ബുദ്ധിവികാസത്തിന്റെ പടവുകളിലെവിടെയെങ്കിലും വച്ച് ഓരോരുത്തരും സ്വയം ഈ ചോദ്യമെറിയേണ്ടിവരും. ഇക്കാണുന്നതൊക്കെയും അതിനിടയിൽ ഈ ഞാനും എവിടെ നിന്ന്? ശൂന്യതയിൽ നിന്നൊന്നും ഉണ്ടാവില്ലെന്നത് യുക്തിയുടെ ആദ്യകണ്ടെത്തലുകളിലൊന്നാണ്. എങ്കിൽ, ഇക്കാണുന്നതൊക്കെ എന്നുമുണ്ടായിരുന്ന ഏതോ ഒന്നിൽ നിന്ന് വന്നതായിരിക്കണം. എന്നുമുണ്ടായിരുന്നത് ഇനിയും തുടർന്നും ഉണ്ടായിരിക്കും. ആ ശക്തി എന്താണെങ്കിലും അതിനെ അനന്തബോധമായിട്ടെ മനസ്സിലാക്കാനാവൂ.
അപ്പോൾ സ്‌ഥൂലത എവിടെ നിന്നുണ്ടായി? അനന്തബോധം പരിപൂർണമായിരിക്കേണ്ടതുണ്ട്. അതുകൊണ്ട്, നാം കാണുന്ന, അനുഭവിക്കുന്ന, അപൂർണ്ണത നിറഞ്ഞ ലോകവും അനന്തബോധവും തമ്മിലുള്ള ബന്ധമെന്തന്നറിയാൻ മനുഷ്യബുദ്ധി കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്, ഫലമില്ലാതെ. അതവിടെ നില്‌ക്കട്ടെ.
എത്ര പരമവും പരിപൂർണമായാലും, ഏകാന്തതയിൽ നിത്യാനന്ദം എങ്ങനെയാണ് സാധ്യമാകുക? ഏകാകിത മരണതുല്യമായിട്ടനുഭവിക്കുന്ന മനുഷ്യന്റെ ബുദ്ധിക്കു അത് വിശദീകരിക്കാനാവില്ല. എന്നാലുമൊന്നു ശ്രമിക്കാൻ മനുഷ്യർ മടിച്ചിട്ടില്ല. ആ ശ്രമത്തിന്റെ ഫലമാണ് ക്രിസ്‌തുമതത്തിലെ ത്രീത്വവും ഹിന്ദുവിന്റെ ബ്രഹ്‌മത്രയ (ശിവൻ, വിഷ്‌ണു, ബ്രഹ്‌മാവ്)വുമൊക്കെ ഇവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന യുക്തി ഒന്നുതന്നെ. അതായത്, ദൈവം പരിപൂർണതയായിരിക്കണം; പരിപൂർണത ആനന്ദമായിരിക്കണം; സ്‌നേഹിമില്ലാതെ ആനന്ദമില്ല; ഏകമായിരുന്നുകൊണ്ട് സ്‌നേഹിക്കാനാവില്ല. അങ്ങനെയെങ്കിൽ, പരമസത്തയിൽ ഏകത്വമല്ല, ബഹുത്വമുണ്ടാവണം.
എങ്കിൽ, ഇവ ബഹുത്വത്തിന്റെ ഘടനയെന്തായിക്കാം? ദ്വത്വം? ത്രീത്വം? ഇതെപ്പറ്റി ആലോചിച്ചനടക്കുമ്പോൾ ഇബ്‌നു അറബിയുടെ ഈ വരികൾ കണ്ണിൽപെട്ടുഃ ഒന്നിൽ നിന്ന് യാതൊന്നമുണ്ടാകുന്നില്ല. അക്കങ്ങളിൽ ആദ്യം തന്നെ രണ്ടാണ് (2) കൂട്ടിയോജിപ്പിക്കുന്ന മൂന്നമതൊന്നിന്റെ അഭാവത്തിൽ ഒന്നും(1) രണ്ടും (2) നിത്യമായി വേർപെട്ടു തന്നെ നില്‌ക്കും. ഏറ്റവും കുറഞ്ഞ ബഹുത്വം മൂന്നാണ് (3) ബഹുത്വമാണെങ്കിലും അത് ഒറ്റയാകുന്നു.
ഗണിതപരിജ്ഞാനത്തിന്റെ കുറവുകൊണ്ട് എനിക്കിതത്ര മനസ്സിലായില്ല. അപ്പോൾ അബ്‌ദു റഹ്‌മാൻ ബദവി സഹായത്തിനെത്തി. അദ്ദേഹം പറയുന്നുഃ ഒന്നല്ല (1), മൂന്നാണ് (3) ആദ്യ സംഖ്യ. ആദ്യത്തെ അക്കം 2 ആണ്. ഒന്ന് (1) അക്കമല്ല, അക്കങ്ങളുടെ മൂലമാണ്. ഗൂഢവിചാരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗണിതത്വങ്ങൾ അനന്തസത്തയിലേയ്‌ക്ക് ചെലുത്തിയാൽ, ആദ്യം തുടങ്ങിയ ബിന്ദുവിലെത്തും. അതായത്, ഒറ്റയായുള്ളയസ്‌തിത്വം അനന്തസത്തക്കുപോലും സാധ്യമല്ല. അവിടെയും സ്‌നേഹിക്കാനൊരു വിഷയം വേണം. മറ്റൊന്നില്ലാതെ സർവ്വസ്വവുമായിരിക്കുന്നത് ഏതോ അതിന് അതിന്റെ സ്‌നേഹഭാജനം അതുതന്നെയല്ലേ അകാനാകൂ? എങ്കിൽ, നമ്മെക്കാൾ വലിയ കുഴപ്പത്തിലായിരുന്നു അനാദിസത്ത. സ്വയം സ്‌നേഹിച്ച്, അത് രണ്ടാമാതൊന്നിനെ സ്‌നേഹിക്കുന്നതിനു തുല്യമാക്കണം. പ്രേമി, പ്രേമഭാജനം പ്രേമം, എല്ലാം വേണം; എല്ലാം അതിൽത്തന്നെ ഒന്നായിരിക്കുകയും വേണം. ഓരോ സമയം ഒറ്റയും ബഹുത്വവുമായി ഭവിക്കുക. എങ്ങനെ ഭ്രാന്തുപിടിക്കാതിരിക്കും?
പക്ഷേ, ഭ്രാന്ത് മനുഷ്യബുദ്ധിയിലാണ്. എത്ര ചുറ്റിക്കറങ്ങിയാലും കൃത്യമായ ഒന്നിലും അതെത്തുന്നില്ല. നമ്മുടെതന്നെ ഉള്ളിലെ ഭൂതങ്ങളെ കണ്ടു ഭയക്കുന്ന നാം എങ്ങനെ പരമാത്മാവിന്റെ സത്താസംവിധാനത്തെപ്പറ്റി ഗ്രഹിക്കും? കടൽത്തീരത്തിരുന്നു കടലിനെ ഒരു കക്കയ്‌ക്കുള്ളിലാക്കാൻ ശ്രമിച്ച കുട്ടിയെപ്പറ്റി സെന്റഗസ്‌റ്റിൻ പറഞ്ഞിട്ടുള്ളതാണ് ഇവിടെ ആപ്‌തമായ വിചാരം.
ഇതൊക്കെയായാലും ഒരു കാര്യം ധൈര്യം തരുന്നതാണ്. ദൈവതം അതിന്റെ സത്തയിൽതന്നെ പ്രണയബദ്ധമാണ് – എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന പ്രണയം. അതിലൊരു കണികയുടെയെങ്കിലും രുചിയറിയുക ഈ ലോകജീവിതത്തെ നമ്മൾ അല്‌പപ്രാണികൾക്കും പരിമളമുള്ളതാക്കും.
എന്നാൽ ചിന്തിക്കുന്നവരെ വളരെ അലട്ടുന്ന വേറൊന്നുണ്ട്. ദൈവതത്തിൽ ആരോപിക്കപ്പെടുന്ന വ്യക്തിത്വഭാവം. സമ്പ്രദായികമതങ്ങളെല്ലാം ഇത് ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകൾ അതിനായി പാഴാക്കിയിട്ടുണ്ട്. ക്രിസ്‌തുമതത്തിൽ ഈശ്വരന് പിതാവും പുത്രനും പരിശുദ്ധാരൂപിയുമായി മൂന്നാളുകളാണ്. ഹിന്ദുസങ്കല്‌പത്തിൽ അർദ്ധനാരിത്വം തൊട്ട് എണ്ണിയാലൊടുങ്ങാത്ത മനുഷ്യഭാവങ്ങളാണ് ഈശ്വരനിൽ ആരോപിക്കപ്പെടുന്നത്. ദൈവശാസ്‌ത്രത്തിൽ ഇതെല്ലാം ഒരു നിഗൂഢരഹസ്യമായി മാറ്റിവച്ചാലും, പ്രായോഗികജീവിതത്തിൽ എണ്ണമറ്റ ഐശ്വരഭാവങ്ങളുമായാണ് ഏത് വിശ്വാസിയും ഇടപെടുന്നത്. വേദാന്തത്തിൽ ഈശ്വരന്, പരമമായ സത്തക്ക്, പേരില്ല; എന്നാൽ, ആശയസംവേദനത്തിനായി എന്തെങ്കിലും പറയുക ആവശ്യമായതുകൊണ്ട് “തത്” (അത്) എന്നുപയോഗിക്കുന്നു. പരമമായ സത്തയുമായി ഒത്തുചേർക്കാനാവാത്തതെല്ലാം “മായ” എന്ന ശബ്‌ദം കൊണ്ടുദ്ദേശിക്കപ്പെടുന്നു. സ്‌ഥൂലപ്രപഞ്ചത്തിൽ നമ്മുടെ അനുഭവത്തിന്റെ വിഷയമായതെല്ലാം, മനുഷ്യഭാവന സൃഷ്‌ടിക്കുന്ന വിഭ്രാന്തികൾ ഉൾപ്പെടെ, മായയിൽ പെടുന്നു.
വ്യക്തിത്വവും അല്‌പചേതനയുടെ, പരിധിയുള്ളതിന്റെ, അസ്‌ഥിത്വഭാവമാണ്. എങ്ങും ആരംഭമോ അവസാനമോ ഇല്ലാത്തത് വ്യക്തിത്വരഹിതമാണ്. ദൈവമതാണെന്ന് പറയുകയും അതേ സമയം അത് പിതാവും മാതാവും പുത്രനും അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊക്കെയാണെന്ന് ധരിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റത്തെ യുക്തിരാഹിത്യമാണ്. ഒരു നിശ്ചിത മതത്തിലേയ്‌ക്ക് ജനിച്ചുവീഴേണ്ട ദുഃർവിധിയില്ലാത്ത ഒരാൾക്ക്, അല്ലെങ്കിൽ സ്വന്തം പ്രജ്ഞയിൽ നിന്ന് ലളിതവത്‌ക്കരിച്ച് ഇത്തരം സങ്കല്‌പ്പങ്ങൾ നിരന്തരം സാധനയിലൂടെ മായിച്ചുകളയാൻ കഴിഞ്ഞിട്ടുള്ളവർക്ക്, സർവ്വവ്യാപിയായ ഈശ്വര ചൈതന്യത്തിൽ ലയിക്കാൻ സാധിക്കുമെന്നതിനു ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്. എന്നാലതിന് വ്യക്തിത്വമെന്ന കടമ്പ കടക്കേണ്ടിവരും.
പരമമായ സത്തയുടെ കാര്യത്തിൽ മാത്രമല്ല, വ്യക്തിത്വം അസ്‌തിത്വനിഷേധമാകുന്നത്, നമ്മുടെ തന്നെ ആന്തരികജീവിതത്തിലും വ്യക്തിത്വം
ഒരു തടസ്സമാണ്. അതെന്തുകൊണ്ടത് വേറൊരു ലേഖനത്തിൽ.
Generated from archived content: essay1_july20_10.html Author: sakariyas_nedukanal