ദാമ്പത്യത്തിൽ സുഗന്ധം

“ആരുടെ കൂടെ ജീവിക്കണമെന്നാഗ്രഹിക്കുന്നുവോ, ആ ആളെ കെട്ടരുത്‌. ആരില്ലാതെ നിനക്ക്‌ ജീവിക്കാനാവില്ലെന്നറിയുന്നോ, അയാളെ വിവാഹം കഴിക്കുക. ഇതിലേതു ചെയ്‌താലും, അവസാനം നിന്റെയനുഭവം പരിതാപകരമാകും” എന്നൊരിടത്ത്‌ വായിച്ചു. ഭൂരിഭാഗം മനുഷ്യരും ഇത്‌ ശരിയെന്നു തന്നെ പറയും. എന്തുകൊണ്ടാണ്‌ ഇങ്ങനെ പരിതപിക്കേണ്ടിവരുന്നത്‌? ഒരേയാളെ അയാളുമായി ഒരു സ്‌ഥിരബന്ധത്തിലായ ശേഷവും അതിന്‌ മുമ്പും കാണുന്നതിൽ വ്യത്യാസമുണ്ടെന്നാണ്‌ ഇതിനർത്ഥം. വിവാഹത്തോടെ സ്വാതന്ത്ര്യം പാരതന്ത്ര്യമാകുന്നെങ്കിൽ അതിന്‌ കാരണം ഒരാളുടെ ഭാഗത്ത്‌ മാത്രമാകില്ല. അതെന്തായാലും, അതിപരിചയം വിരസതയെ സൃഷ്‌ടിക്കുന്നത്‌ മാത്രമാണോ ഇതിനുള്ള വിശദീകരണം?

എത്രനാള്‌ കണ്ടാലും മടുപ്പ്‌ തോന്നിക്കാത്തതാണ്‌ സൗന്ദര്യം. അതാകട്ടെ എവിടെയും എപ്പോഴുമുണ്ട്‌. അത്‌ കാണാനുള്ള കഴിവാണ്‌ സൗന്ദര്യബോധം. ഇക്കാര്യം താത്ത്വികശോഭയോടെ ഇങ്ങനെ എഴുതിയിട്ടുണ്ട്‌, കവിഃ ക്ഷണേ ക്ഷണേയ നവതാ മുപൈതി, തദേവ രൂപം രമണീയതായാഃ അർത്ഥംഃ ഓരോ ക്ഷണത്തിലും പുതുമ തോന്നിപ്പിക്കുന്ന രൂപമേതോ, അതാണ്‌ സുന്ദരം. ഈ അർഥത്തിൽ സൗന്ദര്യബോധമില്ലാത്തവർ തമമിൽ ബന്‌ധിതരായാൽ ജീവിതം നരകമാകും എന്നു പറയാം. പതുക്കെ പറയേണ്ട ഒരു രഹസ്യമല്ലിത്‌. സൗന്ദര്യമെന്നാൽ ശരീരത്തിന്റേതു മാത്രമല്ല, അതിൽ കൂടുതൽ ആന്തരികമാണത്‌. വ്യക്തിത്വത്തിന്റേതാണ്‌ എന്നെവിടെയും പറഞ്ഞു കേൾക്കാറുണ്ട്‌. പക്ഷേ, പങ്കാളിയിലത്‌ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, ദാമ്പത്യം മടുപ്പിച്ചു തുടങ്ങും. വിവാഹസർട്ടിഫിക്കറ്റിനേക്കാൾ, എഴുതപ്പെടാത്ത ചില നിയമങ്ങളാണ്‌, ബന്ധത്തെ ഉറപ്പിച്ചു നിറുത്തുക. ഇവയേതൊക്കെ എന്നു നോക്കുന്നത്‌, യുവദമ്പതികൾക്ക്‌ തല്‌ക്കാലം ആവശ്യമല്ലെങ്കിലും, എന്നെപ്പോലെയുള്ള അർദ്ധവൃദ്ധർക്ക്‌ താത്‌പര്യമുള്ള വിഷയമാകാം.

അല്‌പമൊക്കെ പക്വമായ പ്രായത്തിൽ കല്യാണം കഴിച്ചയെനിക്ക്‌ പങ്കാളിയിൽ ചില ഗുണങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നയാഗ്രഹം ഏറെയായിരുന്നു. ഇങ്ങോട്ട്‌ പ്രതീക്ഷിക്കുന്നവ അങ്ങോട്ടും കൊടുക്കാനുള്ള കടം അംഗീകരിക്കേണ്ടതുള്ളതുകൊണ്ട്‌, സ്‌ത്രീക്കും പുരുഷനും (ഭരിക്കുന്നവൻ, ഭരിക്കപ്പെടുന്നവൾ എന്നർത്ഥമുള്ളതിനാൽ ഭാര്യ, ഭർത്താവ്‌ എന്ന വാക്കുകൾ ഉപയോഗിക്കുന്നില്ല) ബാധകമാകണമല്ലോ, ഈ ഗുണങ്ങൾ, ഞാനാഗ്രഹിച്ചവയിൽ പ്രധാനം ഇവയായിരുന്നു.

1. ലാളിത്യംഃ ചിന്തയിലും പ്രവൃത്തിയിലും ഉടയാടയിലും, എന്നു വച്ചാൽ, ഒരു തരത്തിലുള്ള ഏച്ചുകെട്ടലുകളുടെയും ആവശ്യമില്ലായ്‌മ. ഉള്ളതൊക്കെ അന്യരുടെ മുമ്പിൽ പ്രദർശിപ്പിക്കെണ്ടതില്ല എന്നതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ്‌, ഇങ്ങോട്ടുള്ള അന്യരുടെ പ്രദർശനങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതും, അതിനർത്ഥം, ആവശ്യമില്ലാത്ത പരാമർശങ്ങൾ, അന്വേഷണങ്ങൾ, ബോദ്ധ്യപ്പെടുത്തലുകൾ എന്നിവക്കായി സമയവ്യയം വരുത്തരുത്‌.

2. ബുദ്ധിപരമായ പെരുമാറ്റംഃ ബുദ്ധിപ്രഭാവത്തിന്റെ അളവല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌, മറിച്ച്‌ ആവശ്യം വരുന്നിടത്ത്‌ ബുദ്ധിപ്രയോഗിക്കാനുള്ള കഴിവാണ്‌. ഉദാഹരണത്തിന്‌, ഉള്ള കുറവുകൾ ചൂണ്ടിക്കാണിക്കുമ്പോൾ, തിരുത്താനായില്ലെങ്കിൽ തന്നെ, അവയെ അംഗീകരിക്കാനാവുക.

3. സത്യസന്ധതഃ തനിക്കില്ലാത്തത്‌ ഉണ്ടെന്നും, ഉള്ളത്‌ ഇല്ലെന്നും നടിക്കാതിരിക്കുക, നല്ലതായാലും, തിയ്യതായാലും.

4. ആത്മാവിന്റെ അടുപ്പം മാത്രമല്ല, ശരീരത്തിന്റെ അടുപ്പത്തെപ്പറ്റിയും ആരോഗ്യകരമായ ധാരണയുണ്ടായിരിക്കുക. ശരീരത്തിന്റെ പ്രവണതകളെയും പ്രവർത്തനത്തെയും പറ്റി എന്നപോലെ, ലൈംഗികതയുടെ സൗന്ദര്യവും വശ്യതയും മനുഷ്യന്‌ ലഭിച്ചിട്ടുള്ള വരദാനങ്ങളായി കാണാനും അവയെ പരിപോഷിപ്പിക്കാനുമുള്ള കുറവ്‌.

5. വാക്കാലെയും പ്രവർത്തിയിലൂടെയും ഇഷ്‌ടം വളർത്തിയെടുക്കാനുള്ള ആന്തരിക ബോധം. പങ്കാളിയിൽ നല്ലത്‌ വാഴ്‌ത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള എളിമ. പറയേണ്ട ഒരു നല്ല വാക്ക്‌ വിട്ടുകളയുന്നത്‌ ദാമ്പത്യത്തിൽ തീരാനഷ്‌ടമാണ്‌. വളമിടാതെ, ഇഷ്‌ടം പോലും വളരുകയില്ല. അംഗീകാരമാണ്‌ ഏറ്റവും വലിയ ദാമ്പത്യവളം. അതില്ലാത്തിടത്ത്‌ നിസ്സംഗത, ശൈത്യം, മടുപ്പ്‌ എന്നിവ അനിവാര്യമാണ്‌. സ്വന്തം കുറവുകളെ തിരുത്തുന്നതിലും പ്രധാനമാണ്‌, പങ്കാളിയിലുള്ള ഗുണങ്ങളെ അംഗീകരിക്കാൻ സൻമനസ്സു കാണിക്കുക. അതിലൂടെ ഒരദ്‌ഭുതം തന്നെ സംഭവിച്ചെന്നിരിക്കും. പ്രശസ്‌തരായ ചിലരുടെ അനുഭവങ്ങൾ നോക്കുക. *ഞാനൊരാളുമായി അടുപ്പത്തിലായി. ഈ പ്രായത്തിലും ആകർഷകമായി എനിക്ക്‌ ചിലതൊക്കെ ഉണ്ടെന്നയറിവ്‌ വല്ലാത്തതായിരുന്നു. അതെന്നെ പിടിച്ചു കുലുക്കി. എന്റെ യൗവനം മടങ്ങിയെത്തി.“ (കമല സുരയ്യ). ഏവരും സമ്മതിച്ചുകൊടുത്തിരുന്ന അനന്യമായ തന്റേടവും സവിശേഷമായ മേധാവൈഭവവുമുണ്ടായിരുന്ന മാധവിക്കുട്ടിക്ക്‌ പ്രായമായ ശേഷം ഒരാളിൽ നിന്നു കിട്ടിയ വേറേയേതോ അംഗീകാരത്തെപ്പറ്റിയാണവർ ഇവിടെ സൂചിപ്പിക്കുന്നത്‌. ഭാഷയുടെ രീതിയിൽ നിന്ന്‌, അത്‌ ശരീരത്തെ സ്‌പർശിച്ചുള്ള എന്തെങ്കിലും ആയിരിക്കാമെന്ന്‌ അനുമാനിക്കാം. തന്റെ ശരീരം അത്രയൊന്നും ആകർഷണീയമല്ലെന്നു കരുതുന്നവർക്ക്‌ പോലും, അതേപ്പറ്റി, എത്ര ചെറുതായാലും, നല്ലൊരു സൂചന പങ്കാളിയിൽ നിന്നും ലഭിച്ചാൽ, വലിയൊരു നിധി കിട്ടിയതിനു തുല്യമായിരിക്കുമത്‌. ഔഷധി പോലെ പ്രവർത്തിച്ചു തുടങ്ങും ഇത്തരമംഗീകാരങ്ങൾ.

ഒറ്റയിരുപ്പിനു വായിച്ചു തീരുന്ന ഒരു നോവലിൽ – ഒരു സങ്കീർത്തനം പോലെ, പെരുമ്പടവം ശ്രീധരൻ – ദോസ്‌തായ്വിസ്‌കി പറയുന്നുണ്ട്‌. ”വഴി നീളെ മോഹിപ്പിക്കുന്ന മൃഗതൃഷ്‌ണ കടന്ന്‌ ഞാനെത്തിയതെവിടെ? അന്നയുടെയടുത്ത്‌. ഇതിനു മുമ്പാരുമെന്നെയിങ്ങനെ സ്‌നേഹിച്ചിട്ടില്ല. നിഷ്‌കപടമായും, അലങ്കാരങ്ങളില്ലാതെയും – എന്റെ കുറ്റങ്ങളറിഞ്ഞ്‌, എന്റെ ചീത്ത വാസനകളറിഞ്ഞ്‌.“

അതേ സമയം അന്നയോർക്കുന്നതിങ്ങനെ.” ഇന്നലത്തെ ആളല്ലിത്‌. ഇന്നലെ വേദനിപ്പിച്ചതിന്‌ പിഴ മൂളും പോലെയാണ്‌ ഇന്ന്‌ സ്‌നേഹിക്കുന്നത്‌.“

എന്തൊക്കെ സംഭവിച്ചാലും, വീണ്ടും പുതുതായി തുടങ്ങാനുള്ള സാദ്ധ്യതയെ നിലനിർത്തുന്ന ദാമ്പത്യം, അല്‌പസ്വല്‌പ അസ്വാരസ്യങ്ങൾക്ക്‌ശേഷം വീണ്ടും സുന്ദരമായിത്തന്നെ തുടരും. അതിനുള്ള ധൈര്യം കൈവരുന്നത്‌, പങ്കാളിയിൽ ഇനിയും സ്‌നേഹിപ്പിക്കാനാവുന്ന പലരും ഉണ്ടെന്ന ബോദ്ധ്യമാണ്‌. അത്‌ ചിലപ്പോൾ തീർത്തും നിസ്സാരമായി മറ്റാരും കാണുന്നതായിരിക്കാം. ”എനിക്ക്‌ തന്റെ മണമിഷ്‌ടമാണ്‌.“ അല്‌പം സന്ദേഹത്തോടെ ഞാൻ പറഞ്ഞു. അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു അവളുടെ മറുപടി. ” എനിക്ക്‌ നിന്റെയും!“ അതൊരു വെളിപാടായിരുന്നു. എന്നുമോമനിക്കാനുള്ള നിർവൃതിയും. ഭിന്നിപ്പിക്കാൻ അല്‌പം വല്ലതും മതിയാവുന്നത്‌ പോലെ യോജിപ്പിക്കാനും അന്യോന്യമുള്ള കൊച്ചുകൊച്ചു കണ്ടെത്തലുകൾ മതിയാവും. അവളുടെ&അവന്റെ ഭാഗത്ത്‌ എന്താണ്‌ ഇഷ്‌ടം എന്ന്‌ കണ്ടുപിടിക്കാനും, എത്ര നിസ്സാരമെന്നു തോന്നിയാലും, അത്‌ സാധിച്ചുകൊടുക്കാനും നിരന്തരം പ്രോത്സാഹിപ്പിക്കുന്ന അനുഭൂതിയാണ്‌ സ്‌നേഹമെന്നത്‌. ലൈംഗികബന്ധത്തിൽ നിസ്സാരമെന്നതില്ല എന്നറിയുന്നതാണ്‌ ദാമ്പത്യത്തിന്റെ പരിമളം നിലനിർത്താനുള്ള വിദ്യ.

”സാവധാനമൊരു പൂവ്‌ വിരിയുംപോലെ വളരുന്ന സ്‌ത്രീയുടെ രതിക്രിയയിലെ ധൃതിയില്ലായ്‌മ സ്വായത്തമാക്കാൻ പുരുഷനു സാധിക്കുമ്പോഴാണ്‌ അത്‌ ആനന്ദകരമായ ആത്മീയതയും കൂടിയാവുന്നത്‌. ഭാരരഹിതമായ ശരീരത്തോടെയുള്ള യാത്രയാണത്‌. ലക്ഷ്യമല്ല. യാത്രയാണ്‌ പ്രധാനം.“ (ഡോ. റോസി തമ്പി – സൈത്രണയാത്മീയതയും ലൈംഗികതയും) ഇതേയർത്ഥത്തിലല്ലെങ്കിലും, ”ഉത്സവമല്ല, ഉത്സവ സ്‌ഥലത്തേയ്‌ക്കുള്ള യാത്രയാണ്‌ കുടുതൽ ആനന്ദകരം എന്ന്‌ പൂജ്യം എന്ന കൃതിയിൽ സി. രാധാകൃഷ്‌ണൻ കുറിച്ചിട്ടുണ്ട്‌. ഈ ഉൾക്കാഴ്‌ചയുള്ള ദമ്പതികൾക്ക്‌ ഓരോ ദിവസവും ഒരുത്സവയാത്രയായി തോന്നും.

“വി.കെ. ശ്രീരാമന്റെ ലേഖനങ്ങൾ” എന്ന പുസ്‌തകത്തിൽ ഗ്രന്ഥകർത്താവ്‌ ഒരു താരാജൂണിനെ പരിചയപ്പെടുത്തുന്നുണ്ട്‌. വില കൂടിയ സാഹിത്യകൃതികൾ വാങ്ങി വായിക്കാൻ കഴിയാത്ത കൂലിപ്പണിക്കാർക്കായി രതികഥകളെഴുതുന്നയാൾ. ഇവ ക്രിയാത്മകവും ജീവിതഗന്ധിയുമാണെന്ന്‌ ശ്രീരാമൻ. എന്നാലിവയെ അശ്ലീലമെന്ന്‌ വിധികല്‌പ്പിക്കുന്ന ധാർമ്മികാപ്പോസ്‌തലന്മാർ അനുവദിച്ചുവിടുന്ന നീല ഫിലിമുകളെപ്പറ്റി തരാജൂൺ പരിഹസിക്കുന്നു. ‘രണ്ട്‌ ശരീരങ്ങളുടെ ഗോഷ്‌ടികളെയാണ്‌ അവ ചിത്രീകരിക്കുന്നത്‌. ഗോളടി മാത്രമായാൽ ഫുട്‌ബോളിലെന്തു രസം? ആവേശവും രസവും തോന്നണമെങ്കിൽ, പ്രതികൂലസാഹചര്യങ്ങളിലൂടെ പന്ത്‌ ഗോൾ പോസ്‌റ്റിലേയ്‌ക്ക്‌ മുന്നേറണം. ഒടുവിൽ ഗോളിയേയും വെട്ടിച്ച്‌ അകത്ത്‌! കളിക്കാരും കാഴ്‌ചക്കാരും ആനന്ദമറിയുന്നത്‌ അപ്പോഴാണ്‌.’ നിലവാരം കുറഞ്ഞ താരതമ്യമാണെങ്കിലും ശരീരത്തിന്റെ പവിത്രതയെയും ധന്യതയെയുംപറ്റി ഒന്നുമറിയാത്ത പുരുഷക്കോലങ്ങളുടെ ലൈംഗികബന്ധത്തിന്റെ ചിത്രീകരണമെന്ന നിലയിൽ ഇതിൽ പ്രസക്തിയുണ്ട്‌. സ്‌ത്രിയാണ്‌ ഇത്തരം ഗോഷ്‌ടികളിൽ അതിരില്ലാതെയപമാനിക്കപ്പെടുന്നത്‌.

എന്നിട്ടും കുടുംബങ്ങൾ അതിജീവിക്കുന്നെങ്കിൽ, അത്‌ സ്‌ത്രീയുടെ സഹനശേഷികൊണ്ട്‌ മാത്രമാണ്‌. മറ്റൊരാളിൽ, അയാൾ ക്രൂരനാണെങ്കിലും, സ്‌നേഹം കോരിച്ചൊരിയാൻ ചില മനുഷ്യർക്ക്‌ ദൈവം സവിശേഷ കഴിവു കൊടുത്തിട്ടുണ്ട്‌. അതേറ്റുവാങ്ങുന്നയാൾക്ക്‌ അതേപ്പറ്റി ബോധമുണ്ടാകുന്നില്ലെങ്കിൽ സ്‌നേഹിക്കുന്നയാൾ തീരാദുഃഖത്തിലവസാനിക്കും. സൂഫി റാബി അഃ അദവിയയുടെ ഈ വാക്കുകൾ എവിടെയെല്ലാം ആവർത്തിക്കപ്പെടുന്നുണ്ട്‌! “നിന്റെ സ്വർഗ്ഗം മോഹിച്ചോ, നരകം ഭയന്നോ അല്ല നിന്നെ ഞാനുപാസിക്കുന്നത്‌. അങ്ങനെയെങ്കിൽ ഞാനൊരു കൂലിക്കാരി മാത്രമാണ്‌. നിന്റെ സ്‌നേഹമെന്റെമേൽ ചൊരിയുമെങ്കിൽ, നിന്റെ നരകത്തിൽ വെന്തുരുകുവാനും എനിക്ക്‌ സന്തോഷമേയുള്ളൂ.”

മറ്റെല്ലാം പറഞ്ഞു കഴിഞ്ഞാലും, ബാക്കിയാവുന്ന ഒരു നഗ്നസത്യമുണ്ട്‌. ദമ്പതികൾക്കിടയിൽ സ്വരച്ചേർച്ച ഇല്ലാതാകുന്നതിന്‌ പ്രഥമവും പ്രധാനവുമായ കാരണം ജീവിതത്തിൽ ലൈംഗികതയുടെ പങ്കെന്തെന്നുള്ളതിനെപ്പറ്റി ഇരു ഭാഗത്തുമുള്ള ആശയക്കുഴപ്പങ്ങളും വ്യത്യാസങ്ങളുമാണ്‌. ജീവിതത്തിന്റെ എല്ലാ തുറകളെയും ബാധിക്കുന്ന ഒരു ജീവചൈതന്യമായി ലൈംഗികതയെ കാണാനറിയില്ലാത്ത വ്യക്തികളുടെ സമൂഹമെന്നതിലും, അതേപ്പറ്റി തീർത്തും അജ്ഞത നിറഞ്ഞ മനുഷ്യരുടെ കൂട്ടം എന്ന്‌ കേരളജനതയെപ്പറ്റി പറയുകയാണ്‌ ശരി. ലൈംഗികതയെപ്പറ്റി ഒളിച്ചും പാത്തും മാത്രം എന്തെങ്കിലും സംസാരിക്കുന്ന കപട സമൂഹങ്ങളാണ്‌ ഭാരതത്തിലെവിടെയുമുള്ളത്‌. ദൈവമറിയാതെ മനുഷ്യശരീരത്തിൽ കയറിക്കൂടിയ എന്തോ ആണ്‌ ലൈംഗികാവയവങ്ങൾ എന്ന മട്ടിലാണ്‌ അതേ ചുറ്റിപ്പറ്റിയുള്ള എല്ലാ കാര്യങ്ങളിലും മനുഷ്യരുടെ കാഴ്‌ചപ്പാടുകളും സംസാരരീതിയും പ്രവൃത്തികളും. അതുകൊണ്ട്‌ ഒരാളുടെ വിദ്യാഭ്യാസം പോലും ഇക്കാര്യത്തിൽ ഒരളവുകോലായി കരുതാനാവില്ല. സ്വാഭാവികവും സുതാര്യവുമായ നിലപാടുകളും ശിക്ഷണരീതികളും, കുടുംബങ്ങളിലും പള്ളികളിലും സ്‌കൂളുകളിലും, കെട്ടിപ്പടുക്കാതെ ആരോഗ്യകരമായ ദാമ്പത്യബന്ധങ്ങൾ രൂപപ്പെടുന്നതെങ്ങനെ, നിലനിൽക്കുന്നതെങ്ങനെ? ദാമ്പത്യബന്ധങ്ങളിലെ സുഗന്ധം ഈ പറഞ്ഞവയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്‌.

Generated from archived content: essay1_may21_11.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English