ധ്യാനത്തിന് ഒരു തുടക്കം

നിങ്ങള്‍ക്ക് എന്തു പ്രായമുണ്ട്? ഈ പ്രായത്തിനിടക്ക് എത്ര തവണ നിങ്ങള്‍ വെറുതേ ഒരു നല്ല മഴയത്ത് ഇറങ്ങി നടന്നിട്ടുണ്ട്? കേരളപ്രകൃതിയുടെ ധാരാളിത്തമാണ് മഴ. എന്നിട്ടും അതില്‍ ശരീരവും മനസ്സുമായി പങ്കുപറ്റാന്‍ ഒരിക്കല്‍പോലും നിങ്ങള്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടാത്തതിനെപ്പറ്റി ആവലാതിയരുത്.

നിങ്ങളെ ഭൂമിയോടും പ്രിയമുള്ള എല്ലാറ്റിനോടും ബന്ധിപ്പിച്ചു നിറുത്തുന്നത് നിങ്ങളുടെ ശ്വാസമാണ്. ദിവസത്തില്‍ എത്ര പ്രാവശ്യം ഉള്ളിലേയ്ക്ക് വരുന്ന പ്രാണനെ നിങ്ങള്‍ അറിഞ്ഞുകൊണ്ട് സ്വാഗതം ചെയ്യാറുണ്ട്? ഒരിക്കലും? എങ്കില്‍ എല്ലാ ബന്ധങ്ങളെയും മുറിച്ച് അത് വിടപറയുമ്പോള്‍ ജീവിച്ചിരുന്നതായി നിങ്ങള്‍ അറിയുകപോലുമില്ല.

വാക്കുകളാണ് മനുഷ്യനെ വഴി തെറ്റിക്കുന്നത് – അപ്പന്‍, അമ്മ, സഹോദരങ്ങള്‍, വീട്, നാട്, പാപം, പുണ്യം, മുക്തി, യുക്തി, രാമന്‍, കൃഷ്ണന്‍ ഈശോ … ഒരേ നാമം ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അതിന്റെ അര്‍ത്ഥം ഇല്ലാതാകുന്നു (നാമകീര്‍ത്തനം). അറിയാവുന്ന എല്ലാ വാക്കുകളും ഇടമുറിയാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ അവയുടെയും അവരുടെ തന്നെയും അര്‍ത്ഥത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

നമ്മുടെ ചുറ്റുവട്ടത്ത് വരുന്നവരെപ്പറ്റി ആര്, എവിടെനിന്ന്, എങ്ങോട്ട് എന്നെല്ലാം ചോദിച്ച് നമ്മള്‍ തീര്‍ച്ചവരുത്തുന്നു. രാപകലില്ലാതെ കൂടെക്കഴിയുന്ന ഈ ഞാന്‍ ആര്, എവിടെനിന്ന്, എങ്ങോട്ട് എന്ന് ഒരിക്കല്‍പോലും ചോദ്യമില്ല! നേരിട്ട് ചോദിക്കാന്‍ ഭയമായതിനാല്‍, നമ്മള്‍ അന്യര്‍ നമ്മെപ്പറ്റി കരുതുന്നതും പറയുന്നതും അപ്പാടേ വിശ്വസിക്കുന്നു. അതെല്ലാം ശുദ്ധ നുണയായിരുവെന്ന് തിരിച്ചറിയുയുന്നത്‌, ഒരുപക്ഷേ, നമ്മുടെ അവസാന നിമിഷമായിരുന്നാലോ?

ഞാനാര് എന്നറിയാന്‍ ഒരരിച്ചുപെറുക്കലും ആവശ്യമില്ല. എല്ലാവിധത്തിലും തനിയെ ഇരിക്കുമ്പോള്‍ നേരിട്ടുതന്നെ ചോദിക്കുക. ചോദിക്കാനുള ധൈര്യമുണ്ടായാല്‍ ശരിയായ ഉത്തരം കണിശമായിരിക്കും. അതിലാണ് എല്ലാറ്റിന്റെയും തുടക്കം. കാരണം, ആ ഉത്തരത്തിനു മുമ്പില്‍, ഒരാള്‍‍ അതുവരെ ചെയ്തതും നേടിയതും സൂക്ഷിച്ചുവച്ചതും വട്ടപ്പൂജ്യമായി തിരിച്ചറിയും.

ഇരുളുമ്പോള്‍ ഞാനാഹ്ലാദിക്കുന്നു – ഒന്നും ഒന്നിനും വേണ്ടിയല്ലാത്ത മൗനമായിരിക്കാമല്ലൊ!

Generated from archived content: essay2_feb1_14.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here