മറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം

“എതോ ഒരു ഭാഗംകൊണ്ട് ദൈവത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്.” ഇരുപത്തെട്ടു വയസായപ്പോള്‍ മൂത്ത മകന്‍ എനിക്കെഴുതി. മതപഠനവും കൂദാശകളുമൊക്കെ പ്രാഥമികസ്കൂളിന്റെ ഭാഗമായിരുന്നതുകൊണ്ട് മതേതരത്വം (religious neutrality) അവനൊരു സ്വായത്താനുഭവമല്ലായിരുന്നു. പക്ഷേ, സ്ഥൈര്യലേപനത്തിന്റെ (confirmation) സമയമായപ്പോള്‍ (12 വയസ്സ്), അതവനെ സംബന്ധിച്ചിടത്തോളം അനാവശ്യമാണെന്ന് അവന്‍ തന്നെ തീരുമാനിച്ചു. നാട്ടിലെ രീതികള്‍ക്ക് വിപരീതമായി, അപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന രാജ്യത്ത് പള്ളിക്കും അതിനോട് എതിരഭിപ്രായമില്ലായിരുന്നു. അവിടെ കൂദാശകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നില്ല.

ഡെമോക്രസി, കമ്മ്യൂണിസം തുടങ്ങിയ മറ്റേത് social technic ഉം പോലെ സമൂഹത്തെ നിയന്ത്രിക്കാനുള്ള ഒരുപാധിയല്ലേ മതവും എന്ന് മക്കള്‍ ചോദിക്കുമ്പോള്‍ അത് ശരിവയ്ക്കാന്‍ മാത്രമേ എനിക്ക് നിവര്‍ത്തിയുള്ളൂ. മാതാപിതാക്കളുടെ മതത്തില്‍ മക്കളും ഉള്‍പ്പെടണമെന്ന വാശി ബാലിശവും സങ്കുചിതവുമാണ്. സഹിഷ്ണുത എന്ന വാക്കിനര്‍ത്ഥം സ്വന്തം അഭിരുചിക്ക് ഇണങ്ങുന്നതും ഇണങ്ങാത്തതും മന:ക്ഷോഭം കൂടാതെ വീക്ഷിക്കാനും വ്യത്യസ്തതകളുടെ അനിവാര്യത അംഗീകരിക്കാനുമുള്ള സന്നദ്ധത, അതിനുള്ള കഴിവ്‌ എന്നാണ്. പക്ഷേ, നമ്മള്‍ മതസഹിഷ്ണുതയെന്ന വാക്കുപയോഗിക്കുമ്പോള്‍, അതില്‍ മിക്കപ്പോഴും, എന്റെ മതം മറ്റേതിലും മെച്ചം എന്ന നേര്‍ത്ത യുക്തിഹീനതയുടെ ഉള്ളടക്കമുണ്ട്. മറ്റ് വഴിയില്ലാത്തതുകൊണ്ട് ബാക്കിയുള്ളവയെ സഹിക്കുന്നതാണ് മിക്കവര്‍ക്കും സഹിഷ്ണുത, അല്ലാതെ പരസ്പര ബഹുമാനത്തില്‍നിന്നുദിക്കുന്ന വകവയ്പ്പല്ല. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഈ വാക്കുപയോഗിച്ചിരിക്കുന്നതെല്ലാം സംശയമെന്യേ ഈയര്‍ത്ഥത്തിലാണ്. അതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് മിശ്രവിവാഹത്തില്‍ സഭയുടെ നിലപാട്. അന്യ മതസ്ഥരെ വിവാഹം കഴിക്കാം. പക്ഷേ, ഉണ്ടാകുന്ന കുഞ്ഞുങ്ങളെ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാം എന്ന് വാഗ്ദാനം ചെയ്യണം. ഇത് കള്ള (pseudo)സഹിഷ്ണുതയാണന്നത് ആര്‍ക്കും വ്യക്തമാണല്ലോ.

ഇതാകട്ടെ വെറും പിടിവാശിയാണ്. കാരണം, ഏതെങ്കിലും മതത്തില്‍ ജനിച്ചുവീഴുകയെന്നത് സ്വാഭാവികമല്ല. മനുഷ്യന്‍ വരുത്തിവയ്ക്കുന്നതാണതെങ്കിലും, ഏത്‌ മതത്തില്‍ ഒരാള്‍ ജനിക്കുന്നു എന്നത് തികച്ചും യാദൃശ്ചികമാണത്. അപ്പോള്‍, താന്‍ ജനനത്തിലൂടെ പരിചയപ്പെട്ട മതം ബാക്കിയുള്ളവയെക്കാളൊക്കെ ശ്രേഷ്ഠമെന്നത് ഏത്‌ യുക്തിയിലാണ് ഊന്നിനില്‍ക്കുക? മറ്റേതൊരഭിപ്രായവും പോലെ (മതം = അഭിപ്രായം, കാഴ്ചപ്പാട്) മതവും ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാകണം. അതിന് സ്വാതന്ത്ര്യമാവശ്യമാണ്. ബൌദ്ധികമായ ഉണര്‍വിനൊത്ത് അഭിപ്രായം മാറാനുള്ള സാഹചര്യം സൃഷ്ടിക്കാതെ മാനസികവികാസം സാദ്ധ്യമല്ല. എന്റെ മതം മെച്ചമെന്ന വീക്ഷണം അന്ധമാണ്. എല്ലാ തീവ്രവാദങ്ങള്‍ക്കുമടിസ്ഥാനം ഈയന്ധതയാണ്. കമ്മ്യൂണിസ്റ്റുകാരായാലും മതവിശ്വാസികളായാലും അവര്‍ പറയുന്നത് മാത്രമാണ് ശരിയെന്ന വാശി അന്ധതയാണ്. അവര്‍ക്കപ്പുറം ലോകമുണ്ടെന്ന് മറക്കുന്നതിനു തുല്യമാണത്.

കുറേ നാള്‍ ഒരിടത്ത് തളച്ചിട്ടിട്ട്‌ മറ്റൊന്ന് തിരഞ്ഞെടുക്കാനനുവദിക്കുന്നതിലും മെച്ചം ആദ്യം തന്നെ തുറന്നുവിട്ടിട്ട് വേണ്ടതേതെന്നു സ്വയം കണ്ടെത്താനുള്ള സാഹചര്യമനുവദിക്കുകയാണ്. അതാണ്‌ വിവരമുള്ള മാതാപിതാക്കള്‍ മക്കളോട് ചെയ്യേണ്ടത്. കുരുന്നുഹൃദയങ്ങളില്‍ ഒരു മതത്തിന്റെ മാത്രം വിശ്വാസങ്ങള്‍ അടിച്ചുറപ്പിക്കുന്ന രീതി രാക്ഷസീയം തന്നെയാണ്. അതാണ്‌ ഇന്ന് sunday school എന്ന നിര്‍ബന്ധ മതബോധനത്തിലൂടെ കത്തോലിക്കാപ്പള്ളികള്‍ ചെയ്യുന്നത്. സ്കൂളുകളില്‍ മതത്തിനല്ല, ധാര്‍മ്മികതക്കാണ് ഊന്നല്‍ കൊടുക്കേണ്ടത്. ഇന്ന് സണ്ടേസ്കൂളുകളിലും ഖുറാന്‍സ്കൂളുകളിലുമൊക്കെ നടക്കുന്നത്, വിശ്വാസത്തിനായി മരിക്കാന്‍ തയ്യാറുള്ള ചാവേര്‍പ്പടയെ സൃഷ്ടിച്ചെടുക്കുകയാണ്. ഇതില്‍പ്പരം ബുദ്ധിഹീനതയും അരക്ഷിതാവസ്ഥയും ഉണ്ടോ! നിഷ്പക്ഷമായ ബുദ്ധിയാണ് ഓരോ മതത്തിന്റെയും മക്കള്‍ ഉപയോഗിക്കുന്നതെങ്കില്‍, തങ്ങളുടെ വിശ്വാസമാണ് മറ്റ് ഏതിനെക്കാളും മെച്ചമെന്ന് ഇവര്‍ക്കെല്ലാം ഒരേ സമയം എങ്ങനെ ഉറപ്പിച്ചു പറയാനാകുന്നു എന്നത് വിചിത്രം തന്നെയല്ലേ? ഈ ഉറപ്പിച്ചു പറയലാണ് ഓരോ മതബോധനക്ലാസ്സിലും നടക്കുന്നതെന്നതില്‍ എന്തു സംശയമാണുള്ളത്? എതിരഭിപ്രായങ്ങളെയും വിമതസ്വരങ്ങളെയും കണ്ണടച്ചെതിര്‍ക്കുന്നതിലൂടെയാണ് സ്വേച്ഛാധികാരികള്‍ ഉണ്ടാകുന്നത്.

Generated from archived content: essay1_nov16_2011.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here