രൂപവിന്ന്യാസങ്ങൾ

ഒരു വലിയ രഹസ്യമാണിത്‌. ജീവസന്ധാരണത്തിന്‌ ഏറ്റവും ഉതകുംവിധമാണ്‌ ഓരോ ജീവിയും അതിന്റെയാകൃതി സൂക്ഷിക്കുന്നത്‌, അചേതനവസ്‌തുക്കൾ പോലും അവയുടെ ചുറ്റുവട്ടത്താൽ നിർണ്ണയിക്കപ്പെടുന്ന ആകൃതിയിലെത്തിച്ചേരുകയാണ്‌ ചെയ്യുക. മഞ്ഞിന്റെയും ഐസിന്റെയും പരലുകൾ കാലാവസ്‌ഥവ്യതിയാനത്തിനനുസരിച്ചു വ്യത്യസ്‌തമായി രൂപമെടുക്കുക മാത്രമല്ല, ചുറ്റുമുള്ള ജീവജാലത്തിന്റെ വൈകാരികതയെപ്പോലും പ്രതിഫലിപ്പിക്കുന്നുവെന്നു കൃത്യമായ പരീക്ഷണങ്ങൾ വഴി തെളിയിച്ചിട്ടുള്ളതിന്റെ സംഗ്രഹം “ജലത്തിനു പറയാനുള്ളത്‌” എന്ന ഗ്രന്ഥത്തിൽ വായിക്കാം. (മൂലകൃതിഃ Masaru Emoto. പരിഭാഷഃ മംഗലത്ത്‌ മുരളി)

എന്നാൽ നമ്മെ വിസ്‌മയിപ്പിക്കുന്ന ഒരു വസ്‌തുതയെന്തെന്നാൽ ഇവയുടെയെല്ലാം ആദിരൂപം യോനിയാണെന്നതാണ്‌. ത്രിമാനങ്ങളുടെ ഏറ്റക്കുറച്ചിലൊഴിച്ചാൽ മിക്ക സസ്യങ്ങളുടെയും ഇലകൾക്ക്‌ യോനീരൂപമാണുള്ളത്‌. പൂക്കളിലേറെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള യോനീമാതൃകകൾ തന്നെയാണ്‌. ജീവോൽപ്പത്തിയുടെ ആസ്‌ഥാനമാണല്ലോ നമുക്ക്‌ യോനി. അതിന്റെയൊരു ചെറുപകർപ്പാണ്‌ മലയാളിയുടെ താലി എന്ന്‌ എത്രപേർക്കറിയാം? ഓർക്കിഡ്‌ ഇന്ന്‌ സർവസാധാരണമാണ്‌. ഏതിനത്തിൽ പെട്ടതായാലും, മനുഷ്യയോനിയുടെ തനിരൂപം എടുത്തു കാണിക്കുന്നുവെന്നത്‌ ഓർക്കിഡ്‌ പൂക്കളുടെ ഒരു സവിശേഷതയാണ്‌. Georgia O-Keeffe ഈ വസ്‌തുത തന്റെ വിഖ്യാത ചിത്രങ്ങളിലൂടെ എടുത്തു കാണിച്ചിട്ടുണ്ട്‌. ചില ഓർക്കിഡ്‌ പുഷപങ്ങളിൽ അമ്പരപ്പിക്കുന്ന മറ്റൊരു സാദൃശ്യവുമുണ്ട്‌. ചിറകുകൾ വിരിച്ച്‌, തുത്ത്‌ വിടർത്തി, ചുവന്ന കണ്ണുകളുമായി പൂമ്പരാഗത്തിലേക്ക്‌ ചുണ്ടിറക്കുന്ന ഒരു പ്രാവിന്റെ സ്‌പഷ്‌ടമായ രൂപം! ഇതെങ്ങനെ ഒരു പൂവിന്റെ ഭാഗമായി എന്ന്‌ നാം ചോദിച്ചുപോകും. യോനിയെന്നു തന്നെ പേരെഴുതിയ ഒരു സുന്ദര കൃതി Rufus Camphausen (Diederichs Verlag, Munchen) എഴുതിയിട്ടുണ്ട്‌. അതിൽ പെൻസിലിന്റെ ലോലമായ സ്‌പർശത്തിലൂടെ Christina Camphausen സൃഷ്‌ടിച്ചിരിക്കുന്ന യോനീമാതൃകകൾ സ്‌പന്ദിക്കുന്നുണ്ടോ എന്ന്‌ തോന്നുന്നത്ര വശ്യമാണ്‌. സ്വിറ്റ്‌സർലന്റിൽ വേനലന്ത്യത്തോടെ വിളയുന്ന വാൾനട്‌സ്‌ പോട്ടിച്ചാൽ കിട്ടുന്ന പരിപ്പിന്‌ മനുഷ്യതലച്ചോറിന്റെ ആകൃതിയാണ്‌. രണ്ടു ഭാഗങ്ങളെ അയവും മാർദവവുമുള്ള പാടകൊണ്ടു വേർതിരിച്ചിരിക്കുന്നു. നേർത്ത ധമനികളോടുകൂടിയ ഒരാവരണം മൊത്തം പരിപ്പിനു പുറമേയുണ്ട്‌. തലച്ചോറിന്റെ ഉപരിതലത്തിലെന്നപോലെ വളഞ്ഞ ചാലുകൾ നിറയെ ഉണ്ടായിട്ടും ഈ പാട അനായാസം വിടുവിച്ചെടുക്കാം. എന്നാൽ പരിപ്പിന്റെ ഇരു ഭാഗങ്ങൾക്കും വീണ്ടും യോനിയുടെയാകൃതി! കടുകട്ടിയായ തോടിനെ ഒരിക്കൽ പിളർന്നു പുറത്തേക്കിറങ്ങേണ്ട അങ്കുരത്തിനു കൃസരിയോടു സാദൃശ്യം! ചുരുക്കത്തിൽ, പ്രകൃതി അവളുടെ മൂലരൂപങ്ങളെടുത്ത്‌ വിവിധ ചാരുതകൾ ചേർത്ത്‌ ചിത്ര സൗകുമാര്യങ്ങളെ വീണ്ടും കടഞ്ഞെടുക്കുന്നു, അപ്രതീക്ഷിത വൈഭവത്തോടെ. ഏതു കുരുവും മണ്ണിൽ നിന്ന്‌ ഈർപ്പവും ആകാശത്തുനിന്ന്‌ ചൂടും കിട്ടുമ്പോൾ യോനീദലങ്ങളെപ്പോലെ രണ്ടായി പിളർന്ന്‌ ജീവാങ്കുരത്തെ കരതലങ്ങൾ കൊണ്ടെന്നപോലെ ആശ്ലേഷിച്ച്‌ പുറത്തേയ്‌ക്ക്‌ ഉയർത്തി തള്ളിവിടുന്നു. ജീവന്റെ ഉറവിടമെന്ന യോനീയുടെ അർത്ഥം സംപുഷ്‌ടമാക്കപ്പെടുന്നു, സഹസ്രകോടി, കോട്യാനുകോടി തവണ!

Generated from archived content: essay1_mar5_10.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here