അഹംബോധത്തില്‍ നിന്ന് ആത്മബോധത്തിലേയ്ക്ക് എത്തിച്ചേരാനുള്ള ഏക മാര്‍ഗ്ഗം ധ്യാനമാണ്. മാനസാന്തരം എന്ന് ക്രിസ്തു പേരിട്ട ഈ അനുഭവമാണ് നമുക്കില്ലാത്തത് – ഒരു പക്ഷേ, അന്ധവിശ്വാസിയായ ഒരു ക്രിസ്ത്യാനിക്കും ഇല്ലാത്തത്. അതുകൊണ്ടാണ് നമ്മള്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല, എല്ലാ വിശ്വാസികളും മതത്തിന് അടിമപ്പണി ചെയ്തുകൊണ്ടിരിക്കുന്നത്. അടിമപ്പണി ഒരുവിധത്തില്‍ സുഖവും സ്ഥിരതയും തരുന്നതിനാല്‍ സ്വന്തം അസ്തിത്വത്തിന്റെ ഉത്തരവാദിത്തം ഉള്‍ക്കൊള്ളുന്ന സ്വാതന്ത്ര്യത്തെ സാധാരണ വിശ്വാസി ഒരിക്കലും ആഗ്രഹിക്കുന്നില്ല. വാസ്തവത്തില്‍ നമ്മള്‍ ഗഹനമായി ചര്‍ച്ച ചെയ്യേണ്ട ഏക വിഷയം ധ്യാനമാണ്. നമ്മള്‍ ധ്യാനിക്കുന്നവരാകുമ്പോള്‍ ശണ്ഠകളെല്ലാം തന്നെ അനാവശ്യമായിക്കൊള്ളും. അതുകൊണ്ട് ആദ്യം നമുക്ക് മാനസാന്തരപ്പെടാം.
നിങ്ങള്‍ക്ക് ധ്യാനം എന്തെന്നറിയാമോ, ധ്യാനം നിങ്ങള്‍ക്ക് ആവശ്യമാണോ എന്ന് എങ്ങനെ നിശ്ചയിക്കാം? അതിന്, ഓരോ ജീവിതകര്‍മ്മത്തിലും നിങ്ങളുടെ മനസ്സ് സ്വസ്ഥമാണോ എന്നന്വേഷിച്ചാല്‍ മാത്രം മതി. ധ്യാനിക്കാനറിയാവുന്നവന് സ്വന്തം മനസ്സിനെ എളുപ്പത്തില്‍ സ്വസ്ഥമാക്കാനറിയാം. എങ്ങനെ? ഈ ചോദ്യം, എന്താണ് ധ്യാനം എന്ന ചോദ്യം തന്നെയാണ്.
നിങ്ങളുടെ ജീവിതമാണെന്ന് നിങ്ങള്‍ കരുതുന്നതിനുവേണ്ടി നിങ്ങളുടെ ജീവിതമല്ലാത്ത പലതും ചെയ്യേണ്ടിവരുന്നെങ്കില്‍ നിങ്ങള്‍ ധ്യാനനിരതനല്ല. എല്ലാ ഉടയാടകളും അഴിച്ചു കളഞ്ഞാല്‍ ആരാണോ നിങ്ങള്‍ എന്നറിയുകയും അതേ സമയം നിങ്ങളല്ലാത്ത ഒരാളായി അഭിനയിക്കേണ്ടിവരികയും ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ധ്യാനിക്കാനറിയില്ല. അരുതാത്തതെന്നും ഒഴിവാക്കേണ്ടതെന്നും നിങ്ങള്‍ക്കറിയാവുന്ന പലതും അനിവാര്യമായി ചെയ്യേണ്ടിവരുന്ന ഒരു സാഹചര്യമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ധ്യാനമെന്തെന്ന് നിങ്ങള്‍ മനസിലാക്കിയിട്ടില്ല. നിങ്ങള്‍ ചെയ്യുന്നത് എന്തുമാകട്ടെ, – കിള, കുളി, വായന, വണ്ടിയോടിക്കല്‍, അലക്ക്, ഭക്ഷണമുണ്ടാക്കല്‍, കൃഷിപ്പണി, വഴി തൂപ്പ്, പ്രസവം, അദ്ധ്യയനം എന്ന് തുടങ്ങി എന്തും – അത് ചെയ്യുന്ന നേരത്ത്, അത് നിങ്ങളുടെ ജീവിതമാണെന്ന് ബോധ്യമുണ്ടെങ്കില്‍ അത് ധ്യാനം നിങ്ങളുടെ ജീവിതത്തെ ധന്യമാക്കുന്നു എന്നതിന്റെ തെളിവാണ്. പ്രകൃതിസഹജമായ അടക്കത്തിലൂടെ ജീവിതത്തെ സുന്ദരമാക്കുന്നത് ധ്യാനമാണ്. മണ്ണില്‍ നിന്നും പ്രകൃതിയില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ക്ക് ധ്യാനമൊരിക്കലും കൈവരില്ല. കാരണം, തന്നെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ശരിയായ ധാരണയുണ്ടാകുമ്പോള്‍ മാത്രം സംഭവിക്കുന്നതാണ് ധ്യാനം.
തസ്യ നിശ്ചിന്തനം ധ്യാനം (constant awareness of That) എന്നാണ് ആത്മപൂജോപനിഷത്തിലുള്ളത്. എല്ലാ സത്തിന്റെയും സത്തായ, പരമമായ സത്തയെയാണ് ‘തത്’ എന്ന് ഇവിടെ പറയുന്നത്. ആ ശബ്ദത്തോട് സംബന്ധിക പ്രത്യയം ചേര്‍ന്നുണ്ടാകുന്ന വിഭക്തി രൂപമാണ് തസ്യ. അതിന്റെ എന്നര്‍ത്ഥം. അപ്പോള്‍, അതിന്റെ അനുസ്യൂതമായ സാന്നിദ്ധ്യബോധമാണ് ധ്യാനം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അത് (തത്) എല്ലായ്പ്പോഴും എല്ലാത്തിലും പ്രഥമസ്ഥാനത്തു നില്‍ക്കുന്നു എന്ന ചിന്താശീലം. അഹംബോധത്തെ ഓരോ തവണയും മനസ്സറിഞ്ഞ് മാറ്റി നിറുത്തിക്കൊണ്ട്, തല്സ്ഥാനത്ത് പരമമായ സത്തയെ പ്രതിഷ്ഠിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുക എന്നത് മാത്രമാണ് അതിലേയ്ക്കുള്ള ഒരേയൊരു വഴി. പ്രവൃത്തിപഥത്തില്‍ അതുതന്നെയാവും ലക്ഷ്യവും.
കര്‍മ്മങ്ങളെ നിയന്ത്രിക്കുന്നത് ചിന്തയാണ്. ഞാന്‍ ഈ പ്രവൃത്തി ചെയ്യുന്നു എന്ന ഭാവത്തെയാണ് ഗീത കര്‍മ്മമെന്നു പറയുന്നത്. ഞാനല്ല അത് ചെയ്യുന്നത്, അതൊക്കെ അങ്ങനെയങ്ങ് സംഭവിക്കുകയാണ് എന്ന ഭാവത്തില്‍ അതിനെ കാണാനാകുന്നതാണ് അകര്‍മ്മം. അകര്‍മ്മത്തില്‍ അഹം മാറ്റിനിറുത്തപ്പെടുന്നു. ചിന്തയുടെ കാര്‍മ്മികന്‍ അഹംബോധമാണ്. ഇത്രടം വരെ നമുക്കൊന്നും മാറ്റാനാവില്ല. എന്നാല്‍ കര്‍മ്മങ്ങളുടെ ഗുണഭോക്താവ് അഹമായിരിക്കണം എന്ന സ്വാഭാവികമായ സ്വാര്‍ഥതാത്പര്യത്തില്‍ മനസ്സറിഞ്ഞ് തിരുത്തല്‍ വരുത്തി, അഹത്തെ അവിടെനിന്നു തുരത്താന്‍ നമുക്ക് സാധിക്കും. മാറ്റമില്ലാത്ത ഒരു കേന്ദ്രം നമുക്കുള്ളിലുണ്ടെന്നും, ഞാന്‍ അതാണെന്നും മനസ്സിന്റെ ചാഞ്ചല്യങ്ങള്‍ അതിനെ ബാധിക്കുന്നില്ലെന്നും ഉള്ള അവബോധമാണ് നിതാന്തമായ ശാന്തിയിലേയ്ക്കുള്ള മാര്‍ഗ്ഗം. ഈ കേന്ദ്രത്തെ മറക്കാനിടവരുത്തുന്നത് അഹത്തിന്റെ തിക്കിക്കയറ്റമാണ്. ശ്രദ്ധ യഥാര്‍ത്ഥ സത്തയില്‍ കേന്ദ്രീകരിക്കുമ്പോള്‍ അഹത്തിനു അര്‍ത്ഥമില്ലാതായിത്തീരുന്നു. ഈ ശ്രദ്ധയാണ് ധ്യാനം എന്ന് പറയുന്നത്. അപ്പോള്‍, ചിന്തയും കര്‍മ്മവും തുടങ്ങുന്നത് അഹത്തിലാണെങ്കിലും, അവയുടെ പരിസമാപ്തി പരമമായ സത്തയില്‍ ആയിരിക്കും. എല്ലാ അര്‍ത്ഥത്തിലും സ്വാര്‍ത്ഥത വെടിഞ്ഞ ജീവിതരീതി എന്നേ ഇതിനര്‍ത്ഥമുള്ളു. ധ്യാനം എന്തെന്ന് വിശദീകരിക്കാന്‍ സാങ്കേതികമായ വാക്കുകളുടെയോ വിദ്യകളുടെയോ ആവശ്യമില്ല. മനസ്സിനെ ശുദ്ധീകരിക്കാനുള്ള താത്പര്യം, അഭിവാഞ്ച, മാത്രമാണ് വേണ്ടത്. ഇത്ര സമയത്തേയ്ക്ക്, ഒരു സവിശേഷ രീതിയില്‍ ശരീരത്തിന്റെ നിലയുറപ്പിച്ചിരുന്ന്, ഇന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച്, ഇന്നയിന്ന മന്ത്രങ്ങള്‍ ഉരുവിട്ട് എന്നൊക്കെയുള്ള നിബന്ധനകള്‍ ആവശ്യമില്ലാത്ത ഒരു പ്രക്രിയയാണ് ധ്യാനം. അത് പഠിച്ചെടുക്കാന്‍ ഒരു കോഴ്സിന്റെയും ആവശ്യമില്ല. ചിന്തയേയും പ്രവൃത്തിയേയും നിരന്തരം നിയന്ത്രിക്കുന്ന ഒരു സ്വാഭാവികതയായി മാറാത്ത ഒരു പരീക്ഷണവും ധ്യാനമല്ല.
ശരീരത്തെ നമ്മള്‍ ദിവസേന പലതവണ കഴുകി ശുദ്ധീകരിക്കാറുണ്ട്. അതുപോലെയൊരു ശുദ്ധീകരണം മനസ്സിനും ആവശ്യമാണ്. ശരീരത്തില്‍ പൊടിയും അഴുക്കുമെന്നപോലെ മനസ്സിലും അശുദ്ധികള്‍ – അസൂയ, അഹങ്കാരം, വെറുപ്പ്, പക തുടങ്ങിയവ – വന്നു നിറഞ്ഞുകൊണ്ടിരിക്കും. അതിന്റെ ലക്ഷണങ്ങളാണ് പിരിമുറുക്കങ്ങളും അസ്വസ്ഥതകളും മറ്റും. ശരീരത്തെ കഴുകാന്‍ സോപ്പുപയോഗിക്കുന്നതുപോലെ ആത്മാവിനെ കഴുകാന്‍ വേണ്ടത് ശ്രദ്ധയാണ്. മേല്‍പ്പറഞ്ഞ ഓരോ തരം അശുദ്ധിയും ആത്മാവില്‍ കളങ്കമായി തീരുംമുമ്പ് അതിനെ തിരിച്ചറിയുക, തല്ക്ഷണം അത് നീക്കംചെയ്യുക എന്ന ശീലമാണ് ഈ പറഞ്ഞ ശ്രദ്ധ.
എന്നാലും ധ്യാനം പരിശീലിക്കാന്‍ സഹായകരമാകുന്ന ചില കാര്യങ്ങളുണ്ട്. ശാന്തശീലരായ ആളുകളുടെ സഹവാസം, ഒച്ചപ്പാടിലാത്ത ചുറ്റുപാടുകള്‍, തമോജന്യമായ മാംസാഹാരത്തെക്കാള്‍ സ്വാത്വികമായ സസ്യഭക്ഷണം, പ്രകൃതിയുമായുള്ള അടുപ്പം എന്നിവ അവയില്‍ പ്രധാനമാണ്. ജീവിതലാളിത്യം > ഹൃദയലാളിത്യം > ധ്യാനം.
ഇന്ദ്രിയനിയന്ത്രണം അതിപ്രധാനമാണ്. അവയുടെ ഉപയോഗം എത്ര കുറയുന്നുവോ, അത്രയും കുറഞ്ഞിരിക്കും അയഥാര്‍ത്ഥമായ ബാഹ്യലോകവുമായുള്ള നമ്മുടെ ബന്ധം. അത്രയും കുറച്ച് അഴുക്കേ ഉള്ളിലേയ്ക്ക് കടന്നുവരൂ. ഒരുദാഹരണം പറയട്ടെ. നമ്മള്‍ ബസ്സില്‍ യാത്ര ചെയ്യുന്നു. ഇരു വശങ്ങളിലും ആകര്‍ഷണീയമായ ചിത്രങ്ങളോടെ സ്വര്‍ണ്ണത്തിന്റെയും സില്‍ക്കിന്റെയും കാറിന്റെയുമൊക്കെ കൂറ്റന്‍ പരസ്യങ്ങള്‍ കണ്ണുകളെ ക്ഷണിക്കുന്നുണ്ടാവും. ഒരാള്‍ക്കവയെ നോക്കുകയോ അവഗണിക്കുകയോ ചെയ്യാം. അവയെ ശ്രദ്ധിക്കുക വഴി നമ്മള്‍ അത്രയുമധികം അസത്യങ്ങളെ ഉള്ളിലേയ്ക്ക് കടത്തുകയാണ് ചെയ്യുന്നത്. പരസ്യങ്ങള്‍ പോതുവെതന്നെ തൊണ്ണൂറു ശതമാനം കള്ളമാണെന്നത് അഴുക്കിന്റെ വ്യാപ്തിയെ ശതഗുണീഭവിപ്പിക്കും. വായനയുടെയും സംഭാഷണത്തിന്റെയും കേള്‍വിയുടെയുമൊക്കെ കാര്യത്തില്‍ ഇങ്ങനെയൊരു ശ്രദ്ധയില്ലെങ്കില്‍ ധ്യാനം അപ്രാപ്യമായിത്തീരും.
അന്ധന്മാരെ ഭാരതത്തില്‍ പ്രജ്ഞാചക്ഷുക്കള്‍ എന്ന് വിളിച്ചിരുന്നു. ജ്ഞാനദൃഷ്ടിയുള്ളവന്‍ എന്നാണര്‍ത്ഥം. കണ്ണുകളിലൂടെ പുറത്തേയ്ക്കൊഴുകുന്ന ഊര്‍ജ്ജത്തെയെല്ലാം അകത്തേയ്ക്കു തിരിച്ചുവിടാന്‍ അന്ധര്ക്ക് സാധിക്കും എന്നതാണ് കാരണം. കണ്ണുകളെ നിയന്ത്രിക്കുക ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ചെവികള്‍ക്ക് അത്രതന്നെ സ്വാതന്ത്ര്യമില്ല. അതുകൊണ്ടാണ് ശബ്ദമലിനീകരണം കുറ്റകരമായ ഒരു കയ്യേറ്റമായി കണക്കാക്കേണ്ടി വരുന്നത്. പൊതുസ്ഥലങ്ങളില്‍ മൈക്കിന്റെയുപയോഗം നിയന്ത്രിക്കാന്‍ പുതുതായി നിയമങ്ങള്‍ ഉണ്ടെങ്കിലും അവയെ കാറ്റില്‍ പറത്താന്‍ മടിക്കാത്തവരുടെ കൂട്ടത്തില്‍ പള്ളികളും പെടുന്നു എന്നത് ലജ്ജാകരമാണ്. നാട്ടുകാരുടെ സഹനശക്തിയെ ഇങ്ങനെ പരീക്ഷിക്കുന്നത് ക്രൂരവും അധമവുമാണ്. ധാരാളം അക്രൈസ്തവര്‍ ചുറ്റുപാടും വസിക്കുന്നുണ്ടാവും. ഉഷസ്സന്ധ്യയില്‍ ഉണര്‍ന്നിരുന്ന് ധ്യാനിക്കുന്നവരും ഈശ്വരനാമം ജപിക്കുന്നവരും ഈ ശല്യം സഹിച്ച് ജീവിക്കേണ്ടിവരുന്നു. ധ്യാനമെന്തെന്ന് ഒരു ധാരണയും വിചാരവുമില്ലാത്ത ഒരു മതത്തിന്റെ അതിക്രമങ്ങളായി വേണം ഇതിനെ കാണാന്‍.
ഒരു ചെറിയ ഹാളില്‍ ഇരിക്കുന്നവര്‍ക്ക് സ്റ്റെയ്ജില്‍ നിന്നുകൊണ്ട് ഒരാള്‍ ഉറക്കെ സംസാരിച്ചാല്‍ നന്നായി കേള്‍ക്കാമെന്നിരിക്കിലും, മൈക്കില്ലാതെ ഒരു സെമിനാറോ ചര്‍ച്ചയൊ നടത്തുന്നത് കുറച്ചിലായി കരുതുന്നവര്‍ ഉണ്ട്. പല തവണ ആവശ്യപ്പെട്ടിട്ടും മൈക്കിന്റെ മുഴക്കം അല്പമൊന്നു കുറയ്ക്കാന്‍ നടത്തിപ്പുകാന്‍ കൂട്ടാക്കാത്തപ്പോള്‍ (മുഴക്കമില്ലെങ്കില്‍ മൈക്കെന്തിന്!) സ്ഥലം വിടേണ്ട ഗതികേട് എനിക്ക് പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. ശീലത്തിന്റെ ബലമായിരിക്കാം, ഇത്തരം അവസരങ്ങളില്‍ ആരുംതന്നെ അല്പമെങ്കിലും സഹികേട് പ്രകടിപ്പിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. മലയാളിയുടെ ചെവിക്കട്ടി അപാരം തന്നെ!
ധ്യാനത്തിലേയ്ക്ക് തിരിച്ചുപോകാം. നിങ്ങളുടെ ഉളളിലാണത് എന്ന് യേശു പറഞ്ഞ ആ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴിയാണ് ധ്യാനം. നമ്മുടെ കേന്ദ്രത്തെ അറിയുക എന്നതാണ് അതിലെ ദൗത്യം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ശരീരത്തിനപ്പുറം, ഇന്ദ്രിയങ്ങള്‍ക്കപ്പുറം, മനസ്സിനപ്പുറം എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രമേ അതിനെ നമ്മുടെ കേന്ദ്രമെന്ന് വിളിക്കാനാവൂ. ശരീരത്തെ ഒരു നദിയോട് ഉപമിക്കാം. നദി നിമിഷംപ്രതി പുതുതായിക്കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ ശരീരവും മാറിക്കൊണ്ടിരിക്കുന്നു. ഒരു മാസംകൊണ്ട് നമ്മുടെ ത്വക്ക് മുഴുവനായി മാറിയിരിക്കും. ഒരു വര്‍ഷംകൊണ്ട് തലച്ചോറിലെ കോശങ്ങളുള്‍പ്പെടെ ശരീരം മുഴുവന്‍ മാറിക്കഴിഞ്ഞിരിക്കും. മനസ്സാകട്ടെ, ഓരോ നിമിഷവും പുതിയ ചിന്തകളാല്‍ നവമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ എന്ന ബോധം തുടരുന്നു. അതിനര്‍ത്ഥം ഞാന്‍ എന്നത് എന്റെ ശരീരമോ മനസ്സോ ചിന്തകളോ അല്ലെന്നാണ്. അപ്പോള്‍, ശരീരമനസ്സുകള്‍ക്ക് പിന്നിലുള്ള സൂക്ഷ്മമായ ഒരസ്തിത്വമാണത് എന്ന് വ്യക്തമാണ്. എന്നാല്‍ അതിനെ തിരിച്ചറിയാന്‍ ഒരാള്‍ക്ക് സൂക്ഷ്മദൃഷ്ടി ആവശ്യമാണ്. സ്ഥൂലദൃഷ്ടി സ്ഥൂലമായതിനെ, മാറ്റമുള്ളതിനെ മാത്രം കാണുന്നു. സൂക്ഷ്മമായതിന് സ്ഥൂലമായതിലേയ്ക്ക് കടക്കാം. ഉദാ. മനസ്സിന് ഇന്ദ്രിയങ്ങളുടെ വിഷയങ്ങളിലേയ്ക്ക് കടക്കാം; തിരിച്ച് ആവില്ല. ചലനമായ മനസ്സിന് ചലനമില്ലാത്ത സത്തയെ അറിയാനാവില്ല. പ്രാര്‍ത്ഥനക്കും അതാവില്ല. കാരണം, പ്രാര്‍ത്ഥന മനസ്സിന്റെ വ്യാപാരമാണ്. ധ്യാനമാകട്ടെ അതിലും സൂക്ഷ്മമായ ഒരു പ്രക്രിയയാണ്. അത് വെറും എകാഗ്രതയുമല്ല. ഏകാഗ്രത മനസ്സിനെ എന്തെങ്കിലുമൊന്നില്‍ പിടിച്ചു നിറുത്തുന്ന അഭ്യാസമാണ്. മനസ്സവസാനിക്കുന്നിടത്താണ് ധ്യാനം തുടങ്ങുന്നത്.
ഓഷോയുടെ ഒരു നല്ല ഉപമയുണ്ട്. ഒരു ചുഴിയില്‍ പെട്ടുപോകുന്നയാള്‍ അതിനൊത്ത് കറങ്ങിക്കൊണ്ടിരിക്കും. ചുഴിയുടെ പരിധിക്കപ്പുറം കടന്നാലേ അയാള്‍ക്ക് കറക്കം നിറുത്താനാവൂ. അഹംബോധവും ആഗ്രഹങ്ങളും വികാരങ്ങളുമെല്ലാം മനസ്സിനോടൊപ്പമുള്ള ചലനങ്ങളാണ്. സമയവും ഇടവും പോലും ഈ ചലനത്തിന്റെ ഭാഗമാണ്. ഭൂതമെന്നത് കഴിഞ്ഞുപോയതും ഇപ്പോള്‍ ഓര്‍മ്മയിലല്ലാതെ അസ്തിത്വം ഇല്ലാത്തതുമാണ്. ഭാവിയും അതുപോലെ തന്നെ, ഇപ്പോള്‍ അസ്തിത്വമില്ലാത്ത വെറും അനിശ്ചിതത്വമാണ്. നമ്മെ സംബന്ധിച്ചിടത്തോളം, സത്യത്തില്‍ ഉള്ളത് ഈ നിമിഷത്തിന്റെ അതിസൂക്ഷ്മമായ ഒരു കണിക മാത്രമാണ്. അവിടെ മനസ്സിന് ചലിക്കാന്‍മാത്രം ഇടമില്ലാത്തതിനാല്‍ അതിന്റെ ശല്യമുണ്ടാവില്ല. അവിടെ മാത്രമേ ഞാനുള്ളൂ എന്ന സത്യത്തെപ്പറ്റിയുള്ള ബോധത്തില്‍ ഉറച്ചു നില്‍ക്കുന്നതാണ് ധ്യാനം. അതായത്, ചലിക്കുന്ന എല്ലാറ്റിന്റെയും അപ്പുറം കടന്ന് എന്റെ തനിമയില്‍ അവക്കൊന്നിനും സാരമായ ഒരസ്തിത്വവുമില്ല എന്ന തിരിച്ചറിവ്. ചലനമില്ലാത്ത കേന്ദ്രമായി സ്വയം തിരിച്ചറിഞ്ഞ്, ചുറ്റും നടക്കുന്ന ചലനങ്ങളെ ഒരു സാക്ഷിയെപ്പോലെ വീക്ഷിക്കുക എന്നതാണ് അത്. മനസ്സിനെയും അഹവുമൊത്തുള്ള അതിന്റെ കളികളേയും തിരിച്ചറിയുന്ന അവബോധത്തിന്റെ അവസ്ഥയാണ് ധ്യാനം.
Generated from archived content: essay1_mar3_14.html Author: sakariyas_nedukanal
Click this button or press Ctrl+G to toggle between Malayalam and English