ശുദ്ധഭാഷ = പക്വമനസ്സ്‌

ഏത്‌ സമൂഹത്തിനും അതിന്റെ സ്വന്തം ഭാഷയും കടംകൊണ്ട ഭാഷകളുമുണ്ട്‌. അന്യഭാഷകളെ സ്വായത്തമാക്കാൻ അത്രയെളുപ്പമല്ല. എന്നാൽ ശൈശവം മുതൽ ശീലിച്ച ഭാഷയെ അതിന്റെ ശുദ്ധരൂപത്തിൽ ഉപയോഗിക്കാനാറിയില്ലെന്ന്‌ വരുന്നത്‌ എഴുത്തുകാർക്കെങ്കിലും നാണക്കേടായിതോന്നേണ്ടതാണ്‌. അവതാരകരായും വിധികർത്താക്കളായും ഓരോരോ റ്റി.വി. ചാനലുകളിൽ എത്തിപ്പറ്റി ചിലർ വിളമ്പുന്ന പ്രയോഗങ്ങൾ കേട്ടാൽ ശർദ്ദിശങ്കയുണ്ടാവും. സഹികെട്ടാൽ റ്റി.വിക്കു മുമ്പിൽ നിന്നെഴുന്നേറ്റു പോകാം. പക്ഷേ, നല്ല വിലകൊടുത്തു വാങ്ങി വായിക്കുന്ന കൃതികളിൽ ഭാഷാശുദ്ധി തീരെ കുറവാണെങ്കിൽ എന്തുചെയ്യും? നല്ലയാശയങ്ങളുള്ള ധാരാളമെഴുത്തുകാർ നമുക്കുണ്ട്‌. പക്ഷേ, വൃത്തിയുള്ള ഭാഷാശൈലിയുള്ളവർ വളരെ വിരളം എന്ന്‌ പറയാതെ പറ്റില്ല. ഭാഷയ്‌ക്ക്‌ നിലവാരം കുറയുന്നതിന്റെ കാരണങ്ങൾ പലതാകാം. അവയിലൊന്നു മാത്രം എടുത്തുപറയാനേ ഇവിടെ ശ്രമിക്കുന്നുള്ളു.

ദ്രാവിഢഭാഷകൾക്ക്‌, പ്രത്യേകിച്ച്‌ മലയാളത്തിന്‌, സംസ്‌കൃതത്തിൽ നിന്ന്‌ കിട്ടിയ ഒരു വിശിഷ്‌ട ഗുണമാണ്‌ സന്ധിസമാസങ്ങൾ. സന്ധിസമാസങ്ങൾക്കായി നീണ്ട അദ്ധ്യായങ്ങൾ തന്നെയുണ്ട്‌ സ്‌കൂളുകളിലെ ഭാഷാപുസ്‌തകങ്ങളിൽ – മലയാളത്തിനും സംസ്‌കൃതത്തിനും. ഈ രണ്ട്‌ ഭാഷകളുടെയും സൗന്ദര്യധാരങ്ങളിൽ പ്രധാനമായത്‌ അവയിലെ സരളമായ ഒഴുക്കാണ്‌. ഈ ഒഴുക്കില്ലാത്ത എഴുത്താണ്‌ ഇന്നെവിടെയും വായിക്കാൻ കിട്ടുന്നത്‌. എന്തുകൊണ്ടാണ്‌ എഴുത്തുകാരും അനുവാചകരും പെറുക്കിപ്പെറുക്കി നിരത്തിയ വാക്കുകൾ കണ്ട്‌ വല്ലായ്‌മയനുഭവിക്കാത്തത്‌? ഈ ശല്യം സഹിക്കാനാവാതെ മുതിർന്നവരുടെ കൃതികൾ പോലും അടച്ചുവയ്‌ക്കേണ്ടയവസരങ്ങൾ എനിക്കുണ്ടാകാറുണ്ട്‌. അരി വറചട്ടിയിലിട്ടു ചൂടായിക്കഴിയുമ്പോൾ, പൊട്ടിത്തെറിച്ചു പുറത്തുചാടുന്നതുപോലെയാണ്‌ സന്ധി അത്യാവശ്യം വേണ്ടിടത്തുപോലും അതില്ലാതെ വാക്കുകൾ എഴുന്നു നില്‌ക്കുമ്പോൾ തോന്നുക. ഇക്കാര്യം പല മുന്തിയ എഴുത്തുകാരോടും പറഞ്ഞു നോക്കി. ആരുണ്ട്‌ ശ്രദ്ധിക്കാൻ!

ഒരു പക്ഷേ, ഇംഗ്ലീഷിന്റെ സ്വാധീനം കൊണ്ടാവാം, മിക്ക മലയാളമെഴുത്തുകാരും, അനായാസം കൂട്ടിയെഴുതാവുന്ന പദങ്ങളെയും വേർപെടുത്തിയേ ഉപയോഗിക്കൂ എന്ന്‌ ശഠിക്കുന്നത്‌. ഭാഷാപ്രയോഗങ്ങൾ മാനസികാപഗ്രഥനത്തിന്‌ ഉപാധിയാക്കുന്ന ഒരു ശാസ്‌ത്രം വികസിപ്പിച്ചെടുത്താൽ ഈ അറപ്പിനു പിന്നിലെന്താണെന്ന്‌ കണ്ടെത്താനായേക്കും. ഒന്നുറപ്പാണ്‌. ശ്ലഥബദ്ധമായ മനോനില ഒഴുക്കില്ലാത്ത ഭാഷയ്‌ക്ക്‌ കാരണമാകും. ‘അബദ്ധങ്ങൾ നിറഞ്ഞ മസ്‌തിഷ്‌ക്കത്തിൽ നിന്ന്‌ സൗന്ദര്യമുള്ള വാക്കുകളുണ്ടാവില്ല’ എന്ന്‌ കെ.പി. അപ്പൻ പറഞ്ഞിട്ടുണ്ട്‌. മനോദ്‌ഗ്രഥനമുള്ളവന്‌, പ്രവൃത്തിയിലെന്നപോലെ ഭാഷയിലും അത്‌ പ്രതിഫലിപ്പിക്കാതെ പറ്റില്ല. ഈ പരാമർശം ആരുടെയും നേർക്കുള്ള വ്യക്തിപരമായ ഒരാരോപണമല്ല, മനശാസ്‌ത്രപരമായ ഒരു നിഗമനം മാത്രം.

ഭംഗി മാത്രമല്ല. ആശയസ്‌ഫുടതയും ഇത്തരം അശ്രദ്ധയിലൂടെ നഷ്‌ടപ്പെടാം. “ഈ കുറിപ്പിലെ ഓരോ വാക്കും എഴുതുമ്പോൾ ആ സ്‌നേഹം മാത്രമാണ്‌ വിളക്കിലെ എണ്ണപോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌.” ഇതെഴുതിയ എസ്‌.ഗോപാലകൃഷ്‌ണൻ (ജലരേഖകൾ, ഹൃദയസ്‌പർശിയായ ചിന്താസരണികൾ നിറഞ്ഞ ഒരു കൃതി) മറ്റ്‌ പലതും പറഞ്ഞകൂട്ടത്തിൽ ഞാനിങ്ങനെയും കുറിച്ചയച്ചുഃ ആകാമായിരുന്ന സന്ധികൾ ഈ വാക്യത്തിൽ വിട്ടുപോയിട്ടുണ്ട്‌. ‘വാക്കും എഴുതുമ്പോൾ ’എന്നതിൽ, എഴുതുന്നയാൾ എഴുന്നുനില്‌ക്കുന്നു. എന്നാൽ ‘വാക്കുമെഴുതുമ്പോൾ’ എന്നായിരുന്നെങ്കിൽ, വാക്ക്‌ പ്രാധമ്യം നേടിയേനേ. കൃതിയിലെ സാഹചര്യത്തിൽ രണ്ടാമത്തേതാണ്‌ ഉത്തമം. ഒരു പക്ഷേ, ഭാഷാവബോധം മാത്രമല്ല. ഏതാണ്ടൊരു ആത്മാവബോധവുമുള്ള നിമിഷത്തിലേ വായനക്കാർക്ക്‌ ഇപ്പറഞ്ഞത്‌ പിടികിട്ടൂ എന്ന്‌ വന്നേയ്‌ക്കാം. എന്റെ പരാമർശങ്ങൾ ഉപകാരപ്രദമായി സ്വീകരിച്ചവരിൽ ഒരാളാണ്‌ എസ്‌. ഗോപാലകൃഷ്‌ണൻ.

ഭാഷയിലെ വല്യേട്ടന്മാരുടെ രചനകളിൽ നിന്ന്‌ ഏതാനുമുദാഹരണങ്ങൾ. വാക്കുകളെ ഞാൻ പേടിച്ചുപയോഗിക്കുന്നു എന്നതിന്‌ പകരം ‘വാക്കുകൾ ഞാൻ പേടിച്ച്‌ ഉപയോഗിക്കുന്നു.’ (കെ.പി. അപ്പൻ) എന്നായാൽ, വ്യാകരണവും പിഴച്ചെന്നു പറയാം.

പൊരുത്തം ഇല്ലെങ്കിൽ പന്തികേട്‌ (സിവി.വാസുദേവഭട്ടതിരി, നല്ല മലയാളം എന്ന കൃതിയിൽ) പൊരുത്തമില്ലെങ്കിൽ എന്നെഴുതിയാൽ എന്തായിരുന്നു പന്തികേട്‌?

അമ്മാളു അമ്മക്ക്‌ സഹായത്തിനു പോയതാണ്‌ മൂത്താച്ചി. (നാലുകെട്ടിൽ എം.റ്റി വാസുദേവൻ നായർ) അമ്മാളുവ്‌മ്മക്ക്‌ എന്നോ അമ്മാളുവമ്മക്ക്‌ എന്നോ ആയിരുന്നെങ്കിൽ വ്യക്തതയേറിയേനെ.

ലോകഭാഷകളിൽ ഒന്നിനും ആവിഷ്‌ക്കരിക്കാൻ കഴിയാത്തത്‌ അത്‌ ആവിഷ്‌ക്കരിക്കുന്നു. (സുകുമാർ അഴിക്കോട്‌, തത്ത്വമസിയിൽ) ലോകഭാഷകളിലൊന്നിനും….. അതാവിഷ്‌ക്കരിക്കുന്നു എന്നാക്കിയാലോ? ആശയം ഒന്നുകൂടി തെളിഞ്ഞു.

പൂർവപശ്ചിമ സാഗരങ്ങളിലേയ്‌ക്ക്‌ ഊർന്ന്‌ ഇറങ്ങി നില്‌ക്കുന്ന ഹിമാലയം (കെ.പി.ഉദയഭാനു, കാഴ്‌ചപ്പാടുകൾ) ഈ വാക്യം, പൂർവ്വപ-പശ്ചിമസാഗരങ്ങളിലേയ്‌ക്ക്‌ ഊർന്ന്‌ ഇറങ്ങി നില്‌ക്കുന്ന ഹിമാലയം എന്ന്‌ ചിഹ്നവും ചേർന്നാലേ ശരിയാകൂ. പൂർവ്വ-പശ്ചിമ എന്ന്‌ ശൃംഖലയിട്ടു യോജിപ്പിച്ചാലും തെറ്റാണ്‌.

വേറെ ഒരു മാർഗവുമില്ല. എന്റെ ഉള്ളിൽ തീയാളി (ബാലചന്ദ്രൻ ചുള്ളിക്കാട്‌). ‘വേറൊരു മാർഗവുമില്ല. എന്റെയുള്ളിൽ തീയാളി’ എന്ന മാർഗമെത്രയോ മെച്ചം. ഒറ്റ നോട്ടത്തിൽ പെറുക്കിയെടുത്ത വാക്യങ്ങളാണിവ. ഏത്‌ പുസ്‌തകമെടുത്താലും ഇത്തരം പിഴകൾ നൂറുകണക്കിന്‌ കാണാം.

‘മലയാളലിപി എഴുതുന്നതുകൊണ്ടു മാത്രം മലയാളമാണെന്ന്‌ പറയാൻ പറ്റാത്ത പാകത്തിലുള്ള ഗ്രന്ഥരചന ഇന്നാട്ടിൽ അധികമായിവരുന്നു’വെന്ന്‌ എം. ഗംഗാധരൻ (പി.കെ.ബാലകൃഷ്‌ണന്റെ കാവ്യകല കുമാരനാശാനിലൂടെ എന്ന കൃതിക്കുള്ള ആമുഖത്തിൽ) സങ്കടപ്പെടുമ്പോൾ, ചിലരെങ്കിലുമിതു മനസ്സിലാക്കുന്നുണ്ടല്ലോ എന്നാശ്വസിക്കാം. പുസ്‌തകരൂപം മാത്രം ഒരു പ്രസിദ്ധീകരണത്തെ (പ്രസാധനത്തെ എന്നാണ്‌ ശരി, പ്രസിദ്ധീകരിക്കുന്ന പ്രവൃത്തിയാണ്‌ പ്രസിദ്ധീകരണം.) പുസ്‌തകമാക്കില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെ നോക്കിയാൽ ചവറ്റുകുട്ടയിലെറിയാനുള്ളവ ധാരാളം വെളിച്ചം കാണുന്നുണ്ട്‌. നല്ലയാശയങ്ങളുള്ളവർക്ക്‌ അവയെ സംശുദ്ധമായ ഭാഷയിൽ പ്രകാശിപ്പിക്കാനുള്ള വാഗ്മയം ഇല്ലാതെപോകുന്നതു സമൂഹത്തിനു വലിയ നഷ്‌ടമാണ്‌. വി.റ്റി ഭട്ടതിരിപ്പാടിന്റെയും എൻ.എൻ.പിള്ളയുടെയും പോലെ ഒഴുക്കും രാഗവും പ്രാസഭംഗിയുമുള്ള ഭാഷ ഇന്നെത്ര വിരളമാണ്‌!

Generated from archived content: essay1_nov1_10.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English