ശ്വാസോഛ്വാസം പോലെ

അറിവുനടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന-
യല്പാര്‍ത്ഥങ്ങളും അര്‍ത്ഥമില്ലായ്മയും
കേട്ടാണ് ഞാന്‍ വളര്‍ന്നത്‌ –
ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നുവച്ചു.
അതിരില്ലാതെ സ്നേഹിച്ചയമ്മയാകട്ടെ
ഒന്നുംതന്നെ മിണ്ടിയിരുന്നില്ല.
കിട്ടാത്തതിനെപ്പറ്റിയും കിട്ടിയിട്ട് കൈവിട്ടു-
പോയതിനെപ്പറ്റിയും ഇത്രയും പറഞ്ഞു:
ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,
കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
“അന്യരെ നടുക്കാനല്ല നട്ടെല്ല്
സ്വയം നിവര്‍ന്നുനടക്കാനാണ്”,
അച്ഛന്‍ പറഞ്ഞു; നടന്നുകാണിച്ചു.
ഞാന്‍ സ്വാതന്ത്ര്യമെടുക്കുകയും
ആരോടുമൊന്നും മിണ്ടാതെ
കൂട് നെയ്യുന്ന കുരുവികളെ നോക്കി
ദിവസം മുഴുവന്‍ മുറ്റത്തെ മുരിങ്ങച്ചുവട്ടില്‍
ചടഞ്ഞിരിക്കയും ചെയ്തപ്പോള്‍
അച്ഛന്‍ ചിരിച്ചതേയുള്ളൂ, തല്ലിയില്ല.
മറ്റുകുട്ടികളെ ചൂണ്ടിക്കാണിച്ചില്ല.
തന്നെത്തന്നെയും മുമ്പില്‍ നിറുത്തിയില്ല.
കൈയിലിരുന്ന ‘മാതൃഭൂമി’ എറിഞ്ഞുതന്നുമില്ല.
നിങ്ങളുടെ പഴമകളില്‍ ഞാനൊന്നും കാണുന്നില്ല,
ഒരിക്കല്‍ ഞാന്‍ പറഞ്ഞു.
ഘോഷയാത്രക്കാര്‍ക്കാണ് പെരുവഴിയാവശ്യം,
തനിയേ നടക്കാന്‍ ഒറ്റയടിപ്പാതതന്നെ ധാരാളം.
അമ്മ നോക്കിനില്‍ക്കേ,
തോളിലൊന്നു തട്ടിയിട്ട്
പുറത്തേയ്ക്കുള്ള വാതില്‍ തുറന്ന്
അച്ഛനെന്നെ തള്ളിവിട്ടു.
ഞാനെന്തോ പറയാനോങ്ങിയപ്പോള്‍
അടുത്താരും ഇല്ലായിരുന്നു.
നടന്നുനടന്ന് ഞാനങ്ങ് മലയുടെ-
യുച്ചിയിലായിക്കഴിഞ്ഞിരുന്നു.
ആകെയുണ്ടായിരുന്ന കള്ളിമുണ്ടും
അപ്പോളെനിക്ക് ഭാരമായി.
അതഴിച്ചു ഞാന്‍ തലയില്‍ കെട്ടി.
അന്നുതൊട്ട് ഒരു കവചവും
ഞാന്‍ ഇഷ്ടപ്പെട്ടില്ല.
എത്ര ദൂരെപ്പോകുമ്പോളും
പേരിനൊരു സഞ്ചിപോലുമില്ലാതെ
കൈവീശി നടന്നു.
ആരോടും മത്സരിക്കാത്തയെന്നോ-
ടാരും കയര്‍ക്കാന്‍ വന്നില്ല.
ആർക്കുവേണ്ടിയുമൊന്നും
കരുതിവയ്ക്കാന്‍ പറഞ്ഞില്ല.
പകരമൊരുടുപ്പ് എനിക്കാവലാതിയാണ്.
ഓ, ജീവിതം ധന്യമാകാന്‍
എത്ര കുറച്ചു മതി! അവയിലൊന്നുപോലും
ദേഹത്ത് ചുമക്കേണ്ടതുമില്ലെങ്കിലോ.
കൈയിലൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെടാനും
ഇഷ്ടം ചോദിച്ചുവരാനും ആളില്ലാതാകും.
അപ്പോള്‍ വെറുതേ നടന്നുപോകുന്നത്
ഹാ,യെത്രയോ സുഖകരം!
വായിച്ചെടുക്കേണ്ടതൊന്നും
ഒരു പുസ്തകത്തിലും
ആരോടെങ്കിലും പറയേണ്ടത്
മനസ്സിലും ഇല്ലെന്നാകും.
വഴി ചോദിക്കാന്‍പോലും
ഒരാള്‍ വേണ്ടെന്നുവരും.
ഞാന്‍ കണ്ടതൊക്കെയെനിക്ക് ധാരാളം,
കേട്ടതൊക്കെ മതിയാവോളം.
ഇതാണ്‌ സുവിശേഷങ്ങൾ വരച്ചിടുന്ന
മനുഷ്യപുത്രന്റെ ചിത്രമെങ്കിൽ,
അതെനിക്ക് പണ്ടേ മനഃപാഠമാണ്,
എനിക്കുവേണ്ടതെല്ലാമതിലുണ്ട്.
ശ്വാസോഛ്വാസം പോലെ
സ്വന്തം ഭാരംപോലുമറിയാത്ത ചിലര്‍
ഈ ലോകത്തുണ്ടെങ്കില്‍ –
അതിലൊന്ന് ഞാനാണ്.

Generated from archived content: poem4_june14_14.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English