള ഗോപിനാഥ്‌,

പുത്തൻമഠം,

ഇരുമ്പുപാലത്തിനു സമീപം,

പൂണിത്തുറ,

കൊച്ചി 682 038.

Generated from archived content: story1_dec11_08.html Author: sakunthala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English