മനുഷ്യന്‌ ഒരാമുഖം

അന്യന്റെ തന്ത്രങ്ങൾക്കനുസരിച്ച്‌ ജീവിക്കുന്നതാണ്‌ പാരതന്ത്ര്യം, അടിമത്തം മൂന്നാല്‌ പതിറ്റാണ്ടുകളായി നമ്മുടെ നാടിനെ ഭരിക്കുന്നവർ അവരുടെ നാറുന്ന സ്വാർത്ഥതന്ത്രങ്ങൾകൊണ്ട്‌ ജനത്തെ വഞ്ചിക്കുന്ന ദുഷ്‌കൃത്യം നിർലജ്ജം തുടരുകയാണ്‌. അത്‌ ജനദ്രോഹമാണ്‌. ജനദ്രോഹത്തിനുള്ള ശിക്ഷ തൂക്കുകയറാണ്‌. നിഷ്‌ക്രിയത്വത്തിന്റെയും വഞ്ചനയുടെയും അടുത്തയൂഴം കൊതിച്ച്‌ വളരെയേറെ കോമാളികൾ രംഗത്തിറങ്ങിയിരിക്കുന്ന ഈയവസരത്തിൽ ഇങ്ങനെയെഴുതിത്തുടങ്ങാൻ പ്രേരിപ്പിച്ചത്‌ ഇതുവരെ ഞാൻ വായിച്ച ആധുനിക കൃതികളിൽ ഏറ്റവും മെച്ചമെന്ന്‌ തോന്നിയ ഒന്നിന്റെ തുടക്കത്തിൽ കഥാകൃത്ത്‌ കുറിച്ച ഈ വാക്യമാണ്‌. “ധീരനും സർവോപരി സർഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വർഷംകൊണ്ട്‌ ഭീരുവും പരതന്ത്രനുമായിത്തീർന്ന്‌ സ്വന്തം സൃഷ്‌ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട്‌, ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ്‌ മനുഷ്യജീവിതം എന്ന്‌ പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതിൽ എനിക്ക്‌ അഭിമാനിക്കാൻ ഒന്നുമില്ല.”

ജിതേന്ദ്രൻ ആൻമേരിക്കയച്ച ഒരു കത്തിൽനിന്ന്‌.

ശ്രീ. സുഭാഷ്‌ ചന്ദ്രന്റെ ഈ നോവലിനെ എത്ര പുകഴ്‌ത്താനും ഞാൻ മടിക്കില്ല. ഭാഷയേയും നർമ്മത്തേയും ചിന്തയേയും ഉണർത്തുന്ന കൃതി എന്നാണ്‌ ഏറ്റം ചുരുങ്ങിയ വാക്കുകളിൽ എനിക്കതിനെപ്പറ്റി പറയാനാകുന്നത്‌. നാൽപ്പതു വയസ്സുപോലുമില്ലാത്ത ഈ എഴുത്തുകാരൻ, കഥയിലെ മദ്ധ്യബിന്ദുവായ ജിതേന്ദ്രനെക്കൊണ്ട്‌ തന്റെ ഭാവിവധുവാകാനിരിക്കുന്ന ആൻമേരിക്ക്‌ ആറു വർഷത്തിനിടെ എഴുതിക്കുന്ന പ്രണയലിഖിതങ്ങളാണെന്നെ അങ്ങേയറ്റം ആകർഷിച്ചത്‌. കാരണം, ഏതാണ്ടിതേ രീതിയിൽ, സുഭാഷ്‌ ചന്ദ്രന്റെ ജന്മവർഷമായ 1972 മുതൽ ഞാനും ഇത്തരം പ്രണയലിഖിതങ്ങളുടെ ബലത്തിൽ മാത്രമാണ്‌ “മന്വന്തരം പോലെ ദീർഘിച്ച്‌ അഞ്ചാറു വർഷങ്ങളെ അതിജീവിച്ചത്‌. നോവലിന്റെ മിക്കവാറും അദ്ധ്യായങ്ങൾ ജീതേന്ദ്രനെഴുതിയ ഈ പ്രണയലിഖിതങ്ങളിൽ ഒന്നുകൊണ്ടാണ്‌ തുടങ്ങുന്നത്‌. അവയുടെ തനിമയിൽ അവ ആൻമേരിയുടെ കൈവിരലുകളെയും കരളിനെയും ഒരുപോലെ വിറപ്പിച്ചിരുന്നു. മനുഷ്യാന്തസിനെ സംബന്ധിച്ച്‌ ഒരു യുവാവെഴുതിവച്ച കത്തിയൊടുങ്ങാത്ത ചില ആധികളായിരുന്നു അവ നിറയെ ”മനുഷ്യന്‌ ഒരാമുഖം“ എന്ന ഈ കൃതി വാങ്ങി വായിക്കാൻ എന്റെയനുവാചകരെ പ്രചോദിപ്പിക്കാനായി കൃതിയിലെ ഏതാനും ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.

29 മാർച്ച്‌ 1999

”….. പുതിയ കാലത്തിന്റെ ഒരു വിശേഷം കേൾക്കണോ? സവർണ്ണരുടെ കൂട്ടത്തിൽ വലിയ പുരോഗമനവാദികളായി നടിക്കുന്നവർപോലും ഒരു പുതിയ പരിചയക്കാരനെ കിട്ടിയാൽ ആദ്യത്തെ അഞ്ച്‌ വാചകങ്ങൾക്കുള്ളിൽ തന്റെ ജാതി വ്യംഗ്യമായി വെളിപ്പെടുത്തും. നിനക്കറിയാമോ, വ്യക്തിപരമായി ഒരു മേന്മയും ഒരാൾക്ക്‌ അവകാശപ്പെടാനില്ലാതെ വരുമ്പോൾ, അയാൾ തന്റെ ജാതിമിടുക്കുമായി രംഗത്തുചാടുന്നു. ഒന്നുമില്ലെങ്കിലെന്താ, ഞാനൊരു സവർണ്ണനല്ലേ എന്ന്‌ ആ പാവത്തിന്‌ വിളിച്ചു പറയേണ്ടിവരുന്നു. നമ്മുടെ നാട്‌ അത്തരം ശപ്പന്മാരെക്കൊണ്ട്‌ നിറയാൻ പോവുകയാണ്‌. മട്ടും മാതിരിയും കണ്ടിട്ട്‌ ഞാൻ ഒരു നായരാണെന്ന്‌ തോന്നുന്നു എന്ന്‌ നീ എഴുതിയല്ലോ. നിന്നോടുള്ള മുഴുവൻ ഇഷ്‌ടത്തോടെ പറയട്ടെ, അങ്ങനെ നിന്നെക്കൊണ്ടു തോന്നിപ്പിച്ച എന്നെ ഞാൻ വെറുക്കുന്നു.“

15 ഏപ്രിൽ, 1999

”….. ഇവിടെ എല്ലാക്കാര്യങ്ങളുമായും ഞാൻ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. വെറ്റിലകൂട്ടി മുറുക്കുന്ന എന്റെ മേലുദ്യോഗസ്‌ഥനെക്കാണുമ്പോൾ എനിക്കു ലോകത്തിലെ മുഴുവൻ ഭരണാധികാരികളേയും ഓർമ്മവരും. ഭരിക്കുന്നവന്റെ മുഖം അടുത്തുനിന്നു നോക്കിയിട്ടുണ്ടോ? ദൈവത്തിന്റെ ഒരു കണികപോലും അതിലുണ്ടാവാകയില്ലെന്നുമാത്രമല്ല. പലപ്പോഴും അതിൽ ചെകുത്താന്റെ അമർത്തിപ്പിടിച്ച മന്ദഹാസം കാണുകയും ചെയ്യാം. കുടുംബനാഥന്മാർ മുതൽക്ക്‌ അമേരിക്കൻ പ്രസിഡന്റുവരെ ബാധകമായ ഈ കണ്ണില്ലാമുഖമ്മൂടി നാളെ നിന്റെ ഭർത്താവായിത്തീരുമ്പോൾ എന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടേക്കുമോ?“

ജിതേന്ദ്രന്റെ വധുവിനെപ്പറ്റി ഒരു വാക്ക്‌ കൂട്ടി ചേർക്കട്ടെ. ദൈവത്തിന്റെ മുഖവും ഹൃദയവുമുള്ള ഒരുവളായിരുന്നു ആൻമേരി. ഒരേസമയം അവൾ അയാളുടെ ജീവിതത്തെ സങ്കീർണ്ണവും ജീവിതവ്യവുമാക്കി. ഒരു ജോഡി വസ്‌ത്രങ്ങൾകൊണ്ട്‌ ഒരു വർഷം കഴിച്ചുകൂട്ടാൻ കഴിയുന്ന തരത്തിലുള്ള ലാളിത്യവും വെറും പച്ചവെള്ളം മാത്രമുപയോഗിച്ച്‌ പൈദാഹങ്ങൾ ശമിപ്പിക്കാനുള്ള അദ്‌ഭുതസിദ്ധിയുംകൊണ്ടാണ്‌ ആൻമേരി വന്നത്‌. ജിതേന്ദ്രനെപ്പോലുള്ള ഒരാൾക്ക്‌ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്‌ത്രീധനമായിരുന്നു അത്‌ രണ്ടും.

സർഗാത്മഗതയുടെ ദൈവികതയെന്തെന്നും കണ്ണീരിനെ ചിരിയായും മറിച്ചും അതിനെങ്ങനെ പരിവർത്തിപ്പിക്കാനാവുമെന്നും, പ്രിയ വായനക്കാരേ, ഈ കഥയിലൂടെ അനുഭവിച്ചറിയുക. മനുഷ്യന്‌ ഒരു ആമുഖം സുഭാഷ്‌ ചന്ദ്രൻ, ആദ്യമുദ്രണം – ഒക്‌ടോബർ 2010, ഡി.സി. ബുക്‌സ്‌ കോട്ടയം.

Generated from archived content: essay1_jun10_11.html Author: sakariyas_nedukanal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English