എട്ടു മുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള പതിനേഴു വിദ്യാര്‍ഥികളുമായി നടത്തിയ ഒരു പഠനയാത്രയുടെ പരിസമാപ്തിയില്‍, ഞങ്ങള്‍ രണ്ട് അദ്ധ്യാപകരും ഒരദ്ധ്യാപികയും ഡല്‍ഹിയില്‍ നിന്ന് തിരിച്ച്, രണ്ട് ദിവസം മംഗള എക്സ്പ്രെസ്സില്‍ കഴിച്ചുകൂട്ടിയശേഷം, 2011 ഏപ്രില്‍ 26ന് പതിനൊന്നു മണിയോടെ എറണാകുളം ജംഗ്ഷനില്‍ എത്തുന്നു. കുട്ടികളെല്ലാംതന്നെ വശക്കേടിലായിരുന്നു. ഒരു പയ്യന്‍ ഒന്നരദിവസമായി ശര്‍ദ്ദിമൂലം ഒന്നും കഴിക്കാനാവാതെ ആകെ പരിതാപകരമായ സ്ഥിതിയിലും. അവനെ ഉടന്‍തന്നെ റെയില്‍വ്വേ മെഡിക്കല്‍ ഓഫീസറെ കാണിക്കണം. അതിനായി ആദ്യം സ്റ്റേഷന്‍മാനേജരുടെ കത്ത് കിട്ടണം. ആള്‍ സ്ഥലത്തില്ല. ഡെപ്യുട്ടി മാനേജരുടെ പക്കല്‍ ചെന്ന് അത് വാങ്ങി. കുട്ടികള്‍ ഇറങ്ങിയത് പ്ലാറ്റുഫോമിന്റെ അങ്ങേ തലയ്ക്കലാണ്. അവിടെനിന്ന് അവശനായ കുട്ടിയെ എക്സിറ്റ് വരെയും പിന്നെ ഡോക്ടറുടെയടുത്തേയ്ക്കുമെത്തിക്കാന്‍ ഒരു വ്വീല്‍ചെയര്‍ വേണം. രണ്ടെണ്ണം പ്ലാറ്റുഫോമില്‍ കിടക്കുന്നുണ്ട്, രണ്ടിനും മുമ്പിലത്തെ ചെറിയ ചക്രങ്ങളില്ല; വലിയ ചക്രങ്ങളില്‍ ഒന്നു മാത്രമേ കറങ്ങുന്നുള്ളൂ താനും. ഉപയോഗയോഗ്യമായ ഒന്ന് കിട്ടുമോയെന്ന് റെയില്‍വ്വേഗാര്‍ഡിനോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞു, സ്റ്റേഷന്‍മാനേജറാണ് വ്വീല്‍ചെയര്‍ നല്‍കേണ്ടത് എന്ന്. വീണ്ടും ഞാന്‍ മുമ്പ് ചെന്ന മുറിയിലെത്തി. “സാറേ, പുറത്ത് കിടക്കുന്ന രണ്ട് വ്വീല്‍ചെയറിനും ചക്രങ്ങളില്ല, വേറൊരെണ്ണം തരാമോ?” ആള് പെട്ടെന്ന് ചൂടായി. “ഞാനെന്നാ നിങ്ങള്‍ക്ക് പുതിയ ഒരെണ്ണം വാങ്ങിത്തരണോ?”, അയാള്‍ കയര്‍ത്തു. അവിടെയത്ര പരിചയമില്ലാത്ത ഞാന്‍ റെയില്‍വ്വേ മെഡിക്കല്‍ ഓഫീസറുടെ മുറിയെവിടെയെന്നു ചോദിച്ചതും ഡെപ്യൂട്ടി മാനേജര്‍ക്ക് ശല്യമായി തോന്നി. പുറത്തേയ്ക്കിറങ്ങി നോക്കിയാല്‍ കാണാം എന്നാണ് അങ്ങേര് വഴി പറഞ്ഞു തന്നത്! വീണ്ടും വല്ലതും ചോദിച്ചാല്‍ തല്ലിയാലോ എന്ന് ഭയന്ന്, പുറത്ത് കടന്ന്, ഞങ്ങള്‍ രണ്ട് വാദ്ധ്യാന്മാരും കൂടി പയ്യനെ എടുത്ത്, കൊടുംവെയിലത്ത്, ഇരുന്നൂറ്റമ്പതു മീറ്ററോളം ദൂരെയുള്ള ഡോക്ടറുടെ ആസ്ഥാനത്തേയ്ക്ക് നടന്നു.
നമ്മുടെ നാട്ടില്‍ സാധാരണ ഏത് ഗവ. ജോലിക്കാരനും കാണിക്കാറുള്ള ഗര്‍വ് ആ റെയില്‍വേയുദ്യോഗസ്ഥനും കാണിച്ചുവെന്നേയുള്ളൂ. എന്നാലും, വ്വീല്‍ചെയറിന്റെ കാര്യത്തില്‍ അയാള്‍ ചോദിച്ച ആ ചോദ്യം അര്‍ഥശൂന്യമാണെന്നും, മനുഷ്യത്വവും മാന്യതയുമുള്ള നാട്ടിലാണെങ്കില്‍ അത് മതി അയാളുടെ കസേര തെറിക്കാനെന്നും ചൂണ്ടിക്കാണിക്കാന്‍വേണ്ടിയാണ് ഞാനിതെഴുതുന്നത്. ഇത്ര പൊങ്ങിയ ജോലിയിലിരിക്കുന്ന ഒരാള്‍ക്ക് സാമാന്യബുദ്ധിയെങ്കിലും വേണ്ടേ? പുതിയതല്ലെങ്കിലും, കറങ്ങുന്ന രണ്ട് ചക്രമെങ്കിലുമില്ലാതെ ഒരു ചെയര്‍ വ്വീല്‍ച്ചെയറാകുമോ, സാറേ?? ചുരുങ്ങിയത് അത്തരം ഒരു ചെയറെങ്കിലും അത്യാവശ്യക്കാരുടെ ഉപയോഗത്തിനായി ഇത്രയും വലിയ ഒരു സ്റ്റേഷനില്‍ ഉണ്ടെന്ന് വരുത്തേണ്ടത് സ്റ്റേഷന്‍മാനേജരുടെയല്ലെങ്കില്‍ പിന്നെയാരുടെ കടമയാണ്? റെയില്‍വ്വേ നന്നായി പ്രവര്‍ത്തിപ്പിക്കാനല്ലേ താങ്കളെ അവിടെയിരുത്തിയിരിക്കുന്നത്? അതിനാവശ്യമുള്ളവ വാങ്ങാന്‍ കാശുമുടക്കുന്നത് താങ്കളല്ലല്ലോ, ഇന്ത്യന്‍ റെയില്‍വ്വേയല്ലേ? ഞങ്ങള്‍ക്ക് പകരം ഒരു സ്ത്രീയായിരുന്നു നീണ്ട യാത്ര കഴിഞ്ഞ്, ഇങ്ങനെയൊരു അടിയന്തിരാവസ്ഥയില്‍ വന്നിറങ്ങുന്നതെങ്കില്‍, ഒട്ടും നടക്കാനാവാത്ത ഒരാള്‍ക്ക് അവര്‍ എങ്ങനെ അത്യാവശ്യസഹായം ഉറപ്പുവരുത്തും? തന്റെ യൂണിഫോമില്‍ ബാബു ജോസഫ് എന്ന പേര് കുത്തിയിരുന്ന ഡെപ്യൂട്ടിയാഭാസന്റെ സ്വന്തത്തില്‍പെട്ട ഒരാള്‍ക്കാണ് ഇത്തരമൊരു സാഹചര്യം വന്നുഭവിക്കുന്നതെങ്കില്‍, അയാള്‍ ചോദിച്ച ചോദ്യംകൊണ്ട് കാര്യങ്ങളോടുമോ?
ആദായനികുതിയടക്കുകയും റെയില്‍വ്വേയുടെ സേവനങ്ങള്‍ക്കു നിശ്ചിതമായ ഫീ കൊടുക്കുകയും ചെയ്തിട്ട്, ഇത്തരക്കാരുടെ തലക്കനവും കൂടി പാവം യാത്രക്കാര്‍ ചുമക്കേണ്ടതുണ്ടോ? വേണ്ടതായ എല്ലാ സാമഗ്രികളും സാങ്കേതികമായ അറിവും ഉണ്ടായിരുന്നിട്ടും നമ്മുടെ തീവണ്ടികളില്‍ ശുചിത്വമോ, നല്ല ഭക്ഷണമോ കുടിവെള്ളമോ അടിസ്ഥാനപരമായ മറ്റ് സൌകര്യങ്ങളോ ഇന്നും ലഭ്യമല്ല. അകത്തും പുറത്തേയ്ക്ക് നോക്കുന്നിടത്തുമെല്ലാം മനം മടുപ്പിക്കുന്ന വൃത്തികേട്. ഓരോ സ്റ്റേഷനടുക്കുന്തോറും സഹികെടുത്തുന്ന നാറ്റം. പാളങ്ങള്‍ നിറയെ തീട്ടം! ഇതിനെല്ലാം പുറമേ, മേല്പ്പറഞ്ഞപോലുള്ള ചുറ്റുപാടുകളില്‍പോലും ഉത്തരവാദിത്തമോ സഹായമനസ്ഥിതിയോയില്ലാത്ത ഏമാന്മാരുടെ കാലുപിടിക്കേണ്ട ഗതികേടും. സീറ്റുണ്ടെങ്കിലും വഴിക്ക് ഒരു റിസര്‍വേഷന്‍ കിട്ടാനും യാത്ര നീട്ടിക്കിട്ടാനും TT ക്ക് ഉദാരമായ കൈനീട്ടം വേണം. ഇതൊക്കെയായിട്ടും, നാം സഹസ്രാബ്ദങ്ങളുടെ സംസ്കാരത്തില്‍ അഭിമാനിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ ശമ്പളക്കാരില്ലായിരുന്നു, സംസ്കാരികളുണ്ടായിരുന്നു; ഇന്ന് ശമ്പളക്കാരുണ്ട്, പക്ഷേ, മാനവും നിലയും വിലയും എന്തെന്നറിയാത്തവര്‍. മുഴുത്ത ശമ്പളം പറ്റിയിട്ട്, ചെയ്യുന്നതൊക്കെയും അവരുടെ ഔദാര്യസേവനമാണെന്ന് ചിന്തിക്കാന്‍മാത്രം ധാര്‍ഷ്ട്യം നാറുകയും വ്വീല്‍ ഇല്ലാത്ത ചെയറും വ്വീല്‍ച്ചെയര്‍ ആകാമെന്ന് സ്വയം ധരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ബാബുമാരെ വച്ചുപൊറുപ്പിക്കരുത്.
രണ്ടു കൈപിടി മാത്രം വിളക്കിച്ചേര്‍ത്ത, തുരുമ്പിച്ച ഒരു ചതുരപ്പെട്ടി, അവശനെങ്കിലും അന്തസ്സുള്ള ഒരിന്ത്യന്‍കുഞ്ഞിനെ തള്ളിക്കൊണ്ടുപോകാനുള്ള വ്വീല്‍ച്ചെയര്‍ ആയി ഉപയോഗിച്ചുകൂടേ എന്നു ചോദിക്കുന്ന ഇയാള്‍, പിടിപ്പുകെട്ട ഒരധികാരശ്രേണിയിലെ ക്ലാവുപിടിച്ച ഒരു കണ്ണി മാത്രമാണ്. ഞങ്ങള്‍ ഡല്‍ഹിക്ക് പോയത് കേരള എക്സ്പ്രെസ്സില്‍ ആണ്. ഡല്‍ഹിയിലെ മെട്രോയും ഞങ്ങള്‍ കണ്ടു. വികസിത രാജ്യങ്ങളിലെ നിലവാരം പുലര്‍ത്തുന്ന ഒരു സംരംഭമാണ് ഇപ്പറഞ്ഞത്. ബാക്കി ഇന്ത്യയിലെ ഏതു ട്രെയിനില്‍ സഞ്ചരിച്ചാലും ഒരു പൌരന് നാണം തോന്നും. സ്പീഡില്‍ പോകുന്നു എന്നതൊഴിച്ചാല്‍, കാളവണ്ടിയുടേതുപോലെ കുടുക്കമാണ് എല്ലാത്തിനും. ഉറങ്ങാന്‍ കിടന്നാല്‍ പേറ്റുന്ന മുറത്തില്‍ കിടക്കുന്ന അരിയുടെയനുഭവം! എന്തുകൊണ്ടാണ് മറ്റു നാടുകളിലെപ്പോലെ സ്വരമില്ലാതെയും ഒട്ടും കുടുക്കമില്ലാതെയും പാഞ്ഞുപോകുന്ന ട്രെയിനുകള്‍ നമുക്കില്ലാത്തത്? ഒത്തിരി വടക്കന്മാരുടെ കാലുപിടിച്ചുകഴിയുമ്പോള്‍, കേന്ദ്രത്തില്‍ നിന്ന് ഒരു പുതിയ ട്രെയിന്‍ അനുവദിക്കും. അതോടെ, മറ്റു സംസ്ഥാനങ്ങളില്‍ ഇടിച്ചുചളുങ്ങി തുരുമ്പെടുത്തു കിടക്കുന്ന കുറെ ബോഗികള്‍ ഇങ്ങോട്ട് കൊണ്ടുവന്നിട്ട്, കേട്ടാല്‍ സുഖമുള്ള ഒരു പുതിയ പേരും നല്‍കും. നമ്മുടെ എംപിമാരും അഹമ്മദ് പട്ടേലും വീരവാദം മുഴക്കും. ജനം സന്തോഷിക്കും. എന്നാല്‍ പുതിയ ഒരൊറ്റ ലൈന്‍ പാളമോ, നടത്തിപ്പിനാവശ്യമായ കൂടുതല്‍ ജോലിക്കാരോ ഉണ്ടാകുന്നില്ലാത്തതിനാല്‍, മൊത്തം ശൃംഖലയുടെ പ്രവര്‍ത്തനം പഴയതിലും മോശമാകുന്നു. ഞങ്ങള്‍ കയറിയ രണ്ടു സൂപര്‍ഫാസ്റ്റും മറ്റുള്ളവയ്ക്ക് (അവയില്‍ കൂടുതലും ഗുഡ്സ്ട്രെയിനുകള്‍!) വഴി കൊടുക്കാനായി പത്തുമുപ്പതു തവണയെങ്കിലും ഏറെ നേരം നിറുത്തിയിടേണ്ടിവന്നു. അല്ലെങ്കില്‍ യാത്രയുടെ നീളം ഒരഞ്ചുമണിക്കൂറെങ്കിലും കുറഞ്ഞേനെ. അപ്പോള്‍ പിന്നെ സൂപര്‍ഫാസ്റ്റെന്നു പറയുന്നതെന്തിന്? വിവരമുള്ളവര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പ്രാമുഖ്യം നല്‍കും. ഈ നാട്ടില്‍ മനുഷ്യരേക്കാള്‍ വിലയുള്ളത് ചരക്കിനാണല്ലോ. മറ്റൊരു നിരീക്ഷണം. കൊങ്കണ്‍ റെയില്‍വ്വേയിലൂടെ പോയിട്ടുള്ളവര്‍ക്കറിയാം, എത്രയിടത്താണ് വിലയേറിയ പാളങ്ങളും മറ്റു സാമഗ്രികളും തുരുമ്പെടുത്ത് നശിക്കാനായി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നതെന്ന്. ഇതൊക്കെയും നാമോരോരുത്തരുടെയും പണമാണെന്ന് എത്ര ഇന്ത്യക്കാര്‍ ചിന്തിക്കുന്നുണ്ട്? പ്രതികരിക്കുന്നുണ്ട്? വഷളത്തവും ഉത്തരവാദിത്തമില്ലായ്മയും അനീതിയും കണ്ണില്‍പെട്ടാല്‍ ഉടനടിയുള്ള (ഉടന്‍ ജനത്തിന്റെ അടി കൊള്ളുന്നയനുഭവമുണ്ടാക്കുന്ന) പ്രതികരണം ജനാധിപത്യത്തിന്റെ ജീവധാരയാണ്. അതുണ്ടായാലേ, വ്വീലില്ലാത്ത വ്വീല്‍ച്ചെയര്‍ പോലത്തെ കാര്യശേഷിയില്ലാത്ത മാനെജര്‍മാര്‍ മനുഷ്യരെ ഉപദ്രവിക്കുന്നത് നിറുത്തൂ.
ഇതിന്റെ കോപ്പി എറണാകുളത്തുള്ള ബാബുമാന്യന്‍തൊട്ട് ബഹുമാന്യയായ റെയില്‍വേമന്ത്രി മമതാ ബാനര്‍ജിവരെയുള്ളവര്‍ കൈപ്പറ്റുന്നതായിരിക്കും, പോസ്റ്റ് വഴിയും ഇമെയില്‍ വഴിയും. സക്കറിയാസ് നെടുങ്കനാല്‍.
Generated from archived content: essay1_oct20_11.html Author: sakariyas_nedukanal