ചില ഏകാന്ത നിമിഷങ്ങളിൽ, ഏതോ സത്യത്തിന്റെ ഒരു ചീള്‌പോലെ മനസ്സിലൊരു മിന്നലാട്ടം – എല്ലാം മായയല്ലേ, നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന കോപ്രായങ്ങളൊക്കെ നമ്മുടെ അല്‌പബോധത്തിന്റെ സങ്കല്‌പസൃഷ്‌ടികളല്ലേ, എന്നൊരു സംശയം. എങ്കിൽ, ബോധം നിശ്ചലമാകുന്ന നിമിഷത്തിൽ ഇതെല്ലാം കെട്ടടങ്ങില്ലേ, എന്നോടൊത്ത്?
എന്റെ കഴിഞ്ഞ ലേഖനം, കാഴ്‌ചയുടെ പൊരുൾ (സന്ദർശിക്കുക Znperingulam.blogspot.com) അവസാനിപ്പിച്ചത് ഇങ്ങനെ.
ഈ വിചിന്തനങ്ങളിൽ നിന്ന് മിക്കപ്പോഴും നാം ഒട്ടും ശ്രദ്ധിക്കാത്ത ചില സത്യങ്ങൾ ഉരുത്തിരിഞ്ഞുവരുന്നു. നമ്മുടെ ലോകം നമ്മുടെ മാത്രം സൃഷ്‌ടിയാണ്. നമ്മുടെ അളവുകോലുകളും നമ്മുടേത് മാത്രമാണ്. അവ പ്രകൃതിയെ മൊത്തത്തിൽ ബാധിക്കുന്നേയില്ല. ചരാചരങ്ങളായി, ചേതനാചേതനങ്ങളായി, പ്രകൃതിയിലുള്ളതെല്ലാം ഒരേയൊരു ഊർജ്ജത്തിന്റെ (electromagnetic waves) ഭാവഭേദങ്ങളാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ അവയിലെ തീരെ ചെറിയ ഒരംശവുമായി പ്രതികരിക്കുന്നതിൽ നിന്നാണ് നമ്മുടെ ലോകം ഉരുത്തിരിയുന്നത്. ഇതിലും സുപ്രധാനമായ മറ്റൊരു വസ്‌തുതയും അംഗീകാരമർഹിക്കുന്നു. അതായത്, പുറത്തുനിന്നും തുടർച്ചയായി എത്തുന്ന ഉർജ്ജപ്രസരങ്ങളെ വ്യാഖ്യാനിച്ചാണ് നാം യഥാർത്ഥ്യത്തെ കണ്ടെത്തുന്നതെങ്കിൽ, ജീവൻ, ബോധം, അറിവ് എന്നിവയൊന്നും സുസ്‌ഥിരമല്ല, തുടർച്ചയാണ്. സ്‌ഥിരവും സുനിശ്ചിതവുമായിടത്ത്, ജീവനില്ല. നമ്മുടെ യാഥാർത്ഥ്യം (അവിടെയുള്ള അർത്ഥം എന്തോ, അത്) അനുനിമിഷം സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ദ്രിയാനുഭവങ്ങളാണ്, വെളിയിലുള്ള അസ്‌ഥിത്വഭാവങ്ങളല്ല! ഉണ്മയെന്നത് നൈമിഷികമാണ്, ഓരോ നിമിഷത്തിന്റെയുമാണ്.
ഇത്, ഈ ചിന്ത, പൂർത്തികരിക്കാനായാൽ, എന്റെ ബോധപ്രക്രിയയുടെ സൃഷ്‌ടിയല്ലേ, ഞാനും എന്നെചുറ്റിപ്പറ്റി നില്‌ക്കുന്നതെല്ലാവും എന്ന് ചോദിച്ചുപോകും. ഇതൊരു ഭ്രാന്തൻ ചോദ്യമല്ല, മറിച്ച്, സത്യമാണ് എന്ന് സ്‌ഥിരീകരിക്കാനായാൽ, എത്ര വ്യത്യസ്‌തമായിരിക്കും ഓരോരുത്തരുടെയും ജീവിതവ്യാപാരം! അപ്പോൾ താരതമ്യങ്ങൾ അർഥശൂന്യമാവും, സ്‌പർദ്ധ,വൈരാഗ്യം, മത്സരം എന്നതൊക്കെ പോഴത്തരങ്ങളായി തിരിച്ചറിയപ്പെടും. നാമെത്തിപ്പടിക്കാനാഗ്രഹിച്ചിട്ട് നടക്കാതെ നിരാശതയിലാണ്ടുപോകുന്നതിനൊന്നും സങ്കല്‌പത്തിലല്ലാതെ അർത്ഥമില്ലെന്നു വന്നാൽ, മാനം, മഹത്വം, ആദരവ്, വിജയം എന്നിവയും അവയുടെ എതിർധൃവങ്ങളും നമ്മെ ശല്യം ചെയ്യാതാവും. ഫലമോ, സുഖദായകമായ മനഃശാന്തി.
എങ്കിൽ, മായയെപ്പറ്റി ഒരു സൂക്ഷ്‌മപഠനം സാരവത്താണ്. ഒറ്റ വൈക്കോൽ വിപ്ലവം എന്ന തന്റെ ലോകപ്രശസ്‌തിയാർജിച്ച സുന്ദരകൃതിയിൽ മസനോബു ഫുക്കുവോക്ക പറയുന്നുഃ “ധൈഷണികമായ കാഴ്‌ചപ്പാടാണ് പ്രബലരും ദുർബലരും, വലുതും ചെറുതും ഉള്ളത്…. എല്ലാം ശൂന്യമെന്ന് പറയുമ്പോൾ ബുദ്ധനൻ ഉദ്ദേശിക്കുന്നത്, മനുഷ്യധിഷണയുടെ സൃഷ്‌ടിയായ ഒന്നിനും സഹജമായ ഉണ്മയില്ലെന്നാണ്.” അപ്രസക്തങ്ങളായ കാര്യകാരണബന്ധങ്ങളെ സൃഷ്‌ടിച്ചാണ് നമ്മുടെ മനസ്സ് യാഥാർഥ്യങ്ങളെന്ന പ്രത്യക്ഷഭാവങ്ങളെയുണ്ടാക്കുന്നത്. യഥാർത്ഥ്യമെന്നാൽ ‘അവിടെയുള്ളതായി നാം കരുതുന്നതെന്തോ അതാണ്. അവിടെയുള്ളത് പരമാർഥമല്ല, മറിച്ച് നമുക്ക് മുന്നിൽ സ്വയം പ്രദർശിപ്പിക്കുന്ന പ്രകൃതിയെ നാം അളന്നെടുക്കുന്ന ഒരു രീതി മാത്രമാണെന്ന്, നേരത്തേ സൂചിപ്പിച്ച ലേഖനത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. പരമാർഥത്തെയറിയാൻ ഇന്ദ്രിയങ്ങൾക്കു യാതൊരു കഴിവുമില്ല.
രസകരമായ ഒരു പരീക്ഷണത്തിൽ (lesion studies) ഭൗതികശാസ്‌ത്രജ്ഞന്മാർ കണ്ടെത്തിഃ യഥാർഥ്യങ്ങളെപ്പറ്റി മനസ്സിലുണ്ടാകുന്ന ബിംബങ്ങൾ തലച്ചോറിന്റെ വ്യത്യസ്‌ഥഭാവങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ ഭാഗങ്ങൾക്ക് ക്ഷതം പറ്റുകയോ, അവ മുറിച്ചുമാറ്റുകയോ ചെയ്‌താൽ അതുമായി ബന്ധപ്പെട്ട ഐന്ദ്രികാനുഭവം അപ്രത്യക്ഷമാകും. ഉദാഹരണത്തിന്, സ്‌ഥാനവ്യതിയാനവും വേഗവുമാണ് നമുക്ക് ഇടത്തെപ്പറ്റിയുള്ള ബോധം തരുന്നത്. അതുമായി ബന്ധപ്പെട്ട ഭാഗം തലച്ചോറിൽ നിന്ന് നീക്കം ചെയ്‌താൽ, ഈ മാനസികാനുഭവങ്ങളും ഇല്ലാതാകും. (നാഡീശാസ്‌ത്രത്തിന്റെ ഇത്തരം വിവിധ പരീക്ഷണങ്ങളെപ്പറ്റി വിശദീകരിച്ചെഴുതുന്ന ഡോ. കെ. രാജശേഖരൻനായരുടെ തുടർലേഖനങ്ങൾ മലയാളം സമകാലിക വാരികയിൽ വരുന്നുണ്ട്. ജൂലൈ 30 ലക്കത്തിലേത് വളരെ നീണ്ടതും രസകരവുമാണ്.) ഇങ്ങനെ നോക്കിയാൽ, ഇന്ദ്രിയാനുഭവം ഇല്ലാതായാൽ, ഒരുവന് ജീവൻ (ആന്തരികാവബോധം) തന്നെ അന്യമാകുന്നു. അതായത് യഥാർത്ഥ്യബോധത്തിന്റെ നഷ്‌ടം. അങ്ങനെയെങ്കിൽ, നമ്മുടെ യഥാർത്ഥ്യങ്ങളും അവയുടെ സഹജഭാവങ്ങളായ ഇടവും സമയവും (space and time), നിറവും സ്വരവും മണവുമൊക്കെപ്പോലെ തന്നെ, അസ്‌തിത്വത്തിന്റെ സ്‌ഥായിയായ ഗുണങ്ങളേയല്ല. “Space and time are modes by which we think, and not conditions in which we live (Albert Einstein) നമ്മുടെ ജീവിതം തന്നെ എന്തിന്റെയോ ഒക്കെ പാർശ്വഫലങ്ങളും അതിനാൽ താൽക്കാലികവുമാണ്! അപ്പോൾ, നാം ജീവിതത്തിൽ വിലമതിക്കുന്ന കാര്യകാരണങ്ങളും ചരിത്രപാരമ്പര്യാദികളുമെല്ലാം മായ മാത്രം. യഥാർത്ഥ്യത്തിന്റെ പിന്നിലെ പരമാർഥമെന്തെന്നു നമുക്കറിയില്ല. പരമാർഥത്തെപ്പറ്റി ഇന്ദ്രിയാതീതമായ അറിവുണ്ടാവാമെന്നും അതിലെത്തിയവർ ഉണ്ടെന്നും നാം വായിക്കാറുണ്ട്. എന്നാൽ ഇതിലെത്രമാത്രം സത്യമുണ്ടെന്ന് എങ്ങനെ നിശ്ചയിക്കും? അതിന് മാനുഷികമായ മാനങ്ങളില്ല. മനുഷ്യനും അവന്റെ വിലപ്പെട്ട ജീവനും അപ്പോൾ എന്താണ്? മായ, മഹാമായ!
നമ്മുടെ പൂർവ്വികർ എത്രയോ മുൻപുതന്നെ കണ്ടെത്തിയിരുന്നു, നമ്മുടെ ലോകം ഒരു പ്രതിഭാസമാണെന്നും, അതിനെയവലംബിച്ചുള്ള ജീവിതം മായയാണെന്നും, അവർക്കതിനു സാധിച്ചത് ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള പഠനത്തിലൂടെയാണ്,
ഇന്ദ്രിയാണാം തു സർവേഷാം
യദ്യേകം ക്ഷരതീന്ദ്രീയം
തേ നാസ്യ ക്ഷരതി പ്രജ്ഞാം.
ദൃത്യെ പാദാദിവേദകം – (മനുസ്‌മൃതി 2,99) അതായത്, ഇന്ദ്രയങ്ങളിലൊന്ന് അതിന്റെ വിഷയങ്ങളിൽ നിന്ന് ഊർന്നുപോയാൽ (സ്വാധീനമാകാതിരുന്നാൽ), അയാളുടെ പ്രജ്ഞപോലും തോൽത്തുരുത്തിലെ ദ്വാരത്തിലൂടെ വെള്ളം ചോർന്നു പോകുന്നതുപോലെ നഷ്‌ടപ്രായമായിത്തീരുന്നു.
കുറേ നാളത്തെ സമ്പുഷ്‌ടമായ ഇന്ദ്രിയപ്രവർത്തനങ്ങൾക്ക് ശേഷം ഒന്നൊന്നായി അവയെ നഷ്‌ടപ്പെടുന്നയാളിനു ബോധപ്രക്രിയ ഇല്ലാതാവുമോ? യുക്ത്യാനുസൃതമായി, ഒരിക്കൽ രൂപം കൊണ്ട ആന്തരികാവബോധങ്ങൾ ഇല്ലാതാകണമെന്നില്ല. എന്നാൽ, ഇന്ദ്രിയപ്രക്രിയ ശരീരത്തിന്റെ പൊതുവായ ആരോഗ്യനിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ആരോഗ്യനഷ്‌ടവും ഇന്ദ്രിയങ്ങളെ എന്നപോലെ ബോധപ്രക്രിയയെയും ബാധിക്കും. ജീവൻ ആരോഗ്യവുമായും ബോധാവസ്‌ഥ ജീവനുമായും പരസ്‌പരാശ്രിതത്വം പുലർത്തുന്നതിനാൽ, ആദ്യത്തെ രണ്ടിന്റെയും നാശത്തോടെ ബോധവൃത്തിയും നിശ്ചലമാകണം. എങ്കിൽ, മരണശേഷം ഇവയിലെന്തെങ്കിലും ബാക്കിയിരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. പക്ഷേ, യുക്തിയും മനുഷ്യന്റെ ഒരപൂർണയുപകരണം മാത്രമാണെന്നോർക്കണം. തീർത്തും യുക്ത്യാവലംബമായ വഴികളിലൂടെ പ്രപഞ്ചരഹസ്യങ്ങളെ ഗ്രഹിക്കാനാവില്ലെന്ന് ആധുനിക ശാസ്‌ത്രം പോലും ഇന്നംഗീകരിച്ചുപോകുന്നു.
മായ എന്ന വാക്കുകൊണ്ട് ഭാരതഋഷികൾ ഉദ്ദേശിച്ചത് എന്താണ്? നമ്മുടെ യഥാർഥ്യങ്ങൾക്ക് അതായത്, നമ്മൾ അളന്നെടുക്കുന്നവയ്‌ക്ക്, (യഥാ=എങ്ങനെ കാണുന്നുവോ അങ്ങനെയുളളതു) പരമാർഥവുമായി സാധർമ്യം ഉണ്ടാകാനില്ല എന്ന പരമമായ അർഥം പരമമായ സത്തയുടേത് മാത്രമാണ്. പരിമിതമായതിനു അപാരമായതിനെ അളക്കാനാവില്ല. അതുകൊണ്ട്, നാം കാണുന്നതിനു പിന്നിലുള്ളത് നമുക്കറിയില്ല. അതിന്റെ ചില മായികലീലകളുമായി നമ്മൾ നടത്തുന്ന electro-magnetic interactions ന്റെ ഫലമാണ് കൂടുതൽ കൃത്യമായി പറഞ്ഞാൽ, നമ്മോടു അവ നടത്തുന്ന electro-magnetic interactions ന്റെ ഫലമാണ് നമ്മുടെ ലോകം. അതിനപ്പുറത്തൊരു ജ്ഞാനം ഉണ്ടെങ്കിൽ അത് മാത്രമേ സത്യവും സ്‌ഥിരവുമായിട്ടുള്ളൂ. പ്രകാശമാണ് എല്ലാറ്റിനും ആധാരം. വെളിച്ചമുണ്ടാകട്ടെ എന്നാണ് ആദിവചനം. എല്ലാ അറിവും പ്രകാശമാണെങ്കിലും അനന്തമായ അറിവ് പ്രകാശത്തെ തന്നെ അറിയുകയാണ്. അതായത്, പ്രകാശമായിത്തീരുകയാണ്. അറിയുന്നവന് അറിയുന്നതുമായി ഒന്നുചേരാത്ത അറിവ് പൂർണമല്ല. മറ്റേതെല്ലാം ഇന്ദ്രിയനഷ്‌ടത്തോടെ, മരണത്തോടെ തീർച്ചയായും ഇല്ലാതാകും.
Congnitive Neuroscience എന്ന ശാസ്‌ത്രശാഖയുടെ നിഗമനങ്ങൾ അനുസരിച്ച്, നമ്മുടെ ജീവിതത്തെ ബാധിക്കുന്നതെല്ലാം – കാഴ്‌ച, വികാരം, ചിന്ത – electro-magnetic waves തലച്ചോറിലുണ്ടാകുന്ന വ്യതിചലനങ്ങൾ അല്ലാതൊന്നുമല്ല. മതവിശ്വാസങ്ങൾ, ഭക്തി, ആത്മീയത, ബോധാദയം എന്നിവയും അതിലപ്പുറമല്ലെന്നും കരുതുന്നവർ ഏറിവരുന്നു. അതായത്, ഇവയും മനസ്സ് നിർമ്മിക്കുന്ന ഭാവനകളത്രേ.
എല്ലാം മായ എന്ന് നിരീക്ഷിക്കുമ്പോഴും, ജിവന്റെ ഒരു കണിക നമ്മിൽ കത്തിനില്‌ക്കുന്നു എന്ന സത്യം ബാക്കിയുണ്ട്. ആ ജീവൻ മാത്രമാണ് ജിവനെ കാണാനാവുന്നതും അത് വിവരിക്കാനാവാത്ത ഒരത്ഭുതമാണെന്ന് അറിയാനാവുന്നതും. അത് മാത്രമാണ് കാതൽ. “മറ്റെന്തിനേക്കാൾ വിലകൊടുക്കേണ്ടത് ജീവനാണ്. കാരണം, ജീവൻ പരിശുദ്ധമാണ്.” (Einstein) അതിനപ്പുറം ഇപ്പുറവും ഭാവനാസൃഷ്‌ടികളാണ്; അവ കുമിളകൾ പോലെ പൊട്ടുമ്പോൾ ശൂന്യതയാണ് ബാക്കി.
വൈവിധ്യത്തിലേകത്വം കണ്ടുകൊണ്ട് അതാസ്വദിക്കാനായാൽ ജ്ഞാനമായി. അപ്പോൾ, ചെറുതും വലുതും, ഇന്നും ഇന്നലെയും, നീയും ഞാനും പോലെ അപ്രത്യക്ഷമാകും. ഋഗ്വേദത്തിൽ ഉള്ളതാണ് ഈ സമാനോ മന്ത്രഃ സമിതിസ്സമിനീ സമാനം മനസ്സഹ ചിത്തമഷാം. (ജീവന്റെ എല്ലാ കണികകളേയും ഒരേ കടലിലെ വെള്ളത്തുള്ളികളെപ്പോലെ കാണുക.)
Generated from archived content: essay3_dec22_10.html Author: sakariyas_nedukanal
Click this button or press Ctrl+G to toggle between Malayalam and English