“Enjoy being yourself in your beloved surroundings!” A good friend wished me in a mail. What esle do I do?
രണ്ടായിരത്തി പതിനൊന്നിലെ ജൂണ്‍മാസാരംഭം. ഒളിച്ചും മടിച്ചും വീഴുന്ന മണ്‍സൂണ്‍. ഏതാണ്ട് ഇരുപതു മാസം മുമ്പ് ഞാന്‍ നട്ട പത്തു തെങ്ങുകളില്‍ ഒന്നിന് കടിഞ്ഞൂല്‍ പ്രസവം. പൊടുന്നനെയാണ് നിശയുടെ തിരശീലക്കു പിന്നില്‍, തഴച്ച ധന്യതയുടെ നാഭിയില്‍ നിന്ന്, ഒരു തൊട്ടില്‍ പോലെ പുറംതള്ളിവരുന്ന ചൊട്ട കണ്ണില്‍പ്പെട്ടത്. നാലഞ്ചു ദിനങ്ങള്‍ കഴിഞ്ഞതേ, ജീവദാഹത്തോടെ അതില്നിന്നെത്തിനോക്കുന്ന പ്രകാശത്തിന്റെ കുഞ്ഞുങ്ങള്‍!
ദിവസത്തില്‍ പലതവണ ഞാനവളുടെയടുത്തു ചെല്ലും. ആ നവപുഷ്പിണിയില്‍ ജീവന്റെയും സ്നേഹത്തിന്റെയും നിറവ് കണ്ട് മനം കുളിര്‍ക്കും. വരുംവാരങ്ങളില്‍ പാലും തേനും നിറഞ്ഞ് ഉരുണ്ടുകൊഴുക്കേണ്ട ആ പവിഴമുത്തുകള്‍ക്ക് ആര്‍ക്കുമേ ചെന്നുമ്മവച്ചീടുവാന്‍ തോന്നിക്കുന്ന വെണ്മ. ചുറ്റുപാടെല്ലാം പ്രകാശചിത്തമായതുപോലെ. എന്റെ വീടും ഈ പിറവിയുടെ അദ്ഭുതത്തില്‍ കുളിച്ചുനില്‍ക്കുന്നു. അരൂപമായ, ആദിമമായ ആനന്ദത്തിന്റെ ധാരാളിത്തം ആ കതിര്‍ക്കുലയിലൂടെ എന്നിലേയ്ക്ക് വര്ഷിക്കപ്പെടുന്നു, ഉറവയില്‍ നിന്ന് നീരൊഴുക്ക് പോലെ. ഭൗമമായ സൗന്ദര്യത്തിന്റെ വശ്യതയില്‍ സന്തോഷിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ പഠിക്കുന്നു.
ഇനിയങ്ങോട്ടും, നിശാകാലനിലാവും പുലര്‍കാലകിരണങ്ങളും സാന്ധ്യവര്‍ഷപാതവും ചേര്‍ന്ന് ഈ കതിരുകളില്‍ നന്മയുടെ നിറകുടങ്ങളെ പരുവപ്പെടുത്തട്ടെ; ജീവനുവേണ്ടി ജീവനുരുവാക്കുന്ന പ്രകൃതിയുടെ സാഫല്യങ്ങളെ ഊട്ടിവളര്‍ത്തട്ടെ. മലയാളികള്‍ക്ക് പാലിന്റെയും തേനിന്റെയും ആര്ദ്രതകൊണ്ട് നിറഞ്ഞ അമൃതാന്നം വിളമ്പുന്ന ഈ കല്പദാരുവിനെ, ഈ ശൈശവതേജസിനെ, നമ്രശിരസ്സനായി നമിക്കുന്നേന്‍!
Generated from archived content: essay1_sep2_11.html Author: sakariyas_nedukanal