കാഴ്‌ചയുടെ പൊരുൾ

പുറത്തുള്ളവയെപ്പറ്റി ഇന്ദ്രിയങ്ങൾ നമുക്ക്‌ തരുന്ന അറിവുകൾ ശരിയാണെന്ന ധാരണയാണ്‌ മനുഷ്യർ വച്ചുപുലർത്തുന്ന ഏറ്റവും വലിയ മിഥ്യ. നാം കാണുന്നതും കേൾക്കുന്നതും മണക്കുന്നതുമൊക്കെ അതേപടി അവിടെ വെളിയിലുള്ള യഥാർത്ഥ്യങ്ങൾ ആണെന്നു തന്നെയാണ്‌ മിക്കവരും കരുതുന്നത്‌. ഇതെത്ര വലിയ ഒരബദ്ധമാണെന്ന്‌ ഈ ലേഖനത്തിലൂടെ തെളിഞ്ഞുവരുമെന്നാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. അതായത്‌, നാം ഇന്ദ്രീയങ്ങളിലൂടെ അനുഭവിക്കുന്ന ലോകം നമ്മുടെ തന്നെ സൃഷ്‌ടിയാണ്‌ എന്ന സത്യം ഒരു വലിയ തിരിച്ചറിവായിത്തീരാം.

പദാർത്ഥം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്‌, പദത്തിന്റെ (ശബ്‌ദത്തിന്റെ) അർത്ഥമെന്നും അതേസമയം വസ്‌തുവെന്നും ആണ്‌. അതായത്‌, വസ്‌തുക്കളെ ‘മനസ്സിൽ ആക്കുന്നതും’ അവയ്‌ക്ക്‌ പേരിടുന്നതും ഒരുമിച്ചു പോകുന്ന പ്രവൃത്തികളാണ്‌. ഒരു പദം മനസ്സിലൊരർഥം സ്‌ഫുരിപ്പിക്കുമ്പോൾ, ഈ പറഞ്ഞ രണ്ട്‌ തരത്തിലും അതൊരു പദാർത്ഥമായിത്തീരുന്നു. ആദ്യത്തേത്‌ സൂക്ഷ്‌മതലത്തിലും, രണ്ടാമത്തേത്‌ സ്‌ഥൂലതലത്തിലും. മറ്റു തരത്തിൽ പറഞ്ഞാൽ, ഓരോ വാക്കും അകത്തും പുറത്തുമുള്ള, സൂക്ഷമവും സ്‌ഥൂലവുമായ തലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ പദാർത്ഥ രൂപീകരണത്തിനു മിക്കപ്പോഴും ഇന്ദ്രീയങ്ങളാണ്‌ നമ്മെ സഹായിക്കുന്നത്‌.

അറിവും ഇന്ദ്രിയങ്ങളും

കാഴ്‌ചയെ കണ്ണുമായി ബന്ധപ്പെടുത്തിയാണ്‌ സാധാരണ നാം ചിന്തിക്കാറുള്ളതെങ്കിലും, ഏത്‌ ഇന്ദ്രീയത്തിലൂടെ കിട്ടുന്ന അറിവിനെയും കാഴ്‌ചയെന്നു വിളിക്കാം. എന്നാലും ചുറ്റുപാടുകളെപ്പറ്റിയുള്ള ധാരണ കരഗതമാക്കാൻ ഓരോ ജീവിക്കും ഓരോ ഇന്ദ്രീയം പ്രഥമസ്‌ഥാനത്ത്‌ നിൽക്കുന്നുണ്ട്‌. മനുഷ്യനത്‌ കണ്ണാണെങ്കിൽ, വവ്വാലിന്‌ അത്‌ ശ്രവണേന്ദ്രീയമാണ്‌, പാമ്പിനത്‌ സ്‌പർശമാണ്‌ ത്വക്കിലൂടെയും നാക്കിലൂടെയും ലഭ്യമാകുന്ന പ്രകമ്പനങ്ങളിലൂടെയാണത്‌ ചുറ്റുപാടുകളെ അറിയുന്നത്‌. ഇന്ദ്രീയവിഷയമായ വസ്‌തുവിൽനിന്നുള്ള ഊർജ്ജപ്രസരം ഒന്നുതന്നെയായിരിക്കേ, വ്യത്യസ്‌ഥ ജീവികൾ അതാതിന്റെ രീതിയിൽ അതിനെ വ്യാഖ്യാനിച്ച്‌ അവയ്‌ക്ക്‌ വേണ്ടുന്ന ‘അറിവ്‌ ശേഖരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിൽ നിന്ന്‌ വ്യക്തമാകുന്നത്‌. ’കാഴ്‌ച‘ ഇന്ദ്രീയത്തിലല്ല, മറിച്ച്‌, തലച്ചോറിലാണ്‌ സംഭവിക്കുന്നത്‌ എന്നാണ്‌.

“പ്രത്യക്ഷമെന്നു പറയുമ്പോൾ കണ്ണുകൊണ്ട്‌ കാണുന്നതാണ്‌ പ്രധാനം എന്ന തോന്നലുണ്ടാവാം. എന്നാൽ, ഓരോ ഇന്ദ്രീയത്തെയും കണ്ണായി കരുതിപ്പോന്നിരുന്ന ഭാരതീയദർശനത്തിൽ വർണങ്ങളെപ്പോലെ തന്നെ സപ്‌തസ്വരങ്ങളും ഷഡ്രസങ്ങളും പഞ്ചപ്രാണങ്ങളും അവധിയില്ലാത്ത രസവൈവിധ്യങ്ങളും ആകാരങ്ങൾക്ക്‌ വികാരങ്ങളുടെ അനന്തവിസ്‌തൃതിയുണ്ടാക്കിവയ്‌ക്കുന്നുണ്ട്‌. അതായത്‌, ഓരോ ഇന്ദ്രീയവും ഓരോ തരം കാഴ്‌ചയെയാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌.” (മനശാസ്‌ത്രം ജീവിതത്തിൽ, നിത്യചൈതന്യയതി. അ.20)

നമുക്ക്‌ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനുമൊക്കെ സാധിക്കുന്നത്‌ ഈ പ്രവൃത്തികൾക്കുള്ള വിഷയങ്ങൾ അതേപടി അവിടെയുള്ളതുകൊണ്ടാണ്‌ എന്ന വിചാരം അത്ര ശരിയല്ലെന്ന്‌ പറഞ്ഞാൽ സ്വീകരിക്കാൻ എല്ലാവർക്കും തന്നെ ബുദ്ധിമുട്ടാവും. പക്ഷേ, വാസ്‌തവത്തിൽ ബാഹ്യലോകം വ്യക്തിബോധത്തിൽ യഥാർഥ്യത്തിന്റെ ഏതോ വിധത്തിലുള്ള ഒരു പ്രതിഫലനമുണ്ടാക്കുകയാണ്‌ ചെയ്യുന്നത്‌. ഇക്കാര്യം മനസ്സിലാക്കാൻ, ടെലിവിഷന്റെ പ്രവർത്തനരിതി സഹായിക്കും. (ഈ ഉപമ എൽ.എസ്‌.ഡി. യുടെ കണ്ടുപിടുത്തത്തോടെ പ്രശസ്‌തനായിത്തീർന്ന ആൽബെർട്ട്‌ ഹോഫ്‌മന്റെയാണ്‌) നമ്മുടെ ശരീരം ഉൾപ്പെടെയുള്ള ബാഹ്യലോകം ഊർജ്ജപ്രസരണത്തിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്‌. ഈ സ്‌പന്ദനങ്ങളെ സ്വീകരിക്കുന്ന ഏരിയലുകളാണ്‌ ഇന്ദ്രീയങ്ങൾ. എന്നാലവയെ പടവും സ്വരവുമാക്കി പ്രതിബിംബിപ്പിക്കുന്ന സ്‌ക്രീൻ നമ്മുടെ ബോധതലമാണ്‌. കൃത്യമായി പറഞ്ഞാൽ തലച്ചോറിന്റെ പണിയാണത്‌. ഏരിയലിന്റെ ഗുണവും മേന്മയുമനുസരിച്ച്‌, പടം വ്യക്തമോ അവ്യക്തമോ ആകാം.

കണ്ണെന്ന ഏരിയലിനെ നമുക്കൊന്ന്‌ പരിശോധിക്കാം വസ്‌തുക്കളിൽ പതിയുന്ന പ്രകാശം പ്രതിഫലനത്തിലൂടെ നേത്രാന്തരപടലത്തിൽ തട്ടുമ്പോഴുണ്ടാകുന്ന തരംഗങ്ങൾ ദൃക്തന്ത്രികളിലൂടെ തലച്ചോറിലെത്തുന്നതുകൊണ്ടാണ്‌ കാഴ്‌ച സാധ്യമാകുന്നത്‌. അതിനിടയിൽ സംഭവിക്കുന്നതൊക്കെ ശാസ്‌ത്രമാനങ്ങളാൽ അളക്കാവുന്നവയാണ്‌. എന്നാൽ നാഡികൾ വഴി തലച്ചോറിൽ എത്തുന്ന വിദ്യുത്‌പ്രചോദനങ്ങൾ വസ്‌തുവിന്റെ പ്രതിബിംബമായി രൂപാന്തരപ്പെടുന്ന രഹസ്യം ഒന്നുകൊണ്ടും അളക്കാനാവാത്ത ഒരു പ്രതിഭാസമാണ്‌, (ഭാസം – പ്രകാശം; പ്രതിഭാസം – പ്രകാശപ്രതിബിംബം) പ്രകാശം വൈദ്യുത – കാന്തതരംഗങ്ങൾ ആണ്‌. ഫോട്ടോൺ എന്ന കണമാണ്‌ അതിന്റെ സൂക്ഷ്‌മ ഘടകമെങ്കിലും അവ സഞ്ചരിക്കുന്നത്‌ തരംഗരൂപേണയാണ്‌. വൈദ്യുത-കാന്തതരംഗങ്ങൾക്കു ഒരു മീറ്ററിന്റെ ശതകോടിയിലൊന്നു തൊട്ടു പല മീറ്റർ വരെ വ്യാസമാകാം. റേഡിയോ തരംഗങ്ങൾ രണ്ടാമത്തേതിന്‌ ഉദാഹരണമാണ്‌. ഓരോ വസ്‌തുവും അതിന്റെ ഘടനയും പ്രതലവുമനുസരിച്ച്‌ അതിൽ ചെന്നു പതിക്കുന്ന പ്രകാശത്തെ വിഗിരണം ചെയ്യുന്നുവെങ്കിലും അവയിൽ ഒരു നിശ്ചിത തരംഗവ്യാപ്‌തിക്കുള്ളിലുള്ളവയെ മാത്രമേ നമ്മുടെ റെറ്റിനക്ക്‌ സ്വീകരിക്കാനാവൂ. 350 മുതൽ 750 നാനോ മീറ്റർ വരെയാണ്‌ ഈ അലകളുടെ വ്യാപ്‌തി. ( ഒരു നാനോ മീറ്റർ – പത്ത്‌ ലക്ഷത്തിലൊരു മില്ലിമീറ്റർ ) 350എൻ.എം. തരംഗങ്ങൾ നമുക്ക്‌ നീലയാണ്‌. 750 എൻ.എം. ചുകപ്പ്‌. അതിനിടയിലുള്ളവ സപ്‌തവർണങ്ങളിൽ ബാക്കിയോരോന്നുമായി തലച്ചോറിനാൽ വ്യാഖ്യാനിക്കപ്പെടുന്നു.

ഇതിൽനിന്നൊക്കെ നമുക്ക്‌ പലതും അനുമാനിക്കാം. ഉദാഹരണത്തിന്‌, പ്രകാശത്തിന്റെ ഇതേ തരംഗവ്യാപ്‌തിയെ സ്വീകരിക്കാൻ ട്യൂൺ ചെയ്‌തിട്ടുള്ള മറ്റൊരു ജീവി കാണുന്നത്‌ നമ്മുടെ നിറങ്ങളായിരിക്കണമെന്നില്ല. കളർ ബ്ലൈന്റ്‌ ആയ മനുഷ്യർ തന്നെ ഇതിനൊരു തെളിവാണ്‌. അതുപോലെ തന്നെ, പ്രകൃതിയിലുള്ളവയെ, നമുക്ക്‌ കാണാനാവാത്ത, എണ്ണമില്ലാത്തത്ര നിറങ്ങളിലും മണങ്ങളിലും സ്വരങ്ങളിലും രുചികളിലും കൂടി ’കാണുന്ന‘ ജീവികളുമുണ്ട്‌. യന്ത്രസഹായത്തോടെ മാത്രം നമുക്ക്‌ തിരിച്ചറിയാനാകുന്ന ഇൻഫ്രാറോട്ടും അൾട്രാവയലെറ്റും കാണുന്ന അല്‌പപ്രാണികൾ പോലുമുണ്ടെന്ന്‌ ജന്തുശാസ്‌ത്രം സ്‌ഥിരീകരിക്കുന്നുണ്ടല്ലോ.

എങ്കിൽ, ഇതോടൊപ്പം, ഞെട്ടലുണ്ടാക്കുന്ന മറ്റൊരു വസ്‌തുതയും നാം അംഗികരിക്കേണ്ടിവരും. അതായത്‌, നിറങ്ങൾ നാം കാണുന്നവയിലല്ല, മറിച്ച്‌, അവ നമ്മുടെ തലച്ചോറിന്റെ സൃഷ്‌ടിയാണ്‌. ചുവന്ന പൂവെന്നു പറയുമ്പോൾ പ്രകൃതി അതിന്റെ ഇതലുകളിൽ ചുകപ്പുനിറം തേച്ചുപിടിപ്പിച്ചിരിക്കുന്നു എന്നല്ലേ നാം അർഥമാക്കുക? എന്നാൽ സത്യമതല്ല. എല്ലാ(എന്ന്‌ വച്ചാൽ, നമുക്ക്‌ കാണാനാവാത്തവയും) നിറങ്ങളെയും ഉൾക്കൊള്ളുന്ന പ്രകാശം ആ പൂവിന്റെ പ്രതലത്തിൽ തട്ടുന്നുണ്ടെങ്കിലും, അതിന്റെ തനതായ രാസഘടനമൂലം, ചില നിശ്ചിത അലവ്യാപ്‌തിയിലുള്ളവ മാത്രമാണ്‌ വിഗിരണം ചെയ്യപ്പെടുന്നത്‌. ബാക്കിയെല്ലാം ആഗിരണം ചെയ്യപ്പെടുകയാണ്‌. പ്രതിഫലിക്കുന്നവയിൽ നിന്ന്‌ നമുക്കാകുന്നവയെ (ഈ ഉദാഹരണത്തിൽ, നാം ചുകപ്പായി വ്യാഖ്യാനിക്കുന്നവയെ) നാം പിടിച്ചെടുക്കുന്നു എന്നേ അതിനർത്ഥമുള്ളൂ. അതേപൂവിനെ വേറൊരു ജീവി വേറൊരു നിറത്തിൽ കാണുന്നുണ്ടാവാം. നാം കാണുന്ന നിറങ്ങളുടെയല്ലാം കാര്യത്തിൽ ഇതാണ്‌ സംഭവിക്കുന്നത്‌. മറ്റു വാക്കുകളിൽ, നിറങ്ങളെ നാമാണ്‌ സൃഷ്‌ടിക്കുന്നത്‌, അവ വസ്‌തുക്കളിൽ അങ്ങനെത്തന്നെ ഉള്ളവയല്ല!

പ്രകാശത്തിന്റെ അലദൈർഘ്യങ്ങളിൽ മനുഷ്യന്‌ വ്യാഖ്യാനിക്കുന്നവ വളരെ പരിമിതമാണ്‌. ഇവയിൽ ഏഴെണ്ണത്തെ നമ്മുടെ തലച്ചോറ്‌ ഏഴു നിറങ്ങളായി ക്ലിപ്‌തപ്പെടുത്തിയിരിക്കുന്നു എന്ന്‌ മാത്രം. ഇവക്കു വെളിയിലുള്ളവ അനന്തതയിലേക്കു നീളുന്നു. നിത്യജീവിതത്തിലെ ശാസ്‌ത്രം എന്ന കൃതിയിൽ സി. രാധാകൃഷ്‌ണൻ എഴുതുന്നു; “പ്രകാശം വിദ്യുത്‌കാന്തപ്രസരമാണ്‌. നിറമെന്നൊന്ന്‌ വാസ്‌തവത്തിൽ ഇല്ലാ വ്യത്യസ്‌ത അലനീളമുള്ള വിദ്യുത്‌കാന്തതരംഗങ്ങളെയുള്ളൂ. ഒരു പ്രത്യേക അലനീലമുള്ള തരംഗം നമ്മുടെ കണ്ണിലുളവാക്കുന്ന അനുഭൂതിയെ നാം ഒരു നിറത്തിന്റെ പേരിട്ടു വിളിക്കുന്നു, അത്രമാത്രം. നാം കാണുന്ന നിറങ്ങളെത്തന്നെ മറ്റു ജീവികളും കാണുന്നുവെന്ന്‌ ധരിക്കുന്നത്‌ മൗഢ്യമാണ്‌.”

ഇതേ തത്ത്വം മറ്റു ഇന്ദ്രീയാനുഭവങ്ങളുടെ കാര്യത്തിലും ബാധകമാണ്‌. ഉദാഹരണത്തിന്‌, കേൾവി. മലമുകളിൽ നിന്ന്‌ ഒരു വലിയ പാറ പിളർന്നു താഴേയ്‌ക്കുരുളുന്നുവെന്ന്‌ സങ്കല്‌പിക്കുക. അത്‌ വായുവിലുണ്ടാക്കുന്ന സംഘർഷം ഒരു കൊടുങ്കാറ്റിനെ സൃഷ്‌ടിച്ചെന്നിരിക്കും. എന്നാൽ ഈ വായൂമർദ്ദത്തെ ഏതെങ്കിലും തരത്തിൽ അളക്കാനോ അനുഭവിക്കാനോ കഴിയുന്ന ഒരു ജീവി അവിടെയില്ലെങ്കിൽ, ഒരു നേരിയ സ്വരം പോലുമവിടെയുണ്ടാകില്ലെന്ന്‌ പറയാം. ഇത്‌ അവിശ്വസനീയമാണെങ്കിലും, ഒന്നു കൂടി ചിന്തിച്ചു നോക്കുക. അവിടെ പൊട്ടി വീഴുന്ന പാറയും ഇടിഞ്ഞിറങ്ങുന്ന മണ്ണും മറിഞ്ഞു വീഴുന്ന മരങ്ങളുമുണ്ട്‌. അതെല്ലാം വായുക്ഷോഭത്തിനും ഊർജ്ജസ്‌ഫോടനത്തിനും കാരണമാകുന്നു. എന്നാൽ, സ്വരം സമീപത്തുള്ള ജീവികളുടെ ശ്രവണേന്ദ്രിയത്തിനുള്ളിൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്‌. നാം കേൾക്കുന്ന സ്വരം, അതു മൃദുലമോ കഠിനമോ ആയിക്കൊള്ളട്ടെ, അത്‌ അതുപോലെ പ്രകൃതിയിൽ ഉള്ളതല്ല; അവിടെയുള്ളത്‌ വെറും ഊർജ്ജസമ്മർദ്ദങ്ങളാണ്‌. വായുവിന്റെയും വൈദ്യുതിയുടെയുമൊക്കെ വ്യതിയാനങ്ങളാണ്‌ അവയ്‌ക്ക്‌ കാരണം. ഇങ്ങനെയുണ്ടാകുന്ന സംഘർഷങ്ങൾ പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ അതിവിപുലമാണ്‌. ഇവയിൽ ഒരു സെക്കന്റിന്‌ 20 മുതൽ 20,000 ഡസിബിൽ വരെ (aufop അല്ലെങ്കിൽ sonic എന്നറിയപ്പെടുന്ന) ആവൃത്തിയിലുള്ളവയെ പിടിച്ചെടുക്കാനുള്ള സജ്ജീകരണം മാത്രമാണ്‌ മനുഷ്യന്റെ ശ്രവണേന്ദ്രിയത്തിനുള്ളത്‌. തരംഗവ്യതിയാനങ്ങളനുസരിച്ച്‌ അവയെ നാം ചെറുതും വലുതുമായ ശബ്‌ദമായി വ്യാഖ്യാനിക്കുകയാണ്‌ ചെയ്യുന്നത്‌. അതായത്‌, പ്രകൃതിയിലുള്ളത്‌, വെറും സ്‌പന്ദനങ്ങളാണ്‌, ഊർജ്ജവ്യതിയാനങ്ങൾ വായുവിലുണ്ടാക്കുന്ന സമ്മർദ്ദങ്ങളാണ്‌. അവയ അളന്നു സ്വരങ്ങളായി മനസ്സിലാക്കുന്ന രീതിയാണ്‌ ശ്രവണം. ഡി.സി. ബുക്ക്‌സിന്റെ ശബ്‌ദസാഗരത്തിൽ ശബ്‌ദത്തിന്‌ അർത്ഥം പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെ. “വായുവിലുണ്ടാകുന്ന തരംഗപരമ്പരയാണ്‌ ശബ്‌ദമായി കാതിനനുഭവപ്പെടുന്നത്‌.”

ഊർജ്ജത്തിന്റെ നമുക്കാഗിരണം ചെയ്യാനാവാത്ത സങ്കോച-സ്‌ഫോടനങ്ങൾ തിരിച്ചറിയുന്ന ജീവികൾ എത്ര വേണമെങ്കിലുമുണ്ട്‌. ഉദാഃ വവ്വാൽ, നായ, ഡോൾഫിൻ, തിമിംഗലം തുടങ്ങിയവ. എന്തിനീ വലിയവർ? അല്‌പം രക്തത്തിനായി നമ്മെ ചുറ്റിപ്പറ്റി പറക്കുന്ന നിസാരനായ കൊതുകിനെ വീശിപ്പിടിക്കാനോ അടിച്ചുകൊല്ലാനോ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതെന്ത്‌? കൈയനങ്ങുന്നതിനു മുമ്പുതന്നെ അതിസൂക്ഷമമായ വായൂമർദ്ദം തിരിച്ചറിയാൻ അണുസമാനമായ അതിന്റെ ഉണ്മക്കാകുന്നു!

ഈ വിചിന്തനങ്ങളിൽ നിന്ന്‌ മിക്കപ്പോഴും നാം ഒട്ടും ശ്രദ്ധിക്കാത്ത ചില സത്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നു; നമ്മുടെ ലോകം നമ്മുടെ മാത്രം സൃഷ്‌ടിയാണ്‌. നമ്മുടെ അളവുകോലുകളും നമ്മുടേത്‌ മാത്രമാണ്‌. അവ പ്രകൃതിയെ മൊത്തത്തിൽ ബാധിക്കുന്നേയില്ല. ചരാചരങ്ങളായി പ്രകൃതിയിലുള്ളതെല്ലാം ഓരേയൊരു ഊർജ്ജത്തിന്റെ (electro-,agnetic waves) ഭാവഭേദങ്ങളാണ്‌. പഞ്ചേന്ദ്രിയങ്ങൾ അവയിലൊരു അംശവുമായി പ്രതികരിക്കുന്നതിൽ നിന്നാണ്‌ നമ്മുടെ ലോകം ഉരുത്തിരിയുന്നത്‌. ഇതിലും സുപ്രധാനമായ മറ്റൊരു വസ്‌തുതയും അംഗീകാരമർഹിക്കുന്നു. അതായത്‌, പുറത്തുനിന്നും തുടർച്ചയായി എത്തുന്ന ഊർജ്ജപ്രസരണങ്ങളെ വ്യാഖ്യാനിച്ചാണ്‌ നാം യഥാർത്ഥ്യത്തെ കണ്ടെത്തുന്നതെങ്കിൽ, ജീവൻ, ബോധം, അറിവ്‌ എന്നിവയൊന്നും സുസ്‌ഥിരമല്ല, തുടർച്ചയാണ്‌. സ്‌ഥിരവും സുനിശ്ചിതവുമായിടത്ത്‌, ജീവനില്ല, നമ്മുടെ യഥാർത്ഥ്യം (അവിടെയുള്ള അർത്ഥം എന്തോ, അത്‌) അനുനിമിഷം സൃഷ്‌ടിക്കപ്പെട്ടുകൊണ്ടരിക്കുന്ന ഇന്ദ്രീയാനുഭവങ്ങളാണ്‌, വെളിയിലുള്ള അസ്‌തിത്വഭാവങ്ങളല്ല! ഉണ്മയെന്നത്‌ നൈമിഷികമാണ്‌, ഓരോ നിമിഷത്തിന്റെയുമാണ്‌.

Generated from archived content: essay1_nov13_10.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here